2011 ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.10) - ഗതി സാമാന്യാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ഗതി സാമാന്യാത്” (1.1.10)

ഗതി = ചലനത്തിലെ
സാമാന്യാത് = സമാനസ്വഭാവം കൊണ്ട്

(ജഗത്തിലെ സകല ദ്രവ്യത്തിന്റേയും) ചലനത്തിലെ സമാനസ്വഭാവം കൊണ്ട് (ബ്രഹ്മം ഏകമെന്നു സിദ്ധിക്കുന്നു.)

സാരം

ജഗത്തിലെ സകല ദ്രവ്യവും മാറ്റം, സ്ഥിതി, സമചലനം, ജഢത്വം, ഗുരുത്വം തുടങ്ങിയ സമാന ഗതി ഗുണങ്ങൾ ഉള്ളവയായതുകൊണ്ട് അവയുടെ കാരണവും ഒന്നു തന്നെ ആണ്. സകല ദ്രവ്യവും അതു സ്ഥിതി ചെയ്യുന്നതിനു ചുറ്റും ആകാശം സൃഷ്ടിക്കുന്നു. ചലമായതിനാൽ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. സ്ഥിതിയിൽ തുടരാനുള്ള പ്രവണതയായ ജഢത്വവും പ്രദർശിപ്പിക്കുന്നു. നിശ്ചിതമായ ഒരു സ്ഥിരാങ്കത്തെ അടിസ്ഥാനപ്പെടുത്തി ഗുരുത്വഗതി പ്രകടിപ്പിക്കുന്നു. ദൃശ്യപ്രപഞ്ചത്തിലെ സകല ദ്രവ്യവും ഈ സ്വഭാവങ്ങൾ ഒരു പോലെ പ്രകടിപ്പിക്കുയാൽ അവയുടെ കാരണമായ ബ്രഹ്മവും എകമെന്നു സിദ്ധിക്കുന്നു. ഈ അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കാത്ത സകല ദ്രവ്യത്തിന്റെയും ജനനവും അതിനാൽ ബ്രഹ്മവും ദൃശ്യപ്രപഞ്ചത്തിന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കും; രണ്ടു ബ്രഹ്മങ്ങളെങ്കിലും ഉണ്ടെന്നു സിദ്ധിക്കുകയും ചെയ്യും. അപ്രകാരമുള്ള യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

പൂർവപക്ഷം 1

ആകാശം സർവവ്യാപി ആയതുകൊണ്ടാണ് ദ്രവ്യത്തിനു അതിൽ സ്ഥിതി ചെയ്യേണ്ടി വരുന്നത്. അല്ലാതെ ദ്രവ്യം ആകാശം സൃഷ്ടിക്കുകയല്ല.

സമാധാനം

ആകാശം സർവവ്യാപിയാണെന്നതു ഒരു കേവല സങ്കല്പനമാണെന്നല്ലാതെ അതിനു യാതൊരു തെളിവുമില്ല. പ്രപഞ്ചത്തിൽ ദ്രവ്യം ഉത്ഭവത്തിൽ നിന്നും ഒരു സർപ്പച്ചുറ്റുപോലെ വ്യാപിച്ചുകാണുന്നതിനർത്ഥം ആ ആകൃതിയിൽ ആകാശം പരിമിതമാക്കപ്പെട്ടിരിക്കുന്നു എന്നു മാത്രമാണ്. ആകാശം യാതൊന്നിൽ സ്ഥിതി ചെയ്യുന്നോ ആ സാക്ഷാൽ അനാകാശത്തിനേ സ്ഥലപരമായ ഒരു പരിമിതാനന്തത പ്രകടിപ്പിക്കാനാകൂ. ഇപ്രകാരം ആകാശം പരിമിതമായിരിക്കേ ദ്രവ്യത്തിനു ചുറ്റും അതിനു സ്ഥിതിയും ചലനസ്വാതന്ത്ര്യവുമുള്ള ആകാശം സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അതു ദ്രവ്യസൃഷ്ടമെന്നേ പറയാനാകൂ.

പൂർവപക്ഷം 2

ദ്രവ്യം അതിനു ചുറ്റും ആകാശം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതു സ്ഥിതി ചെയ്യുന്ന സകല ഇടത്തും ആകാശം സൃഷ്ടിക്കേണ്ടതുണ്ട്. അപ്രകാരമെങ്കിൽ അപൂർവദ്രവ്യം സ്വയം ആകാശം സൃഷ്ടിക്കാതെ ആദിയിൽ സ്ഥിതി ചെയ്തിരുന്നു എന്നു സിദ്ധമാകും. നിർദ്ദിഷ്ട സിദ്ധാന്തം ഈ വാദത്താൽ സ്വയം തകരുന്നു.

സമാധാനം

വികാരി ബ്രഹ്മത്തിനു ദ്രവ്യത്തിന്റേയും ഗുണമുള്ളതിനാൽ ബ്രഹ്മം പരിമിതമായ ആകാശം സൃഷ്ടിച്ചിരിക്കണം. അപൂർവദ്രവ്യം ബ്രഹ്മസൃഷ്ടമായ അപൂർവാകാശത്തിൽ ആദ്യമായി സ്ഥിതി ചെയ്തു. മഹാവിസ്ഫോടനത്തിൽ അപൂർവാകാശത്തിൽ നിന്നും അകന്ന ഓരോ ദ്രവ്യകണികയും ആകാശം ലഭ്യമായിടത്ത് സ്ഥിതി ചെയ്യാനാഗ്രഹിച്ചു. ആകാശത്തിന്റെ അസാന്നിദ്ധ്യത്തിൽ ദ്രവ്യം വിഘടിക്കപ്പെടുമന്നതിനാൽ ഏറ്റവും കുറഞ്ഞ അളവിൽ ഊർജ്ജം ചെലവാക്കി നിലനിൽക്കാൻ ദ്രവ്യം ആകാശമുള്ളിടത്തേക്കു സ്വേച്ഛയാ ചലിക്കുന്നു. ഇതിനെ തെറ്റായി ചിലർ ഗുരുത്വാകർഷണമെന്നു വിളിക്കുന്നു. ഒന്നും മറ്റൊന്നിനേയും ഒരിക്കലും ആകർഷിക്കുന്നില്ല. സകലവും സ്വേച്ഛയാൽ ഗമിക്കയത്രേ. അതിനാൽ ഗുരുത്വാകർഷണമല്ല ഗുരുത്വഗമനമാണുള്ളത്. ആകാശമില്ലാത്തിടത്തോ ആകാശം ദുർബലമായിടത്തോ ദ്രവ്യം ഊർജ്ജം നൽകി തനിക്കാവശ്യമായ ആകാശം സൃഷ്ടിക്കുന്നു. ആവശ്യമായ ആകാശത്തിന്റെ അളവു കുറയ്ക്കാനത്രേ ദ്രവ്യം തന്റെ സകല സ്ഥിതികളിലും ഒന്നിച്ചുകൂടി സ്ഥിതിചെയ്യുന്നത്. ശക്തമായ ആകാശത്തിൽ തുടരുന്നതിനുള്ള ഇച്ഛകൊണ്ടത്രേ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങൾ തന്നെയും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്നത്. സ്വയം സൃഷ്ടിച്ച ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ മറ്റാകാശങ്ങളുടെ ലഭ്യത ഓരോ ദ്രവ്യകണികയും അതിസൂക്ഷ്മജാഗ്രതയോടെ വിലയിരുത്തുന്നുണ്ട്; എന്തെന്നാൽ അവയ്ക്കു ദീർഘകാലം നിലനിൽക്കേണ്ടതുണ്ട്.

പൂർവപക്ഷം 3

നിരന്തരം ആകാശം സൃഷ്ടിക്കുന്നതിന് ധാരാളം ഊർജ്ജം ഓരോ ദ്രവ്യകണികയും വിനിയോഗിക്കേണ്ടിവരും. ആകാശം ദ്രവ്യത്തേക്കാൾ അനേക മടങ്ങു വ്യാപ്തമുള്ളതായി കണ്ടുവരുന്നു. അങ്ങനെയെങ്കിൽ ജഗത്തിലെ ദ്രവ്യത്തിന്റെ അളവു കുറഞ്ഞു കുറഞ്ഞു വരികയും ജഗത് ക്രമത്തിൽ അപ്രത്യക്ഷമാകുകയും ചെയ്യും.

സമാധാനം

പിണ്ഡമുള്ള ദ്രവ്യത്തിനു പിണ്ഡമില്ലാത്ത ആകാശം സൃഷ്ടിക്കുന്നതിനു തന്റെ ഊർജ്ജശേഖരത്തിൽ നിന്നും ഓരോ തവണയും വളരെ കുറഞ്ഞ അളവിലേ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നുള്ളൂ. ആയതു ഗുരുത്വ സ്ഥിരാങ്കത്തിനു ആനുപാതികമാണെന്നും കരുതാവുന്നതാണ്. ഇപ്രകാരം സൃഷ്ടിക്കപ്പെട്ട ആകാശം ദ്രവ്യത്തിന്റെ അഭാവത്താൽ വിഘടിച്ച് സങ്കല്പിക്കാവുന്നതിലേറ്റം അതി സൂക്ഷ്മമായ തരംഗ സ്വഭാവമുള്ള കണികകളായി പ്രകാശവേഗത്തിലും അല്പം കൂടിയ വേഗത്തിൽ ഉത്ഭവത്തിലേക്ക് മടങ്ങുന്നു. സകല ദ്രവ്യവും ഇത്തരം മാന്ത്രവർണിക കണികകളോടു പ്രതികരിക്കുന്നവയും അവയെ ആഗിരണം ചെയ്ത് ഊർജ്ജം സംഭരിക്കാനും ആകാശസൃഷ്ടി ആവശ്യമാകുന്ന സമയത്ത് അവയെ സ്വതന്ത്രമാക്കാനും കഴിയുന്നവയുമത്രേ. അതിനാൽ ഈർജ്ജനഷ്ടം കുറച്ചു കൊണ്ടുവന്നു തങ്ങളുടെ നിലനില്പ് നീട്ടിക്കൊണ്ടു വരാനുള്ള ദ്രവ്യകണികകളുടെ ശ്രമമത്രേ ഗുരുത്വഗതിക്കാശ്രയം. പിണ്ഡം ആകാശം സൃഷ്ടിക്കാൻ പ്രാപ്തമാണ്. പിണ്ഡമുള്ളിടത്തേക്ക് പിണ്ഡമുള്ളതു സഞ്ചരിക്കുന്നതിനു കാരണം അതത്രേ. അകലം കൂടുന്തോറും വിഘടിക്കപ്പെട്ട ആകാശത്തിന്റെ ഛേദതലം കൂടുതൽ വിസ്തീർണത്തിലേക്കു ചിതറി പോകയാൽ ദൂരത്തിന്റെ വർഗത്തിനു വിപരീതാനുപാതത്തിലത്രേ ഗുരുത്വഗതി. എങ്കിലും സൃഷ്ടമായ ആകാശത്തിലൂടെ സഞ്ചരിക്കാതെയോ ദ്രവ്യത്താൽ ആഗിരണം ചെയ്യപ്പെടാതെയോ അനാകാശത്തിലൂടെ സഞ്ചരിക്കമൂലം പ്രവേഗനഷ്ടം സംഭവിച്ച മാന്ത്രവർണികങ്ങൾ പ്രകാശവേഗകണികകളായി ജഗത്കേന്ദ്രത്തിൽ നിന്നകന്ന് പ്രപഞ്ചാതിർത്തിയും കടന്ന് വിലയനത്തിനു ശേഷവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നത് എവിടെയോ എന്നോ അതു കണ്ടെത്തുന്ന അന്നിലല്ലാത്ത ഒരു ജഗത്തുണ്ടായിരുന്നു എന്നതിനു ലഭ്യമായ ഏക തെളിവായിരിക്കും. അത്രമാത്രമാണു ആകാശസൃഷിയാൽ ജഗത്തിലെ സകലദ്രവ്യവും സകല ആകാശവും ഒന്നിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജനഷ്ടം. അല്ലാത്തപ്പോളെല്ലാം ആകാശദ്രവ്യങ്ങളുടെ കൊള്ളക്കൊടുക്ക ഒരു സംതുലനം സൃഷ്ടിക്കുന്നുണ്ട്.

പൂർവപക്ഷം 4

വിഘടിക്കപ്പെടുന്ന ആകാശം സൃഷ്ടിക്കുന്ന കണികകൾ സ്വാംശീകരിക്കുന്നതാണ് ദ്രവ്യത്തിന്റെ സ്വഭാവമെങ്കിൽ ദ്രവ്യം സ്വേച്ഛയാ ഒരിക്കൽ ആകാശം ഉണ്ടായിരുന്ന ഇടത്തേക്കല്ലാതെ നിലവിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന ഇടത്തേക്ക് സഞ്ചരിക്കേണ്ട കാര്യമില്ല. എന്നാൽ അപ്രകാരമല്ല കണ്ടുവരുന്നത്.

സമാധാനം

വിഘടിക്കപ്പെടുന്ന ആകാശ കണികകൾ ആഗിരണം ചെയ്യുവാൻ അവ സ്ഥിതി ചെയ്യുന്നതിനടുത്തേക്കു പോകാനുള്ള ആസക്തി ദ്രവ്യത്തിനുണ്ട്. അപ്രകാരം സഞ്ചരിക്കുമ്പോൾ പുതിയ ആകാശം സൃഷ്ടിക്കുന്നതിനു കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്ന പക്ഷം ആ ദിശയിലുള്ള ചലനം സ്വീകാര്യമായേക്കില്ല. നിലവിൽ സ്ഥിതിയ്ക്കും ചലനത്തിനും ശക്തമായ ഒരു ആകാശമുള്ളത് ഊർജ്ജം ലഭ്യമാക്കുന്ന പക്ഷം ദ്രവ്യചലനത്തിന്റെ ത്വരണത്തിനത് കാരണമാകുന്നു. ദ്രവ്യസാന്നിദ്ധ്യത്താൽ ദ്രവ്യത്തിനു ഗുരുത്വഗതിയും ത്വരണവും ഏകകാലത്തു തന്നെ സംഭവിക്കുന്നു.

പൂർവപക്ഷം 5

ഒരിടത്തു സ്ഥിതി ചെയ്യുന്ന ദ്രവ്യം അതിനു ചുറ്റും അത് ചെന്നെത്തിയിട്ടില്ലാത്ത ഇടത്ത് ആകാശം സൃഷ്ടിച്ചു എന്ന വാദം യുക്തിസഹജമല്ല.

സമാധാനം

അനാകാശത്തിൽ ആകാശവും ആകാശത്തിൽ ദ്രവ്യവും സ്ഥിതിയിലും ചലനത്തിലും തുടരുന്നു. അനാകാശത്തിൽ ദ്രവ്യകണികൾക്ക് കമ്പനം ചെയ്യാവുന്ന ഒരു വിതാനം സൃഷ്ടിക്കുകയത്രേ ആകാശം ചെയ്യുന്നത്. കമ്പനത്തിലൂടെയല്ലാതെ യാതൊരു ദ്രവ്യകണികയും നിലനിൽക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്നില്ല. അനാകാശത്തേപ്പോലെ ആകാശത്തെ സ്ഥിരമോ പരിമിതകേവലസ്വരൂപിയോ ആയി സങ്കല്പിക്കയുമരുത്. ആകാശവും ദ്രവ്യത്തേപ്പോലെത്തന്നെ ഊർജ്ജസൃഷ്ടവും സ്ഥിതിചലനങ്ങളുള്ളതും പരിമിതവുമാണ്. ആകാശമെന്നത് നിരന്തരം ചലിക്കുന്ന അതിസൂക്ഷ്മാവസ്ഥയിലുള്ള തരംഗകണികകളുടെ നിശ്ചിതപൂരിതാവസ്ഥയിലുള്ള ഒരു സത്വലയമത്രേ. മാന്ത്രവർണികങ്ങളെന്ന ഈ കണികകൾ ദ്രവ്യത്താൽ സൃഷ്ടിക്കപ്പെടാവുന്നവയും ദ്രവ്യത്തേക്കാൾ കുറഞ്ഞ നിലനില്പുള്ളവയുമാണ്. മാന്ത്രവർണികങ്ങളുടേയും ദ്രവ്യത്തിന്റെ മറ്റു ഘടകങ്ങളുടേയും ഗുണധർമങ്ങളും വ്യത്യസ്ഥമാണ്. മാന്ത്രവർണികങ്ങൾ ചലനത്തിനും ഗുരുത്വഗതിക്കും ദ്രവ്യത്തിന്റെ ദീർഘകാല നിലനില്പിനും കാരണമാകുന്നു. ദ്രവ്യത്തിന്റെ മറ്റു തനതു ഘടകങ്ങൾ പിണ്ഡത്തിനും സംഘാതരൂപത്തിലുള്ള അതിന്റെ നിലനിൽ‌പ്പിനും കാരണമാകുന്നു. ആകാശത്തോടുള്ള ആശ്രിതത്വം ദ്രവ്യത്തിന്റെ കുറഞ്ഞ പ്രവേഗത്തിനും കാരണമാകുന്നു. ദ്രവ്യപ്രവേഗം കൂടുന്തോറും സൃഷ്ടമാകേണ്ട ആകാശത്തിന്റെ അളവ് ദ്രവ്യപിണ്ഡത്തിനും ദ്രവ്യപ്രവേഗത്തിന്റെ വർഗത്തിനും ആനുപാതികമായി വർദ്ധിക്കുന്നു. പ്രകാശപ്രവേഗത്തിൽ ഇതു പിണ്ഡത്തിനും പ്രകാശപ്രവേഗത്തിന്റെ വർഗത്തിനും ആനുപാതികമായിരിക്കും. എന്നാൽ തുടർന്നു പ്രവേഗവർദ്ധനവുണ്ടായി മാന്ത്രവർണികപ്രവേഗമാർജിക്കുമ്പോൾ ദ്രവ്യം പൂർണമായി ആകാശമായി പരിവർത്തനം ചെയ്യപ്പെടുന്നു. ആകാശത്തിന്റെ അഭാവത്തിൽ ദ്രവ്യം കമ്പനവും തദ്വാരാ അതിന്റെ ഋണധനാത്മക ഘടകങ്ങളും ഭ്രമണചലനങ്ങളും നഷ്ടപ്പെട്ട് ദ്രവ്യമല്ലാതായിത്തീരുന്നു. എവിടെയെങ്കിലും അല്പം ആകാശം അവശേഷിക്കുന്നുവെങ്കിൽ അവിടേക്കു സകല പിണ്ഡവും പ്രവഹിച്ച് അതു ഒരു അതിഗുരുതരസാന്ദ്രതയുള്ളതും ജ്യോതിരഹിതവുമായ ഒരു തമോഗർത്തമായിത്തീരുന്നു. ദ്രവ്യരഹിതമായ ആകാശമോ അതിവേഗം വിഘടിക്കപ്പെട്ട് പ്രകാശാതിവേഗകണികകളായി ആദിയിലേക്കു പ്രയാണം ചെയ്യുകയോ സംഘാതരൂപത്തിൽ പ്രവേഗനഷ്ടം സംഭവിച്ച് ജ്യോതിസ്സായി പരിണമിക്കുകയോ ചെയ്യുന്നു.
തന്റെ പ്രവേഗത്തിലും വലുതായ പ്രവേഗത്തോടെ മാന്ത്രവർണികങ്ങൾ തനിക്കു ചുറ്റും സൃഷ്ടിച്ചും വിഘടിക്കപ്പെട്ട് പ്രകാശാതീതകണങ്ങളാകുന്ന ആകാശത്തെ ആഗിരണം ചെയ്തും ദ്രവ്യം തനിക്കു ചുറ്റും ഒരു സമീകൃത വ്യൂഹം സൃഷ്ടിക്കയാലും ആകാശം തന്നെയും ദ്രവ്യത്തേപ്പോലെ ഊർജ്ജത്തിന്റെ ഒരു വകഭേദം മാത്രമായിരിക്കയാലും ദ്രവ്യത്തിനു ചുറ്റും ആകാശം സൃഷ്ടിക്കാൻ ദ്രവ്യത്തിനു കഴിയുകയില്ല എന്ന വാദത്തിനു പ്രസക്തിയില്ല.

പൂർവപക്ഷം 6

ഗുരുത്വസ്ഥിരാങ്കത്തിനാനുപാതികമായ ചലനം സ്ഥൂലദ്രവ്യകണികകൾക്കു ബാധകമാണെങ്കിലും ദ്രവ്യത്തെ അണുവെ നിർമിക്കുന്ന കണികകളായി പരിഗണിക്കുകയും അണുവിനകത്തെ പ്രകാശവേഗത്തോടടുത്ത ദ്രവ്യ ചലനം പഠിക്കുകയും ചെയ്യുമ്പോൾ വ്യത്യസ്തങ്ങളായ ഫലങ്ങളാണു കാണുന്നത്. അപ്പോൾ സ്ഥൂലദ്രവ്യത്തിനും സൂക്ഷ്മദ്രവ്യത്തിനും വ്യത്യസ്ത ബ്രഹ്മങ്ങളുണ്ടെന്നു സിദ്ധിയ്ക്കും. എന്നാൽ സത്തയെന്ന നിലയിൽ സൂക്ഷ്മദ്രവ്യം മാത്രമാണുള്ളതെന്നും സ്ഥൂലദ്രവ്യം സൂക്ഷ്മദ്രവ്യത്തിന്റെ സംഘാത രൂപം മാത്രമാണെന്നും നമുക്കറിയാം. അതിനാൽ ദ്രവ്യം ആകാശമുണ്ടാക്കുന്നെന്ന സിദ്ധാന്തം തെറ്റാണ്.

സമാധാനം

പ്രപഞ്ചത്തിലെ പിണ്ഡമാർന്ന ദ്രവ്യകണികകളും പിണ്ഡമില്ലാത്ത പ്രകാശാതിവേഗ കണികകളും പിണ്ഡത്തിന്റെ ഒറ്റപ്പെട്ട ഏകകങ്ങളടങ്ങിയ പ്രകാശവേഗകണികകളും ഗുരുത്വഗതിയുടെ കാര്യത്തിൽ വ്യത്യസ്തമായി പ്രതികരിക്കുന്നതായി തോന്നി വരുന്നുണ്ട്. പിണ്ഡമേറുന്തോറും പ്രവേഗം കുറഞ്ഞു വരുന്നതായും അതിൽ തന്നെ ഊർജ്ജ ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് പിണ്ഡത്തിൽ വർദ്ധനയോ കുറവോ വരുത്താതെ തന്നെ ത്വരണമോ മന്ദതയോ അനുഭവപ്പെടുന്നുമുണ്ട്. പ്രകാശാതിവേഗകണികകളാകട്ടെ അവയുടെ കാലപ്രവാഹത്തിന്റെ ഋണാത്മകത നിമിത്തം പുരോഗാമിയായ കാലചക്രപ്രവാഹത്തിൽ പെട്ടവർക്ക് അദൃശ്യമായി ഭവിച്ചുമിരിക്കുന്നു. എങ്കിലും അനാകാശത്തിലൂടെ അവ കടന്നു പോകുന്ന പക്ഷം ഊർജ്ജനഷ്ടം സംഭവിച്ച് സ്ഥിരകാലത്തിൽ അതായത് ആപേക്ഷിക ചലനമറ്റ സ്ഥിതിയിൽ തുടരുന്നു. ദ്രവ്യം ആകാശത്തിൽ എപ്രകാരം സ്ഥിതമായിരിക്കുമോ അപ്രകാരം തന്നെ ചലനം കാലത്തിൽ സ്ഥിതമായിരിക്കുന്നു. അതായത് ചലനത്തിന്റെ അധികരണമത്രേ കാലം. ചലനമില്ലാത്തിടത്ത് കാലവുമില്ല. കാലപ്രവാഹമില്ലാത്തിടത്ത് ചലനവുമില്ല. ആകാശത്തിൽ അതിനാൽ യാതൊന്നിനും കേവലസ്ഥിതിയില്ല. സകലവും ചരമാണ്. അനാകാശത്തിൽ സകലവും സ്ഥിരമത്രേ. അവിടെ ഊർജ്ജം നഷ്ടപ്പെടുത്തി ആകാശം സൃഷ്ടിച്ചാൽ മാത്രമേ ചലനം സാധ്യമാകൂ. അപ്രകാരം അനാകാശത്തിലൂടെ പ്രകാശവേഗകണികകൾ സഞ്ചരിക്കുമ്പോൾ ഊർജ്ജ നഷ്ടത്തെത്തുടർന്ന് പ്രവേഗനഷ്ടം സംഭവിക്കുന്നു. പഴകിയ പ്രകാശം അപ്രകാരം ഉണ്ടാകുന്നതത്രേ.
ബ്രഹ്മവികാരസമയത്ത് ആദ്യമായി ആകാശം സൃഷ്ടിക്കുന്ന മാന്ത്രവർണികങ്ങളാണു സൃഷ്ടമായിട്ടുണ്ടാകുക. പ്രകാശാതീതവേഗത്തിൽ അവ തീർച്ചയായിട്ടും സഞ്ചരിച്ചിട്ടുള്ളത് മറ്റൊരു ഭൂതകാലത്തിലേക്കാകുകയില്ല. കാരണം അങ്ങനെയെങ്കിൽ സൃഷ്ടമായ ആകാശം പുരോഗാമിയായ കാലപ്രവാഹത്തിലുള്ള ദ്രവ്യപ്രപഞ്ചത്തിന്റെ സ്ഥിതിക്കുതകുകയില്ല. അതിനാൽ മഹാവിസ്ഫോടനത്തിനുമുമ്പായി ആയിരക്കണക്കിനു വർഷങ്ങൾ നീണ്ടുനിന്ന പ്രകാശവേഗത്തിലോ അതിൽ കുറവു പ്രവേഗത്തിലോ ഉള്ള മാന്ത്രവർണികങ്ങളുടെ മഹാപ്രവാഹം ആയിരക്കണക്കിനു പ്രകാശവർഷങ്ങളോളം അകലത്തിൽ വ്യാപിച്ചിരുന്നു എന്നു കരുതാവുന്നതാണ്. ആദ്യവിസ്ഫോടനത്തിൽ ദ്രവ്യകണികകളും സൃഷ്ടമായിരികാനിടയില്ല. എന്തെന്നാൽ പ്രപഞ്ചവികാസം ഇപ്പോളുള്ള നിരക്കിൽ സംജാതമാകണമെങ്കിൽ ഒരു പ്രകാശാതീതപ്രവേഗപ്രവാഹം മഹാവിസ്ഫോടനത്തിൽ എപ്പോളെങ്കിലും സംഭവിച്ചിരിക്കണം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു പ്രകാശവർഷങ്ങൾ താണ്ടാൻ കെല്പുള്ള ഒന്ന്. തീർച്ചയായും അതൊരു രേഖീയ പ്രവാഹമാകുക സാധ്യമല്ലതന്നെ. ഒരു ഭ്രമണഗതിയാണു സാധ്യമായി കാണുന്നത്. അതിനാൽ മഹാവിസ്ഫോടനത്തിൽ ഊർജ്ജത്തിന്റെ ഒരു പുറം തള്ളൽ മാത്രമല്ല ഒരു ഉൾവലിവുകൂടി സന്നിഹിതമായിരുന്നിരിക്കണം. അപ്രകാരം പ്രകാശാതീതകണികകളും പ്രകാശവേഗ കണികളും പ്രകാശനീചവേഗകണികകളും അതിനാൽ തന്നെ കാലത്തിന്റെ പുരോഗാമിത്വവും പശ്ചാദ്ഗമനവും ഒന്നുപോലെ മഹാവിസ്ഫോടനത്തിൽ പങ്കു വഹിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.
അതിനാൽ വികാരി ബ്രഹ്മത്തിനും ജഗത്തിനും സമാനഗുണങ്ങൾ എന്ന പ്രമാണപ്രകാരം ദ്രവ്യകണികകൾ പ്രകാശനീചവേഗകണികകൾ മാത്രം ഉൾക്കൊള്ളുന്നു എന്നു തെറ്റിദ്ധരിക്കരുത്. പ്രകാശാതീതകണികകളും പ്രകാശവേഗകണികളും ദ്രവ്യകണത്തിനകത്ത് ഭ്രമണചലനത്തിലായതിനാൽ അവ പരസ്പരം സ്വാധീനിക്കപ്പെടുന്നുണ്ട്. പ്രാഥമികകണങ്ങൾക്കകത്ത് ദൃശ്യമാകുന്നതെന്തോ അതു ഒന്നിന്റെ സ്വഭാവമല്ല മറിച്ച് പലതിന്റെ പരിണിതഫലങ്ങളത്രേ. കാലത്തിന്റെ പുരോഗാമിത്വത്തിനിടയിലും ഭ്രമണചലനം നടത്തുന്ന ഒന്നു ആപേക്ഷികമായി പുറപ്പെട്ട സ്ഥാനത്ത് എത്തിച്ചേരുന്നതുപോലെ പശ്ചാദ്ഗമനത്തിലും അപ്രകാരം സംഭവിക്കുക സാധ്യമാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ ഒരു വസ്തുവിന്റെ സ്ഥലകാലമെന്നത് അതിന്റെ പുരോപശ്ചാദ്പ്രവാഹസ്ഥലകാലങ്ങളുടെ പരിണിതഫലം തന്നെയാണ്. ഈ പരിണിതഫലത്തെ സൂചിപ്പിക്കുന്ന മാനകമത്രേ ഗുരുത്വ സ്ഥിരാങ്കം. എന്നാൽ ഓരോ ഘടകങ്ങളുടേയും മാനകങ്ങൾ വെവ്വേറെ കണ്ടെത്തേണ്ടിയിരിക്കുന്നു. തരംഗഗതിമാനകം തുടങ്ങി പലതും കണ്ടെത്തിക്കഴിഞ്ഞുവെങ്കിലും പ്രകാശാതീതകണികകളുടെ ഊർജ്ജനഷ്ടനിരക്ക് വ്യക്തമായിക്കഴിഞ്ഞിട്ടില്ല. രണ്ടിനം ദ്രവ്യം കണ്ടെത്തിയിട്ടില്ല എന്നതും ഇവിടെ പ്രസക്തമാണ്. അതിനാൽ സ്ഥൂലസൂക്ഷ്മദ്രവ്യങ്ങൾക്കിടയ്ക്കു കാണുന്ന സ്വഭാവ വ്യതിയാനം വിശദീകരണക്ഷമമാണ്. രണ്ട് ബ്രഹ്മങ്ങൾ ഉണ്ടാകേണ്ട സാഹചര്യങ്ങളും പ്രസ്തുത വൈരുദ്ധ്യങ്ങൾ സൂചിപ്പിക്കുന്നില്ല.

പൂർവപക്ഷം 7

ജഡമായ ദ്രവ്യത്തിനു ജ്ഞാനോപാധികളില്ലായ്കയാൽ അതു സ്വേച്ഛയാൽ ഗമിക്കുന്നു എന്ന വാദം നിലനിൽക്കുന്നില്ല.

സമാധാനം

ജീവൻ നിശ്ചിത പ്രതിഭാസങ്ങളോടു പ്രതികരിക്കുന്നതു പോലെ തന്നെ ജഢവും പല പ്രതിഭാസങ്ങളോടും നിശ്ചിതമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് ഭൌതീകം, രസതന്ത്രം തുടങ്ങിയ ശാസ്ത്രശാഖകൾ നിലനിൽക്കുന്നത്. ജീവികളുടെ ജ്ഞാനം പോലും ജഢത്തിൽ രേഖപ്പെടുത്തി വയ്ക്കപ്പെട്ട് പിന്നീട് സ്മരിക്കുന്നതായാണു കാണപ്പെടുന്നത്. തലച്ചോറിലെ കലകൾക്കുണ്ടാകുന്ന ക്ഷതം സ്മരണയും വിശകലനശേഷിയും നശിപ്പിക്കുന്നതായി കണ്ടു വരുന്നതത്രേ ഉദാഹരണം. തലച്ചോറില്ലാത്ത ജീവികളും പ്രതികരിക്കുന്നുണ്ട്. ചിലയിനം വൈറസ്സുകൾ ജഢമായും ജീവനായും തരം പോലെ നിലനിൽക്കാൻ ശേഷിയുള്ളതാണ്. പ്രകൃതി പ്രതിഭാസങ്ങളോടു സംവദിക്കുന്ന പലയിനം യന്ത്രോപകരണങ്ങൾ ഇന്നു ലഭ്യമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ജ്ഞാനം സ്വീകരിക്കാൻ ജഢം പര്യാപ്തമാണെന്നു തന്നെയാണ്. ജ്ഞാനം സ്വീകരിച്ചു ജഢം സ്വയം ചലിക്കുകയാണെന്നു പറയുന്നതിൽ യുക്തിയില്ലെന്നു പറയുന്നവർ മറ്റൊരു ജഢത്തെ അതു ആകർഷിക്കുകയോ വലിച്ചടുപ്പിക്കുകയോ ആണെന്നു പറയുന്നതിൽ യാതൊരു യുക്തിഹീനതയും കണുന്നുമില്ല എന്നതൊരു വിരോധാഭാസം. പരസ്പരം യാതൊന്നും അറിയാതെ ദ്രവ്യം പരസ്പരം ആകർഷിക്കുന്നെന്നു പറയുന്നതിലാണ് യുക്തിഹീനത. സയുക്തികമാകണമെങ്കിൽ മറ്റൊരു ദ്രവ്യത്തിന്റെ സന്നിദ്ധ്യം അറിയുവാനും അതിനെ തന്നിലേക്കടുപ്പിക്കാനുള്ള ഇച്ഛ നടപ്പാക്കാനുള്ള ഒരു സംവിധാനവും ദ്രവ്യത്തിനുണ്ടാകണം. അപ്പോളും അത്തരം ഒരു ഇച്ഛ ഉണ്ടാകുന്നതിനു കാരണമൊന്നും കണ്ടെത്താനും കഴിയുകയില്ല.
ആകാശം സൃഷിക്കാനും വിഘടിത ആകാശത്തിന്റെ ഊർജ്ജം ആഗിരണം ചെയ്തു സ്വയം നിലനിൽക്കാനുമായി ദ്രവ്യം സ്വയം ചലിക്കുന്നു എന്നും അപ്രകാരം സകലദിശകളിലേക്കും തന്റെ ഊർജ്ജ നില കൂട്ടിക്കൊണ്ടു വരുന്നതിനു വേണ്ടി ചലിക്കുന്നതിന്റെ പരിണിതഫലമായ ദിശയിലേക്ക് ദ്രവ്യം ചലിക്കുന്നതായി കാണപ്പെടുന്നു എന്നും കരുതുന്നതാണ് കൂടുതൽ യുക്തിഭദ്രമായ നിലപാട്; കാരണം ചലനത്തിനു അപ്പോൾ ഉദ്ദേശ്യവും പ്രയോജനവുമുണ്ട്. പക്ഷേ സൂത്രകാരൻ ഈ വാദം കൊണ്ട് മാത്രം തൃപ്തനാകാതെ തുടർന്നു മറ്റൊന്നുകൂടി ഇതു സംബന്ധമായി പ്രസ്താവിക്കുന്നു.

2011 ഒക്‌ടോബർ 23, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.9) - സ്വാപ്യയാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“സ്വാപ്യയാത്” (1.1.9)
സ്വ = തന്നിലേയ്ക്ക്
അപ്യയാത് = തിരിച്ചൊഴുകുകകൊണ്ട്
(ജഗത് ഉത്ഭവമായ വികാരിബ്രഹ്മമെന്ന) തന്നിലേയ്ക്ക് (തന്നെ) തിരിച്ചൊഴുകുക കൊണ്ട് (ബ്രഹ്മം നിലനിൽക്കുന്നതായി തെളിയുന്നു.)
സാരം
ജഗത് അതിന്റെ കേന്ദ്രത്തിൽ നിന്നു ക്രമത്തിൽ വികസിച്ചു കൊണ്ടിരിക്കുന്നതായും കേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുന്തോറും വികാസത്തിന്റെ ത്വരണം ക്ഷീരപഥമെത്തും വരേക്കെങ്കിലും കൂടി വരുന്നതായും കാണപ്പെടുന്നു. കേന്ദ്രത്തിൽ നിന്നും അകലുവാൻ പ്രപഞ്ച സത്തക്കുണ്ടായിരുന്ന വൈമുഖ്യവും ക്രമത്തിൽ ആ വൈമുഖ്യത്തിനു കാരണമായ പ്രതിഭാസത്തെ ആപേക്ഷികമായി അതിജീവിക്കാൻ കഴിഞ്ഞതുമാണ് അതിനു കാരണമെന്നു കരുതപ്പെടുന്നു. നിരന്തരമായ മാറ്റമെന്ന അടിസ്ഥാന സ്വഭാവം ജഗത്തിന്റെ അടയാളലിങ്ഗമാകുന്നു. ഓരോ മാറ്റവും ഭൂതകാലത്തിലേക്കൊരു വാതിൽ തുറക്കുന്നു. ഒരു പ്രകാശാതീതവേഗകണം സ്ഥലകാലാകാശങ്ങളുടെ അഗാധതകളിലൂടെ അതിന്റെ ഉത്ഭവത്തിലേയ് കുതിക്കുന്നു. ജഗത്തിന്റെ അംശരൂപത്തിലുള്ള തിരിച്ചൊഴുക്കാണത്. കാലം പുറകോട്ടൊഴുകുമ്പോൾ എല്ലാം അതതിന്റെ ഉത്ഭവത്തിൽ അന്തിമമായി എത്തിച്ചേരുന്നു. അതിനാൽ എത്തിച്ചേരുന്നത് ജഗത്തിന്റെ ഉത്ഭവത്തിലേയ്ക്ക് തന്നെ. ഇതു സൂക്ഷരൂപത്തിലുള്ള സ്വാപ്യയമത്രേ. പ്രപഞ്ചവികാസത്തിന്റെ ത്വരണം ക്ഷീരപഥം വരേയ്ക്കും വർദ്ധിക്കുന്നുണ്ടെങ്കിലും അതിനുമപ്പുറം കുറയുകതന്നെ ആയിരിക്കാം. അത്രതന്നെ പ്രസക്തമാണ് ജ്യോതിസ്സുകൾക്കൊപ്പം വേഗത ആർജ്ജിക്കുന്നതോടെ ത്വരണം ശൂന്യവും പിന്നീട് മന്ദവുമാകുമെന്ന നിഗമനം. അപ്പോളോ അതിനു മുമ്പോ പ്രപഞ്ചവികാസത്തിനു പകരം പ്രപഞ്ചത്തിന്റെ വിലയനവും ആരംഭിക്കും. കേന്ദ്രത്തിലേയ്ക്ക് ലക്ഷ്യം വയ്ക്കുന്ന ഈ വിലയനപ്രവാഹമത്രേ സ്ഥൂലമായ സ്വാപ്യയം. രണ്ടിനം സ്വാപ്യയങ്ങളും പ്രപഞ്ചകേന്ദ്രത്തെ ലക്ഷ്യമാക്കുകയാൽ അവിടം ശൂന്യമാകാൻ തരമില്ല. അതിനാൽ ബ്രഹ്മം ഇപ്പോളും നിലനിൽക്കുന്നുണ്ടെന്നു വരുന്നു. അതു ജനനഗമനങ്ങൾ ഒന്നിച്ചു നടത്തുകയോ സൃഷ്ടി പൂർത്തിയാക്കി ഗമനം തുടരുകയോ സൃഷ്ടിസംഹാരങ്ങളുടെ സന്തുലനാവസ്ഥയിൽ തുടരുകയോ ആകാവുന്നതാണ്.
പൂർവപക്ഷം 1
തന്നിൽ തന്നെ വിലയിക്കുക എന്നത് സുഷുപ്തിസമാനമായ ഒരവസ്ഥയാണ്. സ്വസ്വരൂപം തിരിച്ചറിയലാണത്. അല്ലാതെ ജഗത് ബ്രഹ്മത്തിലേയ്ക്കു തിരിച്ചൊഴുകലല്ല.
സമാധാനം
ശാരീരികജ്ഞാനപ്രവർത്തനങ്ങളുടെ അഭാവം സുഷുപ്തി എന്നു പൂർവന്മാർ തെറ്റിദ്ധരിച്ചിരുന്നു. ഉണർന്നിരിക്കേ നിർവഹിക്കാനാകാത്ത ചില നിർണ്ണായക ഉപാപചയ പ്രവർത്തനങ്ങൾ നിർവഹിക്കാനത്രേ ഉറങ്ങുന്നത്. സുഷുപ്തി സമ്പൂർണ അബോധാജ്ഞാനാവസ്ഥയല്ല. ഉറക്കത്തിൽ വിളിച്ചാൽ വിളികേൾക്കുന്നു. ജലശീതോഷ്ണാദി പരിചരണങ്ങളോട് പ്രതികരിക്കുന്നു. അനുകൂലന പ്രവർത്തനങ്ങളുണ്ടാകുന്നു. അസാധാരണ സംവേദനങ്ങളോട് അടിയന്തിരമായി തന്നെ പ്രതികരിക്കുന്നു. സ്വപ്നം കാണുന്നു. പരമപ്രധാനമായി തലച്ചോർ ഉണർന്നിരിക്കുന്നു. ശാരീരികോപാപചയശുദ്ധീകരണ പ്രവർത്തനങ്ങൾ മുറയ്ക്കു നടക്കുന്നു. അതിനാൽ സുഷുപ്തി കർമവിഹീനമല്ല. സുഷുപ്തിവിലക്ഷണമായ ഒരു അകർമത്തെ സങ്കല്പിച്ചാൽ പോലും അവിടെ ഉത്ഭവത്തിലേയ്ക്കുള്ള തിരിച്ചുപോക്കില്ല. പരമാവധി കർമവിഹീനമായ സ്ഥിതിയോ സമചലനമോ മാത്രം. അതും ഉത്ഭവത്തിൽ നിന്നു ഭിന്നമത്രേ.
പൂർവപക്ഷം 2
വികസിക്കുന്ന ജഗത്തിൽ കാലം മുമ്പോട്ടു തന്നെയേ പ്രവഹിക്കൂ. സ്ഥൂലവിലയനമുണ്ടെങ്കിലും കാലം മുമ്പോട്ട് തന്നെ. ഉത്ഭവത്തിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാണ്.
സമാധാനം
സൂക്ഷസ്വാപ്യയത്തിൽ ആദികാലത്തിൽ തന്നെ എത്തിച്ചേരുക അസാധ്യമല്ലെന്നു കണ്ടുകഴിഞ്ഞു. സ്ഥൂലസ്വാപ്യയത്തിൽ ദ്രവ്യത്തിന്റെ ത്വരണം കേന്ദ്രത്തിന്റെ ദിശയിൽ അതിവേഗം വർദ്ധിച്ചു വരുന്നതാണ്. അതിന്റെ പ്രവേഗം പ്രകാശാതീതമാകുന്ന സമയത്തും ഭൂതകാലത്തിലേയ്ക്ക് ഒരു പ്രയാണം സാധ്യമാണ്.
പൂർവപക്ഷം 3
ബ്രഹ്മം നിലനിൽക്കുന്നുവെന്നും അതു ജഗത്തിന്റെയും അതിലുള്ള സകലതിന്റേയും സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നടത്തുന്നുവെന്നും ആത്മാനുഭൂതികൊണ്ട് തന്നെ പൂർവന്മാർ അറിഞ്ഞിട്ടുള്ള വസ്തുതകളാണ്. ആത്മാനുഭൂതിയാൽ നൂറ്റാണ്ടുകളുടെ ശ്രമമില്ലാതെ തന്നെ സുഗമമായി ബ്രഹ്മജ്ഞാനം സിദ്ധിക്കുന്നു.
സമാധാനം
പൂർവന്മാർ ഇത്തരം നിഗമനങ്ങളിലെത്തിയത് അവരുടെ അനുമാനത്തിന്റെ ശക്തികൊണ്ടാണ് എന്നു കരുതുന്നതാണു ഉചിതം. അനുമാനത്താലേ ബ്രഹ്മജ്ഞാനം ലഭിക്കൂ എന്നത് സൂത്രവിരുദ്ധമല്ല. എന്നാൽ അനുമാനം കൊണ്ടെത്തിയ നിഗമനങ്ങൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന കാര്യത്തിൽ ഒരു ഘട്ടത്തിനു ശേഷം പൂർവന്മാർ കുറ്റകരമായ ഉപേക്ഷ കാട്ടിയിട്ടുണ്ട്.
പൂർവപക്ഷം 4
ജഗദ്കേന്ദ്രത്തെക്കുറിച്ചുള്ള ഈ വാദം സത്യമാകണമെങ്കിൽ ബ്രഹ്മം ഏകമായിരിക്കണം. എന്നാൽ ബ്രഹ്മം എത്രയെന്നു തിട്ടമില്ലാത്തതിനാൽ ഈ വാദം സ്വീകാര്യമല്ല.
സമാധാനം
ഒരു കാര്യത്തിനു ഒരു കാരണം എന്ന ന്യായ പ്രകാരം ജഗത്തിനു ഒരു ബ്രഹ്മമെന്നേ വിവക്ഷയുള്ളൂ. നാം നിലനിൽക്കുന്ന ജഗത്തു പോലെ മറ്റൊന്നും ഇല്ല എന്നു ചിന്തിക്കാൻ കാരണങ്ങളില്ല. ഒരു പക്ഷേ ഈ ജഗത്തിനു സമവും വിപരീതവുമായ വിരുദ്ധകണങ്ങളാൽ നിർമിതമായ ഒരു പൂരകജഗത് പോലും ഉണ്ടായിരിക്കാം. എന്നാൽ ദൃശ്യ പ്രപഞ്ചത്തിനു ഏകകാരണമാണുള്ളതെന്നു തെളിയിക്കാൻ അനേക കാരണങ്ങളുണ്ട്. അവ ഇനി വരുന്ന സൂത്രങ്ങളിൽ വിവരിക്കുന്നുണ്ട്.

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പുരാതന കവിതകൾ 6 - ചൈത്യലേഖം

ഒരു നിലാവിലലിയുമാശയായ്
പറന്നു പറന്നു നടന്നൊരു ദേശാടനക്കിളി
ഒരു തൂവൽ മാത്രമവശേഷിപ്പിച്ചുകൊണ്ട്
ഇവിടെയീമണ്ണിൽ വീണടിഞ്ഞുപോയി
അനന്ത നിശ്ശൂന്യതയിലതലിഞ്ഞുപോയി
ജഢം ചീഞ്ഞളിഞ്ഞുപോയ-
സ്ഥിക്കൂടം പൊടിഞ്ഞടിഞ്ഞുപോയ-
തിൽ ലതാവലി വേരു താഴ്ത്തവേ
ഒരു പൊന്നിലക്കയ്യിലാ തൂവലുയർന്നുപോയി

ഓർക്കുമോയീ തൂവൽ കാൺകവേ
ഒരു മാത്രയെങ്കിലുമീ കിളിപ്പൈതലെ

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.8) - ഹേയത്വാവചനാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഹേയത്വാവചനാച്ച” (1.1.8)
ഹേയത്വ = ഉപേക്ഷിക്കുന്നതായി
അവചനാത് = പറയാതെകൊണ്ട്
ച = ഉം
(മോക്ഷത്തെ ഒരിക്കലും) ഉപേക്ഷിക്കുന്നതായി പറയാതെകൊണ്ടും (ബ്രഹ്മാന്വേഷണം തുടരേണ്ടതാണ്).
സാരം
ആരുടെ മുമ്പിലും തന്റെ ജന്മാവകാശമായ അപരിമിതമായ സ്വാതന്ത്ര്യമെന്ന മോക്ഷം താൻ എപ്പോളെങ്കിലും ഉപേക്ഷിക്കുമെന്ന് ബ്രഹ്മാന്വേഷി പറയാനിടവരരുത്. ബ്രഹ്മാന്വേഷണത്തെ ബാഹ്യശക്തികളും സ്വന്തപരിമിതികളും തടസ്സപ്പെടുത്താതെ ഇരിക്കുന്നതിന് മോക്ഷം അടിസ്ഥാന പ്രമാണമായി അംഗീകരിക്കപ്പെട്ടിരിക്കണം. ഈ അവകാശത്തെ ഒരിക്കലും ഉപേക്ഷിക്കരുത്.
പൂർവപക്ഷം 1
അപരിമിതമായ സ്വാതന്ത്ര്യം ലഭിച്ചാൽ ബ്രഹ്മാന്വേഷി സ്വയം ജ്ഞാനത്തെ ദുരുപയോഗപ്പെടുത്തി മഹാനാശം വരുത്തും.
സമാധാനം
ബ്രഹ്മസംബന്ധമായ ജ്ഞാനം ആയിരക്കണക്കിനു വർഷങ്ങളിലെ അനേക തലമുറകളുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഓരോരുത്തരും ചെയ്ത പരിശ്രമത്തിനു അനുസൃതമായ ജ്ഞാനം വെളിവാക്കപ്പെട്ടുകൊണ്ടുമിരിക്കുന്നുണ്ട്. ജ്ഞാനത്തിന്റെ ഏക പ്രയോജനം കൂടുതൽ എളുപ്പത്തിൽ ജ്ഞാനം നേടുക എന്നതു മാത്രമാണ്. ജ്ഞാനത്തിൽ ഇച്ഛ വ്യാപരിക്കുമ്പോൾ കർമവുമുണ്ടാകും. ജ്ഞാനം തന്നെ ഇച്ഛയാകുമ്പോൾ ജ്ഞാനവർദ്ധന തന്നെ ഫലം.
ബ്രഹ്മാന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും താൻ അനുഭവിച്ച സ്വാതന്ത്ര്യത്തിനു ആനുപാതികമായ സ്വാതന്ത്ര്യം തനിക്കു ചുറ്റും വ്യാപിപ്പിച്ചുകൊണ്ട് കൂടിയാണു താനാർജ്ജിച്ച ജ്ഞാനം ബ്രഹ്മാന്വേഷി ജഗത്തിനു സമർപ്പിക്കുന്നത്. അങ്ങനെ സ്വയം സ്വാതന്ത്ര്യം അനുഭവിക്കവേ തന്നെ ജഗത്തിലാകമാനം സ്വാതന്ത്ര്യത്തിന്റെ സ്വച്ഛതകൂടി അയാൾ പടർത്തുകയും പരിരക്ഷിക്കുകയും ചെയ്യുന്നുണ്ട്. തനിക്കു ലബ്ധമാകുന്ന അധികജ്ഞാനവും മോക്ഷസായൂജ്യവും അയാൾക്കു ചുറ്റും അയാൾ പൂരിതമാക്കുന്നുമുണ്ട്.
ജ്ഞാനവും സ്വാതന്ത്ര്യവും ഒപ്പം പരിപോഷിപ്പിക്കുന്ന ആർക്കും അധികാരമോഹിയോ വിനാശകാരിയോ ആകുക സാധ്യമല്ല. ബ്രഹ്മാന്വേഷകന്റെ കഴിവുകൾ പ്രയോജനപ്പെടുത്തുമ്പോൾ അവ സൃഷ്ട്യുന്മുഖമായിരിക്കുന്നതിനേക്കാൾ തുലോം തുച്ചമാണ് അതിലെ വിനാശസാധ്യത. ചുരുങ്ങിയപക്ഷം മോക്ഷം അധികാരത്തെ കാംക്ഷിക്കാത്തതിനാൽ ജ്ഞാനത്തെ ദുരുപയോഗം ചെയ്യുന്നതിൽ നിന്നു തടയുന്ന ഒരു പ്രതിരോധം കൂടിയാണ്.
പൂർവപക്ഷം 2
ബ്രഹ്മാന്വേഷി മോക്ഷം ഉപേക്ഷിക്കുവാൻ വിസമ്മതിക്കുന്നത് രാഷ്ട്രങ്ങളുടേയും ജനതകളുടേയും പരമാധികാരത്തെ നിഷേധിക്കുന്നതു തന്നെയാണ്.
സമാധാനം
പരമാധികാരം എന്നത് യുക്തിഹീനമായ ഒരു സങ്കല്പനമാണ്. ഭീതിയും ശിക്ഷയും മാത്രമാണ് അതിന്റെ ഉപോല്പന്നങ്ങൾ. ഒരു രാഷ്ട്രവും ഒരു ജനതയും ചോദ്യം ചെയ്യപ്പെടാത്ത വിധത്തിലുള്ള യാതൊരു പരമാധികാരവും ഒരിക്കലും അനുഭവിച്ചിട്ടില്ല. തങ്ങളുടെ ആവിർഭാവത്തിനു ശേഷം നൂറു വർഷത്തെ പരിമിതകാലമെങ്കിലും തുടർച്ചയായി നശീകരണ പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിന്ന യാതൊരു രാഷ്ട്രത്തേയും ജനതയേയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ബ്രഹ്മജ്ഞാനത്തിന്റെ കുത്തക പിടിക്കുവാൻ സകല രാഷ്ട്രങ്ങളും ജനതകളും ആഗ്രഹിക്കുന്നതും അതിനു ബ്രഹ്മാന്വേഷകരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും സ്വാഭാവികം മാത്രം. അധികാരത്തിന്റെ നശീകരണ പ്രവണത അറിയുന്ന ബ്രഹ്മാന്വേഷി താൻ സഞ്ചയിച്ച ജ്ഞാനം അതിനാൽ പലപ്പോളും രാഷ്ട്രങ്ങൾക്കു കൈമാറാനോ അവക്കു കീഴിൽ ജോലി ചെയ്യാനോ വിസമ്മതിക്കാറുണ്ട്. അനുയോജ്യമായ സമയം വരും വരേയ്ക്കും വിവരസഞ്ചയം രഹസ്യമാക്കി വക്കുന്നവരുമുണ്ട്. ഇങ്ങനെ രാഷ്ട്രങ്ങളുടേയും ജനതകളുടേയും പരമാധികാരസങ്കല്പനത്തെ ബ്രഹ്മാന്വേഷി നിഷേധിക്കുന്നതിൽ അലപനീയമായിട്ടൊന്നുമില്ല. ബ്രഹ്മാന്വേഷിയുടെ മോക്ഷമാണ് അന്തിമ വിശകലനത്തിൽ രാഷ്ട്രങ്ങളുടേയും ജനതകളുടേയും അധികാരക്കൊതിയേക്കാൾ യോഗക്ഷേമകരം.
പൂർവപക്ഷം 4
ബ്രഹ്മജ്ഞാനി തന്റെ ജ്ഞാനം അധികാരസ്ഥാനീയർക്കു നൽകാതെ രഹസ്യമായി സൂക്ഷിച്ചാൽ ആ ജ്ഞാനം എന്നേക്കും നഷ്ടമായിപ്പോകാനിടയുണ്ട്.
സമാധാനം
ജഗത്തിൽ നിന്നും ഒരു വ്യക്തിക്കു സഞ്ചയിക്കാവുന്ന ജ്ഞാനം മറ്റേതൊരു വ്യക്തിക്കും സഞ്ചയിക്കാവുന്നതേയുള്ളൂ. ആയതിനാൽ യാതൊരു ജ്ഞാനവും എന്നന്നേയ്ക്കുമായി നഷ്ടമാകുകയില്ല. എന്നാൽ സ്ഥലകാലദ്രവ്യോർജ്ജപദാർത്ഥങ്ങളുടെ ചില പ്രത്യേക സംഘാതങ്ങളാൽ സാധ്യമാകുന്ന പ്രതിഭാസങ്ങളെക്കുറിച്ചുള്ള ജ്ഞാനം നേടാൻ അവയുടെ സമാനമായ പുനരാവർത്തനം സാധ്യമാകും വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നു മാത്രം. ജ്ഞാനം കുത്തകയായി സൂക്ഷിക്കുന്നവർ തുടർന്നു വരുന്ന തലമുറകളെ ചില പ്രത്യേക അവകാശങ്ങളുടെ പേരുപറഞ്ഞ് അത്തരം ജ്ഞാനത്തിനെ തുടർന്നുവരുന്ന അന്വേഷണങ്ങളിൽ നിന്നു കൂടി വിലക്കി ജ്ഞാനത്തെ സ്വാർത്ഥലാഭത്തിനുവേണ്ടി ഉപയോഗിച്ചു വരുന്ന രീതി കണക്കിലെടുക്കുമ്പോൾ തനിക്കു വിശ്വസ്തനായ ശിഷ്യനിലൂടെയോ അപ്രകാശിത ഗ്രന്ഥങ്ങളിലൂടെയോ രഹസ്യ ബിംബങ്ങളിലൂടെയോ മറ്റു വിവര ശേഖരണസംരക്ഷണരീതികളിലൂടെയോ തന്റെ ജ്ഞാനം ആവശ്യമാകുന്ന സ്ഥലകാലാദികൾ സമാഗതമാകും വരെ സൂക്ഷിക്കുന്ന രീതി കൂടുതൽ മെച്ചപ്പെട്ടതാണ്. ആധുനിക ഗവേഷണകേന്ദ്രങ്ങളിലാകട്ടെ അടിച്ചേല്പിക്കുന്ന വിഷയങ്ങളിലല്ലാതെ സ്വതന്ത്രമായ അന്വേഷണങ്ങളെ പരിപോഷിപ്പിക്കുന്നുമില്ല. ജ്ഞാനത്തിന്റെ സമ്യക്കായ വികേന്ദ്രീകരണവും അലംഘിതസ്വാഭാവികപ്രവാഹവുമാണ് ബ്രഹ്മാന്വേഷണത്തിനു അനുയുക്തം.
പൂർവപക്ഷം 5
ബ്രഹ്മജ്ഞാനമെന്നു പറയുന്നതെല്ലാം കുടിലതന്ത്രക്കാരായ ചിലരുടെ ശുദ്ധ നേരമ്പോക്കുകളും നുണകളും മാത്രമാണ്. അപ്രകാരം യാതൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ബ്രഹ്മം ഒന്നോ രണ്ടോ അധിലധികമോ എന്നു കൂടി പറയാനാകാത്ത നിലയ്ക്ക് കൂടുതൽ ഒന്നും ഇനി പറയാതിരിക്കയാണ് ഭേദം.
സമാധാനം
ജഗത്തിന്റെ ജ്ഞാനത്തിലൂടെ അതിന്റെ ബ്രഹ്മത്തിന്റെ ജ്ഞാനം ലഭ്യമാകും എന്നതു പ്രമാണമാകുന്നു. കാര്യവും വികാരിയായ കാരണവും സമാനഗുണധർമങ്ങളുള്ളവയാണെന്ന വാദത്തിൽ നിന്നാണ് ഈ ജ്ഞാനമെല്ലാം സംജാതമാകുന്നത്. അതിനാൽ ബ്രഹ്മജ്ഞാനത്തെ കുറിച്ച് എന്തെല്ലാം ആക്ഷേപങ്ങൾ ചൊരിഞ്ഞാലും ജഗത്തിന്റെ സ്വഭാവത്തെക്കുറിച്ചെങ്കിലും ബ്രഹ്മാന്വേഷകന്റെ വാക്കുകൾക്ക് പ്രസക്തിയുണ്ട്. ഇനി ബ്രഹ്മം ഏകമോ അനേകമോ എന്ന പ്രശ്നം സൂത്രകാരൻ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു അടുത്ത പ്രകരണമായി പറയാം.
ഇങ്ങനെ ബ്രഹ്മസൂത്രം ഒന്നാം അദ്ധ്യായം ഒന്നാം പാദം സൂത്രങ്ങൾ 1.1.1 മുതൽ 1.1.8 വരെയുള്ള രീതിശാസ്ത്രപ്രകരണം സമാപ്തം.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.7) - തന്നിഷ്ഠസ്യ മോക്ഷോപദേശാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“തന്നിഷ്ഠസ്യ മോക്ഷോപദേശാത്” (1.1.7)
തത് = അതിൽ
നിഷ്ഠസ്യ = ഉറച്ചു നിൽക്കുന്നവന്
മോക്ഷഃ = അനിയന്ത്രിതമായ സ്വാതന്ത്ര്യം
ഉപദേശാത് = നിർദ്ദേശിച്ചിരിക്കകൊണ്ട്
അതിൽ (ബ്രഹ്മാന്വേഷണത്തിനുള്ള വസ്തുനിഷ്ഠവും അനുമാനാധിഷ്ഠിതവുമായ ശാസ്ത്രീയ സമന്വയ രീതിശാസ്ത്രത്തിൽ) ഉറച്ചു നിൽക്കുന്നവന് അനിയന്ത്രിതമായ സ്വാതന്ത്ര്യം നിർദ്ദേശിച്ചിരിക്കകൊണ്ട് (സമ്മർദ്ദങ്ങൾക്കു വിധേയനാകാതെ അപ്രകാരം ബ്രഹ്മാന്വേഷണം നടത്തേണ്ടതാണ്).
സാരം
ബ്രഹ്മാന്വേഷണത്തിനുള്ള വസ്തുനിഷ്ഠവും അനുമാനാധിഷ്ഠിതവുമായ ശാസ്ത്രീയ സമന്വയ രീതിശാസ്ത്രത്തിൽ ഉറച്ചു നിൽക്കുന്നവനേ ബ്രഹ്മാന്വേഷണത്തിൽ കാര്യമായ പുരോഗതി നേടാനാകൂ. ഈ രീതിശാസ്ത്രം മുന്നേറുന്നത് നിലവിൽ നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ള പലരുടേയും എതിർപ്പിനിടയാക്കും. അറിവു കുത്തകയാക്കുന്നവരും വളച്ചൊടിക്കുന്നവരും സ്വതാല്പര്യാർത്ഥം രൂപപ്പെടുത്തുന്നവരും യാഥാസ്ഥിതികരും മൌലീകവാദികളും അസംബന്ധങ്ങൾ ശാസ്ത്രമാക്കി അവതരിപ്പിക്കുന്നവരുമൊക്കെ ബ്രഹ്മാന്വേഷണത്തിനു തടസ്സം സൃഷ്ടിച്ചേക്കാം. ഇത്തരം എതിർപ്പുകളെ അതിലംഘിച്ചാലേ ബ്രഹ്മജിജ്ഞാസുവിനു ലക്ഷ്യത്തിലെത്താനാകൂ. കീഴടങ്ങലും ഒത്തുതീർപ്പുകളും ആശാസ്യമല്ലാത്തതിനാൽ ബ്രഹ്മാന്വേഷകനു അപരിമിതമായ സ്വാതന്ത്ര്യം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അക്ഷരമറിയുന്നവർ അടിമപ്പണി ചെയ്യരുത്. അപ്രകാരം ചെയ്യുന്നത് യോഗക്ഷേമത്തിനെതിരാണ്. സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വശംവദനാകതെ ജ്ഞാനം സമ്പാദിച്ചു അതു ജഗത്തിനു സമർപ്പികയാണ് ബ്രഹ്മാന്വേഷകന്റെ കർത്തവ്യം.
പൂർവപക്ഷം 1
അപരിമിതമായ സ്വാതന്ത്ര്യം ബ്രഹ്മാന്വേഷിക്കു നിർദ്ദേശിച്ചിരിക്കുന്നത് അപ്രസക്തമാണ്. മറ്റേതൊരു ശാസ്ത്രകാരനേയും പോലെ ബ്രഹ്മാന്വേഷിക്കും പരിമിതമായ സ്വാതന്ത്ര്യത്തിനേ അർഹതയുള്ളൂ.
സമാധാനം
ബ്രഹ്മാന്വേഷിക്കു മാത്രമേ അപരിമിതമായ സ്വാതന്ത്ര്യത്തിനർഹതയുള്ളൂ എന്നൊന്നും ഇവിടെ വിവക്ഷയില്ല. അപരിമിതമായ സ്വാതന്ത്ര്യം സകല ജീവജാലങ്ങളുടേയും ജന്മാവകാശമാണ്. എന്നാൽ സൌകര്യാർത്ഥം ചിലരെല്ലാം ഇത്തരം സ്വാതന്ത്ര്യം ത്യജിക്കാറുണ്ട്. എന്നാൽ ബ്രഹ്മാന്വേഷിക്കു ഇത്തരം ത്യാജഗ്രാഹ്യസ്വാതന്ത്ര്യമില്ല.
ബ്രഹ്മത്തിലേയും ജഗത്തുക്കളിലേയും ഊർജ്ജം പരിമിതാനന്തപൂർണിമകളാണ്. ബ്രഹ്മാന്വേഷി അന്വേഷണാവസരത്തിൽ ഈ ഊർജ്ജങ്ങളെ സംബന്ധിച്ച ജ്ഞാനം കൂടി ആർജ്ജിക്കുന്നുണ്ട്. ഇത്തരം ഊർജ്ജങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ വൻ മുന്നേറ്റം മുതൽ സർവനാശം വരെ സംഭവിപ്പിക്കാവുന്നതാണ്. ലോകത്തിന്റെ നിയന്ത്രണത്തിനു ശ്രമിക്കുന്ന ശക്തികൾ ഇത്തരം ജ്ഞാനം കുത്തകയാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. സൌരയൂഥത്തിലേയും ക്ഷീരപഥത്തിലേയും മറ്റും പ്രതിഭാസങ്ങൾ അന്വേഷിക്കുന്ന ബ്രഹ്മാന്വേഷി അളവറ്റ സമ്പത്തുക്കളിലൂടെയാണ് കടന്നു പോകുന്നത്. ജഗത്തിന്റെ വ്യാപനവും വിലയനവും പ്രവചിക്കാനും മാറ്റിമറിക്കാനും പ്രാപ്തമായ ജ്ഞാനം തേടുന്ന ബ്രഹ്മാന്വേഷകൻ അതിനാൽ സകല അധികാരങ്ങളിൽ നിന്നും സ്വയം മുക്തനാകേണ്ടതാണ്. എങ്കിലേ നിർഭയം യോഗക്ഷേമാർത്ഥം തന്റെ ജിജ്ഞാസയുമായി അയാൾക്കു മുന്നേറാനാകൂ.
പൂർവപക്ഷം 2
ബ്രഹ്മാന്വേഷണത്തിൽ നിഷ്ഠനായവനു മോക്ഷം ഫലമായി ഉപദേശിച്ചിരിക്കുന്നു എന്നു മാത്രമാണ് ഈ സൂത്രത്തിനർത്ഥം.
സമാധാനം
സംസാരനിവൃത്തിയാണ് മോക്ഷമെന്ന നിർവചനത്താൽ സ്വാഭാവിക സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും സ്വാതന്ത്ര്യത്തിന്റെ ഉച്ചാവസ്ഥയായ മോക്ഷം പ്രാപിച്ചയാൾ പിന്നെ തന്റെ ലൌലിക കർമങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതുണ്ടെന്നും വാദിക്കുന്നവർ ജനത്തെ അടിമത്തത്തിലേക്കു തള്ളിവിടുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഓരോ ജീവിയും അപരിമിതമായ സ്വാതന്ത്ര്യത്തോടെ തന്നെ പിറക്കുന്നുവെങ്കിലും പിന്നീ‍ട് സാമൂഹ്യ നിയന്ത്രണത്തിന്റേയും ബലസന്തുലനത്തിന്റേയും ദൌർബല്യങ്ങളുടേയും നിസ്സഹായതകളുടേയും അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കപ്പെടുകയാണ്. ആണവബോംബിന്റെ നിർമാണഘട്ടങ്ങളിലൊന്നും യാതൊരു പങ്കുമില്ലാത്ത ഭരണാധികാരി തന്റെ കൈവശം അതിന്റെ നിയന്ത്രണമെത്തിച്ചേരുമ്പോൾ സ്വാഭാവികമായിത്തന്നെ നിരപരാധികളുടെ മേൽ അതിന്റെ പ്രയോഗസാധ്യത വിഭാവനം ചെയ്തിരിക്കും. അപരാധികളെ പോലും കൊല്ലുന്നതിനു നീതീകരണമില്ല. അനർഹമായ കൈകളിലേക്കു അനല്പമായ ജ്ഞാനം കൈമാറുന്ന കാര്യത്തിൽ തന്റെ അപരിമിത സ്വാതന്ത്ര്യം പ്രയോഗിച്ചിരുന്നുവെങ്കിൽ ഒരു ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നു വിലപിക്കാൻ ബ്രഹ്മജിജ്ഞാസുവിനു ഇടവന്നുകൂടാ. അതിനാൽ ഫലമായല്ലാതെ അന്വേഷണത്തിന്റെ മാർഗ്ഗമായിത്തന്നെ ജന്മദത്തമായ അപരിമിത സ്വാതന്ത്ര്യമെന്ന മോക്ഷത്തെ പരിഗണിക്കേണ്ടതുണ്ട്.
പൂർവപക്ഷം 3
അപരിമിതമായ സ്വാതന്ത്ര്യം അരാജകത്വവും നാശവും കൊണ്ടുവരുന്നു. സാമൂഹിക നിയന്ത്രണമോ സുഖവും സമത്വവും ഉറപ്പുവരുത്തുന്നു.
സമാധാനം
അപരിമിതസ്വാതന്ത്ര്യത്തിന്റെ മേലുള്ള ഈ പഴി തീരെ അടിസ്ഥാന രഹിതമാണ്. അപരിമിതമായ സ്വാതന്ത്ര്യം അനുഭവിക്കുന്നവരല്ല, നേരേമറിച്ച് ആ സ്വാതന്ത്ര്യം മറ്റുള്ളവർക്കു നിഷേധിക്കുന്നവരാണ് അരാജകത്വത്തിനും നാശത്തിനും കാരണമാകുന്നത്. സ്വാതന്ത്യം നിഷേധിക്കുന്നവർ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾക്ക് സ്വാതന്ത്ര്യത്തെ പ്രതിയാക്കി ആടിനെ പട്ടിയാക്കുന്ന ഈ ഏർപ്പാട് അവസാനം സ്വാതന്ത്ര്യം ബലികഴിപ്പിക്കപ്പെടാനേ ഉപകരിക്കൂ. ഇത്തരം ഒരു വാദം ഉന്നയിക്കുന്നവരിൽ ചിലർക്ക് സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി തങ്ങൾക്കധീനമാക്കുക എന്ന ഗൂഢലക്ഷ്യം കൂടി കണ്ടുവരുന്നുമുണ്ട്. തങ്ങൾ അനുഭവിക്കുന്ന അത്യന്തസ്വാതന്ത്ര്യത്തിനു നീതീകരണമായി അധികാരശക്തികൾ പരിമിതവും മുൻ കൂട്ടി നിശ്ചയിക്കപ്പെട്ടതുമായ പരിമിതവും അത്യന്തസരളവുമായ സ്വാതന്ത്ര്യം ജനതയ്ക്ക് നൽകുന്നു. അതുതന്നെ സാമൂഹ്യമായ ആചാരങ്ങൾ, മതവിലക്കുകൾ, ലൈംഗീക വിലക്കുകൾ, കുടുംബ സവിധാനം തുടങ്ങിയ സദാചാരനിഷ്ഠകളിലൂടെ പിന്നെയും നിയന്ത്രിക്കപ്പെടുന്നു. അധികാരപരസ്യവിപണിതന്ത്രങ്ങളിലൂടെ സദാചാരത്തെ ഒരു ഒഴുകുന്ന മാനദണ്ഡമായി പരിവർത്തിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വഭാവവും അളവും നിയന്ത്രിച്ചു നിറുത്തി ജനതയെ തങ്ങൾക്കനുയോജ്യമായ സ്വാതന്ത്ര്യ അടിമത്ത അനുപാതത്തിൽ നിലനിറുത്തി അവർ ജനതയെ കൊള്ളയടിക്കുന്നു. അതിനാൽ അപരിമിത സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരെ അധികാരശക്തികൾ നികൃഷ്ടരെന്നു പലവിധത്തിലും മുദ്രകുത്താൻ ശ്രമിക്കുന്നതിന്റെ ഒരു വകഭേദമാണ് സ്വാതന്ത്ര്യം അരാജകത്വവും നാശവും കൊണ്ടുവരുന്നു എന്ന വാദവും.
ജന്മസിദ്ധമായ അപരിമിതസ്വാതന്ത്ര്യത്തെ സംവിധാനമോ വ്യക്തികളോ നൽകുന്ന ഔദാര്യമാക്കി മാറ്റി യഥാർത്ഥമോക്ഷസങ്കല്പത്തെ അട്ടിമറിച്ച് മരണാനന്തര പ്രതിഭാസമെന്ന മഹനീയ പ്രതിഭാസമാക്കി പ്രകീർത്തിക്കുന്ന ഇത്തരം ഗതികെട്ട ദർശനങ്ങൾ ഒരു വിധത്തിലും സ്വാതന്ത്ര്യം സംരക്ഷിക്കാൻ പര്യാപ്തമായിരുന്നിട്ടില്ല എന്നു മാത്രമല്ല അടിമത്തത്തിനു കാരണമായിരുന്നിട്ടുമുണ്ട്.
അരാജകത്വം എന്ന പദം തന്നെ വ്യംഗ്യമായി ജനത സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നു സൂചിപ്പിക്കുന്നതത്രെ; എന്തെന്നാൽ ജനതയെ നിയന്ത്രണത്തിലാക്കി ഭരിക്കുന്ന ഒരുത്തന്റെ രാജത്വത്തെ അതു പ്രകീർത്തിക്കുന്നുണ്ട്. രാജത്വം സകല നന്മകളും കൊണ്ടുവരുന്നു എന്നും അതിനു വിവക്ഷയുണ്ട്. ഭരിക്കുന്നവർ ഒരുകാലത്തും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ പ്രവാഹത്തെ അനുവദിച്ചിട്ടില്ലാത്തതിനാൽ രാജത്വവും സ്വാതന്ത്ര്യവും തമ്മിൽ ചേരാത്ത പദങ്ങളായി തീർന്നു. പത്തു വർഷം പോലും സ്വാതന്ത്ര്യത്തിന്റെ തൽസ്ഥിതി തുടരാൻ കഴിഞ്ഞ രാജഭരണങ്ങൾ അപൂർവമത്രേ. അനുവദനീയ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയെ ഓഹരിവില പോലെ നിരന്തരം കൂട്ടിയും കുറച്ചും സ്വാതന്ത്ര്യത്തിന്റെ പ്രയോഗമോ നിരസനമോ രണ്ടുമോ കുറ്റകരമാക്കുന്ന സ്വാതന്ത്ര്യത്തിന്റെ കച്ചവടവത്കരണം നിരന്തരം ഭീകരാവസ്ഥയും അനിശ്ചിതത്വവും സൃഷ്ടിച്ച് സ്വാതന്ത്ര്യത്തിന്റെ സകല ഗുണഫലങ്ങളേയും നിർവീര്യമാക്കി അവയെ അച്ചടക്കത്തിന്റേയും അനുസരണയുടേയും പരിണിതഫലങ്ങളായി പ്രഘോഷിക്കപ്പെടാനിടയാക്കുന്നു.
ഏതൊരു വ്യക്തിയുടേയും സ്വാതന്ത്ര്യപ്രകടനം കൊണ്ട് എന്തെങ്കിലും ദൂഷ്യഫലങ്ങൾ ഉണ്ടാകുന്നെങ്കിൽ പോലും (അങ്ങനെ എന്തുകൊണ്ട് ഉണ്ടാകുകയില്ലെന്നു പിന്നീട് വിവരിക്കുന്നുണ്ട്) ആയത് അധികാരം ദുഷിക്കുന്നതു കൊണ്ടുണ്ടാകാവുന്ന അഴിമതി യുദ്ധങ്ങൾ അക്രമം തുടങ്ങിയ ദുരിതങ്ങളുടെ ചെറിയൊരംശം മാത്രമാണ്. അതിനാൽ അപരിമിത സ്വാതന്ത്ര്യം നാശം കൊണ്ടു വരുന്നു എന്നത് വെറും ഭയവും പരിഭ്രമവും കുറ്റബോധവുമാണ്. എന്നാൽ നിലവിലുള്ള അസമത്വവും ചൂഷണവും അധികാരകേന്ദ്രീകരണവും അതു നിഷ് പ്രയാസം തകർത്തുകളയുമെന്നത് വാസ്തവമാണ്. സ്വാതന്ത്ര്യേച്ഛയും അധികാരേച്ഛയും തമ്മിലുള്ള അനിവാര്യമായ യുദ്ധം എക്കാലത്തും തുടർന്നു വന്നിട്ടുണ്ട്. അതിനു ജൈവശാസ്ത്രപരമായ കാരണങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. അവ എന്തായിരുന്നാലും ബ്രഹ്മജിജ്ഞാസയ്ക്കു അപരിമിതസ്വാതന്ത്ര്യം അവശ്യമത്രേ.
സാമൂഹിക നിയന്ത്രണമെന്ന സങ്കല്പത്തിൽ ഒരു കാര്യമായ തകരാറ് കടന്നുകൂടിയിട്ടുണ്ട്. സമൂഹം ബോധപൂർവമായി യാതൊന്നും സൃഷ്ടിക്കുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത. അധികാരം കേന്ദ്രീകരിക്കപ്പെട്ട സ്ഥാ‍പനരൂപത്തിലുള്ള സംഘ പ്രവർത്തനങ്ങളിലും നിയാമക ശക്തികൾ വ്യക്തികൾ തന്നെയാണ്. അതിനാൽ സൃഷ്ടിക്കുന്നതെല്ലാം വ്യക്തികളാണ്. പക്ഷേ ഓരോ സൃഷ്ടിയും പരസ്പരം സ്വാധീനിക്കുന്നു എന്നതും വസ്തുതയാണ്. കൃഷിക്കാരൻ അധ്വാനിക്കാതെ വ്യവസായ തൊഴിലാളിക്ക് ജീവിക്കാനാകുകയില്ല. വ്യവസായ തൊഴിലാളിയുടെ അധ്വാനം കൃഷിക്കാരന്റെ ജീവിതം വൈവിധ്യമാർന്നതാക്കുന്നുമുണ്ട്. ഈ പരസ്പരാശ്രിതത്വം യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല; അറിവിന്റേയും അതിന്റെ വിനിയോഗത്തിന്റേയും അധികാരത്തിന്റേയും പ്രശ്നമാണ്. ഇവയുടെ സമ്യക്കായ പ്രയോഗമാണ് ആവശ്യം. പരസ്പരബന്ധത്തിലെ അധ്വാനത്തിന്റെ സ്വഭാവവും അധികാരത്തിന്റെ നിയന്ത്രണവും ആരെല്ലാം നിശ്ചയിക്കണം എന്ന ഏകാധിപത്യപരമായ ഒരു ചോദ്യവും അതിന്റെ നിഷേധാത്മകമായ ഉത്തരവുമാണ് സ്വാതന്ത്രത്തിന്റെ ഹന്താവാകുന്നത്. സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ ഏർപ്പാട് നിർബ്ബാധം തുടരണം എന്നതത്രേ സ്വാതന്ത്ര്യത്തിന്മേൽ സാമൂഹ്യനിയന്ത്രണം വേണമെന്ന സങ്കല്പനത്തിന്റെ കാതൽ
യഥാർത്ഥ സ്വാതന്ത്ര്യം ലളിതവും വലിയ അവകാശവാദങ്ങൾ ഇല്ലാത്തതുമാണ്. ഓരോ വ്യക്തിക്കും തന്റെ ഇച്ഛാനുസരണം ജീവിക്കാനും പ്രവർത്തിക്കാനും മരിക്കാനും കഴിയുമെന്നു സ്വാതന്ത്ര്യം സിദ്ധാന്തിക്കുന്നു. അങ്ങനെ അയാളുടെ ജിവിതത്തെ അയാൾ രൂപപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ സ്വാതന്ത്ര്യം കേവലമല്ലെന്നു മാത്രമല്ല, ആപേക്ഷികമാണെന്നു വാദവുമുണ്ട്. നിലവിലുള്ള സാഹചര്യങ്ങൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ടേ ഒരാൾക്കു മരിക്കാൻ പോലുമാകൂ എന്ന വസ്തുത അംഗീകരിക്കാൻ സ്വാതന്ത്ര്യവാദിക്കു യാതൊരു വൈമുഖ്യവുമില്ല. പക്ഷേ അവയെ മാറ്റുവാനും മെച്ചപ്പെടുത്തുവാനുമുള്ള സ്വാതന്ത്ര്യം അയാൾ ആർക്കും അടിയറ വയ്ക്കുന്നില്ല. അങ്ങനെ പ്രവർത്തനനിരതവും വിപ്ലവകരവും സ്വച്ഛവും ശാന്തിപൂർവകവുമായ ഒരു ജീവിതം സംതൃപ്തിയോടെ ജീവിച്ചു തീർക്കണമെന്നു അയാൾ ആഗ്രഹിക്കുന്നു. ഇതു ജന്മാവകാശമാണ്. ആർക്കും അതു അസാധ്യമല്ല. ആരുടെ അവകാശത്തേയും അതു ഹനിക്കുന്നില്ല എന്നു മാത്രമല്ല മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും അവ സംരക്ഷിക്കാനും സ്വാതന്ത്ര്യവാദിക്കാകുന്നു; സ്വാതന്ത്ര്യവാദിക്കു മാത്രമാകുന്നു.
പൂർവപക്ഷം 4
അറിവിന്റേയും അതിന്റെ വിനിയോഗത്തിന്റേയും അധികാരത്തിന്റേയും പ്രശ്നങ്ങളാണ് ലോകത്തിന്റെ കുഴപ്പങ്ങൾക്കു കാരണം എന്ന വാദത്തോടൊപ്പം സ്വാതന്ത്ര്യവാദി അവയെ മാറ്റാൻ ശ്രമിക്കുന്നു എന്ന വാദം ഒത്തു പോകുന്നില്ല. കാരണം നിലവിലുള്ള വ്യവസ്ഥിതി മാറ്റാനുള്ള സ്വാതന്ത്ര്യവാദിയുടെ ശ്രമം തന്നെയും കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
സമാധാനം
ഏതു രണ്ടു പദാർത്ഥങ്ങൾ തമ്മിലും സമ്പൂർണ സാജാത്യമോ സമ്പൂർണ വൈജാത്യമോ ഇല്ല. സ്വാതന്ത്ര്യവും പാരതന്ത്ര്യവും തമ്മിലാണു വൈരുദ്ധ്യമുള്ളത് എന്ന വാദം ശുദ്ധകളവും ഭോഷ്കുമാണ്. കുറഞ്ഞ സ്വാതന്ത്ര്യമത്രേ പാരതന്ത്ര്യം. ഒന്നിന്റെയും ഏറ്റക്കുറച്ചിൽ അതിന്റെ അഭാവത്തെയോ നാശത്തേയോ കുറിക്കുന്നില്ല. സ്വാതന്ത്ര്യവും അധികാരവും തമ്മിലാണ് സംഘർഷമുള്ളത്. അവ തമ്മിലുള്ള പ്രകടമായ വ്യത്യാസം സ്വാതന്ത്ര്യം സ്വയം രൂപപ്പെടുത്താൻ ശ്രമിക്കുമ്പോൾ അധികാരം മറ്റുള്ളവയെ രൂപപ്പെടുത്താൻ ശ്രദ്ധിക്കുന്നു എന്നതാണ്. അവ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണം അതു തന്നെ. വ്യക്തിസ്വാതന്ത്ര്യത്തിലെ സ്വയംനിർണ്ണയാവകാശം സാമൂഹികനിയന്ത്രണത്തിന്റെ പേരിൽ അധികാരി നിഷേധിക്കുന്നു. വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമ്പോൾ അധികാരത്തിന്റെ അലംഘനീയത വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു എന്ന മുറവിളി ഉയർന്നു തുടങ്ങും. ഈ പ്രശ്നം അടിസ്ഥാനപരമാകയാൽ അധികാരവും സ്വാതന്ത്ര്യവും തമ്മിലുള്ള ഒത്തുതീർപ്പ് ഫലത്തിൽ രണ്ടിനേയും ആപേക്ഷികമായി കൂടുതൽ ദുർബലവും പരിമിതവും വിച്ഛിന്നവുമാക്കിത്തീർക്കും. അതിനാൽ സ്വയം നിലനിൽക്കുന്നതിനായി അധികാരവും സ്വാതന്ത്ര്യവും അനുസ്യൂതമായ തങ്ങളുടെ സമരം തുടർന്നു കൊണ്ടിരിക്കയാണ്. ഇതിനെ തെറ്റായി ഉള്ളവനും ഇല്ലാത്തവനും മുതലാളിയും തൊഴിലാളിയും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വൈരുദ്ധ്യവും മറ്റുമായി തെറ്റായി വ്യാഖ്യാനിക്കുക പതിവുണ്ട്. ഈ സമരത്തിന്റെ പരിണിതഫലമായി സ്വാതന്ത്ര്യമോ അധികാരമോ എപ്പോളെങ്കിലും സമ്പൂർണമായി നശിച്ചു പോകും എന്ന തെറ്റിദ്ധാരണ പാടില്ല. രണ്ടും തങ്ങളുടെ ഒരേ സമയം സ്വതന്ത്രവും പരസ്പരാശ്രിതവുമായ പരിണാമപ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നു മാത്രമാണു വിവക്ഷ.
അധികാരവും സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന കാര്യത്തിൽ സമഷ്ടിയും വ്യക്തിയും യഥാക്രമം ലക്ഷീകരിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ബ്രഹ്മാന്വേഷി സമഷ്ടിയെ മാറ്റുന്നവനോ അങ്ങനെ മാറ്റുന്നതിനെ പ്രതിരോധിക്കുന്നവനോ എന്നതാണു യഥാർത്ഥ പ്രശ്നം. അധികാരമെന്നതു ജീവന്റെ ആവിർഭാവത്തിനു ശേഷം രൂപപ്പെട്ടതും മനുഷ്യന്റെ ആഗമനത്തിനു ശേഷം സങ്കീർണ്ണമാക്കപ്പെട്ടതുമായ പ്രതിഭാസമാണ്. അധികാരത്തിന്റെ നിർദ്ധാരണത്തിന്റെ രീതിശാസ്ത്രങ്ങൾ ബ്രഹ്മാന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങളിൽ നിന്നും തുലോം ഭിന്നമാണ്. അതിനാൽ നൂറ്റാണ്ടുകൾ നീളുന്ന ബ്രഹ്മാന്വേഷണത്തിന്റെ മാർഗ്ഗത്തിലെ വിലപ്പെട്ട ഒരു കണ്ണിയായ ബ്രഹ്മാന്വേഷി യുക്തിഹീനതയുടെ സ്വയം അഴിക്കാനാകാത്ത അധികാരത്തിന്റെ കെട്ടുപാടിൽ പെട്ടു പോകുന്നത് ആശാസ്യമല്ല. അതിനാൽ ബ്രഹ്മാന്വേഷി ഭരിക്കുന്നവനല്ല. താൻ സ്വയം ഭരിക്കപ്പെടുന്നവനായാൽ തന്റെ ലക്ഷ്യത്തെക്കൂടി അധികാരികൾ ഭരിക്കുമെന്നതിനാൽ ബ്രഹ്മാന്വേഷി സ്വാതന്ത്ര്യവാദിയാകുന്നു. സ്വാതന്ത്ര്യവാദിയാകുന്ന നിമിഷം അയാൾ അധികാരത്തിന്റെ ശത്രുകൂടിയായി മാറുന്നു. ശാസ്ത്രീയാന്വേഷണത്തിന്റെ സരണികളിൽ മുഴുകിയതിനു വിചാരണകളും വധശിക്ഷകളും ഏറ്റുവങ്ങിയ ബ്രഹ്മാന്വേഷകരുടെ എണ്ണം ചെറുതല്ല. അവർ ലോകത്തിനുണ്ടാക്കിത്തന്ന ജ്ഞാനവും പുരോഗതിയും അതിലും ഒട്ടും ചെറുതല്ല. ഇപ്രകാരം സ്വാതന്ത്ര്യവാദി കുഴപ്പങ്ങളുണ്ടാക്കുകയല്ല മറിച്ചു കുഴപ്പങ്ങളുണ്ടാക്കുന്ന അധികാരത്തിന്റെ നിഷേധാത്മകതയിൽ നിന്നു ജനതയെ ജ്ഞാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുകയാണെന്നും സിദ്ധിക്കുന്നു.
ഈജിപ്തിലെ പിരമിഡുകൾ, ചൈനയിലെ വന്മതിൽ, സൂര്യനസ്തമിക്കാത്ത കോളനികൾ, മഹത്തായ അമേരിക്കൻ ഐക്യനാടുകൾ, ശാസ്ത്രത്തിന്റെ തന്നെ സംഭാവനയായ വൻ വ്യവസായശാലകൾ തുടങ്ങിയവയെല്ലാം അധികാരത്തിന്റേയും അടിമത്തത്തിന്റേയും നേട്ടങ്ങളാണെന്നു പറയുന്നതു വാസ്തവം തന്നെ. എന്നാൽ അധികാരം മാറിനിൽക്കയും സ്വാഭാവിക പരിണാമപ്രക്രിയയിലൂടെ ശാസ്ത്രവും സ്വാതന്ത്ര്യവും ഏകോപിപ്പിച്ച് രാഷ്ട്രനിർമ്മിതി സാധ്യമാക്കുന്നതിനു യത്നിച്ച കാലങ്ങളിലെ പുരോഗതിയേ നിലനിന്നിട്ടുള്ളൂ. ലോകാത്ഭുതങ്ങൾ പിന്നീട് ആവർത്തിച്ചില്ല. ഒരു പിരമിഡും സകലരുടേയും നിദ്രാകേന്ദ്രമായിട്ടില്ല. കോളനികളും അവ മുന്നോട്ടു വച്ച അടിമത്തവും ചരിത്രം മാത്രമായി. സകലർക്കും ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി അനുനിമിഷം വർദ്ധിച്ചു വരുന്നു. എന്നാൽ പുതിയ പുതിയ അടിമത്തത്തിന്റെ ആവിഷ്കാരങ്ങളുമായി അധികാരം കൂടുതൽ പിടിമുറുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. അനുനിമിഷവും അസ്വാതന്ത്ര്യത്തിന്റെ ഒരു ആവിഷ്കാരം ഏതൊരു വ്യക്തിയുടേയും സ്വാഭാവിക സ്വച്ഛന്തജീവിതത്തെ വെല്ലുവിളിക്കുന്നുണ്ട്. കീഴടങ്ങുക അല്ലെങ്കിൽ പോരാടുക; കാരണം അധികാരം അതിന്റെ കർമഫലങ്ങൾ ജഗത്തിൽ അവശേഷിപ്പിക്കുന്നതു പോലെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരങ്ങളും നിഷ്ഫലങ്ങളാകുന്നില്ല.
പൂർവപക്ഷം 5
അധികാരത്തിന്റെ പേരിലായാലും വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത് സാമൂഹിക നിയന്ത്രണം തന്നെയാണ്. അതു ഗുണപ്രദമാണ്; അതില്ലെങ്കിൽ അപകടമാണ്.
സമാധാനം
അധികാരത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പോരാട്ടങ്ങളെല്ലാം അടിസ്ഥാനപരമായി വ്യക്തികളുടെ പോരാട്ടങ്ങൾ തന്നെയാണ്. അധികാരം ആഗ്രഹിക്കുന്നവർ അഥവാ അതു നിക്ഷിപ്തമാക്കപ്പെട്ടവർ മറ്റുവ്യക്തികളുടെ മേലെ നിയന്ത്രണം കൊണ്ടു വരുന്നതിന് മാനദണ്ഡങ്ങൾ വ്യക്തിയിൽ നിന്നും ക്രമേണ വിപുലമാക്കിക്കൊണ്ടുവരുന്തോറും കുടുംബം, ഗോത്രം, നാട്, രാജ്യം, മതം, ലിംഗം, സ്ഥാപനം, ആശയം, സംസ്കാരം, സംഘടന തുടങ്ങിയ അനേകം സംഘങ്ങളുണ്ടായി വരുന്നു. ഇവയോരോന്നിലും വ്യക്തിക്കു സത്തയും താല്പര്യവും ഉണ്ടെന്നു വിശ്വസിപ്പിക്കുകയത്രേ അധികാര സംസ്ഥാപനത്തിന്റെ ആദ്യ പടി. തുടർന്നു സംഘത്തിന്റെ ഐക്യം ഉത്ഘോഷിക്കുന്ന ചടങ്ങുകൾ സംഘടിപ്പിക്കുകയായി. സംഘം പ്രവർത്തന സജ്ജമായാൽ പിന്നെ ബലപ്പെടുത്തലാണ്. സമ്പത്തിന്റെ ഒരംശം പൊതുവായി കൈകാര്യം ചെയ്യൽ, ആയുധങ്ങൾ സ്വരൂപിക്കൽ എന്നിവയും സമാന്തരമായി നടക്കുന്നു. സംഘത്തിന്റെ വ്യാപ്തി കൂട്ടാനുള്ള ശ്രമവും സംഘത്തിന്റെ വ്യാപനത്തിനുള്ള തടസ്സങ്ങളെ തുടച്ചു നീക്കുകയോ നിഷ്ക്രിയമാക്കുകയോ ചെയ്യുന്നതും പ്രധാനമത്രേ. പ്രവർത്തനസജ്ജമായ സംഘത്തെ സ്ഥാപനവത്കരിച്ചു നിലനിറുത്തുക വരേക്കും പ്രാഥമികമായ പ്രവർത്തനങ്ങളാണ്. അതിനു ശേഷം അടിച്ചമർത്തലിന്റെ ഘട്ടമാണ്. അതു കഴിഞ്ഞാൽ സംഘം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ഒരു ദാർശനിക അടിത്തറയുണ്ടാക്കുകയും അതിനെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയും വേണം. ഇതോടെ അധികാരത്തിന്റെ നിലനില്പു അപകടത്തിലായേക്കും എന്ന ഭീതി ഉടലെടുക്കുന്നു. അതിനെ അതിജീവിക്കാൻ സംഘത്തിലെ വ്യക്തികളുടെ നിലനില്പു ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്ന പ്രചരണം ആരംഭിക്കുകയായി. ആശയങ്ങളുടേയും ആയുധങ്ങളുടേയും ശിക്ഷാവിധികളുടേയും വിലക്കുകളുടേയും കുത്തക സൂക്ഷിക്കുവാനുള്ള ശ്രമങ്ങളും നടത്തുകയായി. ഇങ്ങനെ എണ്ണമറ്റ അയുക്തികവും സാങ്കല്പികവുമായ ഭ്രമങ്ങളിലൂടെ അധികാരം കടന്നു പോകുന്നു. ഈ ഭ്രമങ്ങളിൽ നിന്നു മോചിതമാകാത്ത അധികാരത്തിന്റെ നിയന്ത്രണം അത്യാവശ്യമാണെന്ന വാദമുന്നയിക്കുന്നത് ആശാസ്യമല്ല.
മതിയായ പ്രയോജനമില്ലെങ്കിൽ പിന്നെ നൂറ്റാണ്ടുകളായി എങ്ങനെ അധികാരത്തിനു നിലനിൽക്കാനാകും എന്നാണെങ്കിൽ ജൈവീകപരിണാമമനോവൈജ്ഞാനിക തലങ്ങളിൽ സാമൂഹികമായ ഒരു നിയന്ത്രണ സംവിധാനം നിലനിൽക്കുന്നുണ്ട്. ഈ സംവിധാനത്തെ ദുരുപയോഗം ചെയ്താണ് അധികാരം ഇതുവരെ നിലനിന്നു പോന്നിട്ടുള്ളത്. ഈ നിയന്ത്രണ സംവിധാനത്തെക്കുറിച്ച് പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പൂർവപക്ഷം 6
ബ്രഹ്മാന്വേഷി യഥാർത്ഥത്തിൽ അപരിമിതമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് എങ്കിൽ സ്വാതന്ത്ര്യത്തിന്റേയും അധികാരത്തിന്റേയും സംഘർഷങ്ങൾ അയാളെ യാതൊരു വിധത്തിലും സ്വാധീനിക്കുകയില്ല. അതിനാൽ അയാൾക്ക് മോക്ഷം നിർദ്ദേശിച്ചിരിക്കുന്നത് നിരർത്ഥകമാണ്.
സമാധാനം
മോക്ഷം ആപേക്ഷികാർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ബ്രഹ്മാന്വേഷിയുടെ ശ്രമം താൻ ഈ ഏറ്റുമുട്ടലിലോ തുടർന്നു സംസ്ഥാപിതമായേക്കാവുന്ന അധികാരവ്യവസ്ഥിതിയിലോ ഭാഗമോ പങ്കാളിത്തമോ വഹിക്കാതിരിക്കാനാണ്. അതിനു അയാൾക്കു മുമ്പിൽ സ്വാതന്ത്ര്യം ത്യജിക്കുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക എന്നീ മാർഗങ്ങളുണ്ട്. ആദ്യത്തേതു ബ്രഹ്മാന്വേഷണത്തെ പരിമിതപ്പെടുത്തുകയാൽ സ്വീകാര്യമല്ല. ബ്രഹ്മാന്വേഷി ഒരു വിധത്തിലുമുള്ള ഏറ്റുമുട്ടലിനും ഒരുക്കവുമല്ല. എങ്കിലും അപരിമിതമായ സ്വാതന്ത്ര്യം എന്ന മോക്ഷത്തെ അയാൾ പ്രമാണമാക്കുകയാൽ അധികാരകേന്ദ്രങ്ങൾ അയാളെ വെറുതേ വിടുകയുമില്ല; അയാൾക്കു മേലെ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കപ്പെടും, അപ്പോൾ ബ്രഹ്മാന്വേഷിക്കു കരണീയമെന്തെന്നു സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.6) -ഗൌണശ്ചേന്നാത്മശബ്ദാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഗൌണശ്ചേന്നാത്മശബ്ദാത്” (1.1.6)
ആത്മശബ്ദാത് = ആത്മശബ്ദം കൊണ്ട്
ഗൌണഃ = ഗുണസംബന്ധിയായ
ചേത് = എങ്കിൽ
ന = അല്ല
ആത്മശബ്ദം കൊണ്ട് ഗുണസംബന്ധിയായ (വിവരസഞ്ചയമോ നിഗമനമോ ആണ്) എങ്കിൽ (അവ ബ്രഹ്മാന്വേഷണത്തിനു സ്വീകാര്യം) അല്ല.
സാരം
ആത്മാന്വേഷണം ബ്രഹ്മാന്വേഷണം തന്നെ എന്ന തെറ്റിദ്ധാരണയുടെ ഫലമായി ആത്മപദം കൊണ്ട് ബ്രഹ്മത്തിനു ഗുണസംബന്ധം കല്പിച്ച് എന്തെങ്കിലും വിവരസഞ്ചയങ്ങളിലോ നിഗമനങ്ങളിലോ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അവയൊന്നും ബ്രഹ്മാന്വേഷണത്തിനു സ്വീകാര്യം അല്ല.
പൂർവപക്ഷം 1
മറ്റു വിധത്തിൽ ജഗത്തിൽ ലഭ്യമായ വിവരസഞ്ചയം നിഗമനങ്ങൾക്ക് അടിസ്ഥാനമാക്കുമ്പോളും ആത്മാന്വേഷണത്തിന്റെ ഫലമായുള്ള നിഗമനങ്ങൾ ബ്രഹ്മാന്വേഷണത്തിനു ഉപയോഗിക്കാത്തതു വിവേചനവും മുൻവിധിയുമാണ്.
സമാധാനം
ജീവൻ കാണപ്പെടുന്ന ഭൂമിക്കു പുറമേ സൌരയൂഥവും ക്ഷീരപഥങ്ങളും അനേകായിരം നക്ഷത്ര സമൂഹങ്ങളും തമോഗർത്തങ്ങളും അനാകാശവും ജഗത്തിലുള്ളതായി കരുതപ്പെടുന്നു. അവയുടെ ഉത്ഭവം സംബന്ധിച്ച വിവരസഞ്ചയം വിശകലനം ചെയ്തതിൽ നിന്നും ഭൂമിയിൽ ജീവൻ ഉത്ഭവിക്കുന്നതിനും നൂറുകണക്കിനു കോടി വർഷങ്ങൾക്കു മുമ്പേ ജഢപ്രപഞ്ചം നിലനിന്നിരുന്നു എന്ന നിഗമനങ്ങളാണുള്ളത്. അപ്രകാരം ജീവന്റെ ഉത്ഭവം ജഗത്തിൽ നിന്നാണെന്നും അതിനു ജഗത്കാരണമായ ബ്രഹ്മവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നുമാണ് സ്വാഭാവിക ശാസ്ത്രീയ നിഗമനം. അതിനാലത്രേ ബ്രഹ്മാന്വേഷണത്തിനു ജീവന്റെ വിവരസഞ്ചയം ഉപയോഗിക്കാത്തത്. എന്നാൽ ജീവന്റെ ജഢസ്വരൂപത്തെക്കുറിച്ചുള്ള വിവരസഞ്ചയം ഉപയോഗിക്കുന്നതിനു തടസ്സമില്ല. ജീവനേയും ബ്രഹ്മത്തേയും സമാനീകരിച്ചു ആത്മാന്വേഷണം നടത്തി എത്തിച്ചേർന്ന വിവരസഞ്ചയത്തിനും അനുമാനങ്ങൾക്കുമാണ് വിലക്ക്.
പൂർവപക്ഷം 2
ആത്മശബ്ദം ജീവനെയല്ല്ലാതെ പഞ്ചഭൂതങ്ങൾ സൂര്യാദികൾ ബ്രഹ്മം തുടങ്ങിയവയെ സൂചിപ്പിക്കുന്ന ധാരാളം വിവരസഞ്ചയങ്ങൾ വേദോപനിഷത്തുക്കളിൽ കാണുന്നുണ്ട്. അപ്രകാരമുള്ള വിവരസഞ്ചയങ്ങളെങ്കിലും ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്.
സമാധാനം
ആത്മാന്വേഷണത്തിന്റെ ഫലമല്ലാത്തതും ജീവനെ സൂചിപ്പിക്കാത്തതുമായ ആത്മശബ്ദം ഉൾക്കൊള്ളുന്ന വിവരസഞ്ചയങ്ങളെ അവയുടെ അർഹതക്കനുസൃതമായി പരിഗണിക്കുന്നതിനു തടസ്സമേതുമില്ല.
പൂർവപക്ഷം 3
ആത്മാന്വേഷണം നിഷേധിക്കപ്പെട്ടാൽ പിന്നെ ജഗത്പ്രതിഭാസങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനമല്ലാതെ ബ്രഹ്മാന്വേഷകനു മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ല എന്നു വരും.
സമാധാനം
മാർഗ്ഗം അത്രപോലുമില്ല. വസ്തുനിഷ്ഠമായ പഠനത്തിനു പുറമേ അന്വേഷകൻ വ്യക്തിപരമായി അനുഷ്ഠിക്കേണ്ട ചില നിഷ്ഠകളെക്കുറിച്ചു കൂടി സൂത്രകാരൻ നിർദ്ദേശിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.5) - ഈക്ഷതേർനാശബ്ദം

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഈക്ഷതേർനാശബ്ദം” (1.1.5)
ഈക്ഷതേഃ = പ്രത്യക്ഷം മുതലായവകൊണ്ട്
ന = അല്ല
അശബ്ദം = ശബ്ദം അല്ല
(കാണുക തുടങ്ങിയ) പ്രത്യക്ഷം മുതലായവ കൊണ്ട് അല്ല (പൂർവാചാര്യന്മാരുടെ പ്രസ്താവനകളായ) ശബ്ദവും അല്ല (മറിച്ച് അനുമാനം മാത്രമാണ് ബ്രഹ്മജ്ഞാനത്തിനു പ്രമാണമാക്കേണ്ടത്)
സാരം
അനേകലക്ഷം പ്രകാശവർഷങ്ങൾക്കും കോടിക്കണക്കിനു വർഷങ്ങൾക്കും അപ്പുറത്ത് ആദികാലത്തിൽ സംഭവിച്ച ബ്രഹ്മവികാരം പ്രത്യക്ഷമായി ഇക്കാലത്തു അനുഭവിക്കുക എന്നത് ന്യൂനതകളോടുകൂടിമാത്രമായിരിക്കും. ശ്രുതികൾ ആത്മാന്വേഷണം തുടങ്ങിയവയെ അടിസ്ഥാനമാക്കുകയാൽ ശബ്ദവും അപ്രമാണം തന്നെ. ആയതിനാൽ പ്രത്യക്ഷ ജഗത്തിനെ വിശകലനം ചെയ്ത ഫലങ്ങളെ ബ്രഹ്മജ്ഞാനത്തിലേക്കു ആനയിക്കുവാൻ അനുമാനം മാത്രമാണ് പ്രമാണം.
പൂർവപക്ഷം 1
ബ്രഹ്മം പൂർണമായോ ഭാഗികമായോ ഇപ്പോളും നിലനിൽക്കുന്നുവെങ്കിൽ അതിന്റെ പ്രത്യക്ഷാനുഭൂതി സാധ്യമാണ് എന്നതിനാൽ പ്രത്യക്ഷത്തെ നിഷേധിക്കുന്നത് ശരിയല്ല.
സമാധാനം
കുറഞ്ഞ അളവിൽ കൂടുതൽ ഊർജ്ജം കേന്ദ്രീകരിച്ച നിലയിലായിരുന്നു ബ്രഹ്മം. അതിന്റെ സാന്നിദ്ധ്യം ഒരു ക്ഷീരപഥത്തിന്റെ നിലനില്പിനെപ്പോലും സ്വാധീനിക്കാൻ പര്യാപ്തമാണ്. അത്തരം ഒരു പ്രതിഭാസത്തിന്റെ പ്രത്യക്ഷാനുഭവം പല ക്ഷീരപഥങ്ങൾ കടന്നെത്തുമ്പോൾ ആ ക്ഷീരപഥങ്ങളിലെ അവസ്ഥകളാൽ സ്വാധീനിക്കപ്പെട്ട നിലയിലായിരിക്കും. സ്ഥലകാലങ്ങളും വിഭിന്നവും വിദൂരവുമാണ്.
കാലാന്തരത്തിൽ ഊർജ്ജം നഷ്ടപ്പെട്ട ബ്രഹ്മമാണുള്ളതെങ്കിൽ അതു ജഗത് കാരണം എന്ന നിലയിൽ പ്രസക്തവുമല്ല. എങ്കിലും അത്തരം പ്രത്യക്ഷാനുഭവങ്ങൾ എത്ര ശിഥിലമോ ദുർബലമോ ആയിരുന്നാൽ തന്നെയും അവ പരിഗണിക്കേണ്ടതുണ്ട്. പ്രത്യക്ഷത്തിനു വിരുദ്ധമായ നിഗമനം സ്വീകാര്യമല്ല എന്ന ശാസ്ത്രപ്രമാണത്തെ പരിഗണിക്കുന്ന സമയത്ത് ദൃശ്യപ്രപഞ്ചത്തിലേതുപോലെ പ്രത്യക്ഷത്തിനു ബ്രഹ്മാന്വേഷണത്തിൽ പ്രസക്തിയില്ലെന്നാണു വിവക്ഷ. പ്രത്യക്ഷത്തിനു സംഭവിച്ചിരിക്കാവുന്ന മാറ്റങ്ങൾ നിഗമനരീത്യാ വിമർശനവിധേയമാക്കി പ്രത്യക്ഷത്തെ അപൂർവപ്രത്യക്ഷത്തിലേക്കു ആരോപിച്ചു വേണം പ്രത്യക്ഷത്തെ പ്രമാണമാക്കാൻ. അതിനാൽ നിഗമന പ്രക്രിയ മാത്രം സ്വതന്ത്ര പ്രമാണമാകുന്നു. എന്നാൽ പ്രത്യക്ഷജ്ഞാനത്തെ നിഗമനപ്രക്രിയക്കടിസ്ഥാനമായ വിവരസഞ്ചയമാക്കുന്നതിനു യാതൊരു തടസ്സവുമുള്ളതല്ല, പക്ഷേ പ്രത്യക്ഷമായതെന്തോ അതു ബ്രഹ്മമാണെന്നു തെറ്റിദ്ധരിക്കരുത്.
പൂർവപക്ഷം 2
എത്ര കുറഞ്ഞതോ വികലമോ അയ അറിവാണെങ്കിലും പൂർവാചാര്യസ്മൃതമായ ജ്ഞാനം അപ്പാടെ നിഷേധിക്കുന്നതു തെറ്റാണ്.
സമാധാനം
അന്വേഷണ വിഷയവും രീതിശാസ്ത്രവും പൂർവാചാര്യന്മാരിൽ നിന്നും തികച്ചും വ്യത്യസ്തമാകുമ്പോൾ ഭാഗികമായി അവരെ ആശ്രയിക്കുന്നത് ആശയക്കുഴപ്പം വർദ്ധിക്കാനിടവരുത്തും. ആപേക്ഷികമായി മെച്ചപ്പെട്ട സത്യം പുതിയ രീതിശാസ്ത്രത്തിനു വെളിവാക്കാൻ കഴിയുമെന്നിരിക്കേ പഴയതു നിഷേധിക്കുന്നതിൽ തെറ്റില്ല. എന്നാൽ പുതിയ ജ്ഞാനം സൃഷ്ടിക്കപ്പെടാതെ നിലവിലുള്ള ജ്ഞാനം നിഷേധിക്കപ്പെടാൻ ഇടവരുത്തുന്നതു ഖേദകരവും ജ്ഞാനാന്വേഷകരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയവുമാണ്. അതുപോലെ തന്നെ പൂർവാചാര്യസ്മൃതമായ സകല ജ്ഞാനവും സ്വീകാര്യമല്ലെന്നല്ല, മറിച്ച് ബ്രഹ്മാന്വേഷണം സംബന്ധിച്ച അവരുടെ നിഗമനങ്ങൾ സ്വീകാര്യമല്ലെന്നാണു വിവക്ഷ. ശാബ്ദജ്ഞാനം നിഗമനപ്രക്രിയകൾക്കാധാരമാക്കുന്നതിനും വിലക്കില്ല. ഇങ്ങനെ പ്രസ്താവിക്കാൻ മതിയായ മറ്റൊരു കാരണമുണ്ട്.
ബ്രഹ്മത്തിന്റെ സമ്യക്കായ ജ്ഞാനം ശാസ്ത്രത്തിനു സിദ്ധമാകുന്നതു നൂറ്റാണ്ടുകൾ നീളുന്ന അന്വേഷണ പ്രക്രിയയിലൂടെയാണ്. കണ്ടെത്തുന്നതെന്തും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നു സകല ബ്രഹ്മാന്വേഷകരും അറിയേണ്ടതുണ്ട്. അതിനാൽ ഏതൊരു ശാബ്ദജ്ഞാനത്തേയും ബ്രഹ്മാന്വേഷകൻ തന്റെ നിഗമനം കൊണ്ട് സാധൂകരിക്കേണ്ടതുണ്ട്. അതിനാലത്രെ ശബ്ദം പ്രമാണമല്ലെന്നു പറയുന്നത്.
പൂർവപക്ഷം 3
ഇന്നത്തെ ബ്രഹ്മാന്വേഷണം തന്നെയും നാളത്തെ ശാബ്ദപ്രമാണമാകുന്നുണ്ട്. ഇപ്രകാരം ലഭിക്കുന്ന സകല ശാബ്ദജ്ഞാനവും പ്രമാണമല്ലെന്നു വന്നാൽ വിദ്യാഭ്യാസത്തിന്റേയും ശാസ്ത്രീയ ഗവേഷണങ്ങളുടേയും തുടർച്ച തന്നെ നിഷേധിക്കപ്പെടും.
സമാധാനം
ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ലഭ്യമാകുന്ന യാതൊരു ജ്ഞാനവും സർവകാലീനമാകുന്നില്ല. മറ്റേതൊരു ജ്ഞാനത്തേയും പോലെ ഈ ജ്ഞാനത്തേയും ബ്രഹ്മാന്വേഷണത്തിനുള്ള വിവരസഞ്ചയമാക്കാവുന്നതാണ്. എന്നാൽ താർക്കികമായ നിഗമന പ്രക്രിയയ്ക്കു വിധേയമാക്കാതെ ഇന്നയാൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു അതുകൊണ്ട് അതു ശരി എന്ന രീതിയിൽ ബ്രഹ്മാന്വേഷണം നടത്തുന്നത് ആശാസ്യമല്ല. രീതിശാസ്ത്രമെന്ന നിലയിൽ തന്നെ വേദോപനിഷദാദികളിൽ എപ്രകാരം പ്രസ്താവിച്ചു എന്നത് മാത്രം അടിസ്ഥാനമാക്കി ബ്രഹ്മസ്വരൂപനിർണ്ണയം നടത്തുന്നതു പ്രമാണമല്ല എന്നുകൂടി ഈ സൂത്രം നിർദ്ദേശിക്കുന്നു.
പൂർവപക്ഷം 4
മൂന്നു പ്രമാണങ്ങൾ കൊണ്ടു പോലും ബ്രഹ്മസത്യം വെളിവാക്കാൻ ബുദ്ധിമുട്ടുമ്പോൾ അനുമാനമെന്ന ഒരൊറ്റ പ്രമാണം കൊണ്ടു മാത്രം ബ്രഹ്മാന്വേഷണം സാധ്യമാകുകയില്ല.
സമാധാനം
ബ്രഹ്മത്തെ മാത്രം സംബന്ധിക്കുന്ന പ്രത്യക്ഷശബ്ദപ്രമാണങ്ങളേ നിഷേധിക്കപ്പെട്ടിട്ടുള്ളൂ. അനുമാനം കാര്യകാരണബന്ധത്തെ അടിത്തറയാക്കിയാണ് ബ്രഹ്മാന്വേഷണത്തിൽ മുമ്പോട്ടു പോകുന്നത്. ഇതിൽ കാര്യസംബന്ധമായ സകല പ്രത്യക്ഷശബ്ദപ്രമാണങ്ങൾക്കും വിലക്കില്ല, കാരണമായ ബ്രഹ്മത്തെക്കുറിച്ചു പക്ഷേ അനുമാനത്തിനു മാത്രമേ പ്രസക്തിയുള്ളൂ. കാര്യപ്രപഞ്ചത്തിലെ ജ്ഞാനസിന്ധുവിനു അനുസ്യൂതം അനുമാനപ്രക്രിയക്കു വിധേയമാകാമെന്നിരിക്കേ ബ്രഹ്മാന്വേഷണം ഒരിക്കലും അസാദ്ധ്യമാകുകയില്ല.
പൂർവപക്ഷം 5
സത്വരജസ്തമോഗുണങ്ങൾ സമമായി സമ്മേളിച്ചിരുന്ന ജഢസ്വരൂപവും ബ്രഹ്മവിലക്ഷണവുമായ പ്രധാനത്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടതാണു ഈ പ്രപഞ്ചമെന്നു സാംഖ്യർ പറയുന്നതാണ് ശരി.
സമാധാനം
ജന്മാദ്യസ്യ യതഃ എന്ന സൂത്രത്താൽ ജഗത്കാരണം ബ്രഹ്മമെന്നു സങ്കല്പിച്ചു കഴിഞ്ഞതിനാൽ പ്രധാനം തന്നെ ബ്രഹ്മമെന്നോ പ്രധാനമല്ല ഇതെല്ലാം സൃഷ്ടിച്ചത് എന്നോ അല്ലാതെ ബ്രഹ്മവിലക്ഷണമായ ബ്രഹ്മമാണ് ഇതെല്ലാം സൃഷ്ടിച്ചതെന്നു പറഞ്ഞുകൂടാ. ജഗത്തിനു ജഢസ്വരൂപം ഉണ്ടാകുകയാൽ ബ്രഹ്മത്തിനും ജഢസ്വരൂപം സ്വാഭാവികമാണ്. ത്രിഗുണങ്ങൾ ജ്ഞാനം കർമം അജ്ഞാനം എന്നിവയേയോ നന്മ രാഗം അന്ധകാരം എന്നിവയേയോ സൂചിപ്പിക്കുന്നതെന്നു പക്ഷാന്തരമുണ്ട്. ജ്ഞാനവും അജ്ഞാനവും ആപേക്ഷികങ്ങളാകയാൽ രണ്ടല്ല. കർമമെന്നാൽ ഇച്ഛ വ്യാപരിക്കുന്ന ജ്ഞാനവുമാകുന്നു. അതിനാൽ ഇച്ഛ ജ്ഞാനം എന്നീ ഗുണങ്ങളേ ആദ്യ സങ്കല്പത്തിലെ ത്രിഗുണങ്ങളിലുള്ളൂ. നന്മ രാഗം എന്നിവ ചിത്തവൃത്തികളുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും അന്ധകാരം അഭാവപൂർണിമയുമാണ്. അവയും അന്തിമവിശകലത്തിൽ ഇച്ഛ ജ്ഞാനം എന്നിവയിൽ തന്നെ എത്തിച്ചേരുന്നു. ഇച്ഛയും ജ്ഞാനവും ജഢമായിത്തന്നെ വേദാന്തികളും കണക്കാക്കുന്നു. സൃഷ്ടിയുമായി ഒത്തു പോകുന്ന ഈ രണ്ടു അടിസ്ഥാന ഘടകങ്ങളും ജഗത്തിലുള്ളതിനാൽ ബ്രഹ്മത്തിലും ഉള്ളവ തന്നെ. പഴക്കമേറിയ സാംഖ്യദർശനത്തിൽ ദ്രവ്യത്തിന്റെ അടിസ്ഥാന ഗുണങ്ങളായി ത്രിഗുണങ്ങൾ അവതരിപ്പിക്കപ്പെട്ടതിൽ വലുതായ ന്യൂനതകളുണ്ട്. എങ്കിലും ആദിമ സൃഷ്ടി ജഢത്തിൽ നിന്നാണെന്ന അവരുടെ നിഗമനം ശ്രദ്ധയാകർഷിക്കുന്നു. സാംഖ്യ ദർശനപ്രകാരം പ്രകൃതി പുരുഷൻ എന്നിങ്ങനെ രണ്ടു ബ്രഹ്മങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു എന്നേയുള്ളൂ. അതാകട്ടെ നിർവചനത്തിനെതിരുമല്ല. ആകപ്പാടെ നോക്കുമ്പോൾ ആദിമകാലത്തെ ശാസ്ത്രത്തിന്റെ അപര്യാപ്തതയും ജഢത്തിനും ജീവനും വെവ്വേറെ കാരണങ്ങൾ എന്ന മെച്ചപ്പെട്ട സങ്കല്പവും സാംഖ്യരുടെ ദർശനത്തിൽ നിന്നും വെളിവാകുന്നുണ്ട്. ബ്രഹ്മാന്വേഷണത്തിനു പ്രധാന സങ്കല്പം അപര്യാപ്തമെന്നു പറയാതെ വയ്യ.
പൂർവപക്ഷം 6
ബ്രഹ്മം ഒരേ സമയം ജഢവും ജീവനും ഉൾക്കൊള്ളുന്നതാണെന്നോ അനന്തവും പരിമിതവുമാണെന്നോ അജ്ഞേയജ്ഞേയമെന്നോ അവാചവാച്യമെന്നോ ആനുമാനികാനനുമാനികമെന്നോ പറയാവതല്ല.
സമാധാനം
ബ്രഹ്മത്തെ അജ്ഞേയമാക്കി വിടുന്നത് ഏതൊരു ബ്രഹ്മാന്വേഷകന്റേയും കർത്തവ്യമല്ല. പ്രപഞ്ചത്തിൽ ജഢവും ജീവനും ജ്ഞാനവുമുള്ളതിനാൽ അവയും നിഷേധിക്കാവുന്നതല്ല. ബ്രഹ്മം പരിമിതപൂർണിമയാണെന്നു സങ്കല്പിക്കുന്നതിലും വിഷമമില്ല. അവാച്യവാച്യാജ്ഞേയജ്ഞേയാനുമാനികാനനുമാനികാഭേദഭേദാദികൾ സകല ജ്ഞാന രൂപത്തിലും അന്തർലീനമായ ആപേക്ഷികസ്വരൂപത്തെ തുറന്നുകാട്ടുന്നതു തന്നെയത്രെ. ഒന്നു പറയുമ്പോൾ മറ്റെല്ലാം പറയാതിരിക്കുന്നുണ്ടല്ലോ. ബ്രഹ്മത്തിനുണ്ടെന്നു പറയുന്ന ഇത്തരം ഗുണങ്ങൾ അനുമാനപ്രക്രിയയെ യാതൊരു വിധത്തിലും ദുർബലപ്പെടുത്തുന്നില്ല. അതിനാൽ ഈ വാദം നിലനിൽക്കുന്നില്ല.
പൂർവപക്ഷം 7
ബ്രഹ്മത്തെ ഭാഗികമായല്ലാതെ പൂർണമായി അനുമാനത്താൽ അറിയുക അസാധ്യമാണ്.
സമാധാനം
ശരിയാണ്. പ്രത്യക്ഷശബ്ദപ്രമാണങ്ങളിലൂടെയും ബ്രഹ്മത്തെയെന്നല്ല ഒരു കടുകുമണിയെപ്പോലും പൂർണമായി അറിയുക പ്രായോഗികമായി അസാധ്യമാണ്. അന്വേഷകന് ആവശ്യമുള്ളിടത്തോളം അറിയുക എന്നതായി ജ്ഞാനത്തിന്റെ ലക്ഷ്യം പരിമിതപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല.
പൂർവപക്ഷം 8
നമുക്കു നമ്മെത്തന്നെ പൂർണമായി അറിയാമെന്നപോലെ നാം ബ്രഹ്മവുമായി ഐക്യരൂപ്യം പ്രാപിക്കുമ്പോൾ ബ്രഹ്മത്തേയും പൂർണമായി അറിയാനാകും.
സമാധാനം
തെറ്റായ വാദമാണിത്. നമുക്കു നമ്മെത്തന്നെ പൂർണമായി അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം; കാരണം ശരീരത്തിൽ പോലും നാഢീവ്യൂഹത്താൽ ബന്ധിതമായ ഇടങ്ങളിലെ അനുഭൂതികൾ മാത്രമേ തലച്ചോറിനറിയാൻ കഴിയൂ. സകലയിടത്തും നാഢികൾ ഉണ്ട് എന്നത് മിക്കവാറും സ്ഥലത്ത് അവ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മാത്രമേ അർത്ഥമാക്കുന്നുള്ളൂ. വളരെയധികം പ്രവർത്തനങ്ങൾ ചിലസമയങ്ങളിൽ തലച്ചോറിന്റെ നിയന്ത്രണത്തിൽ പോലുമല്ല. ചുറ്റും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിൽ വളരെ കുറച്ചു മാത്രമേ സ്മരണയിൽ സൂക്ഷിക്കുന്നുള്ളൂ. അതിൽ തന്നെ വളരെ കുറച്ചു മാത്രമേ സ്മരിക്കേണ്ടിപോലും വരുന്നുള്ളൂ. ഇനി ബുദ്ധികൊണ്ടല്ല, ആത്മാവുകൊണ്ടാണ് അറിയുന്നത് എന്നാണെങ്കിൽ താനിതെല്ലാമാണു എന്ന ഒരു ഉൾക്കാഴ്ചയല്ലാതെ അംശരൂപത്തിലുള്ള കാര്യമായ വിശദാംശങ്ങൾ തനുന്നതിൽ അത്തരം ജ്ഞാനം പരാജയമാണ്. ജഢസംബന്ധിയായ യാതൊന്നിന്റേയും ആത്മജ്ഞാനം ആ ജഢത്തിൽ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കയാൽ സമ്പൂർണമല്ല. നാം ബ്രഹ്മവുമായി താദാത്മ്യം പ്രാപിച്ചാൽ പോലും ബ്രഹ്മം നമ്മിലടയാളപ്പെടുത്തിയ വിവരങ്ങൾ മാത്രമേ ആത്മജ്ഞാനത്തിലൂടെ ലഭിക്കൂ. അതു പൂർണമെന്നു പറയുന്നതു തന്നെ അപൂർണതയ്ക്കു തെളിവാണ്. കാരണം പൂർണത സങ്കല്പിക്കപ്പെടുന്നത് അപൂർണത പ്രത്യക്ഷമാകുമ്പോളാണ്. ബ്രഹ്മാന്വേഷണത്തിൽ ആത്മജ്ഞാനത്തിന്റെ സ്ഥാനമെന്തെന്നു സൂത്രകാരൻ അടുത്തതായി പ്രസ്താവിക്കുന്നുമുണ്ട്.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi