2011 മാർച്ച് 28, തിങ്കളാഴ്‌ച

ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ

ജോനകക്കൂട്ടം മലയിറങ്ങി കരിമ്പനക്കാട്ടിലെത്തിയപ്പോൾ പാതിരാവു കടന്നു. പന്തവും കുന്തവും കണ്ടു വാൾപ്പുലിയും തലച്ചൂട്ടൻ പാമ്പും വഴിയൊഴിഞ്ഞു നിന്നു. സൃഗാലവൃന്ദം സമൃദ്ധിയായി കൂവി.വെള്ള മുലക്കച്ച കെട്ടി തേതി വഴിയിലിറങ്ങി കാത്തു നിന്നു.

കൂടി വന്ന കുളിരിലൊരു കുളിരായി കാറ്റു പിടിച്ചു മറഞ്ഞും തെളിഞ്ഞും നിന്ന നിലാവിൽ തേതിപ്പെണ്ണിനെ പടവന്നവർ കണ്ടു. സ്വന്തം പെണ്ണു ആരുടെ കൂടെ കിടക്കുന്നതിനും എതിരു നിൽക്കാത്ത ചേകവൻ ഏകപത്നീ വ്രതക്കാരനാകയാൽ നടപ്പു പിന്നിലേക്കു മാറ്റി. തേതിയുടെ വികസിച്ച കവിളുകളിൽ പുരുഷന്റെ പുഞ്ചിരി പ്രതിബിംബിച്ചു.

“ഒരു കാശിനു ചുണ്ണാമ്പു വേണോ?” അവൾ ചോദിച്ചു.

മുമ്പേ നടന്ന രസികൻ ഒന്നു നിന്നു, ഇരുന്നു; പിന്നെ പൊതിയഴിച്ചു പൊങ്കാശൊന്നു പുറത്തെടുത്തു കാട്ടി.

“മുറുക്കാനൊരു സ്ഥലം അടുത്തുണ്ട്,” അവൾ മുമ്പോട്ടു നടന്നു, വിഡ്ഢിയാൻ പിന്നാലെയും. അധികം കഴിയും മുമ്പ് ഒരു ആക്രന്ദനം കേട്ടു. മുഖത്തു ചെഞ്ചോരച്ചാലുമായി തേതി തിരികേ വരുന്നതു കണ്ട ജോനകക്കൂട്ടം ചിതറിയോടി. വാളൂരി ചേവകൻ മാത്രം ബലം പിടിച്ചു നിന്നു.

മിന്നലിനൊത്തു തേതിയുടെ കൊലച്ചിരി പ്രകമ്പനം കൊള്ളവേ ചേകവൻ കളരി പരമ്പര ദൈവങ്ങളെ ധ്യാനിച്ചു കാട്ടുതുളസി കതിർ നെഞ്ചോടു ചേർത്തു പിടിച്ചു ജപിച്ചെറിഞ്ഞു.

തേതി ഒന്നടങ്ങി.

“നീയാര്?”

“ഗുരു ശിഷ്യന്റെ ശിഷ്യനാണെന്നു പറഞ്ഞയാളോടു അങ്കം വെട്ടാൻ വന്ന നല്ലങ്കച്ചേകവരാണു ഞാൻ.”

“അതുകൊണ്ടു നിനക്കെന്തു ചേതം?”

“ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ എന്നെല്ലാം എന്റെ ഭാര്യ ഇനി വാദിക്കാൻ തുടങ്ങും.”

തേതിക്കു രസിച്ചു, “അയാളുമായി നീ അങ്കം വെട്ടുന്നതു കാണാൻ ഞാനും വരുന്നുണ്ട്.”

തളിയിലേക്കുള്ള വഴി തെളിച്ച ചേകവന്റെ പുറകേ തേതിയും പൂർണ്ണ ചന്ദ്രനും ഒന്നിച്ചു പുറപ്പെട്ടു.

പിറ്റേന്നു എല്ലും തൊലിയും മുടിയും മാത്രം കരിമ്പനക്കാട്ടിൽ നിന്നും കണ്ടെടുത്തതു കണ്ട് തേതിയക്ഷി കൊന്ന ഒരു ജോനകവിഡ്ഢ്യാന്റെ കഥ കൂടി നാട്ടുകൂട്ടം പറഞ്ഞു നടക്കാൻ തുടങ്ങി.

2011 ഫെബ്രുവരി 4, വെള്ളിയാഴ്‌ച

നീയും ഗുരുവും അനന്തതയും ദർശനവും

ആരോരുമറിയാതെ രാവു വന്നതോ ആരാരുമറിയാതെ പകൽ പോയതോ എന്നു ആരുമന്നു ചോദിച്ചില്ല. സകലം ഋതംഭരം എന്നകക്കാമ്പിലുറച്ചു ഊട്ടുപുരയുടെ പുറന്തളത്തിലെ ചതുർദ്ദശി നിലാവുണ്ട് നമ്പൂരിക്കൂട്ടം വാദശേഷമുള്ള വിവാദമാരംഭിച്ചു.

ജ്യോതിശ്ശാസ്ത്രത്തിലെ ഗണിതപാദത്തിൽ വായനയുറച്ച ഒരു ഉണ്ണിനമ്പൂരി തുടക്കമിടാൻ ഓന്നാഞ്ഞപ്പോളേക്കും ഓതിക്കൻ അവന്റെ കുടുമ്മക്കു പിടിച്ചു. അടുത്ത പിടി ചെവിക്കു വരുമെന്നറിയാവുന്നതുകൊണ്ടു ചെറുക്കൻ അസാരം മാറിയിരുന്നു വാശിയോടെ പറഞ്ഞു തുടങ്ങി.“ശിഷ്യൻ ഗുരുവിന്റെ ഗുരുവായതു കൊണ്ട് എന്റെ ചെവിക്കു പിടിച്ചാൽ ഗുരുശാപം നിശ്ചയം!“

“നീ ഗുരുവാകുമ്പോൾ ഗുരു ശിഷ്യന്റെ ശിഷ്യനായതുകൊണ്ട് നിന്റെ ശിഷ്യൻ നിന്റെ ചെവിക്കു പിടിക്കുമെന്നതു സുനിശ്ചിതം.“

നൈയായികനെയിതു അസാരം രസിപ്പിച്ചതുകൊണ്ട് അയാൾ പയ്യനെ പ്രോത്സാഹിപ്പിച്ച് ഉര ചെയ്തു, “ഉണ്ണീ, നിന്റെ തർക്കം വിസ്തരിച്ചോളൂ.”

ഉണ്ണി അവസരത്തിനൊത്തുയർന്നു.

“ഗുരു, ശിഷ്യൻ എന്നിങ്ങനെ രണ്ടു സങ്കൽ‌പ്പങ്ങളേ ഇവിടെയുള്ളൂ. അവയെ ഷഷ്ഠീ വിഭക്തികൊണ്ടു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സംബന്ധമല്ലാതെ ഷഷ്ഠിശേഷെയൊന്നും പ്രസ്തുതത്തിൽ യോജിക്കുന്നുമില്ല. അസ്തി എന്ന ഒരു സത്താദ്യോതക പദവും നിശബ്ദമായുണ്ടെന്നു ലകാരവാദികൾക്കു പറയാം. അതിനാൽ ഗണിത രീത്യാ നോക്കുമ്പോൾ ഗുരു പദത്തിനു ശിഷ്യന്റെ ശിഷ്യൻ എന്നും മറിച്ചും പകരം വയ്ക്കാം. അങ്ങനെ ശിഷ്യൻ ഗുരുവിന്റെ ഗുരു എന്ന വാക്യം ശിഷ്യൻ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യൻ എന്നും ആയതിന്റെ അവസാന ശിഷ്യ പദത്തെ വീണ്ടും ഗുരുവിന്റെ ഗുരു എന്നും അതിലെ ഗുരുവിനെ ശിഷ്യന്റെ ശിഷ്യൻ എന്നും പകരം വച്ചാൽ ശിഷ്യൻ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യൻ എന്നുമായിത്തീരും. ഈ പ്രക്രിയ തുടരുന്നമുറയ്ക്കു ശിഷ്യൻ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ എന്ന ചങ്ങല നീണ്ടുനീണ്ടങ്ങനെ പോകും.”

അദ്വൈതവേദാന്തി ഇടയിൽ കയറി, “നിങ്ങൾ എല്ലാം തല തിരിച്ചേ പറയൂ. ഉള്ളതിനെ ഇല്ലാത്തതായും ഇല്ലാത്തതിനെ ഉള്ളതായും പറയുന്ന ഒരു ശീലം നൈയായികർക്കുണ്ട്. ശിഷ്യൻ എന്ന പദത്തിനു ഗുരുവിന്റെ ഗുരു എന്നും മറിച്ചും അർത്ഥം കൊടുക്കണം. അപ്പോൾ ശൃംഖല ഗുരു ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ എന്നു തുടങ്ങുന്നതായി കാണാം. അതിനാൽ ഗുരു മാത്രമേ സത്യത്തിൽ നിലനിൽക്കുന്നുള്ളൂ. ശിഷ്യൻ മിഥ്യയാണ്. എന്നാലോ മുന്നിൽ ശിഷ്യരെ കാണുന്നു എന്ന ഭ്രമത്തിൽ നിന്നു മോചിതരാകാത്തതിനാൽ നിങ്ങൾ സാക്ഷാൽ അനന്തവും അദ്വൈതവും അനുസ്യൂതവുമായ ഗുരുവിനെ ദർശിക്കുന്നില്ല, പകരം എണ്ണമറ്റ ശിഷ്യരെ മോഹത്താൽ ബാധിക്കപ്പെട്ട് വിവർത്ത രൂപത്തിൽ ദർശിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ അകത്തേക്ക് നോക്കി സ്വയം ഗുരുവാണെന്നറിയുക. അപ്പോൾ ഗുരുവും ഞാനേ ശിഷ്യനും ഞാനേ എന്ന നില വരും. രണ്ടും രണ്ടല്ല. അതു മാത്രമാണു സത്യം.”

“ഇതിൽ ശൃംഖലയുടെ ആദ്യത്തിലുള്ള ഗുരുവും അനന്തമായ ആവർത്തനങ്ങൾക്കു ശേഷമുള്ള ഗുരുവും ഒന്നല്ല. എന്തെന്നാൽ പ്രത്യക്ഷത്തിനു വിപരീതമായ നിഗമനങ്ങൾ സത്യമല്ല. ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ എന്ന ശൃംഖല ഭൂതകാലത്തിലേക്കും ആദികാരണത്തിലേക്കും നയിക്കുന്നതായേ ദർശിക്കപ്പെടുന്നുള്ളൂ. അതിനാൽ അറിവിനാദികാരണമായ ഗുരുവും അവിടുത്തോടു ഞാൻ സംസാരിക്കുമ്പോൾ മാംസരൂപത്തിൽ ഞാൻ ദർശിക്കുന്ന അങ്ങെന്ന ഗുരുവും വ്യത്യസ്തരാണ്. എങ്കിലും രണ്ടും ഗുരു തന്നെ. ആദ്യ ഗുരുവിന്റെ പാഠങ്ങൾ തന്നെ പിന്നത്തെ ഗുരുക്കന്മാരും ആവർത്തിക്കുന്നു, അതിനാൽ ഗുരു രണ്ടെങ്കിലും രണ്ടല്ല; ഒന്നെങ്കിലും ഒന്നുമല്ല; എന്തെന്നാൽ അറിവ് ആ ആദിമമായ ഒന്നു മാത്രം, അതു പുറപ്പെടുന്ന വക്ത്രങ്ങൾ അനേകം.” വിശിഷ്ടാദ്വൈതി വാദം ഭേദപ്പെടുത്തി.

“ഗുരു ശൃംഖലയിലെ ഓരോ കണ്ണിയും വ്യത്യസ്തമത്രേ. ആദികാരണമായ ഗുരുവോ ഈ ശൃംഖലയ്ക്കു പുറത്തുള്ളവൻ. അദ്ദേഹം ഞങ്ങളുടെ പൂർവപിതാമഹന്മാരുടെ ആരാധനാപാത്രമയിരുന്ന ആ സാക്ഷാൽ ഏകനാമിയായ സഹസ്രനാമൻ തന്നെ. ഇതത്രെ ദ്വൈതമതം.”

കേട്ടു മടുത്ത കണികാവാദിയായ ഒരു ചാർവാകാനുകൂലി തന്റെ ആത്മനിഷ്ഠ നിലപാടു വ്യക്തമാക്കിക്കൊണ്ടു പറഞ്ഞു തുടങ്ങി, “ഗുരു ശിഷ്യന്റെ ശിഷ്യനാകുമ്പോൾ ഒരാൾ തന്നെ ശിഷ്യനും ഗുരുവുമായിത്തീരുന്നു. എന്നാൽ ഒരേ സ്ഥലകാലങ്ങളിൽ ഒരാൾക്കു രണ്ടായിരിക്കാൽ സാധ്യമെന്നു കരുതാവുന്നതല്ല. അസ്തിത്വത്തിന്റേതായ ഒരു നിമിഷത്തിൽ ഒരാൾ ഒന്നുകിൽ ഗുരു അല്ലെങ്കിൽ ശിഷ്യൻ മാത്രം. അയാൾ എന്തായിത്തീരാൻ അപ്പോൾ ഇച്ചിക്കുന്നുവോ അതു മാത്രമാണ് അയാൾ. സ്വയം തെരഞ്ഞെടുക്കേണ്ട ദ്വന്ദങ്ങളുടെ തടവറയിലാണ് വ്യക്തി. ഗുരുവോ ശിഷ്യനോ എന്ന പ്രശ്നത്തിലായിരിക്കേ അതല്ലാതെ മറ്റെന്തെങ്കിലും ആകാൻ കഴിയാത്തവൻ സ്വതന്ത്രനല്ല. ആദ്യം പരിമിതികളിൽ നിന്നും സ്വതന്ത്രനാകുന്നവനു മാത്രമേ ശരിയായി അറിയാൻ പോലുമാകൂ. അറിയാനറിയാത്തവനു ഗുരുവോ ശിഷ്യനോ ആകാൻ കഴിയില്ല.”

“ഗുരു ശിഷ്യന്റെ ശിഷ്യൻ അഥവാ ശിഷ്യൻ ഗുരുവിന്റെ ഗുരു സ്വതവേ ഒരു പരിമിതിയും അനന്തതയും പൂർണിമയുമാണ്. എന്തെന്നാൽ ഗുരു, ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരു, ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരു എന്നിങ്ങനെ അനതതയോളവും അതിനപ്പുറവും അതിനു നിലനിൽ‌പ്പുണ്ട്. അത് ഒരേ സമയം ഏകവും അനേകവുമാണ്. പരിമിതവും അപരിമിതവും അനന്തവുമാണ്.” ഗണിതജ്ഞൻ വെളിപ്പെടുത്തി.

“ഗുരു ശൃംഖലയുടെ വികാസത്തിന്റെ ഓരോ ഘട്ടത്തിലും അന്തിമപദത്തിൽ ഗുരു, ശിഷ്യൻ, ശിഷ്യൻ, ഗുരു, ശിഷ്യൻ, ശിഷ്യൻ, ഗുരു, ശിഷ്യൻ, ശിഷ്യൻ, ഗുരു എന്നീക്രമത്തിലാണ് വികാസം. ശിഷ്യ സങ്കല്പമില്ലാതെ ഗുരു ശൃംഖല അസാധ്യമെന്നു ഇതിനാൽ വെളിവാകുന്നു. അതിനാൽ ഗുരു ഏകനും അവികാരിയും നിർഗുണനും ആയിരിക്ക വയ്യ. അറിവിന് ആദികാരണമായി അതിനാൽ ഗുരുവിനെ സങ്കല്പിക്കുന്നതും തെറ്റാണ്” മധ്യമാർഗിയായ ഒരു പ്രച്ഛന്ന ബൌദ്ധൻ ഇടപെട്ടു.

“ശ്രീദാമന്റെ അടിസ്ഥാന സങ്കല്പം ഗുരുവോ ശിഷ്യനോ അല്ല, പകരം നീയും ഞാനുമാണ്. ഗുരുവും ശിഷ്യനും ഒരു ആരോപം മാത്രം. അതിനാൽ ശൃംഖല നീ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ എന്നു മാത്രമാണ്. ഇതിൽ ആദ്യത്തെ നീ ഒന്നായും പിന്നീടുള്ള നീകളെ രണ്ട് മൂന്ന്, നാല് എന്നിങ്ങനെ അനന്തമായും എണ്ണിയാൽ ഓരോ ഒറ്റ സ്ഥാനത്തേയും നീ മാത്രമാണു യഥാർത്ഥത്തിൽ നീ. ഇരട്ട സ്ഥാനത്തുള്ളതെല്ലാം ഞാൻ മാത്രം,”ഒരു താർക്കികൻ വ്യക്തമാക്കി.

“ഒരു വാക്യത്തിന്റേയും അർത്ഥം അതിന്റെ പദങ്ങളിൽ നിന്നും പദാർഥങ്ങളിൽ നിന്നും വെളിവാക്കപ്പെടുകയില്ല. വാക്യം വർണ്ണങ്ങളും അക്ഷരങ്ങളും വാക്കുകളും ശബ്ദങ്ങളും സംഗീതവും, ധ്വനികളും, അർഥങ്ങളും അർഥഭേദങ്ങളും അനർഥങ്ങളും രൂഢികളും ചൊല്ലുകളും സന്ദർഭങ്ങളും പ്രയോഗങ്ങളും വൃത്തങ്ങളും അലങ്കാരങ്ങളും ഭാഷയും ഭാഷാഭേദങ്ങളും സ്മരണകളും വൃത്തികളും വികാരങ്ങളും ദേശ്യങ്ങളും ശീലങ്ങളും സംസ്കാരങ്ങളും അറിവും ദർശനങ്ങളും സാങ്കേതികതകളും അങ്ങനെ പ്രപഞ്ചത്തിൽ ജ്ഞേയമായിട്ടെന്തെല്ലാമുണ്ടോ അതെല്ലാം ചേർന്നതാണ്. അനേകം വാക്യങ്ങളും അവ ചേർന്ന ഖണ്ഡികകളും താളുകളും ഗ്രന്ഥമെഴുതുന്ന മാധ്യമവും മഷിയും വായിക്കുന്ന കണ്ണും മനസ്സും സ്മരണവും ബുദ്ധിയും വ്യക്തിയും ചർച്ച ചെയ്യുന്ന സമൂഹവും ചേർന്നതാണ് ഒരു പുസ്തകം. അതിനുമപ്പുറത്താണ് ഒരു ആശയം. ഇപ്രകാരം വർണബ്രഹ്മത്തിൽ നിന്നും ആശയപ്രപഞ്ചത്തേക്കുള്ള ശ്രീദാമന്റെ ഒരു മുന്നേറ്റത്തെ ഗുരു ശിഷ്യൻ എന്നീ രണ്ടു പദങ്ങളിൽ ഒതുക്കിയിടുന്നതു ശരിയല്ല” വൈയാകരണൻ തന്റെ നയം വ്യക്തമാക്കി. വ്യാകരണം പതിവുപോലെ സകല സാഹിത്യഗുണങ്ങളെയും ശുഷ്കമാക്കുമെന്നു ഭയന്നു സകല വിവാദങ്ങളും പിറ്റന്നേക്കു മാറ്റിക്കൊണ്ട് അമ്പലവാസിനികളെക്കുറിച്ചു സൂരി നമ്പൂരി തുടങ്ങിവച്ച വെടിവട്ടം ആ ഗുരുശിഷ്യഗണങ്ങൾക്കുള്ളിലെ സംവാദവും അറിവുമായി ഭവിച്ചു.

അപ്പോൾ തിഥി നാദാപുരത്തുനിന്നു വന്ന അക്രമിക്കൂട്ടത്തെപ്പോലെ തന്നെ കരിമ്പനക്കാട്ടിലേയ്ക്കും പൌർണമിയായി പ്രവേശിച്ചു.

2011 ജനുവരി 14, വെള്ളിയാഴ്‌ച

ഗുരുവും കുരുമുളകും യക്ഷിയും

അറുക്കുന്ന ആട്ടിൻ ചോരയുടെ മണം.
കോത പരിഭവിച്ചു.
“ഗുരുവിനു ഗുരു മാത്രമായിരുന്നുകൂടേ? ശിഷ്യനു ശിഷ്യനും? ഗുരുനിന്ദ, രാജനിന്ദ, ആചാരങ്ങളുടെ നിഷേധം”
“കുരുമുളകു തികയില്ല,“ കോയപ്പക്കി ആത്മഗതം ചെയ്തു, “അറബി നാട്ടീന്നു ഇരട്ടി ആവശ്യക്കാരുണ്ട്. ജോനകർക്കു കയറാവുന്ന കാടിത്തിരികൂടി വലുതായാൽ മതി.”
“കോയപ്പക്കി കാട്ടിൽ കയറിക്കോളൂ.”
“നിങ്ങ പോയി കിടന്നുറങ്ങിക്കോളി.”
കരിമ്പനക്കാട്ടിലൂടെ കോത തിരിച്ചു നടക്കുമ്പോൾ പെണ്ണിന്റെ നേർത്ത ചിരി കേട്ടു.
“തേതിയായിരിക്കും,” അയാൾ മുറുകി നടന്നു, “യക്ഷി.”
ചിത്ര പൌർണമി ആവാറായിരിക്കുന്നു. നാളും മുഹൂർത്തവും കോയപ്പക്കിക്കറിഞ്ഞുകൂടാ. കോതയ്ക്കുള്ളിൽ ഭീതി കയറി.
“നാദാപുരത്തു നിന്നും അവർ പുറപ്പെട്ടിരിക്കണം.”
നാദാപുരത്തെ നല്ലങ്ങാടിയിൽ തൂമ്പയും കൊഴുവും കിട്ടും. പരുത്തി നൂറ്റു മുണ്ടുണ്ടാക്കുന്നിടം. പട്ടും പാത്രവും വരത്തൻ അരിചരക്കുകളും പുതിയ കരിമ്പിൻ ചക്കരയും വാങ്ങി വരാഹനോ പണമോ കൊടുത്താലും ജോനകന്റെ മൊകം തെളിയില്ല. ഇഞ്ചിയോ കുരുമുളകോ വയനാടൻ മഞ്ഞളോ കിട്ടിയാൽ ഒന്നിനു പത്തും നൂറുമായി കണിക്കൊന്ന പോലെ പൂക്കും.
സാമൂരി കല്പിച്ചു ജോനകരാക്കിയ മുക്കുവക്കൂട്ടത്തിന്റെ തലവനായ നാദാപുരം മൂപ്പനു എപ്പോളും മുഴുത്ത മീൻ തന്നെ പിടിക്കണം. കോയപ്പക്കി സ്രാവാണ്. അപ്പൂപ്പൻ അറബി. കോയിക്കോട്ടങ്ങാടിയുടെ മൂപ്പര്. പത്തേമാരികളും പാണ്ടികശാലകളുമുള്ളവൻ. അനുസരിച്ചേ പറ്റൂ. പത്തു ജോനകരും ഒരു ചേകോനും പുലരും മുമ്പു തളിയിലേക്കു പുറപ്പെട്ടു കഴിഞ്ഞു, കൊല്ലാനും മരിക്കാനും.

2011 ജനുവരി 10, തിങ്കളാഴ്‌ച

ഗുരു ശിഷ്യന്റെ ശിഷ്യനോ?

വാദം തുടങ്ങുന്നതിനു മുമ്പായി തിരുവേഗപ്പുറ ബ്രഹ്മാവിൽ നിന്നു തുടങ്ങുന്ന തന്റെ ഗുരുപരമ്പരയെ സ്മരിച്ച് ഒരു ശ്ലോകം ചൊല്ലി. പരമ്പരയിലെ അവസാനത്തെയാൾ താനാണെന്നു വീമ്പിളക്കിക്കൊണ്ടൂ ശ്രീദാമന്റെ ഗുരുവാരാണെന്നു പറയുവാനാവശ്യപ്പെട്ടു.
ഇപ്പോൾ അങ്ങാണെന്റെ ഗുരു. അതിനാൽ അങ്ങയുടെ അവകാശവാദം തെറ്റാണെന്നു തെളിഞ്ഞു.” ശ്രീദാമൻ ആരംഭിച്ചു, “എന്നെ സംബന്ധിച്ചിടത്തോളം അറിവ് ഒരു അനുസ്യൂതമായ പ്രക്രിയയാണ്. ഒഴുകുന്ന പുഴയ്ക്കു ഒന്നല്ല ഒരായിരം സ്രോതസ്സുകളുണ്ട്.”
നീ എന്റെ ശിഷ്യനാണെങ്കിൽ ഗുരുപരമ്പരയിലെ അവസാനത്തെ ഗുരു ഞാൻ തന്നെയായി. പുഴയ്ക്കു ആയിരത്തിലധികം സ്രോതസ്സുകൾ ഉണ്ടാകാമെന്നതിനാൽ ആയിരം സ്രോതസ്സുകളെന്ന ശ്രീദാമ വചനവും പൊളിയായി.”
അങ്ങെന്റെ ഗുരുവാണെങ്കിലും അതിനർഥം ഞാൻ അങ്ങയുടെ ശിഷ്യനാണെന്നല്ല. കാരണം അങ്ങെന്നെ പഠിപ്പിക്കുന്നില്ല, എങ്കിലോ ഞാൻ അങ്ങിൽ നിന്നും സ്വയം പഠിക്കുകയാൽ അങ്ങെന്റെ ഗുരുവുമാകുന്നു. പുഴയുടെ ആഴങ്ങളിലേക്കു സ്വയം ജലമൊഴുകി വന്നെത്തുന്നതുപോലെ ആയിരം സ്രോതസ്സുകളിൽ നിന്നും അറിവ് അതു തേടുന്നവനിലേക്കെത്തിച്ചേരുന്നു. ആയിരത്തിൽ കുറയാത്ത മീനുള്ള പുഴയിൽ ആയിരം പുഴമീൻ കണ്ടുവെന്നതും ഒരുനാളും പൊളിയാകുന്നതല്ല.”
പഠിപ്പിക്കാത്തതിനാൽ തന്നെ ഞാൻ നിന്റെ ഗുരുവുമല്ല, എന്നിൽ നിന്നു പഠിച്ചതിനാൽ നീ എന്റെ ശിഷ്യനുമത്രേ.
നിങ്ങൾ പറയുന്ന ഗുരുവും ശിഷ്യനും അറിവും എന്താണെന്നു ഞാൻ അറിയുന്നില്ല. അവ നിർവചിക്കാതെ നാം ഇനി മുമ്പോട്ടു പോകേണ്ടതില്ല,“ പയ്യൂർ ഭട്ടതിരി തീർപ്പു കൽപ്പിച്ചു, “ആരാണു ഗുരു?”
ബ്രഹ്മാവും വിഷ്ണുവും പരമേശ്വരനും പരബ്രഹ്മവും ഗുരുക്കന്മാരാണ്. ഗണപതിയും സരസ്വതിയും മുപ്പത്തിമുക്കോടി ദേവഗണങ്ങളും അപ്രകാരം തന്നെ. മാതാപിതാക്കളും ആചാര്യന്മാരും വിദ്യനൽകുന്നവരും സതീർഥ്യരും കാലം പോലും ഗുരുക്കന്മാരാണ്,” തിരുവേഗപ്പുറ ഉപക്രമമായി പറഞ്ഞു, “ഗുരുവാരല്ലെന്നു ഇനി ശ്രീദാമൻ പറയട്ടെ.”
ഞാൻ ദർശിക്കുകയൊ സങ്കൽപ്പിക്കുകയോ ചെയ്യാത്ത സകല ചരാചരങ്ങളും എനിക്കു ഗുരുക്കന്മാരല്ല. എങ്കിലും അവരൊന്നും എനിക്കു ഗുരുക്കന്മാരല്ലാതെ ഭവിക്കുകയുമില്ല. ശൂന്യതയിലും അഭാവത്തിലും എനിക്ക് ഗുരുക്കന്മാരുള്ളതുപോലെത്തന്നെ അവയെന്റെ ഗുരുക്കന്മാരുമല്ല,“ ശ്രീദാമൻ പറഞ്ഞൊപ്പിച്ചു.
അവ്യക്തത മാറുന്നില്ല. അവ്യാപ്തിയോ അതിവ്യാപ്തിയൊ ഇല്ലാത്ത നിർവചനമെവിടെ? മധ്യസ്ഥനു തൃപ്തി വരുന്നില്ല.
ഗുരുവാരെന്നു ഞാൻ പറഞ്ഞ സ്ഥിതിക്കു അതിന്റെ നിർവചനം എന്റെ എതിരാളി പറയട്ടെ,“
ശ്രീദാമൻ വീണ്ടും കണ്ണുകളടച്ചു ചുണ്ടനക്കി, “നീയാണു ഗുരു; ഞാൻ ശിഷ്യൻ; നമുക്കിടയിലെ സംവാദം അറിവ്.”
അതാണു ശരിയെങ്കിൽ നീയെന്റെ ഗുരുവാണ്, അതല്ലാതെ നീ അവകാശപ്പെട്ടപോലെ ഞാൻ നിന്റെ ഗുരുവല്ല; ശിഷ്യനാണ്.” നാരായണൻ തർക്കമുന്നയിച്ചു.
അങ്ങെന്നിലും ഞാൻ അങ്ങിലും വസിക്കുമ്പോൾ നമുക്കിടയിൽ ആരും ഒന്നും പഠിപ്പിക്കുന്നില്ല. സകലവും സ്വയം വെളിവാക്കപ്പുടുന്നു.” ശ്രീദാമൻ സമാധാനം നൽകി.
ഭേദമാണു ഗുരുശിഷ്യ ബന്ധത്തിനു കാരണമെന്നു വാദമുണ്ടോ?” പയ്യൂർ തിരക്കി.
ഭേദത്തിൽ അഭേദവും അന്തർലീനമായിരിക്കുന്നു.”
അങ്ങനെയെങ്കിൽ ശിഷ്യൻ ഗുരുവിന്റെ ഗുരുവാകുമോ?” തിരുവേഗപ്പുറ ഇടപെട്ടു.
മാത്രമല്ല ഗുരു ശിഷ്യന്റെ ശിഷ്യനും,“ ശ്രീദാമൻ ഉരുവിട്ടു.
അസംബന്ധം.“
സത്യമാണത്,“ ഋഷി ഇടപെട്ടു,“എനിക്കനുഭവമുണ്ട്.”
പയ്യൂർ പട്ടേരി പക്ഷേ വൈക്ലബ്യത്തോടെ കൂട്ടിച്ചേർത്തു, “തർക്കം ഇവിടെയെത്തുമ്പോൾ അജ്ഞത മാറി എനിക്കെന്തൊക്കയോ അറിയാമെന്നു തോന്നുന്നു. ആയതിനാൽ മധ്യസ്ഥസ്ഥാനത്തിരിക്കുവാൻ ഞാനിനി യോഗ്യനല്ല,‘ പട്ടേരി എഴുന്നേറ്റു വീട്ടിലേക്കു നടന്നു. തർക്കം ഇടയ്ക്കു മുറിഞ്ഞതിൽ നീരസം തോന്നിയ ഒരു കഴകക്കാരൻ തൊഴുകൈകളുമായി ബ്രാഹ്മണരെ അഭിസംബോധന ചെയ്തു, “പയ്യൂർ പട്ടേരിക്കെന്തോ അത്യാവശ്യം കാണും. സദ്യക്കിലവെക്കേണ്ട നേരവുമായി. ഇനിയൊക്കെ നാളെ.”

2011 ജനുവരി 1, ശനിയാഴ്‌ച

പയ്യൂരില്ലത്തെ ഋഷി ഭട്ടതിരിപ്പാട്

വായുവിലേക്ക് അംബരപിയൂഷം ചൊരിഞ്ഞു കൊണ്ടിരുന്ന പേരാലിൻ തണലിലേക്ക് അണഞ്ഞ കുളിർത്തെന്നൽ തറയിലിരുന്നവർക്കു ശാന്തിയും ശ്രദ്ധയും വിശ്രാന്തിയും പ്രദാനം ചെയ്തു. ചഞ്ചലമാനസരിലാകട്ടെ നിഗൂഢകുടിലതകൾ തളിരിടുകയും ചെയ്തു. മഹേശ്വരനെ തൊഴുതു വലംവച്ചു വന്നവർ മിനുക്കിയ വെട്ടുകല്ലു പാകിയ ആൽത്തറ കേറിയിരുപ്പു തുടങ്ങി. രസികർ വെടിവട്ടവും തരമാക്കി. അടി നോക്കി യാമമറിയാനിറങ്ങിയ ഒരു പൊട്ടഭട്ടരു നേരമായെന്നു തലയാട്ടിയപ്പോൾത്തന്നെ സൂര്യന്റെ ദിക്കിൽ നിന്നും ആദിത്യനും സംജ്ഞയും പോലെ ശ്രീദാമനും സിംഹികയും വരവായി. ജ്ഞാനികളുടെ നിഴലിനെ പിടിച്ചെടുക്കുന്ന ഈ സിംഹികയ്ക്കു യഥാർഥ ജ്ഞാനിയെ തൊടാനാകില്ലെന്നു വെളിവാക്കും വണ്ണം ശ്രീദാമനു പുറകിൽ അവൾ സ്വയം നിഴലായി ഭവിച്ചു. ജ്ഞാനികൾ എന്താണോ അതല്ല അവരുടെ ജ്ഞാനം. അതറിഞ്ഞതിനാൽ ദിഗംബരയായ അവൾ അഷ്ടദിക്കുക്കൾക്കും അലങ്കാരമായി ചമഞ്ഞു. സ്വയം പരിഹാസ്യരായി ആൾക്കൂട്ടത്തിലിരുവരായി അവർ തിരുവേഗപ്പുറ നാരായണ ഭട്ടതിരിയുടെ തിരുമുമ്പിൽ ഇരിക്കാൻ പോലും ഇടമില്ലാതെ നിന്നു. ഒരു നമ്പൂരി ആക്കിക്കൊണ്ടു പറഞ്ഞു, “സാമൂരി സദസ്സിലെ കവിയാണു പട്ടേരി. യോഗ്യത തെളിയിച്ചിട്ട് അവിടുത്തെ തിരുമുമ്പിലിരുന്നാൽ മതി.“
 നിഴലിൽ നിന്നു നീങ്ങിവന്നുകൊണ്ടു ദിഗംബര മൊഴിഞ്ഞു, “പൃഥ്വീദേവി നിൽക്കാനും ഇരിക്കാനും സകലർക്കും ഒരേ ഇടമാണു നൽകിയിട്ടുള്ളത്. ഈ ആലും തന്റെ അനുഗ്രഹങ്ങൾ സകലരും ഒന്നുപോലെ  അനുഭവിക്കണമെന്നിച്ഛിക്കുന്നു. എന്നാൽ ഈ ആലിനു തറ പണിതയാൾ അഹങ്കാരത്തിനു കൂടിയാണ് ആരൂഢമൊരുക്കിയിട്ടുള്ളത്. ആരോ എന്നോ പണിത ഒരു തറയുടെ മേൽ സ്വന്തം അഹന്ത കെട്ടിപ്പൊക്കാൻ തക്ക കാമ്പില്ലാത്തവനല്ല ശ്രീദാമൻ. സർവം സഹയായ ദേവീ, പാദസ്പർശം ക്ഷമിച്ചാലും.”
ഇരു കൈകളും കൂപ്പി തല കുനിച്ച് ഭട്ടതിരിയെ തൊഴുത് ശ്രീദാമൻ അദ്ദേഹത്തിന്റെ കാൽക്കലിരുന്നു, ഉപനിഷത്തുക്കളിലെ അവ്യക്ത സൂചനകളെ ദർശനമാക്കി സ്വാംശീകരിക്കുന്ന ബ്രഹ്മചാരിയെപ്പോലെ ജാഗ്രതയോടെ കണ്ണുകളടച്ച് അകക്കണ്ണു തുറന്നു അയാൾ. അപ്പോൾ സിംഹിക പറയുന്നതു കേട്ടു.
“വാദം തുടങ്ങട്ടെ. രണ്ടു അജ്ഞർ തമ്മിലുള്ള സംവാദം സത്യത്തിലേക്കു നയിക്കുമോ? ഇതാണ് വിഷയം”
“എന്തു വിഷയമാണിത്? വേദോപനിഷദ്പ്രസിദ്ധമല്ലാത്തതൊന്നും ആധികാരികമല്ലാത്തതിനാൽ അവ വാദവിഷയവുമാക്കിക്കൂടാ.” ആരോ വിമർശിച്ചു.
“അനുമാനം പ്രമാണമാണെല്ലാവർക്കും. അതിനാൽ തർക്കം സാധുവാണ്.” ഉത്തരവുമുണ്ടായി.
“അനുമാനത്തിനു സ്വയം പ്രവർത്തിക്കാനാകില്ല, മറ്റു പ്രമാണങ്ങളെ അടിസ്ഥാനമാക്കിയേ അതു മുന്നേറൂ.”
“അതിനു പ്രത്യക്ഷമുണ്ട്.”
“തർക്കം നാം തമ്മിലല്ല. അവരതു തീർക്കട്ടെ.”
“ഏതിനും ഒരു മധ്യസ്ഥൻ വേണം. അയാൾ ജ്ഞാനിയായിരിക്കുകയും വേണം”
“അതസാദ്ധ്യമാണ്. അജ്ഞതയുടെ പ്രശ്നം അവസാനമായി ഒരു ജ്ഞാനിയുടെ തീരുമാനതിനു വിടാനാകില്ല. കാരണം അവസാനം ജ്ഞാനി ജ്ഞാനിയുടെ തന്നെ പക്ഷം പിടിക്കും,“ സിംഹിക തീർത്തു പറഞ്ഞു.
“എങ്കിൽ ഏതെങ്കിലും ഒരു അജ്ഞാനി മധ്യസ്ഥനായിരുന്നു കൊള്ളട്ടെ. പക്ഷേ  അവസാനം അജ്ഞാനി അജ്ഞാനിയുടെ തന്നെ പക്ഷം പിടിക്കാനിട വരരുത്,” തർക്കത്തിൽ ഹരം കയറിയ തിരുവേഗപ്പുറ തിരിച്ചടിച്ചുകൊണ്ടു കൂട്ടിച്ചേർത്തു, “മധ്യസ്ഥനാവാൻ ഏതു അജ്ഞാനിക്കും മുമ്പോട്ടു വരാം; അയാൾ താൻ സ്വയമൊരു അജ്ഞാനിയാണെന്നു സമ്മതിക്കുന്ന പക്ഷം.”
സദസ്സു ചിരിച്ചു. ആർത്തു ചിരിച്ചു. പക്ഷേ ബ്രാഹ്മണരുടെ കൂട്ടത്തിൽ നിന്നു തന്നെ ഒരേ സമയം ഉറച്ചതും വിനയപൂർണ്ണവുമായ ഒരു അശരീരീ കേട്ടു, “ഞാനുണ്ട്.”
അശരീരിയുടെ പുറകേ ശരീരം പ്രത്യക്ഷമായപ്പോൾ സകലരും ആദരപൂർവം വഴിയൊഴിഞ്ഞു കൊടുത്തു. പയ്യൂരില്ലത്തെ ഋഷി ഭട്ടതിരിപ്പാടിന്റെ കുലീനമായ ദൃഷ്ടി തന്റെ മേൽ പതിയുന്നതു കണ്ട തിരുവേഗപ്പുറ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ്  കൈ കൂപ്പി. മറുപടിയായി ഋഷി മൊഴിഞ്ഞു.
“പുതിയതായി എന്തു പഠിക്കാനിരിക്കുമ്പോളും എനിക്കൊന്നുമറിഞ്ഞു കൂടാ എന്നെനിക്കു തോന്നാറുണ്ട്. പഠിച്ചു കഴിഞ്ഞാലോ ഏതാണ്ടൊക്കെ ആയി എന്നും തോന്നും. പിന്നെയും പഠിക്കാനിരിക്കുമ്പോൾ വീണ്ടും അറിവില്ലാത്തവൻ. ഇങ്ങനെ ജ്ഞാനത്തിനും അജ്ഞാനത്തിനും ഇടയിൽ നിരന്തരം ആന്ദോളനം ചെയ്കയാൽ ഇവിടെ കയറി മധ്യസ്ഥനാവാൻ ഒട്ടും മടി തോന്നുന്നില്ല.”
ഒരു നിശബ്ദതക്കു ശേഷം അദ്ദേഹം വീണ്ടും ചുണ്ടനക്കി, “വാദം തുടങ്ങുകയല്ലേ?”
വാദം തുടങ്ങുക തന്നെ ചെയ്തു

2010 ഡിസംബർ 23, വ്യാഴാഴ്‌ച

തിരുവേഗപ്പുറ നാരായണ ഭട്ടതിരിപ്പാടും കോഴിക്കോടങ്ങാടിയിൽ കോയപ്പക്കിയും


നാട്ടിലും മറുനാട്ടിലുമുള്ള വിദ്വാന്മാരോടു വാദിച്ചു രേവതി പട്ടത്താനം ജയിച്ചു പൊന്നിൻ കിഴിയുമായി തിരുവേഗപ്പുറ നാരായണ ഭട്ടതിരിപ്പാട് തളിയിലപ്പനെ തൊഴുതു മടങ്ങുമ്പോൾ പല്ലിളിച്ചു നിൽക്കുന്ന ദ്വാരപാലകർക്കിടയിൽ  മുഴുവൻ പശുവായി ഒരു പെൺകിടാവ് വഴി വിലങ്ങി. ആചാര്യപാദന്മാർക്ക് അക്ഷീപാനത്തിനും രാത്രി ബാന്ധവത്തിനു ഗുണനിലവാരം നിശ്ചയിക്കാനും അണിവയറിനു മേലോട്ടു അമ്പലവാസികൾ തുണിയുടുക്കരുതെന്നു തന്ത്രിമുഖ്യന്റെ കല്പന നിലവിലുണ്ടായിരുന്നതിനാൽ അരയ്ക്കു കീഴേക്കൊരു തുണിക്കീറു കുറവു വന്നതൊന്നും ആരും കാര്യമാക്കിയില്ല. ഏതുളി കൊണ്ടു ചമച്ചതിവളെയെന്നു നീരിറക്കി ശാന്തിക്കാരനത്ഭുതം കൂറവേ പൂണൂലും പട്ടുമല്ലാതെ ഒരൊറ്റ മുണ്ടു മാത്രമുടുത്ത ഭട്ടതിരിപ്പാട് അനിഷ്ടത്തോടൊന്നമർത്തി മൂളി. എന്നിട്ടും കുലുക്കമില്ലാതെ നിന്നവളുടെ കണ്ണും മുലക്കണ്ണും ശാസ്ത്രം പഠിച്ചവന്റെ അഹന്തയോടെ പട്ടേരി മാറിമാറി വീക്ഷിച്ചു.
ഓടിനു പൊന്നു പൂശിയ നിറമുള്ള അവളുടെ ഉറച്ച ചുണ്ടുകളൊന്നകന്നടഞ്ഞപ്പോൾ മധുരസ്വനമൊഴുകി വന്നു.
“എനിക്കൊന്നുമറിഞ്ഞു കൂടാ. അങ്ങും അജ്ഞൻ തന്നെ. വാദത്തിൽ തോറ്റവരോ പമ്പരവിഢ്ഢികളും. പക്ഷെ അങ്ങു സർവ്വജ്ഞാനിയാണെന്നു നാട്ടുകാർ പറയുന്നു.”
“അതുകൊണ്ട്?” നാരായണഭട്ടന്റെ ഒരു ശിഷ്യൻ അവളെ വെല്ലുവിളിച്ചു.
“രണ്ടു അജ്ഞർ തമ്മിലുള്ള സംവാദം സത്യത്തിലേക്കു നയിക്കുമോ?”
“നീ അജ്ഞ തന്നെ, നിഷേധിയും” അയാൾ ഭീഷണിപ്പെടുത്തി, “മാറി നിന്നില്ലെങ്കിൽ നിന്നെ ഞാൻ കഷ്ണിക്കും.”
“ഗർഭിണികളേയും നിങ്ങൾ കഷ്ണിക്കുമോ?”
“വയറ്റിലുള്ളതിനു തന്തയുണ്ടോടീ?”
“ശ്രീദാമനാണവന്റെ അച്ഛൻ.”
“അവനും അജ്ഞനാണോ?”
“അങ്ങേരു പക്ഷേ ജ്ഞാനിയാണ്.”
“അവൻ വന്നെന്നോടു വാദിക്കട്ടെ. അതുവരെ നീ വഴി മാറ്”,  ചെമ്പട്ടെടുത്ത് അവൾക്കെറിഞ്ഞു കൊടുത്തുകൊണ്ട് തിരുവേഗപ്പുറക്കാരുടെ സൌമനസ്യത്തോടെ ഭട്ടതിരിപ്പാട് മൊഴിഞ്ഞു, “ഇതുടുത്തു കൊള്ളുക.”
“പുടവ തരാൻ അങ്ങെന്റെ സംബന്ധക്കാരനല്ല.” ആട്ടുമ്പോലെ പറഞ്ഞവൾ കൂട്ടിച്ചേർത്തു, “നാളെ പകൽ രണ്ടാം യാമത്തിൽ അക്കാണും പേരാലിൻ ചുവട്ടിൽ ശ്രീദാമൻ അങ്ങയെ കാണാനെത്തും.”
കിഴക്കോട്ടു നിഴലിന്റെ കൂടെ അവൾ പോയതോടെ പുരുഷാരവും ഒഴിഞ്ഞു പോകാൻ തുടങ്ങി. പട്ടത്താനത്തിനു വിജേതാവിനു സാമൂരി നൽകിയ ചെമ്പട്ട് തളിയിലപ്പന്റെ ആലയത്തിനു മുന്നിൽ ചെളിയും ചവിട്ടുമേറ്റു കിടന്നു.

സാമൂരിയുടെ ദൂതുമായി കോത കോഴിക്കോടങ്ങാടിയിൽ എത്തിയപ്പോൾ കോയപ്പക്കി പണ്ടകശാലയിൽ കുരുമുളകിന്റെ കണക്കു നോക്കുകയായിരുന്നു. ശൈലാബ്ധീശ്വരന്റെ വിശ്വസ്തനായ ഗുപ്തചാരൻ കോതയുടെ മുഖഭാവങ്ങൾ മനപ്പാഠമായിരുന്ന കോയപ്പക്കി ഇത്തവണ അയാളെ ചുമ്മാ അവഗണിക്കുക മാത്രം ചെയ്തു. തന്റെ സ്വത്തും സ്ഥാനവും കാട്ടാതെ പഴവാളു പിടിച്ച നായർ മാത്രമായി വന്നയാൾ ക്ഷമകെട്ട് അങ്ങുമിങ്ങും വീശാൻ തുടങ്ങിയപ്പോൾ ആ മുസ്ലീം വർത്തകൻ തല തിരിച്ചു  ചോദിച്ചു,“ഞമ്മളിപ്പൊ വല്ലോം ചെയ്യാൻണ്ടോ?”
“കാര്യം നേരത്തേ അറിഞ്ഞിട്ടുണ്ടെങ്കിൽ വേണ്ടാ“, ഗുപ്തചാരന്റെ വാക്കുകൾക്കു ഒരു മുഴക്കം വന്നു.
“കായ്ച്ചേലും വേശത്തിലും അവരുടെ ജാതി പറയാൻ പറ്റൂല. ആണു കറുത്തതും പെണ്ണു വെളുത്തതും പെരുമാറ്റത്തിലവർ വെളുവെളുത്തതുമാണ്. കെഴ്ക്കൻ കാടെറങ്ങി വന്നിട്ടധികമായില്ല.“ മുളകിന്മൂട്ടയിന്മേൽ നിന്ന് വർത്തകൻ കണ്ണിളക്കി.
“വയനാടോ?”
“അറീല്ല.”
കോഴിക്കോടു ചന്തയുടെ നാട്ടുരാജാവായ കോയപ്പക്കിയെ കോത ഇത്തവണ നേരിട്ടഭിമുഖീകരിച്ചു. “സാമൂരിയുടെ അന്തസ് കെട്ടുപോയിട്ടും മലവാരികളുടെ ചാരന്മാർ ഇഞ്ചി പറിച്ചുകൊണ്ടിരിക്കുകയാണോ?”
കല്ലുപോലത്തെ കൽബിലെങ്ങോ നിന്നും ഒരു തീപ്പൊരി വന്നതു കണ്ണിലൂടെ മിന്നിച്ചുകൊണ്ട് ചന്തമൂപ്പൻ തന്റെ ഒരു സഹായിയെ വിളിച്ചെന്നു വരുത്തിയിട്ട് കോതയൊടു മുരണ്ടു, “അവരെ കൊല്ലണോ?”
“വേണ്ട,“ സ്വപ്നത്തിലെന്നോണം കോത പിറുപിറുത്തു, “വേറെ കളിയുണ്ട്.”
വാളിന്റെ മുന പരിശോധിച്ച് അയാൾ തുടർന്നു.
“നാളത്തെ ശ്രീദാമനാരായണീയം വാദമൊന്നു കഴിഞ്ഞുകൊള്ളട്ടെ.”

2010 ഡിസംബർ 19, ഞായറാഴ്‌ച

ശ്രീദാമനാരായണീയം - ഉപക്രമം

ഹൃദയരേ,

നാം പരീക്ഷിക്കപ്പെടുന്ന നിമിഷിങ്ങളിലൊന്നാണ് ഇതും. ക്ഷമിക്കുക, സഹിക്കുക, സഹിഷ്ണുത കാട്ടുക.

ഈ ബൂലോഗിൽ പുതിയതൊന്നും ഉണ്ടാവില്ല. പഴയതു മാത്രം. അപ്പോൾ നമ്മുടെ സഹികെടും. മാത്രമല്ല ക്രിസ്ത്വബ്ദം 1700നു ശേഷമുള്ള യാതൊന്നും തൽക്കാലം ഞാൻ പറയാൻ ഉദ്ദേശിക്കുന്നുമില്ല. അതുകൊണ്ട് നമുക്കതൊരു കഥയായി പറയാം.

ആ വൃത്തികെട്ട കഥയുടെ പേരാണ്

ശ്രീദാമനാരായണീയം

എന്തായാലും പെട്ടുപോയില്ലേ. അടുത്താഴ്ച വരെ കാത്തിരിക്കാം.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi