2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

നായരും ചേകോനും അങ്കം കുറിക്കുന്നു

ശ്രീദാമന്റെ ഈശ്വരനിഷേധം വിവരിച്ച് മുന്നാൾപ്പാടിനു അന്നു തന്നെ ഓല പോയിരുന്നു. ഇരുപതു വാൾക്കാരുമായി ശ്രീദാമനെത്തേടി രൈരുനായരെത്തിയപ്പോൾ പുലക്കുടിയിലായിരുന്നു സിംഹിക. അകലെയല്ലാതെ വിരിച്ച പാറപ്പുറത്ത് രാശി നോക്കി ശ്രീദാമൻ കിടന്നിരുന്നു.
ഇരുളാകാൻ കൊതിക്കുന്ന സന്ധ്യയിൽ കുന്നത്തു വച്ച ശ്രീദാമനെ അകലെ നിന്നേ രൈരു കണ്ടു. ഒരു കേറ്റം കേറി രൈരുവെത്തിയപ്പോൾ മറുകയറ്റത്തു നിന്നും ചേകോനും തേതിയും ശ്രീദാമനെ സമീപിച്ചിരുന്നു.
ചന്ദ്രൻ കുജനെ കടന്നു പോകവേ ശ്രീദാമൻ ഗുരുവിന്റെ സ്ഥാനം നോക്കി അതൃപ്തനായി. അരികിൽ മാർജ്ജാരസമ പാദചലനങ്ങൾ കേട്ട് രോമകൂപങ്ങൾ പോലും ജാഗ്രതയിലായി. ബുദ്ധി പഞ്ചേന്ദ്രിയങ്ങളുടെ ഓരോ സംവേഗങ്ങളും അപഗ്രഥിച്ചു ചാഞ്ചാടുവാൻ തുടങ്ങി. കൈകൾ കാരിരുമ്പു പോലെ ഉറച്ചു. ഇളം തെന്നലിൽ ഒരു സ്ത്രീനിശ്വാസം കൂടി അറിഞ്ഞ് അത്ഭുതപ്പെടുകയും ചെയ്തു. വാളിന്റെ സീൽക്കാരം കേട്ടതോടെ ശ്രീദാമൻ തല തിരിച്ചു രൈരുവിനെ വിലയിരുത്തി വീണ്ടും രാശിനോട്ടം തുടർന്നു.
രൈരുവിനു തല പെരുത്തു കയറി, “വാളു കണ്ടാൽ ആദരവു കാട്ടാത്ത താന്തോന്നി. ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി!”
വായുവിൽ രണ്ടുമൂന്നാവർത്തി കറങ്ങിത്തിരിഞ്ഞ രൈരുവിന്റെ വാൾ ശ്രീദാമന്റെ തുട ലക്ഷ്യമാക്കി നീട്ടപ്പെടവേ ഹുങ്കാരമാർന്നുയർന്നുവന്ന ചേകവന്റെ കേമൻ ചുരിക അതിനെ തടഞ്ഞു. രൈരു ചേകവന്റെ സന്നിദ്ധ്യത്തെക്കുറിച്ച് ആദ്യമായി ബോധവാനായി. വാൾക്കാരും ജാഗ്രതയിലായി. രൈരുവിന്റെ വെള്ളിത്തൊപ്പി കണ്ടു ചേകവൻ ചോദിച്ചു.
“എവിടത്തെ നായരാണെടോ താൻ?”
“മുന്നാൾപ്പാടിന്റെ മൂന്നാംനായരാണു ഞാൻ.”
“ആയുധമില്ലാത്തവനെ വെട്ടുന്ന താൻ മുന്നാൾപ്പാടിന്റെയല്ല മൂശേട്ടച്ചീരുവിന്റെ നായരാകാനാണു യോഗ്യൻ.”
“ഉടയവരുടെ കല്പന ധിക്കരിക്കുകയാണോ താൻ?”
“എന്താണ് ഉടയവരുടെ കല്പന?”
“ശ്രീദാമനെ പിടിച്ചുകൊണ്ടു വരാൻ.”
“വെട്ടാൻ കല്പനയുണ്ടോ?”
“വെട്ടരുതെന്നു കല്പനയില്ല.”
“അതെന്തു നീതി?”
“അതാണു രാജനീതി.”
“അതനീതി.”
“രാജ്യത്തു നീതി നടപ്പാക്കാൻ ഒരു ചേകോനേയും സാമൂരി തിരുമനസ്സു അധികാരപ്പെടുത്തിയിട്ടില്ല.”
“അങ്കം വെട്ടി സത്യവും നീതിയും തെളിയിക്കാൻ സാമൂരിക്കു മുമ്പേയുള്ള പെരുമാക്കൾ തന്നെ ചേകവരെ അധികാരപ്പെടുത്തിയിട്ടുണ്ട്.”
“ഞാനയാളെ വെട്ടുന്നില്ല, പോരേ?”
“പോരാ. എന്തിനായാലും ചേകോന്റെ ചുരികയും നായരുടെ വാളും ഏറ്റുമുട്ടി. ഒരു തർക്കവും ഉണ്ടായി. അതിന്റെ നീതി അങ്കം വെട്ടിത്തന്നെ തീർക്കണം. അതാണു ആചാരവും നാട്ടുനടപ്പും.”
“ആചാരത്തിനു ഞാനെതിരല്ല. അങ്കം കുറിച്ചോളൂ.”
“അതിനു മുമ്പ് ശ്രീദാമനുമായിട്ടെനിക്കൊരു ഏർപ്പാടുണ്ട്.”
ശ്രീദാമൻ എഴുന്നേറ്റ് ചേകവനെ അത്ഭുതത്തോടെ വീക്ഷിച്ചു.
“ഗുരു ശിഷ്യന്റെ ശിഷ്യൻ അഥവാ ശിഷ്യൻ ഗുരുവിന്റെ ഗുരു എന്നു ശ്രീദാമാ നീ പറയുകയാൽ എന്റെ ഭാര്യ ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ എന്നു പറയാനിടയായിരിക്കുന്നു. ആയതിനാൽ എനിക്കുണ്ടായ അപമാനത്തിനു പ്രതിക്രിയയായി ഇന്നേക്കു നാല്പത്തൊന്നാംനാൾ നീയോ നീ നിയോഗിക്കുന്ന യോദ്ധാവോ ഈ നഗരിത്തലക്കൽ നാടുവാഴി പടച്ചുണ്ടാക്കുന്ന അങ്കത്തട്ടിൽ വച്ചു എന്നോടു നല്ലങ്കത്തിനു വരേണ്ടതാണ്.”
മിഴി വിടർത്തി ശ്രീദാമൻ ശരിയെന്നുച്ചരിച്ചു.
ചേകവൻ രൈരുവിനോടങ്കം കുറിക്കാനുള്ള വാക്കുകൾ ആലോചിച്ചെടുക്കും മുമ്പു തന്നെ രൈരു കൌശലപൂർവം അങ്കക്കുറിവാചകം ചൊല്ലി.
“ശ്രീദാമനുമായുള്ള തന്റെ അങ്കം കഴിയുമ്പോൾതന്നെ അതേ അങ്കത്തട്ടിൽ വച്ചു തന്നെ ഞാൻ നേരിടും. ഇപ്പോൾ ഞാൻ പോകുകയാണ്. നാളെ ശ്രീദാമൻ നേരിൽ വന്നു മുന്നാൾപ്പാടിനെ മുഖം കാട്ടിക്കൊള്ളണം.”
നിസ്സഹായനായി ചേകവൻ നിൽക്കവേ രൈരുവും പടയാളികളും നടന്നു നീങ്ങി. ഏറ്റവും ഒടുവിൽ നടന്നു നീങ്ങിയ സ്ത്രീവിഷയത്തിൽ അല്പം താല്പര്യമുള്ള ഒരാളൊഴികെ ഇരുപതുപേർ മാത്രമേ മുന്നാൽപ്പാടിനോടു കാര്യവിവരം ഉണർത്തിക്കാനുണ്ടായുള്ളൂ. അയാളെ തേതിയക്ഷി പിടിച്ചിരുന്നു.
നാല്പത്തൊന്നു ദിവസം ആയുസ്സു നീട്ടിക്കിട്ടിയ സന്തോഷം പുലക്കുടിലിൽ വച്ചു ശ്രീദാമൻ സിംഹികയുമായി പങ്കിട്ടു.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi