2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പുരാതന കവിതകൾ 3 - നിലാവത്തുറങ്ങുന്ന കോഴി

നിലാവത്തുറങ്ങുന്ന കോഴി
കോഴി നിലവിട്ടുറങ്ങുന്ന കോഴി

രാപ്പാടി പാടുന്ന പാട്ടിൽ
കാറ്റിന്റെ കുളിരുന്ന മീട്ടൽ
നോട്ടമെത്താത്ത വാനിന്റെ കൂട്ടിൽ
പെട്ടുപോയൊട്ടു ചിമ്മുന്ന കൺകൾ
വല്ലാതെയിരുളിന്റെ പൊരുൾകളിൽ
ഇളകുന്ന നെഞ്ചിടിപ്പാരുമറിയാതെ
തൂവലാൽ പൊതിയുന്ന കോഴി
പിന്നെയും നിലാവത്തുറങ്ങുന്ന കോഴി
കോഴി നിലവിട്ടുറങ്ങുന്ന കോഴി

കരിതേച്ച വാനിലിടിമിന്നലിടയുമ്പോ
ളിളകുന്ന വയലിന്റെയരികിൽ നിന്നുയരുന്ന
കൂവലും മോങ്ങലും നത്തു മൂളുന്ന മൃത്യുവിൻ ഗീതവും
ആശതൻ തേങ്ങലും അസ്വസ്ഥമാക്കവേ
ഇലകളിലിളകിയാടി നിഴൽകൊണ്ടു
ഭയപ്പെരുമ്പൂതം പല്ലിളിച്ചാർക്കുന്ന രാവിൽ
കരിമ്പൂച്ചക്കണ്ണുകളിലുതിരുന്ന ചുടുരക്തദാഹവും
ആരുമറിയാതെയറിയാതെയടിവച്ചെത്തുന്ന
പാദവും അതിൻ നഖങ്ങളും ദംഷ്ട്രയും
സ്വപ്നമായണയവേ വിടർന്നു വിറകൊള്ളും
തൻ ചിറകിൽ തല പൂഴ്ത്തി
പിന്നെയും നിലാവത്തുറങ്ങുന്ന കോഴി
കോഴി നിലവിട്ടുറങ്ങുന്ന കോഴി

രാവിൻ കണ്ണീരുവീണു നനവാർന്ന
പുൽത്തുമ്പിളക്കുന്ന കദനഭാരവും
താരും തളിരുമിരുൾവെട്ടവും
കുളിരുമുയിരിലൊഴുകുന്ന ചോരത്തുടിപ്പും
അതേറ്റുപാടുന്ന കൊച്ചിളംകാറ്റും
ആറൊഴുകുന്ന നാദവും
അലറിപ്പായുന്ന വണ്ടി തീതുപ്പി
കിതച്ചണയുന്ന വേഗവുമാവേഗമായ്
തനുതുരന്നറിവായണയവേ
പെട്ടെന്നു പൊട്ടനുദിച്ചെന്നാർക്കുന്ന കോഴി
പിന്നെയും നിലാവത്തുറങ്ങുന്ന കോഴി
കോഴി നിലവിട്ടുറങ്ങുന്ന കോഴി

രാപ്പാടിതൻ മിഴിനീരു കരളിലേറ്റതി
നിഗൂഢഭാവങ്ങളിലൊളിമിന്നി
തെളിവാർന്നൊരാത്മബോധം
നിലവിട്ടു കീഴെപ്പതിക്കുമ്പോൾ
അജ്ഞാതമായേതോ മച്ചിൻപുറത്തു
ചിലച്ചാർത്തുപായുന്നെലിക്കൂട്ടവും
ചിറകടിച്ചുൾക്കണ്ണുകൊണ്ടു കണ്ടുയരുന്ന
വവ്വാലുമുണർത്തുന്ന കോഴി
പിന്നെയും നിലാവത്തുറങ്ങുന്ന കോഴി
കോഴി നിലവിട്ടുറങ്ങുന്ന കോഴി

അമ്പലവാദ്യവുമചുംബിതഖഗവർഗ്ഗസങ്കരരാഗവും
അംശുകാഞ്ചനദിവ്യശോഭയും
സഹസ്രഗോക്കളെത്തെളിക്കുമുഷസന്ധ്യയും
കിഴക്കിലാദ്യം തെളിയുന്ന വെട്ടവും
ഉയിരിലാകെ നിറക്കുമൂഷ്മള
രുധിരപ്രവാഹഗതിസമസ്തവും
ഉണർത്തവേ കാൽ നീട്ടിവച്ചു തൻ
ഗളമുയർത്തിക്കൂവുന്ന കോഴി
നിനപ്പിലപ്പോൾ തെളിയുന്ന ലോകവും
കനത്ത വൃത്തികൾ പൊതിയുന്ന ചിത്തവും
ക്ഷണത്തിലത്തല പിൻവലിപ്പിക്കയാൽ
പകൽമുഴുക്കെ തൻ കൊറ്റുതേടി രാവണഞ്ഞാൽ
പിന്നെയും നിലാവത്തുറങ്ങുന്ന കോഴി
കോഴി നിലവിട്ടുറങ്ങുന്ന കോഴി

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പുരാതന കവിതകൾ 2 സമരമന്ത്രം

ഹേ
ഉലകപ്പെരും കൊല്ലരേ
ഗതലോലഹൃദയ വിചാരതന്ത്രികൾ
ലതകണക്കു സ്മൃതിയിലാടവേ
ചുഴികുത്തിപ്പത പായുന്നതിലെന്നാത്മാവു
തളരത്താളത്തിലലമാല പോലെ ഭാവവൈവിധ്യമാല
കളഭം ചാർത്തി നേദിക്കട്ടേ നിനക്കു
മലരേറ്റം വികാരാർദ്രനായ്
മറ്റൊന്നുമില്ല.


എഴുത്താകാൻ
തിരക്കുകൂട്ടുമക്ഷരപ്രപഞ്ചം തന്റെ
യെതിരെയേൽക്കുമയുതാനുഭൂതിവൈചിത്ര്യ
മതവിരാമമെന്നും പുണർന്നുള്ളുകിടുക്കിപ്പായുന്നിതാ
ശക്തിസ്വരൂപമായെന്നും പാടാൻ
ദുഃഖഗീതപ്പടുക്കൾ വാഴ്ത്തും
ജനകോടിയെ ചൂഴ്ന്ന പശി
മായയായ്
കടക്കണ്ണിളക്കി
നീർവീഴ്ത്തി
നറും തേൻനിലാച്ചിരി
അകക്കാമ്പിലിടയ്ക്കിടെയുയർത്തി
എരിയാനാകായ്കിലക്ഷണം
പിടഞ്ഞു മൃതിയിലാണ്ടുപോം
കലിക


ലളിതമേക
മൃദുതരളഹൃദയമെഴുന്നവർ
ടിപ്പണിവാഴ്വിലശേഷമേശാതെ
താർമകളിലാശ സ്വപ്നമാക്കിനടക്കേ നീർ
ജനിമൃതികളിലോരോ കണികയും വീഴ്ത്തുന്നവർ
നല്ലുലകില്ലായ്കിലെട്ടുദിക്കും
ചുട്ടുതകർക്കുമുയരെ
നീരദയും നീലവാനും മതിയവർക്കുണർച്ച നൽകാൻ
കീഴെ തപ്തനെടുനിശ്വാസമുതിർക്കുന്നമല
ദൈവങ്ങൾ ശോണരുധിരമേ കുടിക്കൂ


ലയമാ
ണഖിലകരിനിശാതിമിരവുമിന്നറുക്കാ
നുത്തിഷ്ഠചൈതന്യധാരയണയുന്നവസാനത്തൂഴവും
കാത്തുകാത്തധികകദനത്തിന്നതേ
സരസ്സരികിലറ്റമറ്റനിരപോലെഴുന്നതാ
മതിവിപുലമനുജരശ്മിജാലം
ലയമാണതിലൊരണുപോലു
മപ്പധരത്തിലെന്നപോൽ ത്രസിക്കുന്നു
അന്യോന്യവായ്പ്പാപത്തിനാഴം കുറക്കുന്നു.
ലയമാണിന്നു സകലാധിപ


നാവുതോറും പൌരുഷപ്പുതു
താളവാദ്യമേളനിരയെങ്ങു
മിളകും നെയ്ത്തിരിനാളത്തിനറ്റത്തൂഷ്മാവു
നരനുയിരിലുൾക്കൊണ്ടിട്ടനുനിമിഷവു
മാവേശത്തിരത്തരത്തള്ളലിലൊഴുകി
തന്നുണ്മ തേടി
കണ്ണീരരം കൊണ്ടു രാകി
പൂപൂത്തപോൽ
തന്നിണം കൊണ്ടു കളം വരച്ചു
കുരുതിക്കു നിന്ന ശിശു
രിപുവിനെ ചുഴിഞ്ഞുഴിഞ്ഞ
നോട്ടമാവാഹിപ്പൂ
അംശുകാമ്യപദകാമനയേശാത്തിക്കവിതയ്ക്കാശിസ്സേ വീശൂ.

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

പുരാതന കവിതകൾ 1 അനിത്യം നിത്യം

ഓം
നീ
അജ
സുന്ദരി
തമസ്സിലെങ്ങോ
ചങ്കുപൊട്ടിയൊഴുകിയ
തീവ്രവേദനതൻ തിങ്ങലിൽ സംഭവിച്ച
ആദികാരണത്തിൻ മുഖം
സൌരയൂഥങ്ങൾ
പ്രകൃതി
സർവ്വം
നീ
ഞാൻ


നിന്റെ
മിഴിയിൽ
ഞാനെന്ന സ്വപ്നം
അറിവിൻ നിറവിൽ ഋതം
ജ്യോതിസ്സുകൾ ആദിയിലേക്കു മടങ്ങവേ
ഓർമ്മകൾ പരിത്യജിച്ച
സംസ്കാരശേഷം
അനന്യം
അന്യം


നീയാണ്
കാരണഹേതു
ഭമണം ചഞ്ചലം ഗുണം
ആദിമാതാവിന്റെ അതിവ്യാപ്തിവിശേഷം
അഭിശപ്തമീ സന്തതി
അപൂർണം സൃഷ്ടി
ഞാനാണ്


ശബ്ദാതാവൃത്തി
ആത്മഭോജനം കർത്തവ്യം
പരിണാമത്തിന്നനുസ്യൂതാനുപ്രവാഹം
അസത്യമജ്ഞാനമന്തം
ഭിക്ഷാം ദേഹി മാം


മഹാദയിതേ നിത്യമീക്ഷണം സമ്പൂർണ്ണം

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.2) - ജന്മാദ്യസ്യ യതഃ

അധ്യായം 1 പാദം 1 പ്രകരണം 1
രീതിശാസ്ത്രം
“ജന്മാദ്യസ്യ യതഃ” (1.1.2)
യതഃ = യാതൊന്നിൽ നിന്ന്
അസ്യ = ഇതിന്റെ
ജന്മാ‍ദി = ഉത്ഭവം മുതലായത്
യാതൊന്നിൽ നിന്ന് (ജനിക്കുകയും ഗമിക്കുകയും ചെയ്യുന്ന) ഇതിന്റെ ഉത്ഭവം മുതലായത് (ഉണ്ടായോ അതു ബ്രഹ്മമാകുന്നു)
സാരം
ജനിക്കുകയും ഗമിക്കുകയുമാണ് ഇതെന്നു വിളിക്കാവുന്ന യാതൊന്നിന്റേയും അടിസ്ഥാന സ്വഭാവം. ഈ ജനനഗമനങ്ങളത്രേ ജന്മാദി എന്ന പദത്താൽ വിവക്ഷിതം. ഗമനമെന്നതു പരിണാമവും ഉപാധികളിലൂടെ ഉള്ള നിലനില്പും ഉൾക്കൊള്ളുന്നു. അതിനാൽ ഗമനം ചരരൂപത്തിലുള്ളതാകുന്നു. ജനനവും പരിണാമവും ഉപാധികളിലൂടെ നിലനിൽ‌പ്പുമുള്ള ചരരൂപത്തിലുള്ള യതൊന്നിന്റെയും ജനനത്തിനും ഗമനത്തിനും കാരണമെന്താണോ അത് ആ ജഗത്തിന്റെ ബ്രഹ്മമാകുന്നു. എന്തെന്നാൽ ജനിക്കുകയും ഗമിക്കുകയും ചെയ്യുന്നതത്രെ ജഗത്. ജഗത്തുക്കൾ ഏകമല്ല. അതുപോലെത്തന്നെ യതഃ എന്ന പദം തദ്ധിതന്റെ പ്രഗ്ദിശീയ രൂപമാകയാൽ ബ്രഹ്മവും ഏകമോ അനേകമോ എന്നു നിർവചന ഘട്ടത്തിൽ വിവക്ഷയില്ലാത്തതാകുന്നു.
പൂർവപക്ഷം 1
ഈ ജഗത്തുക്കളെല്ലാം ഏകവും അദ്വിതീയവുമായ ബ്രഹ്മത്തിൽ നിന്നു ജനിക്കുന്നു എന്നതാണ് അടിസ്ഥാനപരമായി ബ്രഹ്മസിദ്ധാന്തം. എല്ലാം ഒന്നിൽ നിന്നു ജനിക്കുന്നു എന്നതു കാര്യകാരണഭാവത്തിലുള്ളതാണ്. കാര്യകാരണവാദം ആദികാരണത്തെ തെളിയിക്കുന്നില്ല എന്നതു നിസ്തർക്കമാണ്.
സമാധാനം
ആദികാരണത്തിന്റെ കാരണമെന്ത് എന്ന ചോദ്യത്തോടെ ആദികാരണങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കപ്പെടുകയും ഒരേ കാരണത്തിൽ നിന്നു അനേക കാര്യങ്ങളുണ്ടാകാമെന്നു സ്പഷ്ടമായിരിക്കേ അനേകം ജഗത്തുക്കളുണ്ടെന്നു വന്നു ചേരുകയും യഥാർത്ഥ ബ്രഹ്മമേതെന്നു ആ ബ്രഹ്മത്തിനു തന്നെ അറിയാതെ വരികയും ചെയ്യുന്ന യുക്തിഹീനമായ ഒരു സ്ഥിതിവിശേഷം സംജാതമാകും. ഇത്തരം സങ്കല്പദോഷം ഈ ജഗത്തുക്കൾ ഒരേ പദാർഥം കൊണ്ട് സംജാതമായി എന്നു ചിന്തിക്കുന്നവർക്കു മാത്രമുള്ളതാണ്. ജഗത്തിൽ അനേക പദാർത്ഥങ്ങളുള്ളതിൽ ഓരോന്നിനും കാരണം ഏകവും അദ്വിതീയവുമാ‍യ ബ്രഹ്മമാണെങ്കിൽ കാരണമായ അതിൽ കാര്യങ്ങളോരോന്നിന്റേയും സ്വഭാവങ്ങൾ സമ്മേളിച്ചിരിക്കണം എന്നതു കാര്യമായി കാരണം മാറുന്ന മാറ്റത്തിനെ അപേക്ഷിച്ചെങ്കിലും ശരിയായിരിക്കേണ്ടതാണ്. അതിനാൽ ജഗത്സൃഷ്ടിയുടെ സമയത്തെങ്കിലും പരിണാമവിധേയമായ ബ്രഹ്മത്തിനു ജഗത്തിലെ ഘടക പദാർത്ഥങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങൾ ഉണ്ടായിരുന്നിരിക്കണം. മാറ്റത്തിനു വിധേയമാകകൊണ്ട് സൃഷ്ടിസമയം ബ്രഹ്മം വികാരി തന്നെയെന്നും സ്പഷ്ടം. സൃഷ്ടിക്കു മുമ്പോ അതിനു ശേഷമോ ബ്രഹ്മം എപ്രകാരമിരുന്നു എന്നതു പ്രസക്തമല്ല, കാരണം മറ്റേതൊരു നിമിഷവും അതു സൃഷ്ടിയിൽ നിന്നു വിമുഖമായിരിക്കുകയോ മറ്റൊന്നു സൃഷ്ടിക്കുകയോ ആയിരുന്നു.
ജഗത്സൃഷ്ടിക്കു മുമ്പോ പിമ്പോ ഉള്ള ബ്രഹ്മം അജ്ഞേയമായിരിക്കുന്നതുകൊണ്ട് ഒരു ജഗത്തിനെ അപേക്ഷിച്ച് അതിന്റെ ബ്രഹ്മം എന്താണ് എന്നു അറിയുന്നതിനു യാതൊരു ന്യൂനതയും സംഭവിക്കുന്നില്ല. ബ്രഹ്മത്തേയും സൃഷ്ടിക്കുന്ന ബ്രഹ്മാണ്ഡബ്രഹ്മം ഉണ്ടായിരുന്നാൽ തന്നെയും ബ്രഹ്മജിജ്ഞാസയ്ക്കു അതൊരു തടസ്സമേയല്ല.
ജഗത്തോ ബ്രഹ്മമോ ഏകമെന്നു ജന്മാദ്യസ്യ യതഃ എന്ന നിർവചന പ്രകാരം യാതൊരു നിർബന്ധവുമില്ല; നേരേ മറിച്ച് എത്ര ജഗത്തുക്കളുണ്ടോ അത്ര ബ്രഹ്മങ്ങളെങ്കിലും ഉണ്ടാകാനുള്ള സധ്യതയും ഈ നിർവചനം തുറന്നു തരുന്നു. മാത്രമല്ല, ഇതെന്നു വിളിക്കാവുന്ന യാതൊന്നിനും അതിന്റെ ബ്രഹ്മവുമായി ഒരു സംബന്ധമുണ്ടെന്നും വരുന്നുണ്ട്. അതിനാൽ ബ്രഹ്മജിജ്ഞാസയ്ക്കു യുക്തിയുടെയും പ്രയോജനത്തിന്റേയും പിൻബലമുണ്ട്.
പൂർവപക്ഷം 2
ബ്രഹ്മത്തെ ജഗത്സൃഷ്ടിയുടെ സമയത്തെ മാറ്റത്തെ അപേക്ഷിച്ചു വിലയിരുത്തുമ്പോൾ ബ്രഹ്മം അവികാരിയും സ്ഥിരവും അവിച്ഛിന്നവും അനന്തവുമായി സങ്കല്പിക്കുന്നതിൽ ദോഷം സംഭവിക്കുന്നു.
സമാധാനം
സൃഷ്ടിക്കുകയാൽ ബ്രഹ്മം ജിജ്ഞാസുവിനെ സംബന്ധിച്ചു വികാരി തന്നെയാണ്. അവികാരിയായ യാതൊന്നും ഒരു നിലയ്ക്കും അറിയപ്പെടുന്നില്ല. ആത്മപ്രകാശനം പോലും ഒരു തരം മാറ്റം സൃഷ്ടിക്കുന്നുണ്ട്. ബ്രഹ്മം വിച്ഛിന്നമായിരുന്നില്ലെങ്കിൽ സൃഷ്ടി നടക്കില്ലായിരുന്നു എന്ന കാരണത്താൽ തന്നെ അതു സ്ഥിരവുമല്ല. ഒരു പക്ഷേ അനന്തമായിരിക്കാം. കാരണം അനന്തത അഭാവപൂർണിമ പരിമിതപൂർണിമ അനന്തപൂർണിമ സമസ്തപൂർണിമ എന്നിങ്ങനെ പലവിധമുണ്ട്. വിവിധ ഗുണങ്ങളുള്ള ഈ അനന്തതകളെ ഒന്നായി സങ്കല്പിക്കുന്നതു യുക്തിചിന്തക്കു കാര്യമായ കോട്ടം വരുത്തിയിട്ടുണ്ട്. ഈ പൂർണിമകൾ ഒന്നായോ സംഘാതമായോ പ്രകടമാകുന്നതിനിടക്കു ബ്രഹ്മത്തിനും അനന്തമാകാവുന്നതാണ്. എങ്കിലും കാര്യകാരണഭേദം നിലനിൽക്കയാൽ ബ്രഹ്മത്തിനൊരിക്കലും സമസ്തപൂർണിമയാകാനാകില്ല. ഗ്രഹങ്ങൾ സൂര്യനു ചുറ്റും വൃത്താകൃതിയിൽ തന്നെ ചുറ്റണം എന്നു നിർബന്ധം പിടിച്ചിരുന്നവരുടെ ഗണത്തിലേ ബ്രഹ്മത്തെ അവികാരിയും അവിച്ഛിന്നവും അചലവും സ്ഥാണുവും മറ്റുമായി അറിയണമെന്നു വാശി പിടിക്കുന്നവരേയും ഗണിക്കേണ്ടതുള്ളൂ.
പൂർവപക്ഷം 3
സത്യം ജ്ഞാനമനന്തമാനന്ദമനുഭൂതിയിങ്ങനെ വേദോപനിഷത്തുക്കളിൽ പറഞ്ഞ ബ്രഹ്മസ്വരൂപത്തെ മാറ്റിമറിക്കുന്നത് അനീതിയാണ്.
സമാധാനം
വേദോപനിഷത്തുക്കളിൽ പറഞ്ഞതിനെ മാറ്റിമറിക്കേണ്ടി വന്നാൽ അപ്രകാരം ചെയ്യുക തന്നെ വേണം. പൂർവാചാര്യന്മാർ അപ്രകാരം ചെയ്തിട്ടുണ്ടെന്നു മാത്രമല്ല, പിന്നീടുണ്ടായ മന്ത്രങ്ങൾ പോലും മുമ്പുണ്ടായതിനു വിരുദ്ധമായിട്ടുണ്ടായിട്ടുണ്ട്. ഈ പറഞ്ഞതു സത്യജ്ഞാനാനന്താനന്ദാനുഭൂതികളെ നിഷേധിക്കാനല്ല. സത്യമോ ജ്ഞാനമോ അനന്തതയോ ആനന്ദമോ അനുഭൂതിയോ ഈ ജഗത്തിലെവിടെയെങ്കിലും ഉണ്ടെങ്കിൽ ബ്രഹ്മത്തിലും അപ്രകാരം തന്നെ ഉണ്ടെന്നു കരുതണം. സത്യമിത്യാദി ജഗത്തിലില്ലെന്നു പറയുന്നതാണ് യഥാർത്ഥ ഉപനിഷദ് നിഷേധം.
പൂർവപക്ഷം 4
ബ്രഹ്മവും അതിന്റെ വിവർത്തവുമല്ലാതെ മറ്റൊന്നും ഇല്ല എന്നിരിക്കേ എണ്ണമറ്റ പദാർത്ഥങ്ങൾ ഉണ്ടെന്നു സങ്കല്പിക്കുന്നതു തെറ്റാണ്.
സമാധാനം
അന്വേഷണവിധേയമായ ബ്രഹ്മത്തെ മാത്രം സത്യമായി കാണുകയും അതിലേക്കു നയിച്ചതെല്ലാം അതിന്റെ വിവർത്തമായി കാണുകയും ചെയ്യുന്നതു ഒന്നിനെ അനേകമായി കാണിക്കുന്നതു തന്നെയാണ്. അനേകത്തെ ഒന്നായി കാണുന്നതു ആദ്യത്തേതിലും മികച്ച ആപേക്ഷിക സത്യമത്രേ.
മനുഷ്യന്റെ ജ്ഞാനത്തിന്റെ പരിമിതികളെക്കുറിച്ചു പറയുന്നവർ ഒരു പുൽനാമ്പിന്മേൽ പുലർകാലസൂര്യ രശ്മിപാതമേൽക്കുമ്പോൾ പുൽക്കൊടിക്കുണ്ടാകുന്ന അനുഭൂതിയെന്തെന്നളക്കാൻ കഴിയാത്തവരാണ്. ഈ പരിമിതി മനുഷ്യനും പുല്ലിനും മുമ്പിൽ ഒരുപോലെ സ്വയം പ്രകാശമാനമാകുമെന്നു കരുതപ്പെടുന്ന ബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനത്തിനും ബാധകമാകാതിരിക്കുമോ? അതിനാൽ വിവർത്തമുണ്ടെന്നു പറയുന്നവർ ബ്രഹ്മത്തിലടക്കം സകലത്തിലും വിവർത്തമുണ്ടെന്നു പറയാനുള്ള സത്യസന്ധത കാണിക്കണം. അല്ലെങ്കിൽ സത്യത്തിന്റെ ആപേക്ഷിക സ്വഭാവത്തെ അംഗീകരിക്കണം.
പൂർവപക്ഷം 5
സത്യത്തെപ്പോലും ആപേക്ഷികമായി കാണുന്ന സമീപനം സകല ജ്ഞാനത്തേയും അന്തിമമായി നിഷേധിക്കുകയും പരമമായി യാതൊന്നുമില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തുകളയും.
സമാധാനം
കാഴ്ചയും ശ്രവണശക്തിയുമില്ലാത്ത അനേകം ജീവികൾ ഭൂമുഖത്തു തന്നെയുണ്ട്. വരാനിരിക്കുന്ന ജീവജാതികളിലേതിനെങ്കിലും ആറാമതൊരു ഇന്ദ്രിയമുള്ള പക്ഷം അതിനു മനുഷ്യനേക്കാൾ നന്നായി ചില കാര്യങ്ങളിലെങ്കിലും ഈ ജഗത്തിനെ വീക്ഷിക്കാനായേക്കും. ജഗത്സത്യം എങ്ങനെയിരുന്നാലും ദ്രഷ്ടാവ് തന്റെ ഇന്ദ്രിയജ്ഞാനത്തെയും നിഗമനത്തേയും ഉൾക്കാഴ്ചകളെയും അടിസ്ഥാനപ്പെടുത്തി സത്യമെന്നറിയുന്നതിനെ അതെത്ര മികച്ചതായിരുന്നാലും ആപേക്ഷികസത്യമായി മാത്രമേ മനസ്സിലാക്കാനാകൂ. ജീവജാതികളിൽ ജ്ഞാനം രേഖപ്പെടുത്തിവക്കാനും ഏകോപിപ്പിക്കാനുമുള്ള സംവിധാനങ്ങൾക്കനുസൃതമായി ജ്ഞാനത്തിനു തന്നെയും വൈവിധ്യമുണ്ട്. അതിനാൽ അന്തിമ സത്യം എന്നൊന്നില്ല, കാരണം പ്രപഞ്ചം പോലും അതിന്റെ സകല അനുഭൂതികളിലൂടെയും ഇനിയും കടന്നു പോയിട്ടില്ല. സത്യത്തെപ്പോലെ തന്നെ ജ്ഞാനം, അനന്തത, ആനന്ദം, അനുഭൂതി എന്നിവയ്ക്കും പരമമായ അവസ്ഥയുണ്ടെന്നു കരുതാനാകില്ല. സത്യമേകമല്ലനേകമാപേക്ഷികം താൻ. അതിനാൽ ജിജ്ഞാസു മെച്ചപ്പെട്ട സത്യം തേടിയാൽ മതിയാകും. അറിയാത്ത സകലത്തിനും അധികാരി ബ്രഹ്മം എന്നവരോധിക്കരുത്.
പൂർവപക്ഷം 6
അനേക ജഗത്തുക്കളും ബ്രഹ്മങ്ങളും ഉണ്ടാകാനുള്ള സാധ്യത ഈ സൂത്രം മുന്നോട്ടു വയ്ക്കുന്നു എന്നു പറയുമ്പോൾ തന്നെ അവ ഏകമാകാനുള്ള സാധ്യതയും ഭാഷ്യകാരൻ ഉന്നയിക്കുന്നുണ്ട്. അനേക പദാർത്ഥങ്ങളുള്ള ഈ പ്രപഞ്ചത്തിനു അനേക ബ്രഹ്മങ്ങളുണ്ട് എന്നു കരുതുന്നതു തന്നെയല്ലേ നിർവചനത്തോടു നീതി പുലർത്തുന്ന സമീപനം?
സമാധാനം
ഏതൊരു വിഷയത്തേയും മുൻവിധിയോടെ സമീപിക്കുന്നതു ശാസ്ത്രീയമല്ല. ജഗത്തുക്കളുടേയും പ്രപഞ്ചങ്ങളുടേയും കാര്യങ്ങളുടേയും എണ്ണം എന്നതു വിശകലനത്തിനു ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാണപ്പെടുന്നു. ഓരോ അണുകണവും വേറിട്ടെടുത്ത് ദ്രവ്യത്തെ സമീപിക്കുമ്പോൾ ലഭിക്കുന്ന ഉത്തരസമൂഹമല്ല ഓരോ പദാർത്ഥത്തേയും വേറിട്ടെടുത്തു സമീപിക്കുമ്പോൾ ലഭ്യമാകുന്നത്. ഗ്രഹങ്ങൾ, സൌരയൂഥങ്ങൾ, നക്ഷത്രസമൂഹങ്ങൾ, ദൃശ്യപ്രപഞ്ചം തുടങ്ങിയവ മാനദണ്ഡമാക്കുമ്പോളും ജഡം, ജീവൻ, ആത്മാവ് തുടങ്ങിയവ മാനദണ്ഡമാക്കുമ്പോളും എത്തിച്ചേരുന്ന നിഗമനങ്ങളിൽ വലുതായ അന്തരമുണ്ട്. അതിനാൽ ഏതൊരു പ്രതിഭാസത്തേയും ഒരേ സമയം ഏകമോ ദ്വൈതമോ അനേകമോ ആയി വേറിട്ടുകാണാനുള്ള സ്വാതന്ത്ര്യം ശാസ്ത്രകാരന്മാർക്കു ഉണ്ടായിരിക്കുന്നതാണ്.
അനേക പദാർത്ഥങ്ങൾ ജഗത്തിലുണ്ടെങ്കിലും അവ സഹകരിച്ചു സ്ഥിതി ചെയ്യുകയും പരസ്പരം മാറ്റുകയും ചെയ്യുന്നുണ്ട്. ഇവയിലെല്ലാം സ്ഥലകാലങ്ങളും ചലനവും ഒരു മഹാവ്യൂഹമായി കാണപ്പെടുന്നു. ഊർജ്ജം ദ്രവ്യം സ്ഥിതി എന്നിവ ജഢസ്വരൂപമായും ജീവൻ ജ്ഞാനം വിവർത്തം പ്രമ ഭ്രമം തുടങ്ങിയവ ചൈതന്യസ്വരൂപമായും വ്യവഹരിക്കപ്പെട്ടുവരുന്നു. ഇവ മൂന്നുകൂട്ടവും പരസ്പരം ആശ്രയിക്കുന്നുവെന്നു മാത്രമല്ല, ഇവയിലെല്ലാം തന്നെ ഇച്ഛയ്ക്കു വ്യാപരിക്കാനാകുന്നുമുണ്ട്. ഇങ്ങനെ പരസ്പര വിരുദ്ധമല്ലാതെ പ്രതിഭാസിക്കുന്ന ഇവക്കു ഏകകാരണമല്ലെന്നു പ്രഥമദൃഷ്ട്യാ പറയാനാകുകയില്ലത്രേ. അതിനാലത്രേ രണ്ടു സാധ്യതകളും ഭാഷ്യകാരൻ തുറന്നിടുന്നത്.
പൂർവപക്ഷം 7
ബ്രഹ്മത്തിന്റെ കാരണം എന്താണ്? വികാരിയായ ബ്രഹ്മത്തിൽ നിന്നുത്ഭവിച്ച ഈ ജഗത്തുക്കളുടെ സൃഷ്ടിക്കു മുമ്പ് ബ്രഹ്മം എന്തായിരുന്നു? അതിനു ശേഷം എന്താണ്? ആ സൃഷ്ടി എന്നാരംഭിച്ചു? എന്നവസാനിച്ചു? ബ്രഹ്മം എന്തിൽ പ്രതിഷ്ഠിതമായിരിക്കുന്നു? എന്തിൽ അധിഷ്ഠിതമായിരിക്കുന്നു? ഇവക്കെല്ലാം ഉത്തരം പറയാതെ ജഗത്സൃഷ്ടിക്കു കാരണം ബ്രഹ്മമെന്നു പറയുന്നതു വെറും ഊഹത്തിൽ കൂടുതൽ മറ്റൊന്നുമല്ല.
സമാധാനം
സകല ചോദ്യങ്ങൾക്കും ഉത്തരം ലഭ്യമായശേഷം മാത്രം നിഗമനങ്ങളിലേക്കെത്തിച്ചേർന്നാൽ മതി എന്നു വാദിക്കുന്നവർ ഒന്നു മനസ്സിലാക്കണം. സകലത്തിലെ അംശമായ ഓരോ ചോദ്യത്തിനുമുള്ള ഉത്തരവും അപൂർണ്ണതയിൽ കെട്ടിപ്പടുത്തവ തന്നെയാണ്. അപൂർണ്ണതയിൽ കെട്ടിപ്പടുത്ത ആശയങ്ങൾ കൊണ്ട് തന്നെയാണ് പൂർണ്ണത സൃഷ്ടിക്കപ്പെടുന്നത്. ഇന്നു പൂർണ്ണമായി തോന്നുന്നത് ഇനിയൊരുനാൾ അപൂർണ്ണമായി അറിയപ്പെടും. മാറുന്ന പ്രപഞ്ചത്തിലെ പൂർണ്ണതയും മാറ്റത്തിനു വിധേയമാണ്. നിരന്തരം പുതുക്കി കൊണ്ടിരിക്കാത്തതെല്ലാം മറ്റൊന്നായി മാറുകതന്നെ ചെയ്യും. പുതുക്കുമ്പോളും മാറുന്നു, പുതുക്കാതിരിക്കുമ്പോളും മാറുന്നു, അങ്ങനെ മാറ്റം സനാതനമാകുന്നു.
അറിവിന്റെ ആരംഭം അറിയാനുള്ള അറിവു മാത്രമാണ്. അതു ഒരു അനുസ്യൂതി സൃഷ്ടിക്കുന്നു. ആദ്യത്തെ ആ ചുവടു വക്കാതെ അവസാന ചുവടിലേക്കെത്താനാകില്ല. അതുകൊണ്ട് സകലം ജ്ഞാതമാകണമെന്നു വാദിക്കുന്നവർ സ്വന്തം തലച്ചോറിലേക്കു നോക്കുക തന്നെ വേണം അവിടെ തീർച്ചയായും ഒരു ശൂന്യത അനുഭവപ്പെടാതിരിക്കില്ല. പക്ഷേ മഹാനുഭവന്മാരായ ചിലർ അന്യരോടല്ലാതെ സ്വയം ഈ ചോദ്യങ്ങൾ ഉന്നയിക്കുകയും അവയ്ക്കു തങ്ങളുടേതായ അപൂർണ്ണമായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
നമ്മുടെ പ്രപഞ്ചം ഒരു പരിമിതാനന്ത സർപ്പച്ചുറ്റുപോലെ വികസിച്ചു വരുന്നതായും തദനുസൃതമായി കാലം മുമ്പോട്ടൊഴുകുന്നതായും നിഗമനങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും ആയിരം കോടി വർഷങ്ങൾ മുമ്പെന്നു കരുതപ്പെടുന്ന ഒരു കാലത്ത് ഈ സർപ്പച്ചുറ്റിന്റെ കേന്ദ്രത്തിനു സമീപമെങ്ങോ പ്രപഞ്ചം ഒന്നിച്ചു കൂടിയിരുന്നിരിക്കണം. എണ്ണിത്തീർക്കാനാകാത്തത്ര സൂര്യതുല്യമായ നക്ഷത്രങ്ങളും ഗ്രഹങ്ങളും തമോഗർത്തങ്ങളും പ്രപഞ്ചമാകെ വ്യാപിച്ച വാതകങ്ങളും തരംഗാവലിയും മറ്റും ചേർന്ന അളവറ്റ ഉർജ്ജം ഒന്നുകിൽ അവിടെ കേന്ദ്രീകരിച്ചിരുന്നിരിക്കണം അല്ലെങ്കിൽ ആദ്യ സൃഷ്ടിക്കു ശേഷം പുനർസൃഷ്ടി നടന്നുകൊണ്ടിരിക്കണം. ആപേക്ഷികമായി ഏറ്റവും കുറഞ്ഞ വ്യാപ്തത്തിനകത്ത് പ്രപഞ്ചത്തിലെ ലഭ്യമായ സകല ദ്രവ്യോർജ്ജങ്ങളും സ്ഥിതമായിരുന്നതിനാൽ കൊടും താപവും സമ്മർദ്ദവും മറ്റൊന്നുമനുഭവിക്കാത്തത്ര ഏകാന്തതയും പ്രപഞ്ചത്തിലെ സത്യജ്ഞാനാനന്താനുഭൂതിത്യാദി സകല ഗുണങ്ങളോടും അവയുടെ കാരണങ്ങളോടും കൂടി ആ വികാരിയായ ബ്രഹ്മത്തിലന്തർഭവിച്ചിരിക്കണം. കാലത്തിന്റെ ഒരു പരിമിതപൂർണിമയിൽ വികാരിയായ ബ്രഹ്മം തനിക്കുള്ളതെല്ലാം തന്റെ നിലനില്പിനു നിദാനമായ സ്വന്തം ഹൃദ്രക്തമെന്നു വിളിക്കാവുന്നതെന്താണോ അതടക്കം ഒരു മഹാവിസ്ഫോടനത്തിലൂടെ തന്റെ ഇച്ഛയെ വ്യാപരിപ്പിച്ചു അനേകജഗന്മയമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് അതിനു കൈമാറി. സൃഷ്ടമായവയിലെല്ലാം ബ്രഹ്മത്തിന്റെ അപൂർവമായ ഇച്ഛ വ്യാപരിച്ചുകൊണ്ടിരിക്കുന്നു. മഹാവിസ്ഫോടനത്തിന്റെ ഫലമായുത്ഭവിച്ച പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ മഹാപ്രവാഹം ഇനിയും അവസാനിച്ചിട്ടില്ല. മഹാവിസ്ഫോടനത്തിലൂടെ ബ്രഹ്മം പ്രപഞ്ചമായി പരിപൂർണ്ണമായി മാറിയിരിക്കാം. അതല്ലെങ്കിൽ ബ്രഹ്മത്തിന്റെ ഒരംശം മാത്രമായിരിക്കാം ജഗത്തുക്കളെ സൃഷ്ടിച്ചത്. വിരുദ്ധകണങ്ങളുടെ നിരന്തര സൃഷ്ടിയിലൂടെ പ്രതിബിംബങ്ങളായി നമ്മുടെ ദൃശ്യപ്രപഞ്ചത്തേയും മറ്റൊരു അദൃശ്യപ്രപഞ്ചത്തേയും സമമായി ബ്രഹ്മം സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുകയുമാകാം. വികാരിയായ ആ ബ്രഹ്മത്തിന്റെ സത്ത പൂർണ്ണമായും പ്രപഞ്ചം ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ അതിലെ ജഗത്തുക്കളിൽ നിന്നു ലഭ്യമാകുന്ന ഓരോ അനുഭൂതിയും അതിന്റെ സൃഷ്ടികർത്താവായ ബ്രഹ്മത്തെക്കുറിച്ചു അന്വേഷിക്കാനുള്ള പടവുകൾ തന്നെയാണ്. ബ്രഹ്മസത്യത്തിന്റെ ഏതെങ്കിലും അംശം പ്രപഞ്ചത്തിലേക്കു പകർത്തപ്പെട്ടിട്ടില്ലെങ്കിൽ, തീർച്ചയായും അതു അജ്ഞേയമായിത്തന്നെ അവശേഷിക്കും. ഇതര ബ്രഹ്മങ്ങളും സമാനസ്വഭാവങ്ങൾ പ്രകടിപ്പിക്കുമെന്നു കരുതാം.
പൂർവപക്ഷം 8
ബ്രഹ്മം ഇന്ദ്രിയഗോചരമല്ലാത്തതിനാൽ ബ്രഹ്മമല്ലാതെ മറ്റു കാരണമില്ലെന്നു തെളിയിക്കാനാകുകയില്ല. ആയതിനാൽ ആപ്തവാക്യമായ വേദോപനിഷത്തുക്കളുടെ സഹായമില്ലാതെ ബ്രഹ്മത്തെ സ്പഷ്ടമായി തെളിയിക്കാനാകുകയില്ല.
സമാധാനം
ഇന്ദ്രിയഗോചരമായി യാതൊന്നുമില്ലായിരുന്നു എങ്കിൽ ആപ്തന്മാർക്ക് അവർ ആപ്തന്മാരെങ്കിൽ ബ്രഹ്മസ്വരൂപത്തെ അവതരിപ്പിക്കാനേ കഴിയുമായിരുന്നില്ല. ഇന്ദ്രിയഗോചരമായവയിൽ നിന്നു സമ്യക്കായ യുക്തിവിചാരത്തോടെ അവർ ബ്രഹ്മം എന്ന നിഗമനത്തിലെത്തിച്ചേർന്നെന്നു മാത്രം. അതേ രീതി തന്നെയാണു ബ്രഹ്മാന്വേഷണത്തിൽ ഇവിടെയും അവതരിപ്പിക്കുന്നത്. ഏതു ആപ്തവാക്യവും യഥാകാലം അനാപ്തമാകാതെ വയ്യ. വേദോപനിഷദാദികളിൽ എത്ര ബ്രഹ്മചിന്തയുണ്ടോ അതിലധികം ബ്രഹ്മസങ്കല്പത്തെ വെല്ലുവിളിക്കുന്ന ദേവതാസങ്കല്പങ്ങളും സൃഷ്ടിസങ്കല്പങ്ങളുമുണ്ട്. വേദസാഹിത്യത്തിലെ സൃഷ്ടി സംബന്ധമായ ആഖ്യാനങ്ങളിലെ വൈരുദ്ധ്യങ്ങളും യുക്തിഹീനതയും മാത്രം മതി വേദോപനിഷദാദി മതഗ്രന്ഥങ്ങളെ മാത്രം ആശ്രയിച്ചു ബ്രഹ്മാന്വേഷണം നടത്താൻ പാടില്ലെന്ന നിഗമനത്തിലേക്കു നയിക്കാൻ.
ബ്രഹ്മം ഇന്ദ്രിയഗോചരമല്ല എന്ന വാദവും നിരർത്ഥകമാണ്. ഇന്ദ്രിയഗോചരമായതെല്ലാം പ്രപഞ്ചമാണ് എന്നു ചിന്തിക്കുന്നതു കൊണ്ടു മാത്രമാണ് ബ്രഹ്മം അപ്രത്യക്ഷമാകുന്നത്. ബ്രഹ്മമായിരുന്നതിനും ഇന്ദ്രിയഗോചരമാകാനാകും എന്നതാണ് മികച്ച യുക്തി. ബ്രഹ്മത്തെ തിരിച്ചറിയാൻ ശ്രമിക്കണമെന്നു മാത്രം.
പൂർവപക്ഷം 9
യുക്ത്യധിഷ്ഠിതമായ ഏതു നിഗമനവും കൂടുതൽ ബുദ്ധിമാന്മാരായവരുടെ മുമ്പിൽ തകർന്നുവീഴുമെന്നതിനാൽ കേവലബ്രഹ്മസത്യം കണ്ടെത്താൻ യുക്തിചിന്തക്കാകുകയില്ല.
സമാധാനം
ബ്രഹ്മസത്യം മാത്രമല്ല കേവലമായ യാതൊന്നും ആർക്കും കണ്ടെത്താനാകുകയില്ല. ബ്രഹ്മസത്യത്തെ കേവലമെന്നു വിശേഷിപ്പിക്കുന്നതു അതിനെ തമസ്കരിക്കുന്നതിനു തുല്യമാണ്. അനന്തതപോലും കേവലമല്ല. പരിമിതപൂർണിമയായ ബ്രഹ്മത്തിനു കേവലമാകുക അസാധ്യവുമാണ്. ആശയങ്ങൾ അന്തിമമാകണമെന്നു വാദിക്കുന്നതു മികച്ച ബുദ്ധിശാലികളുടെ മുമ്പിൽ തകർന്നുവീഴുക തന്നെ വേണം. നവത്തെ പുനർനവം കൊണ്ടു പുനസ്ഥാപിക്കണം. അതു മാത്രമാണു പുരോഗതി. ബ്രഹ്മസത്യത്തിലേക്കുള്ള വഴിയും വ്യത്യസ്തമല്ല.
പൂർവപക്ഷം 10
ചിത്തം ചുറ്റുമുള്ള വസ്തുക്കളുടെ രൂപം പൂണ്ട് അതു സംബന്ധമായ അജ്ഞത അകറ്റുന്നു. എന്നാൽ ബ്രഹ്മമോ ശുദ്ധബോധസ്വരൂപമാകയാൽ ആത്മപ്രകാശനം വഴി സ്വരൂപത്തെ വെളിപ്പെടുത്തുന്നു. അതിനാൽ ആത്മാവിനകത്തു വേണം ബ്രഹ്മത്തെ തേടാൻ.
സമാധാനം
ചിത്തം അജ്ഞത അകറ്റുന്നത് ഒരു ന്യൂനതയായും ബ്രഹ്മത്തിനു ജഢസ്വരൂപമില്ലാത്തതായും സങ്കല്പിക്കുന്നത് തെറ്റു തന്നെയാണ്. അപ്പോൾ മരപ്രഭു ആരാണ് എന്ന ചോദ്യം ഇവിടേയും പ്രസക്തമത്രേ. ചിത്തത്തേപ്പോലെ അജ്ഞാനമകറ്റുന്നതിനു ബ്രഹ്മത്തിനു അസാധ്യമാണെന്നോ ജഢം സൃഷ്ടിക്കപ്പെട്ടത് ബ്രഹ്മത്തിൽ നിന്നല്ലെന്നോ വാദമില്ലായ്കയാൽ ശുദ്ധബോധസ്വരൂപമായി ബ്രഹ്മത്തെ സങ്കല്പിക്കുന്നത് ന്യൂനത തന്നെയാണ്. ഇനി ആത്മാവ്! എത്ര ആത്മാക്കളുണ്ട്? അവക്കെത്ര ബ്രഹ്മങ്ങളുണ്ട്? ആർക്കറിയാം. കണ്ണുതുറന്നു വെളിച്ചത്തിൽ കാണുന്നതിനേക്കാൾ ഇരുൾവെട്ടത്തിൽ കരിമ്പൂച്ചയെ തേടുന്നവർക്ക് ബ്രഹ്മത്തെ ആത്മാവിൽ മാത്രമായി തിരയാം. എന്നാൽ ഒരേയൊരു ആത്മാവ് ഒരേയൊരു ബ്രഹ്മം എന്ന സങ്കല്പത്തിൽ ഈ ന്യൂനത ഇല്ല തന്നെ. അങ്ങനെ വരുമ്പോൾ ഓരോ ജീവനും ആത്മാവും പുണ്യപാപങ്ങളുടെ ഭോക്താവാണെന്നു പറയാനിടവരരുതെന്നു മാത്രം.
പൂർവപക്ഷം 11
ധർമത്തിനു ശ്രുതികൾ മാത്രവും ബ്രഹ്മത്തിനു ശ്രുതികളും തർക്കവും അടിസ്ഥാനമാക്കാവുന്നതാണ്. അതിലധികം ചിന്താസ്വാതന്ത്ര്യം നിഷ്ഫലവും അനഭിലഷണീയവുമാണ്.
സമാധാനം
ധർമത്തിനായിട്ടായാലും ബ്രഹ്മത്തിനായിട്ടായാലും ചിന്തിക്കാ‍ൻ കഴിയുന്നവർ ചിന്തിക്ക തന്നെ വേണം. ചിന്തക്കടിസ്ഥാനം ലഭ്യമായ ഏതു വിവരവുമാകാം. വിവരസഞ്ചയത്തിനകത്ത് ജാതിചിന്ത കൊണ്ടു വരുന്നതിനു നീതീകരണമില്ല. ജ്ഞാനത്തിനും ഉച്ചനീചത്വമോ അയിത്തമോ ഇല്ല. ആർക്കും പ്രസക്തമായ ഏതു വിഷയവും എവിടെയും കൈകാര്യം ചെയ്യാനാകുന്നതാണ് യോഗക്ഷേമത്തിനുതകുക. സ്വാതന്ത്ര്യം എന്താണെന്നറിയുന്നവന് അതു ഒരിക്കലും നിഷ്ഫലമാക്കാനാകില്ല. അവന്റെ കർമങ്ങൾ അനഭലഷണീയമാണെന്നു കരുതാൻ കാരണങ്ങളുമില്ല.
പൂർവപക്ഷം 12
ജന്മാദിയെന്നാൽ സൃഷ്ടി, സ്ഥിതി, സംഹാരം, നിയമനം, ജ്ഞാനം, അജ്ഞാനം, ബന്ധനം, മോക്ഷം തുടങ്ങിയവയെന്നു പറയാതെ അതിനെ ജനനവും ഗമനവും മാ‍ത്രമാക്കി ചുരുക്കുന്നതു ശരിയല്ല.
സമാധാനം
ഇതെന്നു വിളിക്കാവുന്ന സകലതിനും ജന്മാദിയുണ്ടെന്നു ആദ്യം തന്നെ ഒരു നിഗമനത്തിൽ ചെന്നു ചാടരുത്. ജന്മാദിയുണ്ടെങ്കിലേ ബ്രഹ്മമുള്ളൂ എന്നാണു സങ്കല്പം. ഉദാഹരണം ഊർജ്ജം. അതിനെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയുകയില്ലെന്നു ചിലർ പറയുന്നു. അങ്ങനെയെങ്കിൽ ഊർജ്ജത്തിനു ജന്മാദി ഇല്ലെന്നു വരും. എങ്കിലോ ഊർജ്ജത്തിനും ഗമനം അഥവാ പരിണാമ ഭേദങ്ങൾ ഉണ്ടെന്നു സുവ്യക്തവുമാണ്. അതിനാലത്രേ ജന്മാദിയിൽ ഗമനത്തിനു പ്രസക്തി കൂടുന്നത്. ഉള്ളതിനാൽ ഊർജ്ജത്തിനു ജന്മമില്ലെന്നും പറയാനാകയില്ല. എന്നാൽ ഉള്ളതെലാം ജനിച്ചതാണ്. ജനിച്ചതിനെല്ലാം മരണമുണ്ട് എന്നെല്ലാം പറയുന്നതിൽ അധരവ്യായാമമല്ലാതെ അശേഷം യുക്തിയില്ല, കാരണം അതെല്ലാം വെറും സങ്കല്പനങ്ങളിൽ കൂടുതൽ തെളിവില്ലാത്തതാണ്. അതിനാൽ ബ്രഹ്മസങ്കല്പത്തിനു പ്രത്യക്ഷത്തിന്റേയും അനുമാനത്തിന്റേയും മെച്ചപ്പെട്ട പിന്തുണകിട്ടുന്നതിനു ബ്രഹ്മത്തിൽ നിന്നും ഒരു ഉത്ഭവവും തുടർന്നു സംഭവിക്കുന്ന സംഹാരമുണ്ടെങ്കിൽ അതടക്കമുള്ള സകല പരിണാമങ്ങളേയും സൂചിപ്പിക്കുന്ന ഗമനവും മാത്രമാണ് ജന്മാദികൊണ്ട് വിവക്ഷിക്കപ്പെടേണ്ടത്. സംഹാരമെന്നത് വിദൂരഭാവിയിൽ ഒരു പക്ഷേ സംഭവിച്ചേക്കുമെന്നു കരുതുന്ന പ്രത്യക്ഷ പ്രമാണത്തെ ആശ്രയിക്കാത്ത ഒരു നിഗമനം മാത്രമാണ്. സ്ഥിതി ഇല്ലാത്ത യാതൊരു നിമിഷവും ഇല്ലാത്തതിനാലും ഉള്ള സ്ഥിതിയാകട്ടെ അനുനിമിഷവും മാറുകയാലും ഒരു പ്രതിഭാസമെന്നുപോലും വിളിക്കാൻ സ്ഥിതി യോഗ്യമല്ല. ജ്ഞാനാജ്ഞാനബന്ധനമോക്ഷങ്ങൾ ഗുണങ്ങൾ മാത്രമാണ്; സത്തയല്ല.
പൂർവപക്ഷം 13
ജന്മാദ്യസ്യ യതഃ എന്നതു ഈശ്വരന്റെ ശരിയായ നിർവചനമാണ്. കുംഭകാരാദികൾ അസർവജ്ഞരും ശരീരേന്ദ്രിയങ്ങളെ ആശ്രയിക്കുന്നവരും രാഗാദികൾ ഉള്ളവരുമാകുക ഹേതുവായി അവർ ബ്രഹ്മമോ ഈശ്വരനോ അല്ല.
സമാധാനം
ബ്രഹ്മത്തിന്റെ വിശേഷണങ്ങൾ ഈശ്വരനും ഈശ്വരന്റെ വിശേഷണങ്ങൾ ബ്രഹ്മത്തിനും പരസ്പരം ചാർത്തിച്ചു ബ്രഹ്മം ഈശ്വരനാണെന്ന നിഗമനത്തിലെത്തിച്ചേരുന്ന കൺകെട്ടു വിദ്യ തിരിച്ചറിയാൻ ഇപ്പോൾ പണിപ്പാടൊന്നുമില്ല. കലം ഉണ്ടാക്കിയതു കുംഭകാരനാണെന്നു പറയുമ്പോൾ കലവും കുംഭകാരനുമല്ലാത്ത മണ്ണെന്ന യാഥാത്ഥ്യം മനപൂർവം മറച്ചു വയ്ക്കുകയാണ്. മണ്ണും കുംഭകാരനും അയാളുടെ ഉപകരണങ്ങളും മറ്റും ഉൾപ്പെട്ട ഒരു വ്യൂഹത്തിനകത്തെ ഒരു പരിണാമ പ്രക്രിയയുടെ ഫലം മാത്രമാണ് കലം. പ്രധാനമായും മണ്ണാണു ഗമനത്തിനു വിധേയമാകുന്നത്. ആപേക്ഷികമായി കുറഞ്ഞ പരിമാണത്തിൽ കുംഭകാരനടക്കമുള്ള വ്യൂഹത്തിലെ മറ്റു ഘടകങ്ങളും ഗമനത്തിനു വിധേയമാകുന്നുണ്ട്. എന്നാൽ മണ്ണിൽ നിന്നു കലം സൃഷ്ടിക്കപ്പെട്ടാൽ കലത്തിനു സ്വതന്ത്രമായി വേറിട്ടൊരു പരിണാമമോ അഥവാ ഗമനമോ ഇല്ല. അതിനാൽ കലത്തിനു ജന്മമുണ്ടെങ്കിലും സ്വതന്ത്രമായ ഗമനമില്ലായ്കയാൽ കലത്തിനു ബ്രഹ്മമില്ല. എങ്കിലും കലമുണ്ടാക്കിയ ദ്രവ്യത്തിനു രണ്ടുമുണ്ടാകയാൽ ബ്രഹ്മവുമുണ്ട്. കലത്തിനു നാശമുണ്ടല്ലോ എന്നാണെങ്കിൽ അതിനു കാരണം കലമോ അതുണ്ടാക്കിയ കുംഭകാരനോ ആകണമെന്നില്ലെന്നു സമാധാനം. എങ്കിലോ പ്രപഞ്ചത്തിനല്ലാതെ ബ്രഹ്മമില്ലെന്നു വരികയില്ലേയെന്നു ചോദിച്ചാൽ, അപ്രകാരമല്ല, മറ്റു വിധത്തിലുള്ള അനേകം ഉദാഹരണങ്ങളുമുണ്ട്.
ഒരു അപൂർവ ജീവിയിൽ നിന്നു പരിണമിച്ചുണ്ടാകയാൽ ജീവജാതികൾ മൊത്തമായി ബൃഹജ്ജാതിജീവൻ എന്നു വ്യവഹരിക്കപ്പെട്ടുവരുന്നു. ഇവിടെ അപൂർവജീവിക്കു ശേഷമുള്ള സകല ജീവജാലങ്ങൾക്കും ജനനമുണ്ട്, പരിണാമവുമുണ്ട്. ഇപ്രകാരം ബൃഹജ്ജാതിജീവനു ജന്മവും ഗമനവുമുള്ളതിനാൽ ബ്രഹ്മസങ്കല്പവുമുണ്ട്. ഇവിടെ ബൃഹജ്ജാതി ജീവന്റെ ബ്രഹ്മം അപൂർവജീവിയത്രേ. അപൂർവജീവിയെ ആരാണു സൃഷ്ടിച്ചതെന്ന ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ല, കാരണം ബൃഹജ്ജാതി ജീവന്റെ ബ്രഹ്മം മാത്രമാണ് പ്രസ്തുതത്തിൽ പരിഗണനാവിഷയം. അപൂർവജീവികൾ അനേകമുണ്ടായിരുന്നിരിക്കാം, അതിലൊന്നു മാത്രമാണ് ബൃഹജ്ജാതി ജീവനു കാരണമായിരിക്കുന്നത്. പ്രപഞ്ചത്തിനു പുറമേ ആകാശത്തിനും കാലത്തിനും ഇപ്രകാരം ബ്രഹ്മസങ്കല്പങ്ങളുണ്ട്. ഇവയോരോന്നും സൃഷ്ടിക്കപ്പെട്ടതിനു കാരണം ആദികാരണവും സർവജ്ഞനും സ്ഥാണുവും അചലനും സച്ചിദാനന്ദസ്വരൂപവും സർവവ്യാപിയും സർവശക്തനും മറ്റുമായിരിക്കുന്നതായി കരുതപ്പെടുന്ന ഈശ്വരനാണെന്ന വാദം സ്വീകാര്യമല്ല. യഥാർത്ഥ വിശകലത്തിൽ ഈശ്വരനും ബ്രഹ്മത്തിനും ഒന്നിച്ചു നിലനില്പില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഇവ രണ്ടിനേയും സമന്വയിപ്പിക്കാൻ ഈശ്വരവാദികൾ ശ്രമിച്ചിട്ടുള്ളത്. രണ്ടിലൊന്നുമാത്രം സ്വീകാര്യമെങ്കിൽ സർവജ്ഞനും സർവവ്യാപിയും സർവശക്തനുമായി യാതൊന്നിനും നിലനില്പില്ലാത്തതിനാൽ അപ്രകാരമുള്ള ഒരു ഈശ്വരൻ ഉണ്ടെന്നു കരുതുവാൻ നിർവാഹമില്ലാത്തതിനാൽ ബ്രഹ്മം മാത്രം ജന്മകാരണമായി അവശേഷിക്കും.
പൂർവപക്ഷം 14
ബൃഹജ്ജാതി ജീവനിൽ വിത്തുകൾ മുളച്ചുണ്ടാകുന്നതിൽ ബുദ്ധിയുടെ സ്ഫുരണമില്ലായ്കയാൽ അതിൽ ബ്രഹ്മസ്വരൂപമില്ല.
സമാധാനം
ബുദ്ധിയെ സംബന്ധിച്ച മനുഷ്യന്റെ അഹന്തയുടെ പരിണിതഫലമോ പ്രകാശനമോ എന്നതിൽ കൂടുതൽ ബുദ്ധിസ്ഫുരണമില്ലാത്തതിൽ ബ്രഹ്മസ്വരൂപം അസാധ്യമെന്ന വാദത്തിനു പ്രസക്തിയൊന്നുമില്ല. കാര്യത്തേക്കാൾ വലുതായിരിക്കണം കാരണം എന്ന വാദത്തിലും കഴമ്പില്ല. വിത്തുക്കൾക്ക് ബുദ്ധിസ്ഫുരണമില്ല എന്ന വാദവും അസംബന്ധം തന്നെ. ഒരു വൃക്ഷം വളർന്നു പന്തലിക്കാനാവശ്യമായ സകല ജ്ഞാനവും അതിന്റെ വിത്തിലടങ്ങിയിട്ടുണ്ട്. ജഢപ്രകൃതിയിൽ നിന്ന് ശരീരധാതുക്കൾ സ്വീകരിക്കയാൽ വൃക്ഷത്തിന്റെ പരിണാമത്തിനു കാരണം വിത്തു മാത്രമല്ല എന്ന വാദത്തിനും ശക്തിപോരാ, കാരണം ധാതുക്കൾ സ്വയം ശരീരമായി പരിണമിക്കുകയല്ല, മറിച്ചു പരിണാമത്തിനുള്ള ഉപാധികളിൽ ചിലതായി വർത്തിക്കുക മാത്രമാണ്. ജീവൻ ജീവന്റെ പകർപ്പെടുക്കുന്നതാണ് ജീവപരിണാമത്തിന്റെ സത്ത. അതിനാൽ ജീവനത്രേ പരിണമിപ്പിക്കുന്നതും പരിണമിക്കുന്നതും. ജനനവും ഗമനവുമുള്ളതിനാൽ ജീവപരിണാമത്തിനു ബ്രഹ്മസ്വരൂപമുണ്ട്.
പൂർവപക്ഷം 15
ജഗത് സുഖദുഃഖഭോജിയായ വിചിത്ര ചിദചിന്മയ സ്വരൂപമാകുന്നു. സച്ചിദാനന്ദസ്വരൂപമായ ബ്രഹ്മത്തിൽ നിന്ന് സുഖദുഃഖപങ്കിലവും പുണ്യപാപജവുമായ ജീവനുത്ഭവിക്കുന്നതിനു യാതൊരു സാധ്യതയുമില്ല.
സമാധാനം
പ്രപഞ്ചത്തിലാകെ ഇച്ഛ വ്യാപരിക്കുന്നുണ്ട്. അതിന്റെ ആപേക്ഷികമായ പൂർത്തീകരണവും നിരസനവും സുഖദുഃഖങ്ങളുണ്ടാക്കുന്നുണ്ട്. ഇതാകട്ടെ ജീവനും ജഢത്തിനും ഒരുപോലെ ബാധകമാണ്. ഇച്ഛകൊണ്ടത്രേ ഒരു ദ്രവ്യകണം മറ്റൊന്നിനടുത്തേക്കു നീങ്ങുന്നത്. യാതൊന്നും മറ്റൊന്നിനേയും ആകർഷിക്കുകയല്ല, ഒന്ന് സ്വേച്ഛയാ മറ്റേതിനടുത്തേക്ക് ചലിക്കുകയാണ് ചെയ്യുന്നത്. കർമജന്യമായ പുണ്യപാപങ്ങൾ എന്ന സങ്കല്പവും സ്വീകാര്യമല്ല. ജഗത്തിലനുഷ്ഠിക്കും കർമങ്ങൾ തൻ ഫലം ജഗത്തിൽ ചെന്നു ചേരുന്നു എന്നല്ലാതെ കർമം അനുഷ്ഠിക്കുന്നയാൾക്കു തന്നെ അതിന്റെ ഫലം ലഭിക്കുന്നു എന്ന വാദം സത്യമല്ല. കർമഫലഭോജനം വേറിട്ടൊരു കർമമത്രേ. അവനവൻ ചെയ്യുന്ന കർമങ്ങൾ അന്യനിലും ചെന്നു ചേരുന്നു എന്നതാണു പ്രത്യക്ഷം. വീടു പണിയുന്നവർ മാത്രമല്ല വീട്ടിൽ വസിക്കുന്നത്. ഇപ്രകാരം നിലനില്പില്ലാത്ത ഏതാനും വാദങ്ങൾ ഉന്നയിച്ചതുകൊണ്ടു മാത്രം ബ്രഹ്മസ്വരൂപം അയഥാർത്ഥമെന്നു വന്നു ചേരുകയില്ല. എങ്കിലും ജഗത്തിന്റെ ബ്രഹ്മത്തിൽ നിന്നല്ല ജീവന്റെ ബ്രഹ്മം ഉത്ഭവിച്ചതെന്നതു അവയുടെ പൂർവാപരത്വത്തിനാൽ തന്നെ സിദ്ധമത്രേ.
പൂർവപക്ഷം 16
ബ്രഹ്മം സ്വയം സൃഷ്ടിക്കുകയും രൂപപ്പെടുകയും ചെയ്തു എന്ന വാദം സ്വീകാര്യമല്ല, കാരണം ആ വാദങ്ങൾ പരസ്പരവിരുദ്ധം തന്നെ.
സമാധാനം
ആദികാരണമെന്ന സങ്കല്പത്തോടുള്ള അമിത ആശ്രിതത്വമാണ് ഈ വാദത്തിനടിസ്ഥാനം. ആദിയിൽ സൃഷ്ടികാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു കരുതുവാൻ യുക്തിപോരാ. ഒന്നിനുണ്ടാകാമെങ്കിൽ മറ്റൊന്നിനുമുണ്ടായിക്കൂടേ? സ്വയം സൃഷ്ടിച്ച ഒന്നു മറ്റൊന്നിന്റെ സഹായത്തോടെ രൂപപ്പെട്ടു എന്നു ചിന്തിക്കുന്നതിലെന്താണു തെറ്റ്? ബൃഹജ്ജാതി ജീവന്റെ ഉത്ഭവത്തിലും പരിണാമത്തിലും ഭൂമിയിലെ ധാതുക്കളും ജലവും എപ്രകാരം ഉപയോഗപ്പെടുത്തപ്പെട്ടുവോ അപ്രകാരം ജഗത്തിന്റെ പരിണാമത്തിൽ തത്ബ്രഹ്മവിയുക്തമായ ഘടകങ്ങൾ കൂടി ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ടാകാനും മതി. ആദികാരണവാദികൾ ബ്രഹ്മവിയുക്ത സത്തകളുടെ കാരണവും ചോദിക്കാതിരിക്കില്ല. നമുക്കവ കണ്ടെത്താനാകുമെന്നു മാത്രമല്ല, ചിലതെല്ലാം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
പൂർവപക്ഷം 17
ബ്രഹ്മം കാര്യവും കാരണവുമാണ്. അതിനു ജീവാത്മാക്കൾ ശരീരവും താൻ സ്വയം അവയുടെ ആത്മാവുമാകുന്നു. അതല്ലാതെ ഒന്നുമില്ല.
സമാധാനം
ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ലായിരുന്നെങ്കിൽ പിന്നെ അതെന്തിനു കാര്യവും കാരണവുമായി പിരിയാൻ ഇച്ഛിക്കണം? ജീവാത്മാക്കളെ മാത്രം പരിഗണിക്കുകയും ജഢത്തെ വിസ്മരിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന ഒരു വാദവുമാണിത്. ജീവാത്മാക്കൾ കൈക്കൊണ്ട ജഢസ്വരൂപശരീരവുമായി ഈ ബ്രഹ്മത്തിനൊരു സംബന്ധവുമില്ലെന്നു വരുന്നു. അങ്ങനെയെങ്കിൽ ജഢസ്വരൂപം വേറിട്ടു പരിഗണിക്കേണ്ടതുണ്ട്. അതല്ലാതെ ഒന്നുമില്ല എന്ന പ്രസ്താവനയാൽ ആ സധ്യത അടച്ചുകളഞ്ഞുമിരിക്കുന്നു. ബൃഹജ്ജാതിജീവനേയും അതിന്റെ ബ്രഹ്മമായ അപൂർവജീവിയേയും പരാമർശിക്കനുള്ള സാധ്യത ജീവാത്മാവ്, ബ്രഹ്മാത്മാവു എന്നീ സങ്കല്പങ്ങളാലും തകർത്തു. ആകപ്പാടെ നോക്കുമ്പോൾ ബൃഹജ്ജാതിജീവൻ മൊത്തത്തിലെടുക്കുമ്പോൾ അവക്കു വ്യക്തിഗതം അല്ലാത്തതായ ഒരു ആത്മാവു ഉണ്ടെന്നാണു വാദം. ഈ വിഷയം പിന്നീടു വിശദമായി പരിഗണിക്കപ്പെടുന്നുണ്ട്. എങ്കിലും ഇപ്രകാരം ഒരു ബ്രഹ്മം ഉണ്ടാകവേ തന്നെ ജഢപ്രപഞ്ചത്തിനു മറ്റൊരു ബ്രഹ്മം കൂടിയെങ്കിലും ഇത് കൂടാതെ ഉണ്ടായിരിക്കണമെന്നും സിദ്ധിക്കുന്നുണ്ട്. അതിനാൽ അതല്ലാതെ ഒന്നുമില്ല എന്ന വാദം സ്വീകാര്യമല്ല.
പൂർവപക്ഷം 18
ചരാചരങ്ങൾ നാമരൂപങ്ങളല്ലാത്തപ്പോൾ ബ്രഹ്മം കാരണരൂപത്തിലും നാമരൂപങ്ങളായിരിക്കുമ്പോൾ കാര്യരൂപത്തിലുമാണ്. അതിനാൽ അതിനെ എങ്ങനെ ദർശിക്കുന്നു എന്നതിനെ അപേക്ഷിച്ചു മാത്രമേ ജഗത്തിനും ബ്രഹ്മത്തിനും വ്യത്യാസമുള്ളൂ. രണ്ടും ഒന്നുതന്നെ.
സമാധാനം
കാലത്തിന്റെ ഒരു നിശ്ചിത ബിന്ദുവിൽ ഒരു സ്ഥലകാലവ്യൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിരാട് രൂപത്തെ സങ്കല്പിക്കുന്നത് അംശരൂപത്തിലെങ്കിൽ അതിന്റെ അംശങ്ങളുടെ സമാഹാരമെന്നനിലയിൽ ജഗത്തായും പൂർണരൂപത്തിൽ അതതുതന്നെയെന്ന ഭാവത്തിൽ ബ്രഹ്മമായും വേറിട്ടുകാണാം. കാലപ്രവാഹത്തിനകത്തു സാധ്യമായേക്കാവുന്ന ഗമനപ്രക്രിയകൂടി പരിഗണിക്കുമ്പോൾ കാലത്തിന്റെ രണ്ടു വ്യത്യസ്ത ബിന്ദുക്കളെങ്കിലും കാര്യകാരണബന്ധം വിശദീകരിക്കാൻ ആവശ്യമായി വരും. അപ്പോൾ ബ്രഹ്മം ജഗത്തോടുകൂടി പരിണമിക്കുന്നതായി വെളിപ്പെടും. അതിനാൽ ഈ സങ്കല്പത്തിൽ ഗമനമുണ്ടെങ്കിലും ജനനമില്ലായ്കയാൽ ജന്മാദ്യസ്യ യതഃ എന്ന നിർവചനത്തിനു കീഴിൽ അതു വരികയില്ല. ജഗത്തും ബ്രഹ്മവും രണ്ടല്ലെന്നു കരുതുമ്പോളും അനേകമെന്നു കരുതുന്നതത്രേ നിർവചനയുക്തവും അഭികാമ്യവും.
പൂർവപക്ഷം 19
ബ്രഹ്മത്തിന്റെ കേവലഗുണങ്ങളേയും പ്രപഞ്ചത്തിന്റെ നശ്വരതയേയും പരിഗണിച്ചാൽ തന്നെ ബ്രഹ്മം ഈശ്വരനാണെന്നു വ്യക്തമാകും.
സമാധാനം
ബ്രഹ്മത്തിനും ഈശ്വരനും കേവലഗുണം ആരോപിക്കുക മാത്രമാണ്. കേവലമായി യാതൊന്നുമില്ല. ഈശ്വരൻ ഒരു അഭാവപൂർണിമ പോലുമായിരിക്കാം. പ്രത്യക്ഷത്തിൽ പ്രപഞ്ചത്തേപ്പോലെ ആപേക്ഷികമായി അനശ്വരമായിരിക്കുന്ന യാതൊന്നും അറിയപ്പെട്ടിട്ടില്ല. അതിനാൽ പ്രപഞ്ചനശ്വരത പ്രസ്തുതത്തിൽ ഈശ്വരന്റെ കേവലത്വത്തേയും അതിലംഘിക്കുന്നതാണ്.
പൂർവപക്ഷം 20
ആകട്ടെ. ബ്രഹ്മം ഉണ്ടെങ്കിൽ തന്നെ അതിനെ എങ്ങനെ അറിയാനാണ്? അതു പറയൂ.
സമാധാനം
ഏതൊരു ഉണ്മയും വെളിവാക്കുന്നതിനു അതിനെ സമീപിക്കേണ്ട ഒരു പഠനരീതി അവലംബിക്കേണ്ടതുണ്ട്. ബ്രഹ്മാന്വേഷണത്തിനു സ്വീകരിക്കേണ്ട രീതിശാസ്ത്രത്തെക്കുറിച്ച് സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

ബ്രഹ്മഹൃദയം - ബ്രഹ്മസൂത്രം രീതിശാസ്ത്ര പ്രകരണം (1.1.1) അഥാതോ ബ്രഹ്മജിജ്ഞാസാ

ഊർജ്ജസ്വലമായ യാതൊന്നു
കൊടും താപവും സമ്മർദ്ദവും ഏകാന്തതയുമകറ്റാൻ
സ്വന്തം ഹൃദ്രക്തത്തിൽ നിന്നും ജനിക്കുകയും
പരിണമിക്കുകയും ഉപാധികളിലൂടെ നിലനിൽക്കുകയും ചെയ്യുന്ന
ഇതെല്ലാം സൃഷ്ടിച്ചുവോ അതിന്റെ
ഒരു രക്തകണമാണ് താനെന്നറിയുകയാൽ
ഞാൻ ഈ ഭാഷ്യം ചമയ്ക്കുന്നു.

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“അഥാതോ ബ്രഹ്മജിജ്ഞാസാ” (1.1.1)
അതഃ = അതുകൊണ്ട്
അഥ = ഇനി
ബ്രഹ്മജിജ്ഞാസാ = ബ്രഹ്മത്തെക്കുറിച്ച് അന്വേഷണം
(ഞാൻ ബ്രഹ്മമാണെന്നറിയുന്ന)തുകൊണ്ട് ഇനി (ശാസ്ത്രീയമായി) ബ്രഹ്മത്തെക്കുറിച്ച് അന്വേഷണം (മംഗളപൂർവ്വം ആരംഭിക്കാം)
സാരം
ഭാഷ്യകാരൻ താൻ സ്വയം ബ്രഹ്മമാണെന്നറിയുന്നു. അതുകൊണ്ട് താനറിയുന്ന സത്യത്തെ വിശദമായും ശാസ്ത്രീയമായും സമീപിച്ച് ബ്രഹ്മത്തെക്കുറിച്ച് ഒരു അന്വേഷണം ആരംഭിക്കാനാഗ്രഹിക്കുന്നു. അപ്രകാരം അന്വേഷിക്കുന്നതിന്റെ ഫലം മംഗളകരമായിരിക്കുന്നതിനു വേണ്ടി അന്വേഷണം തന്നെയും മംഗളപൂർവ്വകമായി സമാരംഭിക്കുന്നു. അതഃ അഥ എന്നീ പദങ്ങളിലെ രൂഢ്യർഥങ്ങൾ ഇപ്രകാരം സാർഥകമായിത്തീരുന്നു.
പൂർവപക്ഷം 1
ഭാഷ്യകാരൻ ബ്രഹ്മമാണെന്നറിയുന്നു എന്നു ഭാഷ്യകാരൻ തന്നെ തെളിയിക്കേണ്ടതാണ്.
സമാധാനം
ബ്രഹ്മസ്വരൂപം പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിനാൽ പ്രഥമദൃഷ്ട്യാ അത്തരം ഒരു വാദം നിലനിൽക്കുമോ എന്നു പരിശോധിക്കുക മാത്രമാണ് ഈ ഘട്ടത്തിൽ കരണീയം.
ജ്ഞാതമായ മാറ്റത്തിനു വിധേയമാകുന്ന സംഗതികളെ മാത്രമേ കാര്യകാരണബന്ധം കൊണ്ട് വിശദീകരിക്കാനാകൂ. ബ്രഹ്മം മാറ്റത്തിനു വിധേയമാണോ എന്നതു നിസ്തർക്കമല്ലായ്കയാൽ നിഗമനത്തിനു പരിമിതികളുണ്ട്. അനുഭൂതി പ്രത്യക്ഷത്തിന്റെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതോ പരീക്ഷണനിരീക്ഷണങ്ങൾക്ക് ഇപ്പോൾ പരിപൂർണ്ണമായി നേരിട്ട് വിധേയമാക്കപ്പെടാവുന്നതോ അല്ല. സമാനമായ അനുഭൂതികളുടെ വിശകലനാത്മക പഠനത്തിൽ നിന്നും ബ്രഹ്മാനുഭൂതി പലർക്കും പല വിധത്തിലും ഉണ്ടായിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടുകാണുന്നു. അതുകൊണ്ട് സിദ്ധാന്തമെന്ന നിലയിൽ പ്രഥമദൃഷ്ട്യാ ഭാഷ്യകാരന്റെ അനുഭൂതി തെറ്റാണെന്നു പറയാൻ മതിയായ യാതൊരു കാരണവുമില്ല. ഭാഷ്യകാരൻ തന്റെ അവകാശവാദത്തിന്റെ വിശദാംശങ്ങൾ യഥാകാലം വെളിപ്പെടുത്തുമ്പോൾ അവയുടെ നിജസ്ഥിതി പരിശോധിക്കാവുന്നതാണ്.
പൂർവപക്ഷം 2
ഒരാൾ ബ്രഹ്മമാണെന്നു പറയുന്നതു ഒന്നിന്റെ അല്പത്തവും മറ്റേതിന്റെ ബൃഹദ്സ്വരൂപവും പരിഗണിച്ചാൽ തന്നെ തെറ്റാണെന്നു തെളിയുന്നു.
സമാധാനം
ജഗത് ബൃഹത്തായതിനാൽ അതിന്റെ കാരണവും അപ്രകാരമായിരിക്കണമെന്നു ശഠിച്ചുകൂടാ. കൂടാതെ ജഗത്തിനു കാരണം ജഗത്തിൽ നിന്നന്യമായ മറ്റൊന്നാകണമെന്നുമില്ല. പൂർണവും അംശവും മാനദണ്ഡങ്ങൾക്കനുസൃതമായി അംശവും പൂർണവുമായി നിലനിൽക്കുന്നതാണ്, എങ്ങനെയെന്നാൽ കൃഷ്ണമണിയും കണ്ണും ശരീരവും പോലെത്തന്നെ.
പൂർവപക്ഷം 3
ബ്രഹ്മാന്വേഷണം ആത്മാന്വേഷണമാകയാൽ അതു ആത്മബോധാധിഷ്ഠിതവും അതിനാൽ തന്നെ വ്യക്തിനിഷ്ഠവുമാണ്. ശാസ്ത്രീയമായ ഒരു സമീപനം അതിനാൽ ബ്രഹ്മജിജ്ഞാസക്കു അനുയുക്തമല്ല.
സമാധാനം
ഓരോ വിഷയവും അതതിനാവശ്യമായ കൃത്യതയും യുക്തിബോധവും ഉള്ള ഒരു സമീപനവും രീതിശാസ്ത്രവും ആവശ്യപ്പെടുന്നു. ഗണിതവും ഭൌതികവും ഒരേ രീതിയിലല്ല പഠിക്കേണ്ടത്. അതുപോലെത്തന്നെ ബ്രഹ്മജിജ്ഞാസക്കും സ്വന്തമായ ഒരു ശാസ്ത്രീയ സരണി ഉണ്ട്. ബ്രഹ്മാന്വേഷണത്തിനും വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഘടകങ്ങൾ ഉണ്ട്. ഓരോ ഘടകത്തേയും അംശമായിക്കണ്ട് വിശകലനം ചെയ്ത് ലഭ്യമാകുന്ന ഫലങ്ങളെ സമ്യക്കായി സംയോജിപ്പിക്കുകയാണ് കർത്തവ്യം.
പൂർവപക്ഷം 4
അതഃ എന്ന പദത്തിനു യാഗകർമ പ്രതിപാദകമായ ജൈമിനീയ മീമാംസയുടെ പഠനം പൂർത്തീകരിച്ചതുകൊണ്ട്, ബ്രഹ്മജിജ്ഞാസക്കു അധികാരിയാകുന്നതിനു ആവശ്യമായ വിവേകാദി മുമുക്ഷുത്വം വരെയുള്ള ആത്മീയ യോഗ്യതകൾ നേടിയിരിക്കകൊണ്ട്, പുരുഷാർത്ഥങ്ങളിൽ മോക്ഷമൊഴികെ മറ്റെല്ലാം സ്വായത്തമാക്കിയതുകൊണ്ട്, ഈശ്വരാനുഗ്രഹത്താൽ ശ്രോത്രീയനായ ഒരു ഗുരുവിനെ ലഭിച്ചതുകൊണ്ട് തുടങ്ങിയ അർത്ഥങ്ങളെ കല്പിക്കുന്നതിനു പകരം ബ്രഹ്മസൂത്രാധ്യയനത്തിന്റെ പ്രയോജനമെന്താണോ അതു സിദ്ധിച്ചശേഷം വീണ്ടും അന്വേഷണം നടത്തുന്നതായി പറയുന്നതു നിരർത്ഥകമാണ്.
സമാധാനം
അന്നം കർമം രതി സുഖം കരുണ തുടങ്ങിയവപോലെ ബ്രഹ്മജിജ്ഞാസയും ജന്മസിദ്ധവും അവകാശവുമാണ്. ഇവയ്ക്കൊക്കെ യോഗ്യത നിശ്ചയിക്കുന്നതു കാട്ടുകാളയ്ക്കു മൂക്കുകയറിടുന്നതു പോലെയാണ്. കാളയ്ക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ബ്രഹ്മാന്വേഷണത്തിനു യോഗ്യതയും അധികാരിത്വവും കല്പിക്കുന്നവർ യഥാർത്ഥത്തിൽ ബ്രഹ്മബോധമില്ലാത്ത ദ്വൈതവാദികളും പ്രയോജനൈകവാദികളും തന്നെ. ജഗത്തിനെ മായയായും താൻ പൂജിക്കുന്ന സങ്കല്പത്തിന്റെ സൃഷ്ടിയായും കാണുകയും ജഗത്തിനെ ജയിക്കാൻ ബ്രഹ്മജിജ്ഞാസയെ ഉപകരണമായും കല്പിക്കുന്നവർക്ക് സത്യം അവരവരുടെ വേദത്താലല്ലാതെ സമന്വയത്താൽ സാധ്യമാണെന്നറിയുകയില്ല. ബ്രഹ്മജ്ഞാനമോ ഈശ്വരകാരുണ്യമോ ലഭിച്ചതായി കരുതപ്പെടുന്നവർ മാത്രമാണ് അവർക്കിടയിലെ സമന്മാർ. അല്ലാത്തവരെല്ലാം മായാലീലയിൽ‌പ്പെട്ട അജ്ഞരോ ദുഷ്ടരോ അവിശ്വാസികളോ അഹങ്കാരികളോ അടിച്ചമർത്തപ്പെടുവാനോ കൃമിതുല്യരായി ജന്മമെടുക്കാനോ ഉള്ളവരോ മാത്രമാണ്. ഋഗാദി വേദം കമ്പോടു കമ്പു പഠിച്ച ഏതാനും പേർ മാത്രമാണ് ബ്രഹ്മജിജ്ഞാസയ്ക്ക് അധികാരികൾ എന്ന ചിന്ത മാനവികതയോടുള്ള അവഹേളനത്തിൽ കുറഞ്ഞ മറ്റൊന്നുമല്ല.
ബ്രഹ്മവും ബ്രഹ്മജ്ഞാനവും കേവലമെന്നു സങ്കല്പിക്കുന്നവർ അപ്രകാരം നിശ്ചയിക്കപ്പെടുന്നതിനു അതിന്റെ വിഷയം കടന്നു പോകേണ്ട അനേകം ശാസ്ത്രീയ പരീക്ഷകളെക്കുറിച്ചു ചിന്തിച്ചവരെ അഗ്നിയിൽ എരിയിക്കാനാണു ശ്രമിച്ചത്. വൈയക്തിയമായ അനുഭൂതിയായി ബ്രഹ്മജിജ്ഞാസയെ പരിമിതപ്പെടുത്താൻ ശ്രമിക്കുന്നവർ ബ്രഹ്മജിജ്ഞാസയേയും തങ്ങളുടെ തത്വശാസ്ത്രത്തേയും ഒരേ സമയം അധഃകൃതമാക്കുകയാണ്. അതിനാൽ സകല ജീവജാലങ്ങൾക്കും ബ്രഹ്മജിജ്ഞാസക്കർഹതയുണ്ടെന്ന നിലപാടല്ലാതെ മറ്റൊന്നും സ്വീകാര്യമല്ല. ബ്രഹ്മജിജ്ഞാസു സ്വയം താൻ മാത്രമല്ല നീയും അവനും അതുമെല്ലാം ബ്രഹ്മമാണെന്നറിയുക തന്നെ ചെയ്യുന്നു. ബ്രഹ്മസങ്കല്പങ്ങളുടെ വൈവിധ്യവും പഠനം ആവശ്യപ്പെടുന്നു.
പൂർവപക്ഷം 5
ബ്രഹ്മജ്ഞാനം ജന്മസിദ്ധമാണെങ്കിൽ ബ്രഹ്മജിജ്ഞാസക്കു പ്രസക്തിയില്ല.
സമാധാനം
അന്നം ഭുജിക്കാൻ എല്ലാ ജീവികൾക്കും അറിവും അവകാശവുമുണ്ടെങ്കിലും അന്നത്തിന്റെ ഉല്പാദനവും വിതരണവും അസമമായി നിയന്ത്രിക്കപ്പെട്ടിരിക്കകൊണ്ട് അനേകർ പട്ടിണിക്കിരയാകുന്നു. സുഗമമായ കർമം രതി സുഖം കരുണ ഇവയും തടയപ്പെട്ടിരിക്കുന്നു. ബ്രഹ്മജ്ഞാനത്തിനും ഇത്തരം പല നിയന്ത്രണങ്ങളും വന്നുകൂടിയതിന്റെ കുഴപ്പങ്ങളുണ്ട്. സമ്യക്കായ ബ്രഹ്മാന്വേഷണം ഒരേ സമയം ഇത്തരം കുഴപ്പങ്ങൾ പരിഹരിക്കാനും ജ്ഞാനാർജ്ജനം എളുപ്പമാക്കുവാനും സഹായിക്കുന്നു. എങ്ങിനെയെന്നാൽ ജ്ഞാനത്തിൻ ഫലം അധികജ്ഞാനലബ്ധിയും കർമത്തിൻ ഫലം കുശലകർമസിദ്ധിയും ധർമത്തിൻ ഫലം സകലസമത്വ ബുദ്ധിയും മോക്ഷത്തിൻ ഫലം സകലബന്ധനിവൃത്തിയുമെന്നപോലെ.
പൂർവപക്ഷം 6
ബ്രഹ്മാന്വേഷണത്തിന്റെ പ്രയോജനമെന്താണ്?
സമാധാനം
മരണാനന്തരം മോക്ഷം, സുഖാനുഭവം എന്നെല്ലാം പറയുന്നതു കളവാണ്. അവസാന പുരുഷാർത്ഥമായ മോക്ഷവും ധർമാർത്ഥകാമങ്ങളേപ്പോലെത്തന്നെ ഇഹത്തിൽ ഭുജിക്കേണ്ടതാണ്. മോക്ഷമെന്നത് അനിയന്ത്രിതമായ സ്വാതന്ത്ര്യം തന്നെ. മോക്ഷം സകലർക്കും ലഭ്യമാക്കുന്നതിനു പ്രധാന തടസ്സം അധികാര കേന്ദ്രീകരണമാണ്. അധികാരകേന്ദ്രങ്ങളോടുള്ള ഭീതി ബ്രഹ്മജ്ഞാനം അകറ്റും. ഭേദബുദ്ധി കുറയും. പരിമിതപൂർണിമയായ പ്രപഞ്ചത്തിലെ അളവറ്റ ജ്ഞാനവും സമ്പത്തുക്കളും ബ്രഹ്മജ്ഞാനം പുറത്തുകൊണ്ടുവരും. സകല അധികാരങ്ങളെയും വെല്ലുവിളിക്കാനുള്ള മഹാശക്തി ബ്രഹ്മജ്ഞാനിക്കു സിദ്ധിക്കും.
പൂർവപക്ഷം 7
നിൽക്കട്ടെ. ബ്രഹ്മം തന്നെ ഉണ്ടെങ്കിലല്ലേ ബാക്കി പറയേണ്ടതുള്ളൂ. അത് ആദ്യം തെളിയിക്കൂ.
സമാധാനം
യാതൊരു പദാർത്ഥവും ഉണ്ടോ എന്നു തെളിയിക്കുന്നതിനു മുമ്പ് അതെന്താണെന്നു കൃത്യമായി നിർവചിച്ചിരിക്കണം. അല്ലാതെയുള്ള ഖണ്ഡനമണ്ഡനങ്ങളെയെല്ലാം നേതി നേതി എന്നുത്തരം നൽകി നിഷ്ഫലമാക്കാനുള്ള വിദ്യ പൂർവന്മാർ സ്വായത്തമാക്കിയിട്ടുണ്ട്. അതിനിട കൊടുക്കാതെ ബ്രഹ്മമെന്താണെന്നു സൂത്രകാരൻ നിർവചിച്ചിട്ടുണ്ട്.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi