2011, ജൂലൈ 26, ചൊവ്വാഴ്ച

കൊതുകുകൾക്കെതിരെ ഒരു യുദ്ധ പ്രഖ്യാപനം

നെടിയിരിപ്പു സ്വരൂപത്തിനു നാലു ചുറ്റും നിന്നും കാര്യമായ എതിർപ്പുകൾ ഇല്ലാതിരുന്നതിനാൽ അമ്മ മഹാറാണി തന്നെ ആരംഭിച്ചു വച്ച വിവാദം രേവതി പട്ടത്താനം കൊണ്ടു തീർപ്പാക്കിയിരുന്നു. മാനവിക്രമൻ സാമൂതിരി അതിനാൽ നാടിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ചില പരിശ്രമങ്ങളൊക്കെ ചെയ്യാൻ നിരീച്ചു. കുത്തുന്ന സാമൂരിയെ കുത്തി നോവിക്കുന്ന കൊതുകുകളും പ്രതിയോഗികളെ എച്ചിൽ തീറ്റിക്കുന്ന ശൈലാബ്ധീശ്വരനെ മലം തീറ്റിക്കുന്ന ഈച്ചകളും മാനവിക്രമൻ സാമ്രാജ്യത്തിനെതിരെയുള്ള വെല്ലുവിളികളായി തന്നെ കണ്ടു. ക്ഷുദ്രജീവികളുടെ ഇത്തരം വെളിവുകെട്ട ആക്രമണങ്ങളെ കോവിലകത്തിനു ചുറ്റുമെങ്കിലും പ്രതിരോധിക്കുന്നതിനു സാമൂതിരി നാല്പതു നായരച്ചിമാരടങ്ങുന്ന ഒരു പെൺപടയെ വട്ടിയും ചൂലും ആയുധമാക്കി കല്പിച്ചു കൊടുത്തു നിയോഗിച്ചു. സംബന്ധത്തിനൊഴികെ സാമൂരി മറ്റെവിടെ പോയാലും ഈ അടിച്ചുതളിക്കാരികൾ പച്ചക്കർപ്പൂരം കലക്കിയ ചാണകവെള്ളവുംതളിച്ചുകൊണ്ടു മുന്നിലുണ്ടാകും. സാമൂരിക്കു മതിയായ കാഴ്ച്ച വക്കുന്ന ആർക്കും ചാണകം തെളി അനുകരിക്കാനുള്ള അനുമതി കല്പിച്ചു നൽകപ്പെടാനും തുടങ്ങി.

ചിലച്ചു സ്വൈരം കെടുത്തരുതെന്നു കല്പനയുണ്ടായിരുന്നതിനാലും രണ്ടു നേരവും കുശാൽ ശാപ്പാടും ആണ്ടിൽ രണ്ടു പുടവയും കൂട്ടുകിടക്കാൻ യോഗ്യരായ നായന്മാരേയും മുറക്കു കിട്ടുമെന്നതുകൊണ്ടു പെണ്ണുങ്ങളും സംതൃപ്തരായിരുന്നു.

കോവിലകമുറ്റത്തു മുറപ്പടി ചാണംതെളി നടക്കവെയാണ് പയ്യൂർ പട്ടേരി തമ്പുരാനെ മുഖം കാണിക്കാനെത്തിയത്. കാലത്തെ കഞ്ഞിയും പുഴുക്കും കഴിച്ചു കസാലയിൽ നീണ്ടു നിവർന്നു കിടന്ന സാമൂരി എച്ചിൽ പാത്രത്തിൽ ഈച്ച വന്നിരിക്കുന്നതു പട്ടേരി കണ്ടതുകൊണ്ടു കലഹം തുടങ്ങി.

“ഈ നശൂലങ്ങളെ ഒഴിവാക്കൻ വല്ല മാർഗ്ഗവുമുണ്ടോ പട്ടേരീ?”

‘തൽക്കാലം ഒരു ഹോമം തരാക്കാം”

സാമൂരിക്കു പിടിച്ചു. ഒന്നുമില്ലെങ്കിലും കൊതുകുകൾ മേദസ്സു കണ്ടു നമ്പൂരിമാരുടെ പുറകെ പോയേക്കും. സാമൂരിയുടെ ശക്തിയും ശത്രുക്കളുടെ നാശവും ഒന്നുകൂടി ഉറപ്പായെന്നു നാട്ടാർ വിചാരിക്കുകയും ചെയ്യും.

“പട്ടേരീം പിള്ളേരും മതി. ഈയാഴ്ച തന്നെ ശുഭമുഹൂർത്തം ഗണിച്ചു തുടങ്ങിക്കോളൂ.”

“ഉവ്വ്. ഒരു കാര്യം കൂടി അറിയിക്കാനുണ്ടായിരുന്നു.“

“ആവാലോ. വയസ്സായതുകൊണ്ടു അസാരം ക്ഷീണമുണ്ട്. കഞ്ഞി കുടിച്ചാൽ പോലും ഒരു തളർച്ച. പിശുക്കാണെന്നു കരുതേണ്ട. വേണ്ടതൊക്കെ ഇളമുറയോടു പറഞ്ഞാൽ മതി.”

മാനവേദനോടു പറയുന്നതു തന്നെയാണു നല്ലതെന്നുപട്ടേരിക്കും തോന്നി. വരാൻ പോകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ വരാൻ പോകുന്ന ഭരണാധികാരി തന്നെയാണ് യോഗ്യൻ. പട്ടേരി മാനവേദനെ തേടിയിറങ്ങി.

കിരീടധാരണം ചെയ്ത സാമൂതിരിയുടെ മാത്രം സ്ഥാനപ്പേരാണ് മാനവിക്രമൻ. ആറുപതെങ്കിലും തികയാത്ത മാനവിക്രമന്മാർ അപൂർവമായിരുന്നു. കിഴക്കെ കോവിലകത്തെ തിരുമുൽപ്പാടായിരുന്ന മാനവിക്രമൻ സാമൂതിരിയായപ്പോൾ ഏറാൾപ്പാടായിരുന്ന മാനവേദന്റെ സാന്നിദ്ധ്യം മാനവിക്രമന്റെ ജീവനു അത്ര സുരക്ഷിതമല്ലാതിരുന്നതിനാൽ ഒരമ്പും തൊടുത്തു കോവിലകത്തുനിന്നും ഇറങ്ങിപ്പോയതാണ് മാനവേദൻ. കാര്യം കൊണ്ടു സാമൂരിയാണെങ്കിലും വൃദ്ധനായ മാനവിക്രമൻ രാജ്യകാര്യങ്ങൾ മിക്കവാറും മാനവേദനു വിട്ടു കോടുത്തു ക്ഷേത്രകാര്യങ്ങളിലും സാഹിത്യത്തിലും മുഴുകി മുഴുകിയങ്ങനെ ജീവിതം തീർക്കുകയാണ്.

ഊർജ്ജസ്വലനായിരുന്നു മാനവേദൻ. തനിക്കു പ്രവേശിക്കാൻ അനുമതിയില്ലാത്തിടത്തു ഹോമം നടത്താനുള്ള ഏർപ്പാടുകൾ താൻ തന്നെ നടത്തുന്ന കാര്യമോർത്ത് ഏറാൾപ്പാട് ചിരിച്ചു.

“ഒക്കെ പട്ടേരി തന്നെ നടത്തിയാൽ മതി.” ഒരു പൊൻകിഴിയെടുത്തു പയ്യൂർ ഭട്ടതിരിക്കു കൊടുത്തിട്ടു മാനവേദൻ പിറുപിറുത്തു, “ഈച്ചയും കൊതുകും എലിയുമായി നാടിന്റെ സമ്പത്തു നശിപ്പിക്കുന്നതിനു ഒരു കണക്കുമില്ല.”

സ്വരത്തിൽ ഒരല്പം കനം വരുത്തി ഏറാൾപ്പാട്.

“പട്ടേരിക്കു തൃപ്തിയായിക്കാണുമല്ലോ? എന്നാൽ ഇനി മടങ്ങാം.”

പട്ടേരി പക്ഷെ ഏറാൾപ്പാടിന്റെ കൈ പിടിച്ചു, “കുട്ടാ, നിനക്കു മാത്രം ചെയ്യാനാകുന്ന കുറച്ചു കാര്യങ്ങളുണ്ട്.”

അര നാഴിക നേരത്തെ കാര്യവിചാരത്തിനു ശേഷം മാനവേദൻ പ്രഖ്യാപിച്ചു,

“രേവതി പട്ടത്താനത്തിന്റെ നടത്തിപ്പു മൂന്നാൾപ്പടിൽനിന്നും ഞാൻ ഏറ്റെടുക്കുകയാണ്. വിവരം കുന്നലക്കോനാതിരിയെ അറിയിക്കാൻ ഒരോല തരാം.”

മാനവേദന്റെ നിർദ്ദേശം സാമൂരി അംഗീകരിച്ചു. കോഴിക്കോട് തളിയിലപ്പന്റെ ക്ഷേത്രത്തിലെ രേവതി പട്ടത്താനത്തെക്കുറിച്ച് തമിഴ് നാടുകളിൽ കൂടി അറിയിപ്പു കോടുക്കാൻ അതോടെ വ്യവസ്ഥയായി.

2011, ജൂലൈ 16, ശനിയാഴ്‌ച

ശ്രീദാമനാരായണീയം – ജീവൻ വേണമെങ്കിൽ തർക്കം നിറുത്തുക; ഗുരുശിഷ്യസംവാദമാകാം

“എനിക്കറിയാഞ്ഞിട്ടല്ല; എങ്കിലും ഒരു പൂർവപക്ഷമെന്ന നിലയിൽ ഞാനുന്നയിക്കുന്ന ചോദ്യത്തിനു നിങ്ങളിലാരെങ്കിലുമോ, രണ്ടുപേരുമോ സമാധാനം നൽകണം,” കിഴവൻ തുടങ്ങി വച്ചു.


“സകല ചരാചരങ്ങളിലും ജ്ഞാനമുണ്ട്. ഒരു ദ്രവ്യകണിക ചലിക്കുന്നത് അതിനുള്ളിലെ ജ്ഞാനം ആസ്പദമാക്കിയാണ്. ഒരു ഭ്രൂണമുണ്ടാകുന്നത് ഘടകബീജങ്ങളിലെ ജ്ഞാനത്തെ ആശ്രയിച്ചാണ്. അവിടെയെങ്ങും ഗുരുശിഷ്യസംവാദം നടക്കുന്നതായി അറിയുന്നില്ല. അതിനാൽ ഗുരുശിഷ്യ സംവാദമാണ് ജ്ഞാനമെന്ന നിർവചനം തെറ്റാണ്.”

സകലരും ശ്രീദാമനെ നോക്കുന്നതു കണ്ട് അയാൾ ആരംഭിച്ചു.

“മനുഷ്യ നിരപേക്ഷമായ ജ്ഞാനത്തെക്കുറിച്ച് അങ്ങു പറയുന്നു. എന്നാൽ മനുഷ്യ സാധാരണമായ ഒരു ഉദാഹരണത്തെ മുൻനിറുത്തിയാണ് ഇവിടെ ജ്ഞാനം നിർവചിക്കപ്പെട്ടിട്ടുള്ളത്. വിഷയത്തിന്റെ സങ്കീർണ്ണതകൾ ഒഴിവാക്കാനും എളുപ്പത്തിൽ ഗ്രഹിക്കാനുമാണ് അപ്രകാരം ചെയ്തിട്ടുള്ളത്. ജ്ഞാനത്തിനു കാലക്രമത്തിൽ ഇതിലും നല്ല നിർവചനം ഉണ്ടായേക്കാം എന്നതും വാസ്തവമാണ്. എങ്കിലും മനുഷ്യലോകത്തിനു പുറത്തു നീ-ഞാൻ ബന്ധമോ ഗുരുശിഷ്യ ബന്ധമോ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ജ്ഞാനപദത്തിനു അവ്യാപ്തിദോഷം സംഭവിക്കാതിരിക്കൂ. അതിനാൽ അക്കാര്യം ആദ്യം പരിഗണീക്കാം.

നീ-ഞാൻ ബന്ധവും ഗുരുശിഷ്യ ബന്ധവും ചുരുങ്ങിയതു രണ്ടു ഏകകങ്ങളെയെങ്കിലും ഒരേ സമയം പരിഗണിക്കുന്നു. അതിനാൽ നമ്മുടെ നിർവചന പ്രകാരം യാതൊന്നു അതു തന്നെയായിട്ടിരിക്കുന്നോ അപ്പോൾ അതിൽ ജ്ഞാനം ഇല്ല; അഥവാ ഉള്ളതെന്തോ അതു പ്രകടമായിട്ടില്ല. പ്രകടമാകാത്തതൊന്നും ജ്ഞാനമല്ല, കാരണം ജ്ഞാനം സത്തല്ല, ഗുണം മാത്രമാണ്. എന്തെന്നാൽ ജ്ഞാനമെന്ന ഒരു പദാർഥം പഞ്ചേന്ദ്രിയങ്ങൾക്കു ദർശനീയമായിട്ടില്ല; എങ്കിലും അതു ബുദ്ധിക്കു വിഷയീഭവിക്കുന്നുണ്ട്. അതിനാൽ ജ്ഞാനം ഗുണം തന്നെ.”

അഗാധമായി വിശ്വസിച്ചിരുന്ന ഒരു അന്തർമുഖൻ തന്റെ ആത്മവിക്ഷോഭം അടക്കാനാകാതെ പൊട്ടിത്തെറിച്ചു, “സ്ഥിരനും അചലനും നിർഗുണനുമായ സാക്ഷാൽ ഈശ്വരൻ അപ്പോൾ ജ്ഞാനസ്വരൂപിയല്ലെന്നോ?”

ശ്രീദാമൻ കവിൾ തുടുപ്പിച്ചുകൊണ്ട് പറഞ്ഞു, “ഈശ്വരൻ ഉണ്ടായിരിക്കാം, ഈശ്വരനു ജ്ഞാനവും ഉണ്ടായിരിക്കാം. എങ്കിലും ഞാനൊന്നു ചോദിക്കട്ടെ; ഗുരോ അങ്ങു ഈശ്വരനെ പഞ്ചേന്ദിയങ്ങൾകൊണ്ടറിയുന്നുവോ അതോ അകക്കണ്ണുകൊണ്ടറിയുന്നുവോ?”

“തീർച്ചയായും ഞാൻ എന്റെ ആത്മാവുകൊണ്ടറിയുന്നു.”

“എങ്കിൽ സംശയമില്ല തന്നെ! അങ്ങയുടെ ഈശ്വരനു സ്വയം ജ്ഞാനമാകാം പക്ഷേ ജ്ഞാനിയാകുക അസാധ്യമാണ്.”

“ഈ ക്ഷേത്രമുറ്റത്തു വച്ചു തന്നെ വേണോ ഈ അപരാധം?” കിഴവൻ മുരണ്ടു, “ഞാൻ മാത്രമല്ല, നമ്മളൊക്കെ കൊലക്കു കൊടുക്കപ്പെടും. വാദപ്രതിവാദമൊക്കെ നിറുത്തി ഊട്ടുപുരയിലേക്കു നടക്കുക, അത്ര തന്നെ.”

മധ്യസ്ഥന്റേയും കാണികളുടേയും അഭാവത്തിൽ തിരുവേഗപ്പുറ നാരായണ ഭട്ടതിരിയും ശ്രീദാമനും തർക്കം നിറുത്തി ഗുരുശിഷ്യസംവാദമാരംഭിച്ചു.

ശ്രീദാമനാരായണീയം - ജ്ഞാനസ്വരൂപം പുനർനിർണയിക്കപ്പെടുന്നു.

തിരുവേഗപ്പുറ ശ്രീദാമനേയും പ്രതീക്ഷിച്ചു തളിയിലപ്പന്റെ പടിഞ്ഞാറേ നടയിലുള്ള ആൽത്തറയിലിരുന്നു. എന്നത്തേയും പോലെ തളിയിലപ്പന്റെ മുഖം ഗൌരവപൂർണ്ണമായിരുന്നു. ക്ഷേത്രത്തിലെ വിശിഷ്ടബ്രാഹ്മണർക്കുള്ള കെട്ടിന്റെയരികിൽ വയോവൃദ്ധന്മാർക്കു ചവിട്ടി കടന്നിരിക്കാൻ ഒരു കല്ലു വേണമെന്ന ആലോചന അന്നും അവിടെ നടന്നിരുന്നു. പട്ടത്താനത്തിനു മത്സരിക്കാൻ പടുവൃദ്ധന്മാർ വരുന്ന കാലത്തു മതി പരിഷ്കാരമെന്നു പരിഹസിച്ചവരെ മെരുക്കാൻ ആർക്കുമായില്ല. ജ്ഞാനവൃദ്ധരെല്ലാം അതുകൊണ്ടാണെന്നു തോന്നുന്നു ശ്രീദാമനാരായണീയം കാണാനും കേൾക്കാനും ക്ഷേത്രത്തിൽ നിന്നിറങ്ങി ആൽത്തറയിൽ തടിച്ചുകൂടിയത്.

“അപ്പോൾ നമ്മുടെ വിഷയം രണ്ടു അജ്ഞന്മാർ തമ്മിലുള്ള സംവാദം സത്യത്തിലേക്കു നയിക്കുമോ എന്നതാണ്,” മധ്യസ്ഥസ്ഥാനത്തു കടന്നിരുന്ന കിഴവൻ തുടങ്ങി വച്ചു.

“ജ്ഞാനം തന്നെയാണു സത്യം. ഗുരുവും ശിഷ്യനും ജ്ഞാനവും നിർവചിക്കപ്പെട്ടു കഴിഞ്ഞു,” തിരുവേഗപ്പുറ നാരായണ ഭട്ടതിരി തുടർന്നു.

“അജ്ഞനും ജ്ഞാനിയും ആരെന്നാണ് ഇനി അറിയാനുള്ളത്. ജ്ഞാനത്തെ വെറും സംവാദമായി ശ്രീദാമൻ ചുരുക്കിയിരിക്കയാൽ സംവാദത്തിനു കോപ്പുള്ളവൻ ജ്ഞാനിയും കോപ്പില്ലാത്തവൻ അജ്ഞനുമെന്നു വരുന്നു. അങ്ങനെയെങ്കിൽ അജ്ഞനാൽ സംവാദം സാധ്യമല്ല, അഥവാ, സംവാദം സാധ്യമായാൽ അവൻ അജ്ഞനുമല്ല. അടിസ്ഥാന പ്രമാണങ്ങൾ ഇപ്രകാരം പരസ്പരവിരുദ്ധമാകയാൽ ശ്രീദാമന്റെ ദർശനത്തിനും അയാളുന്നയിക്കുന്ന തർക്കവിഷയത്തിനും ഒന്നിച്ചു നിലനിൽ‌പ്പില്ല.”

തിരുവേഗപ്പുറയുടെ ശാന്തവും സൌമനസ്യപൂർവ്വവുമായ വാക്കുകൾ സകലരും തലകുലുക്കി സമ്മതിച്ചു. വാദത്തിന്റെ പരിസമാപ്തി മുമ്പിൽ കണ്ട് കിഴവൻ ഉപസംഹരിക്കാനൊരുങ്ങി.

“ശ്രീദാമനു അവസാനമായി വല്ലതും പറയാനുണ്ടോ?”

ശ്രീദാമൻ നിരാശനായി കണ്ണകളടച്ചു ആത്മഗതം ചെയ്തു, “കേവലവാദം ശക്തവും സുന്ദരവും തന്നെ! അതെത്രമേൽ സത്യത്തെ വഴി തെറ്റിക്കുന്നു!“

പിന്നെ പ്രകാശമായി മൊഴിമുത്തുകൾ പൊഴിച്ചു.

“ഗുരോ, ജ്ഞാനം തന്നെയാണ് സത്യമെന്നു അങ്ങു എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്? സത്യം ജ്ഞാനം അനന്തമെന്ന മഹാവാക്യം പോലും മൂന്നിനേയും വേറിട്ടു കാണുന്നുണ്ട്. തുടർന്നു വരുന്ന ബ്രഹ്മപദത്താൽ അവ ഒപ്പം സമീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതായത് ഈ മൂന്നു പദങ്ങളിലും വിഭിന്ന ഗുണധർമങ്ങളുണ്ട്. ആതുപോലെ തന്നെ അവയിൽ സമാന ധർമങ്ങളുമുണ്ട്. ഗുണധർമിയായ പദാർത്ഥങ്ങൾ ഒരേ സമയം വ്യത്യസ്ഥവും സമാനവുമാണ്. സകലവും ഏകകാലത്തു തന്നെ സമാനവും വ്യത്യസ്ഥവുമാണ്. ഒരേ പദാർത്ഥം പോലും സ്ഥലകാലങ്ങളുടെ വികാരത്തിനടിമയായി വ്യത്യസ്ഥമായി കാണപ്പെടുന്നുണ്ട്. അതിനാൽ സത്യം തന്നെയാണ് ജ്ഞാനം എന്ന പ്രസ്താവന യാതൊന്നും തെളിയിക്കുന്നില്ല തന്നെ.

ജ്ഞാനത്തെ സംവാദത്തോടു സമീകരിച്ചതു വാസ്തവം തന്നെ. എന്നാൽ അങ്ങു ഗുരുവും ഞാൻ ശിഷ്യനുമാകുമ്പോളേ നമുക്കിടയിലെ സംവാ‍ദം ജ്ഞാനമാകൂ. അതിനാൽ സകല സംവാദവും ജ്ഞാനമെന്നു വിവക്ഷയില്ല. ഗുരുശിഷ്യ സങ്കല്പം തന്നെ അറിവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അപ്രകാരം അറിവു പ്രയോജനമായി ഭവിക്കുന്ന സംവാദമത്രെ ഗുരുശിഷ്യസംവാദം. അതിനാൽ ജ്ഞാനം സംവാദത്തിന്റെ പരിമിതമായ ഒരു പ്രയോഗത്തിലേക്കു മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു.

ഗുരുവിന്റെ ജ്ഞാനം അപരിമിതമല്ല; ഗുരു പരമ്പരയുടെ ജ്ഞാനമോ പരിമിതവുമല്ല. ഗുരുശിഷ്യന്മാർ പരമ്പര തീർക്കുമ്പോളാണ് ജ്ഞാനം സാർത്ഥകമാകുന്നത്. ഗുരുശിഷ്യ സംവാദത്തിനു കോപ്പുള്ളവനാണു ജ്ഞാനി; അതില്ലാത്തവൻ അജ്ഞനും. അതിനാൽ സംവാദത്തിനു കോപ്പില്ലാത്ത രണ്ടുപേർ തമ്മിൽ സംവാദം നടക്കുമെന്ന ദോഷം ഇവിടെ ബാധകമല്ല.”

“ജ്ഞാനസ്വരൂപം ഇപ്പോൾ തർക്കവിഷയമായിരിക്കുന്നു,” കിഴവൻ ഇടപെട്ടു. “അതു ഞങ്ങൾക്കു അത്രക്കങ്ങു ബോധിച്ചിട്ടില്ല. തിരുവേഗപ്പുറയുടെ ജ്ഞാനസങ്കല്പമൊന്നു വിശദമാക്കിയാൽ കൊള്ളാം.”

തിരുവേഗപ്പുറ ശ്രീദാമനെ കടാക്ഷിച്ചു പുഞ്ചിരിപൊഴിച്ചുകൊണ്ടു പറഞ്ഞു, “ഗുരു എന്താണെന്നു ഞാനും എന്തല്ലെന്നു ശ്രീദാമനും നേരത്തേ യോജിപ്പിലെത്തിയിട്ടുണ്ട്. ജ്ഞാനത്തെ ശ്രീദാമൻ നിർവചിച്ചതിലും എനിക്കു പക്ഷാന്തരമില്ല. എന്നാൽ കേട്ടുനിന്നവർക്കു ബോധിച്ചിട്ടില്ലെങ്കിൽ ആർക്കുവേണമെങ്കിലും അവരവരുടെ ചോദ്യം ഉന്നയിക്കാം. ഞങ്ങൾ സമാധാനം പറയാം.”

അതിലൊരു വെല്ലുവിളി ഉണ്ടായിരുന്നതിനാൽ ജ്ഞാനവൃദ്ധന്മാർ ജ്ഞാനത്തെക്കുറിച്ചു ചോദ്യങ്ങൾ ഉന്നയിക്കാൻ ബുദ്ധിയിൽ പരതാൻ തുടങ്ങി.

2011, ജൂലൈ 10, ഞായറാഴ്‌ച

പുതിയ ദർശനത്തിന്റെ ആവശ്യകത

ധ്യാനസ്ഥനായി പേരാൽത്തറയിലിരുന്ന ശ്രീദാമനെ കണ്ടു പട്ടേരി ഒരു നിമിഷം ഇതികർത്തവ്യതാമൂഢനായി. കുളിച്ചീറനുമായി വന്ന സിംഹികയുടെ പാദചലനത്തിലെ താളവ്യത്യാസം അകക്കണ്ണുകൊണ്ടറിഞ്ഞ് ശ്രീദാമൻ ചിത്തവൃത്തിയിലേക്കു വന്ന് പയ്യൂർ ഋഷി ഭട്ടതിരിപ്പാടിനെ കണ്ണുകൾകൊണ്ടു തന്നെ വന്ദിച്ചു; കയ്യും മെയ്യും അതുതന്നെ ആവർത്തിച്ചു.

ശ്രീദാമനെ പിടിച്ചിരുത്തി താനും ഇരുന്നെന്നു വരുത്തി പട്ടേരി തുടങ്ങി.

“വിശദാംശങ്ങൾ വേണ്ട. തന്റെ ദർശനം യഥാർത്ഥത്തിൽ ശിഷ്യനെ ഗുരുവും ഗുരുവിനെ ശിഷ്യനുമാക്കുന്നുണ്ട്. അതുപോലെ അധമനെ ഉത്തമനും ഉത്തമനെ അധമനുമാക്കിത്തീർക്കുന്നുണ്ടോ?”

“ഉണ്ട്. ഞാനവരെ സമീകരിക്കുന്നു. ഇനി ആർക്കും അധമനോ ഉത്തമനോ മാത്രമായിരിക്കുക അസാധ്യമാണ്.“

“നിരർത്ഥകത ഭവിക്കാതെ അതു സാധ്യമാകണമെങ്കിൽ സാപേക്ഷികത ദർശനത്തിന്റെ കാതലാകണം. പൂർവന്മാർ കേവലത്വത്തെയാണു ആശ്രയിച്ചിരുന്നത്.”

“എല്ലാവരുമല്ല. ബാദരായണൻ തന്നെ സാപേക്ഷികവാദിയായിരുന്നു. എന്നാൽ ഭാഷ്യകാരന്മാർ മുനിയെ തമസ്കരിച്ചു.”

“സൂത്രകാരൻ മുനി തന്നെ! സകലവും വ്യക്തമായി പറയാൻ അദ്ദേഹം വിസമ്മതിച്ചു.”

“അതദ്ദേഹത്തിന്റെ സത്യസന്ധത. കാലത്തോദു സംവദിക്കുമ്പോൾ ത്രികാലജ്ഞരെടുക്കുന്ന മുൻകരുതൽ.“

“ശങ്കരൻ ശുംഭനോ?”

“ധീമാൻ. ഹിംസകൻ. സത്യദീക്ഷയില്ലാത്തവൻ.”

പട്ടേരി മൂളി.

“ഞാൻ വേദാന്തിയല്ല. ശങ്കരൻ എന്റെ വിഷയവുമല്ല. അതു നീയാണ്.”

ശ്രീദാമൻ പട്ടേരിയെ അഭിമുഖീകരിച്ചു.

“തന്റെ ദർശനത്തിന്റെ പ്രയോജനം എപ്പോളും ദുർബലർക്കാണ്. ശക്തരെ താൻ അവഗണിക്കുന്നു. എന്തിന്?”

“അങ്ങ് അസ്വസ്ഥനാണ്. ശാന്തനാകൂ. എന്നെ സംബന്ധിച്ചിടത്തോളം ശക്തൻ ദുർബ്ബലനാണ്.”

“മുമ്പു കേട്ടിട്ടില്ലാത്ത വാദം.”

“തെറ്റ്. വിജേതാ ദുഃഖീ.”

“ബൌദ്ധനാണോ താൻ?”

“ബൌദ്ധനുമാണു ഞാൻ. പക്ഷെ പ്രച്ഛന്ന ബുദ്ധനല്ല.”

പട്ടേരി ചിരിച്ചു.

“ശരി, ശരി. തളിർവെറ്റില വേണ്ട നേരം.”

ശ്രീദാമൻ സിംഹികയെ നോക്കി. അവൾ സംവാദകർക്കു കീഴെ സശ്രദ്ധം ഇരുന്നു.

“ശ്രീദാമാ, ഇന്നലെ രാത്രി ബ്രാഹ്മമുഹൂർത്തത്തിനു മുമ്പേ ഞാനുണർന്നു. അപ്പോൾ നീ ഉത്കണ്ഠാകുലനാണെന്നെനിക്കു തോന്നി. സത്യം പറയൂ. നമ്മുടെ സകല ശക്തരും ദുർബ്ബലരായിത്തീരുകയും നമ്മുടെ സർവ ജ്ഞാനവും നിഷ് പ്രയോജനമാകുകയും ചെയ്യുന്ന ഒരു കാലം താൻ ദർശിക്കുന്നുണ്ടോ?”

“ശരിയാണ്.”

“എപ്പോളാണത്?”

“ഉടൻ.”

“നൂറു വർഷം?”

“തികച്ചു വേണ്ട.”

“എന്താണു വെല്ലുവിളി? മികച്ച ശക്തിയോ മികച്ച ശാസ്ത്രമോ?”

“രണ്ടുമല്ല. മികച്ച ശസ്ത്രം, നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ആയുധങ്ങൾ.”

“ശസ്ത്രധാരികൾ ആരാണ്? എവിടെ നിന്നാണവർ വരിക”

“കരയും കടലും ആകാശവും കടന്നു അവരെത്തും. ഒന്നിനു പുറകെ മറ്റൊരു കൂട്ടമായി. സരസ്വതീ നദി വരളുന്നതിന്നു മുമ്പു സംഭവിച്ചപോലെ.”

‘അവരെ തടുക്കാൻ?”

“പഴയ വേരുകളിൽ നിന്നു പുതിയ ശാസ്ത്രം; പുതിയൊരു ദർശനം.”

പട്ടേരിക്കു ആത്മവിശ്വാസം തോന്നി. അദ്ദേഹം സാമൂതിരിയെ മുഖം കാണിക്കാനായി പുറപ്പെട്ടു.

2011, ജൂലൈ 9, ശനിയാഴ്‌ച

പത്മനാഭസ്വാമീക്ഷേത്രത്തിന്റെ ആരംഭം

നിരസ്തന്,

പ്രിയ ഗുരോ,

ബുദ്ധമതക്കാരോട് മലയാളികൾക്കു പ്രതിപത്തി തോന്നാൻ മതിയായ കാരണങ്ങളുണ്ടെന്നതു വാസ്തവം തന്നെ. എന്നാൽ മലയാളികളുടെ പുരാതന മതം ബുദ്ധമതമോ, ജൈനമതമോ, ഹിന്ദുമതമോ ആണെന്നു പറയുന്നതുപോലെ മറ്റൊരു പമ്പരവിഡ്ഢിത്തമില്ല. ആസ്ത്രേലിയക്കാരായ ആദിവാസികളോടു നരവംശ ശാസ്ത്രപ്രകാരവും സാംസ്കാരികമായും ഏറെ അടുപ്പമുള്ള ആദിദ്രാവിഡർ മതമോ ദർശനമോ സംസ്കാരമോ സ്വന്തമായി ഇല്ലാത്തവരായിരുന്നു എന്നു പരോക്ഷമായി സമ്മതിച്ചു കൊടുക്കുന്ന വിധത്തിലാണ് മലയാളിയുടെ ദൈവശാസ്ത്രത്തെ മതചരിത്രകാരന്മാർ സമീപിച്ചു കാണുന്നത്. ചരിത്രത്തിന്റെ തന്നെ ഒരു വൈപരീത്യമാണിത്.


സംസ്കൃത വേദസാഹിത്യം ഇന്നും നിലനിൽക്കുന്നതിന്റെ പ്രധാനകാരണം അതിനു ലിപി സംവിധാനം ഇല്ലായിരുന്നു എന്ന വലിയ കുറവിന്റെ ബലത്തിലായിരുന്നു. അതുകൊണ്ടു സകലവും സ്മരണയിൽ സൂക്ഷിച്ചു തലമുറ തലമുറയായി സംസ്കൃതം അതിന്റെ മഹാസാഹിത്യഭണ്ഡാരം സംരക്ഷിച്ചുപോന്നു. പിന്നീടു അതതു പ്രദേശത്തുള്ളവർ അവരവരുടെ പ്രാദേശികലിപിയിൽ സംസ്കൃത സാഹിത്യം പകർത്തി സൂക്ഷിക്കാൻ തുടങ്ങി. പിന്നീടു വളരെക്കാലത്തിനു ശേഷം ദേവനാഗരി ലിപി രൂപപ്പെടുകയും അതു കുറെയൊക്കെ സ്വീകരിക്കപ്പെടുകയും ചെയ്തു. അപ്പോളും സാഹിത്യം സ്മരണയിൽ സൂക്ഷിക്കുന്ന രീതി ഉപേക്ഷിക്കപ്പെട്ടില്ല. എന്നാൽ എഴുത്തോലയും കടലാസും മറ്റും സ്മരണയെ അനാവശ്യമായ ഒരു ധൂർത്താക്കി മാറ്റിയപ്പോൾ സംസ്കൃതഭാഷ തന്നെയും മൃതസമാനമായി.


എന്നാൽ സിന്ധൂനദീതട സംസ്കാരകാലം മുതൽക്കു തന്നെ സ്വന്തമായി ലിപിസംവിധാനമുണ്ടായിരുന്ന ദ്രാവിഡജനതക്കു പക്ഷേ അതതു കാലത്തെ സാഹിത്യം രേഖപ്പെടുത്തിവക്കാൻ സംവിധാനമുണ്ടായിരുന്നു. ആ സംവിധാനങ്ങളെല്ലാം അതീവനശ്വരങ്ങളാകയാൽ കാലക്രമത്തിൽ നശിച്ചുപോയി. അതുകൊണ്ടു സാഹിത്യമേവംഭരികൾ മറ്റു തെളിവുകളും സാധ്യതകളും അവഗണിച്ച് ഭാരതത്തിലെ ആദിമ മതം ഹിന്ദു മതമെന്നു വ്യവഹരിച്ചു വന്നു. എന്നാൽ ഋഗ്വേദത്തിലെ ഏറ്റവും പഴയ മന്ത്രങ്ങൾ ഇന്നത്തെ ഭാരതത്തിലല്ല മധ്യേഷ്യയിലാണു രൂപം കൊണ്ടതു എന്നു മറക്കുന്നു. അതിനാൽ തന്നെ ഇന്ദ്രാദി ആദ്യകാല വൈദീക ദൈവങ്ങളൊന്നും തന്നെ ഭാരതീയങ്ങളല്ല തന്നെ. പുരാതന ദ്രാവിഡരുടെ ആരാധനാപാത്രങ്ങളായ രുദ്രനും പശുപതിയും ഋഷഭനും മറ്റും പിന്നീടു വൈദീക ഈശ്വരസഞ്ചയത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു. ഇതിൽ ഋഷഭൻ ജൈനരുടെ ആദ്യ തീർത്ഥങ്കരനായിരുന്നു. ബുദ്ധമതം വന്നതു ജൈനമതത്തിനു ശേഷം എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ്!


ദൈവശാസ്ത്രദൃഷ്ട്യാ ബുദ്ധമതം ഒരു മതം പോലുമല്ല. അതൊരു ദർശനം മാത്രമാണ്. അതിനു നിലനിൽക്കാൻ ഈശ്വരവിശ്വാസം ആവശ്യമില്ലെന്നു മാത്രമല്ല, അതു ഏറ്റവും കൂടുതൽ കാലം നിലനിന്നിട്ടുള്ളതു വിശ്വാസം ചോദ്യം ചെയ്യപ്പെട്ട കാലങ്ങളിലും ഈശ്വരവിശ്വാസം ഇല്ലാതിരുന്ന നാടുകളിലുമായിരുന്നു.


സരസ്വതീ നദി വറ്റിയ കാലത്തു അതിനോടുള്ള വൈകാരികത മുതലാക്കി ആയിടെ അവതരിപ്പിക്കപ്പെട്ട ബ്രഹ്മാവിന്റെ ആദി സൃഷ്ടിയായ ഒരു ദേവതയാക്കി മാറ്റി സരസ്വതിയെ പ്രതിഷ്ഠിച്ച ഇടങ്ങൾക്കു സമീപം അഭയമുദ്രയും ലിങ്ഗാഗ്രവും മുറിക്കപ്പെട്ട ജൈനപ്രതിമകളുടെ വലുതായ സാന്നിദ്ധ്യം വന്നതു കേവലം യാദൃച്ഛികമായിരിക്കാൻ ഇടയില്ല. വൈദീക മത പ്രകാരമുള്ള ചടങ്ങുകൾക്കു യാതൊരു വക ബിംബത്തിന്റെയും പ്രതിഷ്ഠയുടേയും ആവശ്യമില്ല എന്ന വസ്തുത തന്നെ വൈദീക മതക്കാരാണു പ്രതിമാ ധ്വംസനം ആദ്യം ആരംഭിച്ചതെന്ന അനുമാനത്തിനു വഴി വയ്ക്കുന്നു. കേരളത്തിലെ അനേകം ബുദ്ധജൈന ക്ഷേത്രങ്ങൾ ബ്രാഹ്മണമേധാവിത്വത്തിനു കീഴ്പ്പെട്ട് വൈദീക മതാനുയായികൾ തകർത്തിട്ടുണ്ട്. പലതും പിടിച്ചെടുത്തു വൈദീക നിയന്ത്രണമുള്ള ക്ഷേത്രങ്ങളാക്കിയിട്ടുമുണ്ട്. പക്ഷേ അവയിൽ ശ്രീ പത്മനാഭസ്വാമീ ക്ഷേത്രവുമുണ്ടെന്നു പറയാനാകുകയില്ല. ഉള്ളൂർ തന്റെ കേരള സാഹിത്യ ചരിത്രത്തിൽ ശ്രീപത്മനാഭസ്വാമീക്ഷേത്രം സ്ഥാപിച്ചതു ‘വേലിക്കോൽ കാകക്കാകെ’ (1111134)എന്ന കലിദിനത്തിലാണെന്നു രേഖയുണ്ടെന്നു പറയുന്നു. ഈ കലിദിനം വരുന്നതു ക്രിസ്തുവിനു മുമ്പു ഒന്നാം ശതകത്തിലെ അമ്പത്തിയേഴാം വർഷം മാർച്ചുമാസം ഇരുപത്തിയാറാം തീയതിയോടു ചേർന്നാണ്. എന്നാൽ ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിന്റെ ഇന്നത്തെ രൂപകല്പന ക്രിസ്ത്വബ്ദം ഒമ്പതാം ശതകത്തിനു മുമ്പാകുവാൻ തരം കാണുന്നുമില്ല. അതുകൊണ്ടു ക്ഷേത്രം പലതവണ പുതുക്കി പണിതിരിക്കണം.


മംഗളത്തിലെ വാർത്തയിലെ ശ്രീ പത്മനാഭസ്വാമിയുടേയും ബുദ്ധന്റേയും പ്രതിമകൾ തമ്മിൽ സാമ്യമുണ്ട് എന്ന വാദത്തിനു പക്ഷേ മറ്റൊരു തരത്തിൽ പ്രസക്തിയുണ്ട്. കേരളത്തിലെ ബുദ്ധജൈന ക്ഷേത്രങ്ങൾ ആദ്യമായി സംഘടിതമായി നശിപ്പിക്കപ്പെടുന്നതു സമുദ്രഗുപ്തന്റെ കാലം മുതലാണെന്നു കരുതപ്പെടുന്നു. അന്നത്തെ തൃക്കാക്കര ബൌദ്ധരാജാവായിരുന്നത്രെ മാവേലി. സമുദ്രഗുപ്തന്റെ പടയ്ക്കു അധികകാലം കേരളത്തിൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ വരുമെന്നു കണക്കു കൂട്ടിയ മാവേലി സമ്പത്തുക്കളെല്ലാം പലർക്കുമായി വീതിച്ചു കൊടുക്കുകയും ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാൾ അതു പിരിച്ചെടുക്കാനും ഏർപ്പാടു ചെയ്യുകയും ചെയ്തു മലകയറി. പ്രധാന ബൌദ്ധക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളെ കാട്ടിനുള്ളിൽ ശാസ്താ ക്ഷേത്രങ്ങളുടെ രൂപത്തിൽ പരിപാലിച്ചു. അവിടങ്ങളിൽ തിരിച്ചുവരവിനുവേണ്ടി പടയൊരുക്കവും തുടർന്നു. എന്നാൽ തെക്കേ ഇന്ത്യയിലെ മറ്റു രാജ്യങ്ങളെ കീഴടക്കി അവിടങ്ങളിലെ രാജാക്കന്മാരെത്തന്നെ സാമന്തന്മാരാക്കി മാറ്റി വന്ന സമുദ്രഗുപ്തനു കേരളത്തിൽ ശക്തരും തനിക്കു വിധേയരുമായ രാജാക്കന്മാരെ കണ്ടെത്താൻ കഴിഞ്ഞില്ല. പകരം ആന്ധ്രയിൽ നിന്നും ആയിടെ ദേശാടനം നടത്തി കേരളത്തിലെത്തി ഗതിപിടിക്കാതിരുന്ന ബ്രാഹ്മണരുടെ നാട്ടുകൂട്ടങ്ങൾക്കു അധികാരം കൈമാറാനും അവരുടെ അധികാരം ഉറക്കുന്നതു വരെ സൈന്യത്തെ കേരളത്തിൽ നിലനിറുത്തുവാനും നമ്പൂതിരിമാർക്കു സൈനീക പരിശീലനം നൽകുവാനും അവരുടെ നായന്മാരെന്ന ആശ്രിതരെ ബുദ്ധജൈനമതക്കാരെ അമർച്ച ചെയ്യുവാൻ നിയോഗിക്കാനും ഗുപ്തഭരണാധികാരികൾക്കു കഴിഞ്ഞു. അങ്ങനെ മറ്റു രാജ്യങ്ങളിൽ നിന്നു വിഭിന്നമായി രാജാക്കന്മാർക്കു പകരം ബ്രഹ്മണർ നാടും ഭരണവും സമ്പത്തും നിയന്ത്രിക്കാനിടയായി.


മാവേലിക്കും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ചിതറിക്കിടന്ന നാട്ടുകൂട്ടങ്ങളോടു ഫലപ്രദമായി എതിരിടാനായില്ല. മാവേലിക്കൂട്ടത്തെ ഒതുക്കാൻ വളരെക്കാലത്തോളം നമ്പൂതിരിമാർക്കുമായില്ല. മാവേലിക്കൂട്ടം തങ്ങളുടെ വിശ്വസ്തരിൽ നിന്നും എല്ലാ ശ്രാവണമാസ തിരുവോണത്തിൻ നാളും പലിശയും വരവും വാങ്ങുന്നതും കൊടുക്കേണ്ടവർക്കും ഉഴച്ചവർക്കും അവരുടെ പ്രതിഫലം സത്യസന്ധമായി നൽകുന്നതും പതിവാക്കി. അങ്ങനെ മലയാളികളിലെ കീഴാളർക്കു ഓണമുണ്ടായി. പാട്ടക്കണക്കുകൾ തീർക്കാനുള്ള ദിവസമായി കാലക്രമത്തിൽ ജന്മിമാരും ശ്രാവണ തിരുവോണത്തെ അംഗീകരിച്ചു.
മാവേലിക്കൂട്ടത്തിന്റെ വെല്ലുവിളിതീർക്കാൻ അവരുടെ ശക്തികേന്ദ്രങ്ങളായ ബുദ്ധജൈന ക്ഷേത്രങ്ങളെ തകർക്കുകയോ അവയെ കൈവശത്തിലാക്കുകയോ ചെയ്ത് അതതു മതാനുയായികൾക്കു ക്ഷേത്രങ്ങളിലേക്കു പ്രവേശനം നിഷേധിച്ചു. അതുകൊണ്ടാണു കേരളത്തിലെ അയിത്താചരണം മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തവും അവിടെനിന്നു നോക്കുമ്പോൾ ഭ്രാന്തുമായിത്തീർന്നത്.
സകലയുദ്ധങ്ങളിലേയും പോലെ കേരളത്തിലും കാലം ഒത്തുതീർപ്പിന്റെ ഒരു വഴിതുറന്നു. ബൌദ്ധരുടെ ശാസ്താവു ബ്രാഹ്മണർക്കുകൂടി നിയന്ത്രണാവകാശമുള്ള ഹരിഹരസുതനായിത്തീർന്നു. ജൈനർ അവർക്കുകൂടി ആരാധ്യരായിരുന്ന സരസ്വതിയേയും ഭഗവതിയേയും ബ്രാഹ്മണരുടെ നിയന്ത്രണത്തിലേക്കു നൽകി. കലിയുഗാരംഭത്തിലെ ജൈനചക്രവർത്തിയായിരുന്ന ഭരതൻ രാമസോദരഭരതനായി. വ്യാപനസ്വഭാവമുള്ള വിഷ്ണു ജൈനർക്കിടയിലെ സ്വീകാര്യനായ പരമതേശ്വരനായി. ആദിദ്രാവിഡരുടെ ശിവനും ശക്തിയും ഭഗവതിയും സകല വൈദികർക്കും ഒരുപോലെ സ്വീകാര്യമായി. അക്കാലത്ത് ക്ഷേത്ര ധ്വംസനങ്ങൾ മാത്രമല്ല, സ്വമേധയായുള്ള ക്ഷേത്ര പരിണാമങ്ങളും ഏറെ നടന്നിട്ടുണ്ട്. അത്തരത്തിലൊന്നായിരിക്കണം ശ്രീപത്മനാഭസ്വാമീക്ഷേത്രം.


പക്ഷേ അധികാരത്തിനു വെല്ലുവിളിയുണ്ടായ എല്ലാക്കാലത്തും ക്ഷേത്രധ്വംസനം പിന്നീടും തുടർന്നു പോന്നിട്ടുണ്ട്. നമ്മുടെ ശങ്കരാചാര്യർ പോലും സുധന്വാവു എന്നു പേരുള്ള ഒരു രാജാവും അസംഖ്യം പടയാളികളുമായി പോയാണു ദിഗ്വിജയം നടത്തി സർവജ്ഞപീഠം കയറിയതു എന്നു ശങ്കരദിഗ്വിജയചരിത്രത്തിൽ കാണാം. അതു വായിച്ച സ്വാമി വിവേകാനന്ദൻ ശങ്കരനെ കണക്കിനു വിമർശിച്ചിട്ടുമുണ്ട്.


ഹിസ്റ്റീരിയ പോലെ ഭ്രാന്തമായ ദിവാസ്വപ്നങ്ങൾ കണ്ടു പ്രതിഷ്ഠകൾ നടത്തിയതായി പറയുന്ന എണ്ണമറ്റ വില്ലുമങ്കലത്തു സ്വാമിയാർമാർ ഓടിച്ചിട്ടു പിടിച്ചു ജീവനോടെ പ്രതിഷ്ഠിച്ച കന്നിമാരും, അമ്മമാരും, മുത്തികളും നമ്മുടെ നാടോടിവിജ്ഞാനീയത്തിലെ വലിയ മുതൽക്കൂട്ടുമായിട്ടുമുണ്ട്. അവരുടെ ജനനത്തിനും നൂറ്റാണ്ടുകൾ മുമ്പേ നിലനിന്നിരുന്നുവെന്നു തെളിവുള്ള ക്ഷേത്രം അവർ സ്ഥാപിച്ചതാണെന്ന വാദത്തിൽ ശ്രദ്ധാർഹമായി യാതൊന്നുമില്ല.


ചുവന്നതും വെളുത്തതുമായ താമരകൾ ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും മിസ്റ്റിക് ചിഹ്നമായിരുന്നു എന്നതു വാസ്തവമാണ്. അതു താന്ത്രികമതത്തിന്റേയും ചിഹ്നശാസ്ത്രത്തിന്റെ അടിത്തറയാണ്. ആതുകൊണ്ട് അതു മറ്റാരുടെയും ചിഹ്നമായിക്കൂടാ എന്നു പറയുന്നതിലും വലിയ കാര്യമില്ല.
ലോകത്തിലെ ഏതു വൻ നിർമ്മാണത്തിന്റെ പുറകിലും അടിച്ചമർത്തലിന്റെ കഥയുണ്ട്. കാർ കമ്പനികളും നാഷണൽ ഹൈവേയും അങ്ങനെത്തന്നെയാണ് ഉണ്ടാകുന്നത്. പിരമിഡുകളും ചൈനാ വന്മതിലും മാത്രമല്ല, ഉണ്ണുന്ന ചോറിലും തിന്നുന്ന കശുവണ്ടിയിലും നിരപരാധരുടെ കണ്ണീരുണ്ട്. പക്ഷേ ക്ഷേത്രനിർമ്മാണത്തിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞു ഈടാക്കിയ നികുതികൾ ക്ഷേത്രത്തെ കുറ്റപ്പെടുത്തുകയില്ല തന്നെ.


ഇൻകം ടാക്സും, വാറ്റും, ഭൂനികുതിയും, വെള്ളക്കരവും, നോട്ടടിപ്പും, പണപ്പെരുപ്പവും, വിലക്കയറ്റവും ഇല്ലാതിരുന്ന കാലത്തെ നികുതി ഘടനയെ അതിനെ എന്തു പേരു വിളിച്ചു എന്നതിനെ ആശ്രയിച്ചല്ല, അതു എത്രത്തോളം ബാധ്യത വരുത്തി എന്നതിനെ അടിസ്ഥാനപ്പെടുത്തി വേണം വിലയിരുത്തപ്പെടുവാൻ.


അങ്ങനെയൊക്കെ നോക്കുമ്പോൾ അശ്രദ്ധമായി തയ്യാറാക്കിയ ഡോക്ടർ എം. എസ്. ജയപ്രകാശിന്റെ ലേഖനത്തെ മാത്രം അടിസ്ഥാനമാക്കി, ഗുരോ, അങ്ങു എന്തെങ്കിലും അന്തിമ നിഗമനത്തിൽ ചെന്നു ചേരുന്നതു കർത്തവ്യമല്ല.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi