2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

ബ്രഹ്മഹൃദയം - ബ്രഹ്മസൂത്രം രീതിശാസ്ത്ര പ്രകരണം (1.1.1) അഥാതോ ബ്രഹ്മജിജ്ഞാസാ

ഊർജ്ജസ്വലമായ യാതൊന്നു
കൊടും താപവും സമ്മർദ്ദവും ഏകാന്തതയുമകറ്റാൻ
സ്വന്തം ഹൃദ്രക്തത്തിൽ നിന്നും ജനിക്കുകയും
പരിണമിക്കുകയും ഉപാധികളിലൂടെ നിലനിൽക്കുകയും ചെയ്യുന്ന
ഇതെല്ലാം സൃഷ്ടിച്ചുവോ അതിന്റെ
ഒരു രക്തകണമാണ് താനെന്നറിയുകയാൽ
ഞാൻ ഈ ഭാഷ്യം ചമയ്ക്കുന്നു.

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“അഥാതോ ബ്രഹ്മജിജ്ഞാസാ” (1.1.1)
അതഃ = അതുകൊണ്ട്
അഥ = ഇനി
ബ്രഹ്മജിജ്ഞാസാ = ബ്രഹ്മത്തെക്കുറിച്ച് അന്വേഷണം
(ഞാൻ ബ്രഹ്മമാണെന്നറിയുന്ന)തുകൊണ്ട് ഇനി (ശാസ്ത്രീയമായി) ബ്രഹ്മത്തെക്കുറിച്ച് അന്വേഷണം (മംഗളപൂർവ്വം ആരംഭിക്കാം)
സാരം
ഭാഷ്യകാരൻ താൻ സ്വയം ബ്രഹ്മമാണെന്നറിയുന്നു. അതുകൊണ്ട് താനറിയുന്ന സത്യത്തെ വിശദമായും ശാസ്ത്രീയമായും സമീപിച്ച് ബ്രഹ്മത്തെക്കുറിച്ച് ഒരു അന്വേഷണം ആരംഭിക്കാനാഗ്രഹിക്കുന്നു. അപ്രകാരം അന്വേഷിക്കുന്നതിന്റെ ഫലം മംഗളകരമായിരിക്കുന്നതിനു വേണ്ടി അന്വേഷണം തന്നെയും മംഗളപൂർവ്വകമായി സമാരംഭിക്കുന്നു. അതഃ അഥ എന്നീ പദങ്ങളിലെ രൂഢ്യർഥങ്ങൾ ഇപ്രകാരം സാർഥകമായിത്തീരുന്നു.
പൂർവപക്ഷം 1
ഭാഷ്യകാരൻ ബ്രഹ്മമാണെന്നറിയുന്നു എന്നു ഭാഷ്യകാരൻ തന്നെ തെളിയിക്കേണ്ടതാണ്.
സമാധാനം
ബ്രഹ്മസ്വരൂപം പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിനാൽ പ്രഥമദൃഷ്ട്യാ അത്തരം ഒരു വാദം നിലനിൽക്കുമോ എന്നു പരിശോധിക്കുക മാത്രമാണ് ഈ ഘട്ടത്തിൽ കരണീയം.
ജ്ഞാതമായ മാറ്റത്തിനു വിധേയമാകുന്ന സംഗതികളെ മാത്രമേ കാര്യകാരണബന്ധം കൊണ്ട് വിശദീകരിക്കാനാകൂ. ബ്രഹ്മം മാറ്റത്തിനു വിധേയമാണോ എന്നതു നിസ്തർക്കമല്ലായ്കയാൽ നിഗമനത്തിനു പരിമിതികളുണ്ട്. അനുഭൂതി പ്രത്യക്ഷത്തിന്റെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതോ പരീക്ഷണനിരീക്ഷണങ്ങൾക്ക് ഇപ്പോൾ പരിപൂർണ്ണമായി നേരിട്ട് വിധേയമാക്കപ്പെടാവുന്നതോ അല്ല. സമാനമായ അനുഭൂതികളുടെ വിശകലനാത്മക പഠനത്തിൽ നിന്നും ബ്രഹ്മാനുഭൂതി പലർക്കും പല വിധത്തിലും ഉണ്ടായിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടുകാണുന്നു. അതുകൊണ്ട് സിദ്ധാന്തമെന്ന നിലയിൽ പ്രഥമദൃഷ്ട്യാ ഭാഷ്യകാരന്റെ അനുഭൂതി തെറ്റാണെന്നു പറയാൻ മതിയായ യാതൊരു കാരണവുമില്ല. ഭാഷ്യകാരൻ തന്റെ അവകാശവാദത്തിന്റെ വിശദാംശങ്ങൾ യഥാകാലം വെളിപ്പെടുത്തുമ്പോൾ അവയുടെ നിജസ്ഥിതി പരിശോധിക്കാവുന്നതാണ്.
പൂർവപക്ഷം 2
ഒരാൾ ബ്രഹ്മമാണെന്നു പറയുന്നതു ഒന്നിന്റെ അല്പത്തവും മറ്റേതിന്റെ ബൃഹദ്സ്വരൂപവും പരിഗണിച്ചാൽ തന്നെ തെറ്റാണെന്നു തെളിയുന്നു.
സമാധാനം
ജഗത് ബൃഹത്തായതിനാൽ അതിന്റെ കാരണവും അപ്രകാരമായിരിക്കണമെന്നു ശഠിച്ചുകൂടാ. കൂടാതെ ജഗത്തിനു കാരണം ജഗത്തിൽ നിന്നന്യമായ മറ്റൊന്നാകണമെന്നുമില്ല. പൂർണവും അംശവും മാനദണ്ഡങ്ങൾക്കനുസൃതമായി അംശവും പൂർണവുമായി നിലനിൽക്കുന്നതാണ്, എങ്ങനെയെന്നാൽ കൃഷ്ണമണിയും കണ്ണും ശരീരവും പോലെത്തന്നെ.
പൂർവപക്ഷം 3
ബ്രഹ്മാന്വേഷണം ആത്മാന്വേഷണമാകയാൽ അതു ആത്മബോധാധിഷ്ഠിതവും അതിനാൽ തന്നെ വ്യക്തിനിഷ്ഠവുമാണ്. ശാസ്ത്രീയമായ ഒരു സമീപനം അതിനാൽ ബ്രഹ്മജിജ്ഞാസക്കു അനുയുക്തമല്ല.
സമാധാനം
ഓരോ വിഷയവും അതതിനാവശ്യമായ കൃത്യതയും യുക്തിബോധവും ഉള്ള ഒരു സമീപനവും രീതിശാസ്ത്രവും ആവശ്യപ്പെടുന്നു. ഗണിതവും ഭൌതികവും ഒരേ രീതിയിലല്ല പഠിക്കേണ്ടത്. അതുപോലെത്തന്നെ ബ്രഹ്മജിജ്ഞാസക്കും സ്വന്തമായ ഒരു ശാസ്ത്രീയ സരണി ഉണ്ട്. ബ്രഹ്മാന്വേഷണത്തിനും വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഘടകങ്ങൾ ഉണ്ട്. ഓരോ ഘടകത്തേയും അംശമായിക്കണ്ട് വിശകലനം ചെയ്ത് ലഭ്യമാകുന്ന ഫലങ്ങളെ സമ്യക്കായി സംയോജിപ്പിക്കുകയാണ് കർത്തവ്യം.
പൂർവപക്ഷം 4
അതഃ എന്ന പദത്തിനു യാഗകർമ പ്രതിപാദകമായ ജൈമിനീയ മീമാംസയുടെ പഠനം പൂർത്തീകരിച്ചതുകൊണ്ട്, ബ്രഹ്മജിജ്ഞാസക്കു അധികാരിയാകുന്നതിനു ആവശ്യമായ വിവേകാദി മുമുക്ഷുത്വം വരെയുള്ള ആത്മീയ യോഗ്യതകൾ നേടിയിരിക്കകൊണ്ട്, പുരുഷാർത്ഥങ്ങളിൽ മോക്ഷമൊഴികെ മറ്റെല്ലാം സ്വായത്തമാക്കിയതുകൊണ്ട്, ഈശ്വരാനുഗ്രഹത്താൽ ശ്രോത്രീയനായ ഒരു ഗുരുവിനെ ലഭിച്ചതുകൊണ്ട് തുടങ്ങിയ അർത്ഥങ്ങളെ കല്പിക്കുന്നതിനു പകരം ബ്രഹ്മസൂത്രാധ്യയനത്തിന്റെ പ്രയോജനമെന്താണോ അതു സിദ്ധിച്ചശേഷം വീണ്ടും അന്വേഷണം നടത്തുന്നതായി പറയുന്നതു നിരർത്ഥകമാണ്.
സമാധാനം
അന്നം കർമം രതി സുഖം കരുണ തുടങ്ങിയവപോലെ ബ്രഹ്മജിജ്ഞാസയും ജന്മസിദ്ധവും അവകാശവുമാണ്. ഇവയ്ക്കൊക്കെ യോഗ്യത നിശ്ചയിക്കുന്നതു കാട്ടുകാളയ്ക്കു മൂക്കുകയറിടുന്നതു പോലെയാണ്. കാളയ്ക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ബ്രഹ്മാന്വേഷണത്തിനു യോഗ്യതയും അധികാരിത്വവും കല്പിക്കുന്നവർ യഥാർത്ഥത്തിൽ ബ്രഹ്മബോധമില്ലാത്ത ദ്വൈതവാദികളും പ്രയോജനൈകവാദികളും തന്നെ. ജഗത്തിനെ മായയായും താൻ പൂജിക്കുന്ന സങ്കല്പത്തിന്റെ സൃഷ്ടിയായും കാണുകയും ജഗത്തിനെ ജയിക്കാൻ ബ്രഹ്മജിജ്ഞാസയെ ഉപകരണമായും കല്പിക്കുന്നവർക്ക് സത്യം അവരവരുടെ വേദത്താലല്ലാതെ സമന്വയത്താൽ സാധ്യമാണെന്നറിയുകയില്ല. ബ്രഹ്മജ്ഞാനമോ ഈശ്വരകാരുണ്യമോ ലഭിച്ചതായി കരുതപ്പെടുന്നവർ മാത്രമാണ് അവർക്കിടയിലെ സമന്മാർ. അല്ലാത്തവരെല്ലാം മായാലീലയിൽ‌പ്പെട്ട അജ്ഞരോ ദുഷ്ടരോ അവിശ്വാസികളോ അഹങ്കാരികളോ അടിച്ചമർത്തപ്പെടുവാനോ കൃമിതുല്യരായി ജന്മമെടുക്കാനോ ഉള്ളവരോ മാത്രമാണ്. ഋഗാദി വേദം കമ്പോടു കമ്പു പഠിച്ച ഏതാനും പേർ മാത്രമാണ് ബ്രഹ്മജിജ്ഞാസയ്ക്ക് അധികാരികൾ എന്ന ചിന്ത മാനവികതയോടുള്ള അവഹേളനത്തിൽ കുറഞ്ഞ മറ്റൊന്നുമല്ല.
ബ്രഹ്മവും ബ്രഹ്മജ്ഞാനവും കേവലമെന്നു സങ്കല്പിക്കുന്നവർ അപ്രകാരം നിശ്ചയിക്കപ്പെടുന്നതിനു അതിന്റെ വിഷയം കടന്നു പോകേണ്ട അനേകം ശാസ്ത്രീയ പരീക്ഷകളെക്കുറിച്ചു ചിന്തിച്ചവരെ അഗ്നിയിൽ എരിയിക്കാനാണു ശ്രമിച്ചത്. വൈയക്തിയമായ അനുഭൂതിയായി ബ്രഹ്മജിജ്ഞാസയെ പരിമിതപ്പെടുത്താൻ ശ്രമിക്കുന്നവർ ബ്രഹ്മജിജ്ഞാസയേയും തങ്ങളുടെ തത്വശാസ്ത്രത്തേയും ഒരേ സമയം അധഃകൃതമാക്കുകയാണ്. അതിനാൽ സകല ജീവജാലങ്ങൾക്കും ബ്രഹ്മജിജ്ഞാസക്കർഹതയുണ്ടെന്ന നിലപാടല്ലാതെ മറ്റൊന്നും സ്വീകാര്യമല്ല. ബ്രഹ്മജിജ്ഞാസു സ്വയം താൻ മാത്രമല്ല നീയും അവനും അതുമെല്ലാം ബ്രഹ്മമാണെന്നറിയുക തന്നെ ചെയ്യുന്നു. ബ്രഹ്മസങ്കല്പങ്ങളുടെ വൈവിധ്യവും പഠനം ആവശ്യപ്പെടുന്നു.
പൂർവപക്ഷം 5
ബ്രഹ്മജ്ഞാനം ജന്മസിദ്ധമാണെങ്കിൽ ബ്രഹ്മജിജ്ഞാസക്കു പ്രസക്തിയില്ല.
സമാധാനം
അന്നം ഭുജിക്കാൻ എല്ലാ ജീവികൾക്കും അറിവും അവകാശവുമുണ്ടെങ്കിലും അന്നത്തിന്റെ ഉല്പാദനവും വിതരണവും അസമമായി നിയന്ത്രിക്കപ്പെട്ടിരിക്കകൊണ്ട് അനേകർ പട്ടിണിക്കിരയാകുന്നു. സുഗമമായ കർമം രതി സുഖം കരുണ ഇവയും തടയപ്പെട്ടിരിക്കുന്നു. ബ്രഹ്മജ്ഞാനത്തിനും ഇത്തരം പല നിയന്ത്രണങ്ങളും വന്നുകൂടിയതിന്റെ കുഴപ്പങ്ങളുണ്ട്. സമ്യക്കായ ബ്രഹ്മാന്വേഷണം ഒരേ സമയം ഇത്തരം കുഴപ്പങ്ങൾ പരിഹരിക്കാനും ജ്ഞാനാർജ്ജനം എളുപ്പമാക്കുവാനും സഹായിക്കുന്നു. എങ്ങിനെയെന്നാൽ ജ്ഞാനത്തിൻ ഫലം അധികജ്ഞാനലബ്ധിയും കർമത്തിൻ ഫലം കുശലകർമസിദ്ധിയും ധർമത്തിൻ ഫലം സകലസമത്വ ബുദ്ധിയും മോക്ഷത്തിൻ ഫലം സകലബന്ധനിവൃത്തിയുമെന്നപോലെ.
പൂർവപക്ഷം 6
ബ്രഹ്മാന്വേഷണത്തിന്റെ പ്രയോജനമെന്താണ്?
സമാധാനം
മരണാനന്തരം മോക്ഷം, സുഖാനുഭവം എന്നെല്ലാം പറയുന്നതു കളവാണ്. അവസാന പുരുഷാർത്ഥമായ മോക്ഷവും ധർമാർത്ഥകാമങ്ങളേപ്പോലെത്തന്നെ ഇഹത്തിൽ ഭുജിക്കേണ്ടതാണ്. മോക്ഷമെന്നത് അനിയന്ത്രിതമായ സ്വാതന്ത്ര്യം തന്നെ. മോക്ഷം സകലർക്കും ലഭ്യമാക്കുന്നതിനു പ്രധാന തടസ്സം അധികാര കേന്ദ്രീകരണമാണ്. അധികാരകേന്ദ്രങ്ങളോടുള്ള ഭീതി ബ്രഹ്മജ്ഞാനം അകറ്റും. ഭേദബുദ്ധി കുറയും. പരിമിതപൂർണിമയായ പ്രപഞ്ചത്തിലെ അളവറ്റ ജ്ഞാനവും സമ്പത്തുക്കളും ബ്രഹ്മജ്ഞാനം പുറത്തുകൊണ്ടുവരും. സകല അധികാരങ്ങളെയും വെല്ലുവിളിക്കാനുള്ള മഹാശക്തി ബ്രഹ്മജ്ഞാനിക്കു സിദ്ധിക്കും.
പൂർവപക്ഷം 7
നിൽക്കട്ടെ. ബ്രഹ്മം തന്നെ ഉണ്ടെങ്കിലല്ലേ ബാക്കി പറയേണ്ടതുള്ളൂ. അത് ആദ്യം തെളിയിക്കൂ.
സമാധാനം
യാതൊരു പദാർത്ഥവും ഉണ്ടോ എന്നു തെളിയിക്കുന്നതിനു മുമ്പ് അതെന്താണെന്നു കൃത്യമായി നിർവചിച്ചിരിക്കണം. അല്ലാതെയുള്ള ഖണ്ഡനമണ്ഡനങ്ങളെയെല്ലാം നേതി നേതി എന്നുത്തരം നൽകി നിഷ്ഫലമാക്കാനുള്ള വിദ്യ പൂർവന്മാർ സ്വായത്തമാക്കിയിട്ടുണ്ട്. അതിനിട കൊടുക്കാതെ ബ്രഹ്മമെന്താണെന്നു സൂത്രകാരൻ നിർവചിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi