അറുക്കുന്ന ആട്ടിൻ ചോരയുടെ മണം.
കോത പരിഭവിച്ചു.
“ഗുരുവിനു ഗുരു മാത്രമായിരുന്നുകൂടേ? ശിഷ്യനു ശിഷ്യനും? ഗുരുനിന്ദ, രാജനിന്ദ, ആചാരങ്ങളുടെ നിഷേധം”
“കുരുമുളകു തികയില്ല,“ കോയപ്പക്കി ആത്മഗതം ചെയ്തു, “അറബി നാട്ടീന്നു ഇരട്ടി ആവശ്യക്കാരുണ്ട്. ജോനകർക്കു കയറാവുന്ന കാടിത്തിരികൂടി വലുതായാൽ മതി.”
“കോയപ്പക്കി കാട്ടിൽ കയറിക്കോളൂ.”
“നിങ്ങ പോയി കിടന്നുറങ്ങിക്കോളി.”
കരിമ്പനക്കാട്ടിലൂടെ കോത തിരിച്ചു നടക്കുമ്പോൾ പെണ്ണിന്റെ നേർത്ത ചിരി കേട്ടു.
“തേതിയായിരിക്കും,” അയാൾ മുറുകി നടന്നു, “യക്ഷി.”
ചിത്ര പൌർണമി ആവാറായിരിക്കുന്നു. നാളും മുഹൂർത്തവും കോയപ്പക്കിക്കറിഞ്ഞുകൂടാ. കോതയ്ക്കുള്ളിൽ ഭീതി കയറി.
“നാദാപുരത്തു നിന്നും അവർ പുറപ്പെട്ടിരിക്കണം.”
നാദാപുരത്തെ നല്ലങ്ങാടിയിൽ തൂമ്പയും കൊഴുവും കിട്ടും. പരുത്തി നൂറ്റു മുണ്ടുണ്ടാക്കുന്നിടം. പട്ടും പാത്രവും വരത്തൻ അരിചരക്കുകളും പുതിയ കരിമ്പിൻ ചക്കരയും വാങ്ങി വരാഹനോ പണമോ കൊടുത്താലും ജോനകന്റെ മൊകം തെളിയില്ല. ഇഞ്ചിയോ കുരുമുളകോ വയനാടൻ മഞ്ഞളോ കിട്ടിയാൽ ഒന്നിനു പത്തും നൂറുമായി കണിക്കൊന്ന പോലെ പൂക്കും.
സാമൂരി കല്പിച്ചു ജോനകരാക്കിയ മുക്കുവക്കൂട്ടത്തിന്റെ തലവനായ നാദാപുരം മൂപ്പനു എപ്പോളും മുഴുത്ത മീൻ തന്നെ പിടിക്കണം. കോയപ്പക്കി സ്രാവാണ്. അപ്പൂപ്പൻ അറബി. കോയിക്കോട്ടങ്ങാടിയുടെ മൂപ്പര്. പത്തേമാരികളും പാണ്ടികശാലകളുമുള്ളവൻ. അനുസരിച്ചേ പറ്റൂ. പത്തു ജോനകരും ഒരു ചേകോനും പുലരും മുമ്പു തളിയിലേക്കു പുറപ്പെട്ടു കഴിഞ്ഞു, കൊല്ലാനും മരിക്കാനും.
ഒരു ആപേക്ഷിക ബഹുവാദിയാകയാൽ താങ്കൾ പറയുന്നതെല്ലാം ശരിയാണെന്നു ജീവബിന്ദുവിനു അറിയാമെങ്കിലും കൂടുതൽ മികച്ച അറിവിനായി അയാൾ പരിശ്രമിക്കുന്നു. താങ്കൾ അയാളുടെ ഗുരുവാണെങ്കിലും ശിഷ്യൻ കാലക്രമത്തിൽ ഗുരുവിനേക്കാൾ മികച്ചവനാകുമെന്നും അയാൾക്കറിയാം
2011, ജനുവരി 14, വെള്ളിയാഴ്‌ച
2011, ജനുവരി 10, തിങ്കളാഴ്‌ച
ഗുരു ശിഷ്യന്റെ ശിഷ്യനോ?
വാദം തുടങ്ങുന്നതിനു മുമ്പായി തിരുവേഗപ്പുറ ബ്രഹ്മാവിൽ നിന്നു തുടങ്ങുന്ന തന്റെ ഗുരുപരമ്പരയെ സ്മരിച്ച് ഒരു ശ്ലോകം ചൊല്ലി. ആ പരമ്പരയിലെ അവസാനത്തെയാൾ താനാണെന്നു വീമ്പിളക്കിക്കൊണ്ടൂ ശ്രീദാമന്റെ ഗുരുവാരാണെന്നു പറയുവാനാവശ്യപ്പെട്ടു.
“ഇപ്പോൾ അങ്ങാണെന്റെ ഗുരു. അതിനാൽ അങ്ങയുടെ അവകാശവാദം തെറ്റാണെന്നു തെളിഞ്ഞു.” ശ്രീദാമൻ ആരംഭിച്ചു, “എന്നെ സംബന്ധിച്ചിടത്തോളം അറിവ് ഒരു അനുസ്യൂതമായ പ്രക്രിയയാണ്. ഒഴുകുന്ന പുഴയ്ക്കു ഒന്നല്ല ഒരായിരം സ്രോതസ്സുകളുണ്ട്.”
‘നീ എന്റെ ശിഷ്യനാണെങ്കിൽ ഗുരുപരമ്പരയിലെ അവസാനത്തെ ഗുരു ഞാൻ തന്നെയായി. പുഴയ്ക്കു ആയിരത്തിലധികം സ്രോതസ്സുകൾ ഉണ്ടാകാമെന്നതിനാൽ ആയിരം സ്രോതസ്സുകളെന്ന ശ്രീദാമ വചനവും പൊളിയായി.”
“അങ്ങെന്റെ ഗുരുവാണെങ്കിലും അതിനർഥം ഞാൻ അങ്ങയുടെ ശിഷ്യനാണെന്നല്ല. കാരണം അങ്ങെന്നെ പഠിപ്പിക്കുന്നില്ല, എങ്കിലോ ഞാൻ അങ്ങിൽ നിന്നും സ്വയം പഠിക്കുകയാൽ അങ്ങെന്റെ ഗുരുവുമാകുന്നു. പുഴയുടെ ആഴങ്ങളിലേക്കു സ്വയം ജലമൊഴുകി വന്നെത്തുന്നതുപോലെ ആയിരം സ്രോതസ്സുകളിൽ നിന്നും അറിവ് അതു തേടുന്നവനിലേക്കെത്തിച്ചേരുന്നു. ആയിരത്തിൽ കുറയാത്ത മീനുള്ള പുഴയിൽ ആയിരം പുഴമീൻ കണ്ടുവെന്നതും ഒരുനാളും പൊളിയാകുന്നതല്ല.”
“പഠിപ്പിക്കാത്തതിനാൽ തന്നെ ഞാൻ നിന്റെ ഗുരുവുമല്ല, എന്നിൽ നിന്നു പഠിച്ചതിനാൽ നീ എന്റെ ശിഷ്യനുമത്രേ.“
“നിങ്ങൾ പറയുന്ന ഗുരുവും ശിഷ്യനും അറിവും എന്താണെന്നു ഞാൻ അറിയുന്നില്ല. അവ നിർവചിക്കാതെ നാം ഇനി മുമ്പോട്ടു പോകേണ്ടതില്ല,“ പയ്യൂർ ഭട്ടതിരി തീർപ്പു കൽപ്പിച്ചു, “ആരാണു ഗുരു?”
“ബ്രഹ്മാവും വിഷ്ണുവും പരമേശ്വരനും പരബ്രഹ്മവും ഗുരുക്കന്മാരാണ്. ഗണപതിയും സരസ്വതിയും മുപ്പത്തിമുക്കോടി ദേവഗണങ്ങളും അപ്രകാരം തന്നെ. മാതാപിതാക്കളും ആചാര്യന്മാരും വിദ്യനൽകുന്നവരും സതീർഥ്യരും കാലം പോലും ഗുരുക്കന്മാരാണ്,” തിരുവേഗപ്പുറ ഉപക്രമമായി പറഞ്ഞു, “ഗുരുവാരല്ലെന്നു ഇനി ശ്രീദാമൻ പറയട്ടെ.”
“ഞാൻ ദർശിക്കുകയൊ സങ്കൽപ്പിക്കുകയോ ചെയ്യാത്ത സകല ചരാചരങ്ങളും എനിക്കു ഗുരുക്കന്മാരല്ല. എങ്കിലും അവരൊന്നും എനിക്കു ഗുരുക്കന്മാരല്ലാതെ ഭവിക്കുകയുമില്ല. ശൂന്യതയിലും അഭാവത്തിലും എനിക്ക് ഗുരുക്കന്മാരുള്ളതുപോലെത്തന്നെ അവയെന്റെ ഗുരുക്കന്മാരുമല്ല,“ ശ്രീദാമൻ പറഞ്ഞൊപ്പിച്ചു.
“അവ്യക്തത മാറുന്നില്ല. അവ്യാപ്തിയോ അതിവ്യാപ്തിയൊ ഇല്ലാത്ത നിർവചനമെവിടെ? മധ്യസ്ഥനു തൃപ്തി വരുന്നില്ല.
“ഗുരുവാരെന്നു ഞാൻ പറഞ്ഞ സ്ഥിതിക്കു അതിന്റെ നിർവചനം എന്റെ എതിരാളി പറയട്ടെ,“
ശ്രീദാമൻ വീണ്ടും കണ്ണുകളടച്ചു ചുണ്ടനക്കി, “നീയാണു ഗുരു; ഞാൻ ശിഷ്യൻ; നമുക്കിടയിലെ സംവാദം അറിവ്.”
“അതാണു ശരിയെങ്കിൽ നീയെന്റെ ഗുരുവാണ്, അതല്ലാതെ നീ അവകാശപ്പെട്ടപോലെ ഞാൻ നിന്റെ ഗുരുവല്ല; ശിഷ്യനാണ്.” നാരായണൻ തർക്കമുന്നയിച്ചു.
“അങ്ങെന്നിലും ഞാൻ അങ്ങിലും വസിക്കുമ്പോൾ നമുക്കിടയിൽ ആരും ഒന്നും പഠിപ്പിക്കുന്നില്ല. സകലവും സ്വയം വെളിവാക്കപ്പുടുന്നു.” ശ്രീദാമൻ സമാധാനം നൽകി.
“ഭേദമാണു ഗുരുശിഷ്യ ബന്ധത്തിനു കാരണമെന്നു വാദമുണ്ടോ?” പയ്യൂർ തിരക്കി.
“ഭേദത്തിൽ അഭേദവും അന്തർലീനമായിരിക്കുന്നു.”
“അങ്ങനെയെങ്കിൽ ശിഷ്യൻ ഗുരുവിന്റെ ഗുരുവാകുമോ?” തിരുവേഗപ്പുറ ഇടപെട്ടു.
“മാത്രമല്ല ഗുരു ശിഷ്യന്റെ ശിഷ്യനും,“ ശ്രീദാമൻ ഉരുവിട്ടു.
“അസംബന്ധം.“
“സത്യമാണത്,“ ഋഷി ഇടപെട്ടു,“എനിക്കനുഭവമുണ്ട്.”
പയ്യൂർ പട്ടേരി പക്ഷേ വൈക്ലബ്യത്തോടെ കൂട്ടിച്ചേർത്തു, “തർക്കം ഇവിടെയെത്തുമ്പോൾ അജ്ഞത മാറി എനിക്കെന്തൊക്കയോ അറിയാമെന്നു തോന്നുന്നു. ആയതിനാൽ മധ്യസ്ഥസ്ഥാനത്തിരിക്കുവാൻ ഞാനിനി യോഗ്യനല്ല,‘ പട്ടേരി എഴുന്നേറ്റു വീട്ടിലേക്കു നടന്നു. തർക്കം ഇടയ്ക്കു മുറിഞ്ഞതിൽ നീരസം തോന്നിയ ഒരു കഴകക്കാരൻ തൊഴുകൈകളുമായി ബ്രാഹ്മണരെ അഭിസംബോധന ചെയ്തു, “പയ്യൂർ പട്ടേരിക്കെന്തോ അത്യാവശ്യം കാണും. സദ്യക്കിലവെക്കേണ്ട നേരവുമായി. ഇനിയൊക്കെ നാളെ.”
2011, ജനുവരി 1, ശനിയാഴ്‌ച
പയ്യൂരില്ലത്തെ ഋഷി ഭട്ടതിരിപ്പാട്
വായുവിലേക്ക് അംബരപിയൂഷം ചൊരിഞ്ഞു കൊണ്ടിരുന്ന പേരാലിൻ തണലിലേക്ക് അണഞ്ഞ കുളിർത്തെന്നൽ തറയിലിരുന്നവർക്കു ശാന്തിയും ശ്രദ്ധയും വിശ്രാന്തിയും പ്രദാനം ചെയ്തു. ചഞ്ചലമാനസരിലാകട്ടെ നിഗൂഢകുടിലതകൾ തളിരിടുകയും ചെയ്തു. മഹേശ്വരനെ തൊഴുതു വലംവച്ചു വന്നവർ മിനുക്കിയ വെട്ടുകല്ലു പാകിയ ആൽത്തറ കേറിയിരുപ്പു തുടങ്ങി. രസികർ വെടിവട്ടവും തരമാക്കി. അടി നോക്കി യാമമറിയാനിറങ്ങിയ ഒരു പൊട്ടഭട്ടരു നേരമായെന്നു തലയാട്ടിയപ്പോൾത്തന്നെ സൂര്യന്റെ ദിക്കിൽ നിന്നും ആദിത്യനും സംജ്ഞയും പോലെ ശ്രീദാമനും സിംഹികയും വരവായി. ജ്ഞാനികളുടെ നിഴലിനെ പിടിച്ചെടുക്കുന്ന ഈ സിംഹികയ്ക്കു യഥാർഥ ജ്ഞാനിയെ തൊടാനാകില്ലെന്നു വെളിവാക്കും വണ്ണം ശ്രീദാമനു പുറകിൽ അവൾ സ്വയം നിഴലായി ഭവിച്ചു. ജ്ഞാനികൾ എന്താണോ അതല്ല അവരുടെ ജ്ഞാനം. അതറിഞ്ഞതിനാൽ ദിഗംബരയായ അവൾ അഷ്ടദിക്കുക്കൾക്കും അലങ്കാരമായി ചമഞ്ഞു. സ്വയം പരിഹാസ്യരായി ആൾക്കൂട്ടത്തിലിരുവരായി അവർ തിരുവേഗപ്പുറ നാരായണ ഭട്ടതിരിയുടെ തിരുമുമ്പിൽ ഇരിക്കാൻ പോലും ഇടമില്ലാതെ നിന്നു. ഒരു നമ്പൂരി ആക്കിക്കൊണ്ടു പറഞ്ഞു, “സാമൂരി സദസ്സിലെ കവിയാണു പട്ടേരി. യോഗ്യത തെളിയിച്ചിട്ട് അവിടുത്തെ തിരുമുമ്പിലിരുന്നാൽ മതി.“
നിഴലിൽ നിന്നു നീങ്ങിവന്നുകൊണ്ടു ദിഗംബര മൊഴിഞ്ഞു, “പൃഥ്വീദേവി നിൽക്കാനും ഇരിക്കാനും സകലർക്കും ഒരേ ഇടമാണു നൽകിയിട്ടുള്ളത്. ഈ ആലും തന്റെ അനുഗ്രഹങ്ങൾ സകലരും ഒന്നുപോലെ അനുഭവിക്കണമെന്നിച്ഛിക്കുന്നു. എന്നാൽ ഈ ആലിനു തറ പണിതയാൾ അഹങ്കാരത്തിനു കൂടിയാണ് ആരൂഢമൊരുക്കിയിട്ടുള്ളത്. ആരോ എന്നോ പണിത ഒരു തറയുടെ മേൽ സ്വന്തം അഹന്ത കെട്ടിപ്പൊക്കാൻ തക്ക കാമ്പില്ലാത്തവനല്ല ശ്രീദാമൻ. സർവം സഹയായ ദേവീ, പാദസ്പർശം ക്ഷമിച്ചാലും.”
ഇരു കൈകളും കൂപ്പി തല കുനിച്ച് ഭട്ടതിരിയെ തൊഴുത് ശ്രീദാമൻ അദ്ദേഹത്തിന്റെ കാൽക്കലിരുന്നു, ഉപനിഷത്തുക്കളിലെ അവ്യക്ത സൂചനകളെ ദർശനമാക്കി സ്വാംശീകരിക്കുന്ന ബ്രഹ്മചാരിയെപ്പോലെ ജാഗ്രതയോടെ കണ്ണുകളടച്ച് അകക്കണ്ണു തുറന്നു അയാൾ. അപ്പോൾ സിംഹിക പറയുന്നതു കേട്ടു.
“വാദം തുടങ്ങട്ടെ. രണ്ടു അജ്ഞർ തമ്മിലുള്ള സംവാദം സത്യത്തിലേക്കു നയിക്കുമോ? ഇതാണ് വിഷയം”
“എന്തു വിഷയമാണിത്? വേദോപനിഷദ്പ്രസിദ്ധമല്ലാത്തതൊന്നും ആധികാരികമല്ലാത്തതിനാൽ അവ വാദവിഷയവുമാക്കിക്കൂടാ.” ആരോ വിമർശിച്ചു.
“അനുമാനം പ്രമാണമാണെല്ലാവർക്കും. അതിനാൽ തർക്കം സാധുവാണ്.” ഉത്തരവുമുണ്ടായി.
“അനുമാനത്തിനു സ്വയം പ്രവർത്തിക്കാനാകില്ല, മറ്റു പ്രമാണങ്ങളെ അടിസ്ഥാനമാക്കിയേ അതു മുന്നേറൂ.”
“അതിനു പ്രത്യക്ഷമുണ്ട്.”
“തർക്കം നാം തമ്മിലല്ല. അവരതു തീർക്കട്ടെ.”
“ഏതിനും ഒരു മധ്യസ്ഥൻ വേണം. അയാൾ ജ്ഞാനിയായിരിക്കുകയും വേണം”
“അതസാദ്ധ്യമാണ്. അജ്ഞതയുടെ പ്രശ്നം അവസാനമായി ഒരു ജ്ഞാനിയുടെ തീരുമാനതിനു വിടാനാകില്ല. കാരണം അവസാനം ജ്ഞാനി ജ്ഞാനിയുടെ തന്നെ പക്ഷം പിടിക്കും,“ സിംഹിക തീർത്തു പറഞ്ഞു.
“എങ്കിൽ ഏതെങ്കിലും ഒരു അജ്ഞാനി മധ്യസ്ഥനായിരുന്നു കൊള്ളട്ടെ. പക്ഷേ അവസാനം അജ്ഞാനി അജ്ഞാനിയുടെ തന്നെ പക്ഷം പിടിക്കാനിട വരരുത്,” തർക്കത്തിൽ ഹരം കയറിയ തിരുവേഗപ്പുറ തിരിച്ചടിച്ചുകൊണ്ടു കൂട്ടിച്ചേർത്തു, “മധ്യസ്ഥനാവാൻ ഏതു അജ്ഞാനിക്കും മുമ്പോട്ടു വരാം; അയാൾ താൻ സ്വയമൊരു അജ്ഞാനിയാണെന്നു സമ്മതിക്കുന്ന പക്ഷം.”
സദസ്സു ചിരിച്ചു. ആർത്തു ചിരിച്ചു. പക്ഷേ ബ്രാഹ്മണരുടെ കൂട്ടത്തിൽ നിന്നു തന്നെ ഒരേ സമയം ഉറച്ചതും വിനയപൂർണ്ണവുമായ ഒരു അശരീരീ കേട്ടു, “ഞാനുണ്ട്.”
അശരീരിയുടെ പുറകേ ശരീരം പ്രത്യക്ഷമായപ്പോൾ സകലരും ആദരപൂർവം വഴിയൊഴിഞ്ഞു കൊടുത്തു. പയ്യൂരില്ലത്തെ ഋഷി ഭട്ടതിരിപ്പാടിന്റെ കുലീനമായ ദൃഷ്ടി തന്റെ മേൽ പതിയുന്നതു കണ്ട തിരുവേഗപ്പുറ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കൈ കൂപ്പി. മറുപടിയായി ഋഷി മൊഴിഞ്ഞു.
“പുതിയതായി എന്തു പഠിക്കാനിരിക്കുമ്പോളും എനിക്കൊന്നുമറിഞ്ഞു കൂടാ എന്നെനിക്കു തോന്നാറുണ്ട്. പഠിച്ചു കഴിഞ്ഞാലോ ഏതാണ്ടൊക്കെ ആയി എന്നും തോന്നും. പിന്നെയും പഠിക്കാനിരിക്കുമ്പോൾ വീണ്ടും അറിവില്ലാത്തവൻ. ഇങ്ങനെ ജ്ഞാനത്തിനും അജ്ഞാനത്തിനും ഇടയിൽ നിരന്തരം ആന്ദോളനം ചെയ്കയാൽ ഇവിടെ കയറി മധ്യസ്ഥനാവാൻ ഒട്ടും മടി തോന്നുന്നില്ല.”
ഒരു നിശബ്ദതക്കു ശേഷം അദ്ദേഹം വീണ്ടും ചുണ്ടനക്കി, “വാദം തുടങ്ങുകയല്ലേ?”
വാദം തുടങ്ങുക തന്നെ ചെയ്തു
പോസ്റ്റ് ചെയ്തത്
ജീവബിന്ദു
ല്
8:34 PM
2
അഭിപ്രായ(ങ്ങള്)


ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്:
ഋഷി ഭട്ടതിരിപ്പാട്,
പയ്യൂരില്ലം,
സിംഹിക,
Payyur Illam,
Rishi Bhattatiri,
Simhika
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)