2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

നീയും ഗുരുവും അനന്തതയും ദർശനവും

ആരോരുമറിയാതെ രാവു വന്നതോ ആരാരുമറിയാതെ പകൽ പോയതോ എന്നു ആരുമന്നു ചോദിച്ചില്ല. സകലം ഋതംഭരം എന്നകക്കാമ്പിലുറച്ചു ഊട്ടുപുരയുടെ പുറന്തളത്തിലെ ചതുർദ്ദശി നിലാവുണ്ട് നമ്പൂരിക്കൂട്ടം വാദശേഷമുള്ള വിവാദമാരംഭിച്ചു.

ജ്യോതിശ്ശാസ്ത്രത്തിലെ ഗണിതപാദത്തിൽ വായനയുറച്ച ഒരു ഉണ്ണിനമ്പൂരി തുടക്കമിടാൻ ഓന്നാഞ്ഞപ്പോളേക്കും ഓതിക്കൻ അവന്റെ കുടുമ്മക്കു പിടിച്ചു. അടുത്ത പിടി ചെവിക്കു വരുമെന്നറിയാവുന്നതുകൊണ്ടു ചെറുക്കൻ അസാരം മാറിയിരുന്നു വാശിയോടെ പറഞ്ഞു തുടങ്ങി.“ശിഷ്യൻ ഗുരുവിന്റെ ഗുരുവായതു കൊണ്ട് എന്റെ ചെവിക്കു പിടിച്ചാൽ ഗുരുശാപം നിശ്ചയം!“

“നീ ഗുരുവാകുമ്പോൾ ഗുരു ശിഷ്യന്റെ ശിഷ്യനായതുകൊണ്ട് നിന്റെ ശിഷ്യൻ നിന്റെ ചെവിക്കു പിടിക്കുമെന്നതു സുനിശ്ചിതം.“

നൈയായികനെയിതു അസാരം രസിപ്പിച്ചതുകൊണ്ട് അയാൾ പയ്യനെ പ്രോത്സാഹിപ്പിച്ച് ഉര ചെയ്തു, “ഉണ്ണീ, നിന്റെ തർക്കം വിസ്തരിച്ചോളൂ.”

ഉണ്ണി അവസരത്തിനൊത്തുയർന്നു.

“ഗുരു, ശിഷ്യൻ എന്നിങ്ങനെ രണ്ടു സങ്കൽ‌പ്പങ്ങളേ ഇവിടെയുള്ളൂ. അവയെ ഷഷ്ഠീ വിഭക്തികൊണ്ടു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സംബന്ധമല്ലാതെ ഷഷ്ഠിശേഷെയൊന്നും പ്രസ്തുതത്തിൽ യോജിക്കുന്നുമില്ല. അസ്തി എന്ന ഒരു സത്താദ്യോതക പദവും നിശബ്ദമായുണ്ടെന്നു ലകാരവാദികൾക്കു പറയാം. അതിനാൽ ഗണിത രീത്യാ നോക്കുമ്പോൾ ഗുരു പദത്തിനു ശിഷ്യന്റെ ശിഷ്യൻ എന്നും മറിച്ചും പകരം വയ്ക്കാം. അങ്ങനെ ശിഷ്യൻ ഗുരുവിന്റെ ഗുരു എന്ന വാക്യം ശിഷ്യൻ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യൻ എന്നും ആയതിന്റെ അവസാന ശിഷ്യ പദത്തെ വീണ്ടും ഗുരുവിന്റെ ഗുരു എന്നും അതിലെ ഗുരുവിനെ ശിഷ്യന്റെ ശിഷ്യൻ എന്നും പകരം വച്ചാൽ ശിഷ്യൻ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യൻ എന്നുമായിത്തീരും. ഈ പ്രക്രിയ തുടരുന്നമുറയ്ക്കു ശിഷ്യൻ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ ശിഷ്യന്റെ എന്ന ചങ്ങല നീണ്ടുനീണ്ടങ്ങനെ പോകും.”

അദ്വൈതവേദാന്തി ഇടയിൽ കയറി, “നിങ്ങൾ എല്ലാം തല തിരിച്ചേ പറയൂ. ഉള്ളതിനെ ഇല്ലാത്തതായും ഇല്ലാത്തതിനെ ഉള്ളതായും പറയുന്ന ഒരു ശീലം നൈയായികർക്കുണ്ട്. ശിഷ്യൻ എന്ന പദത്തിനു ഗുരുവിന്റെ ഗുരു എന്നും മറിച്ചും അർത്ഥം കൊടുക്കണം. അപ്പോൾ ശൃംഖല ഗുരു ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ എന്നു തുടങ്ങുന്നതായി കാണാം. അതിനാൽ ഗുരു മാത്രമേ സത്യത്തിൽ നിലനിൽക്കുന്നുള്ളൂ. ശിഷ്യൻ മിഥ്യയാണ്. എന്നാലോ മുന്നിൽ ശിഷ്യരെ കാണുന്നു എന്ന ഭ്രമത്തിൽ നിന്നു മോചിതരാകാത്തതിനാൽ നിങ്ങൾ സാക്ഷാൽ അനന്തവും അദ്വൈതവും അനുസ്യൂതവുമായ ഗുരുവിനെ ദർശിക്കുന്നില്ല, പകരം എണ്ണമറ്റ ശിഷ്യരെ മോഹത്താൽ ബാധിക്കപ്പെട്ട് വിവർത്ത രൂപത്തിൽ ദർശിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ അകത്തേക്ക് നോക്കി സ്വയം ഗുരുവാണെന്നറിയുക. അപ്പോൾ ഗുരുവും ഞാനേ ശിഷ്യനും ഞാനേ എന്ന നില വരും. രണ്ടും രണ്ടല്ല. അതു മാത്രമാണു സത്യം.”

“ഇതിൽ ശൃംഖലയുടെ ആദ്യത്തിലുള്ള ഗുരുവും അനന്തമായ ആവർത്തനങ്ങൾക്കു ശേഷമുള്ള ഗുരുവും ഒന്നല്ല. എന്തെന്നാൽ പ്രത്യക്ഷത്തിനു വിപരീതമായ നിഗമനങ്ങൾ സത്യമല്ല. ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ എന്ന ശൃംഖല ഭൂതകാലത്തിലേക്കും ആദികാരണത്തിലേക്കും നയിക്കുന്നതായേ ദർശിക്കപ്പെടുന്നുള്ളൂ. അതിനാൽ അറിവിനാദികാരണമായ ഗുരുവും അവിടുത്തോടു ഞാൻ സംസാരിക്കുമ്പോൾ മാംസരൂപത്തിൽ ഞാൻ ദർശിക്കുന്ന അങ്ങെന്ന ഗുരുവും വ്യത്യസ്തരാണ്. എങ്കിലും രണ്ടും ഗുരു തന്നെ. ആദ്യ ഗുരുവിന്റെ പാഠങ്ങൾ തന്നെ പിന്നത്തെ ഗുരുക്കന്മാരും ആവർത്തിക്കുന്നു, അതിനാൽ ഗുരു രണ്ടെങ്കിലും രണ്ടല്ല; ഒന്നെങ്കിലും ഒന്നുമല്ല; എന്തെന്നാൽ അറിവ് ആ ആദിമമായ ഒന്നു മാത്രം, അതു പുറപ്പെടുന്ന വക്ത്രങ്ങൾ അനേകം.” വിശിഷ്ടാദ്വൈതി വാദം ഭേദപ്പെടുത്തി.

“ഗുരു ശൃംഖലയിലെ ഓരോ കണ്ണിയും വ്യത്യസ്തമത്രേ. ആദികാരണമായ ഗുരുവോ ഈ ശൃംഖലയ്ക്കു പുറത്തുള്ളവൻ. അദ്ദേഹം ഞങ്ങളുടെ പൂർവപിതാമഹന്മാരുടെ ആരാധനാപാത്രമയിരുന്ന ആ സാക്ഷാൽ ഏകനാമിയായ സഹസ്രനാമൻ തന്നെ. ഇതത്രെ ദ്വൈതമതം.”

കേട്ടു മടുത്ത കണികാവാദിയായ ഒരു ചാർവാകാനുകൂലി തന്റെ ആത്മനിഷ്ഠ നിലപാടു വ്യക്തമാക്കിക്കൊണ്ടു പറഞ്ഞു തുടങ്ങി, “ഗുരു ശിഷ്യന്റെ ശിഷ്യനാകുമ്പോൾ ഒരാൾ തന്നെ ശിഷ്യനും ഗുരുവുമായിത്തീരുന്നു. എന്നാൽ ഒരേ സ്ഥലകാലങ്ങളിൽ ഒരാൾക്കു രണ്ടായിരിക്കാൽ സാധ്യമെന്നു കരുതാവുന്നതല്ല. അസ്തിത്വത്തിന്റേതായ ഒരു നിമിഷത്തിൽ ഒരാൾ ഒന്നുകിൽ ഗുരു അല്ലെങ്കിൽ ശിഷ്യൻ മാത്രം. അയാൾ എന്തായിത്തീരാൻ അപ്പോൾ ഇച്ചിക്കുന്നുവോ അതു മാത്രമാണ് അയാൾ. സ്വയം തെരഞ്ഞെടുക്കേണ്ട ദ്വന്ദങ്ങളുടെ തടവറയിലാണ് വ്യക്തി. ഗുരുവോ ശിഷ്യനോ എന്ന പ്രശ്നത്തിലായിരിക്കേ അതല്ലാതെ മറ്റെന്തെങ്കിലും ആകാൻ കഴിയാത്തവൻ സ്വതന്ത്രനല്ല. ആദ്യം പരിമിതികളിൽ നിന്നും സ്വതന്ത്രനാകുന്നവനു മാത്രമേ ശരിയായി അറിയാൻ പോലുമാകൂ. അറിയാനറിയാത്തവനു ഗുരുവോ ശിഷ്യനോ ആകാൻ കഴിയില്ല.”

“ഗുരു ശിഷ്യന്റെ ശിഷ്യൻ അഥവാ ശിഷ്യൻ ഗുരുവിന്റെ ഗുരു സ്വതവേ ഒരു പരിമിതിയും അനന്തതയും പൂർണിമയുമാണ്. എന്തെന്നാൽ ഗുരു, ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരു, ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരു എന്നിങ്ങനെ അനതതയോളവും അതിനപ്പുറവും അതിനു നിലനിൽ‌പ്പുണ്ട്. അത് ഒരേ സമയം ഏകവും അനേകവുമാണ്. പരിമിതവും അപരിമിതവും അനന്തവുമാണ്.” ഗണിതജ്ഞൻ വെളിപ്പെടുത്തി.

“ഗുരു ശൃംഖലയുടെ വികാസത്തിന്റെ ഓരോ ഘട്ടത്തിലും അന്തിമപദത്തിൽ ഗുരു, ശിഷ്യൻ, ശിഷ്യൻ, ഗുരു, ശിഷ്യൻ, ശിഷ്യൻ, ഗുരു, ശിഷ്യൻ, ശിഷ്യൻ, ഗുരു എന്നീക്രമത്തിലാണ് വികാസം. ശിഷ്യ സങ്കല്പമില്ലാതെ ഗുരു ശൃംഖല അസാധ്യമെന്നു ഇതിനാൽ വെളിവാകുന്നു. അതിനാൽ ഗുരു ഏകനും അവികാരിയും നിർഗുണനും ആയിരിക്ക വയ്യ. അറിവിന് ആദികാരണമായി അതിനാൽ ഗുരുവിനെ സങ്കല്പിക്കുന്നതും തെറ്റാണ്” മധ്യമാർഗിയായ ഒരു പ്രച്ഛന്ന ബൌദ്ധൻ ഇടപെട്ടു.

“ശ്രീദാമന്റെ അടിസ്ഥാന സങ്കല്പം ഗുരുവോ ശിഷ്യനോ അല്ല, പകരം നീയും ഞാനുമാണ്. ഗുരുവും ശിഷ്യനും ഒരു ആരോപം മാത്രം. അതിനാൽ ശൃംഖല നീ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ നിന്റെ എന്നു മാത്രമാണ്. ഇതിൽ ആദ്യത്തെ നീ ഒന്നായും പിന്നീടുള്ള നീകളെ രണ്ട് മൂന്ന്, നാല് എന്നിങ്ങനെ അനന്തമായും എണ്ണിയാൽ ഓരോ ഒറ്റ സ്ഥാനത്തേയും നീ മാത്രമാണു യഥാർത്ഥത്തിൽ നീ. ഇരട്ട സ്ഥാനത്തുള്ളതെല്ലാം ഞാൻ മാത്രം,”ഒരു താർക്കികൻ വ്യക്തമാക്കി.

“ഒരു വാക്യത്തിന്റേയും അർത്ഥം അതിന്റെ പദങ്ങളിൽ നിന്നും പദാർഥങ്ങളിൽ നിന്നും വെളിവാക്കപ്പെടുകയില്ല. വാക്യം വർണ്ണങ്ങളും അക്ഷരങ്ങളും വാക്കുകളും ശബ്ദങ്ങളും സംഗീതവും, ധ്വനികളും, അർഥങ്ങളും അർഥഭേദങ്ങളും അനർഥങ്ങളും രൂഢികളും ചൊല്ലുകളും സന്ദർഭങ്ങളും പ്രയോഗങ്ങളും വൃത്തങ്ങളും അലങ്കാരങ്ങളും ഭാഷയും ഭാഷാഭേദങ്ങളും സ്മരണകളും വൃത്തികളും വികാരങ്ങളും ദേശ്യങ്ങളും ശീലങ്ങളും സംസ്കാരങ്ങളും അറിവും ദർശനങ്ങളും സാങ്കേതികതകളും അങ്ങനെ പ്രപഞ്ചത്തിൽ ജ്ഞേയമായിട്ടെന്തെല്ലാമുണ്ടോ അതെല്ലാം ചേർന്നതാണ്. അനേകം വാക്യങ്ങളും അവ ചേർന്ന ഖണ്ഡികകളും താളുകളും ഗ്രന്ഥമെഴുതുന്ന മാധ്യമവും മഷിയും വായിക്കുന്ന കണ്ണും മനസ്സും സ്മരണവും ബുദ്ധിയും വ്യക്തിയും ചർച്ച ചെയ്യുന്ന സമൂഹവും ചേർന്നതാണ് ഒരു പുസ്തകം. അതിനുമപ്പുറത്താണ് ഒരു ആശയം. ഇപ്രകാരം വർണബ്രഹ്മത്തിൽ നിന്നും ആശയപ്രപഞ്ചത്തേക്കുള്ള ശ്രീദാമന്റെ ഒരു മുന്നേറ്റത്തെ ഗുരു ശിഷ്യൻ എന്നീ രണ്ടു പദങ്ങളിൽ ഒതുക്കിയിടുന്നതു ശരിയല്ല” വൈയാകരണൻ തന്റെ നയം വ്യക്തമാക്കി. വ്യാകരണം പതിവുപോലെ സകല സാഹിത്യഗുണങ്ങളെയും ശുഷ്കമാക്കുമെന്നു ഭയന്നു സകല വിവാദങ്ങളും പിറ്റന്നേക്കു മാറ്റിക്കൊണ്ട് അമ്പലവാസിനികളെക്കുറിച്ചു സൂരി നമ്പൂരി തുടങ്ങിവച്ച വെടിവട്ടം ആ ഗുരുശിഷ്യഗണങ്ങൾക്കുള്ളിലെ സംവാദവും അറിവുമായി ഭവിച്ചു.

അപ്പോൾ തിഥി നാദാപുരത്തുനിന്നു വന്ന അക്രമിക്കൂട്ടത്തെപ്പോലെ തന്നെ കരിമ്പനക്കാട്ടിലേയ്ക്കും പൌർണമിയായി പ്രവേശിച്ചു.

8 അഭിപ്രായങ്ങൾ:

നിരസ്തന്‍ പറഞ്ഞു...

പ്രിയ ഗുരോ,
സാധാരണ രീതിയില്‍ ഗുരു ശിഷ്യന്റെ ശിഷ്യന്‍ ആകാനുള്ള കാരണം എന്താണെന്ന് ലളിതമായി പറയാമോ?

ഒരാള്‍ ൧ എന്നയാള്‍ ൨ എന്നയാളുടെ ഗുരുവായിരിക്കുന്നത് ൨ എന്നയാള്‍ ൧ എന്ന ആളില്‍ നിന്നും ഏതെങ്കിലും അറിവ് നേടിയെടുക്കുമ്പോഴാണല്ലോ?, ഇവിടെ ഗുരു ൧ ആണല്ലോ?, പക്ഷെ ൧ എന്നയാള്‍ ൨ എന്ന ആളില്‍ നിന്നും എന്തെങ്കിലും നേടിയെടുക്കുമ്പോള്‍ ൨ ഗുരു ആകുന്നുണ്ടല്ലോ? അപ്പൊ ഗുരു, ഗുരുവിന്റെ ഗുരുവും, ശിഷ്യന്‍ ശിഷ്യന്റെ ശിഷ്യനും ആകുന്നുണ്ടല്ലോ? ൧ ന്റെ സ്ഥായിയായ ഭാവം പറയാമോ? അതോ ൧ നു സ്ഥായിയായ ഒരു ഭാവം ഇല്ലെന്നുണ്ടോ?

സ്നേഹപൂര്‍വ്വം
- നിരസ്തന്‍ -

നിരസ്തന്‍ പറഞ്ഞു...

പ്രിയ ഗുരോ,
ഈയുള്ളവന്‍ ഉന്നയിച്ചത് വിഡ്ഢിത്തമാണെന്നുണ്ടെങ്കില്‍ ദയവായി ക്ഷമിക്കൂ....

ക്ഷമാപണത്തോടെ
- നിരസ്തന്‍ -

ജീവബിന്ദു പറഞ്ഞു...

ആദരണീയനായ ഗുരോ,
രണ്ടു മാന്യ വ്യക്തികൾ സംവാദത്തിലേർപ്പെടുമ്പോൾ ഒന്നാമനും രണ്ടാമനും ഒരുപോലെ ഞാൻ, നീ എന്നീ പദങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു. ഇവരിൽ സ്ഥായിയായി ഞാൻ എന്ന പദം ഉപയോഗിക്കാൻ ആർക്കാണോ അർഹത അയാൾക്കത്രേ സ്ഥായിയായി ശിഷ്യനായിരിക്കാൻ അർഹത. സ്ഥായിയായി നീ എന്ന പദത്താൽ അറിയപ്പെടാൻ ആർക്കാണോ അർഹത അയാൾക്കത്രേ സ്ഥായിയായി ഗുരുവായിരിക്കാൻ അർഹത.
൧ എന്നയാള്‍ ൨ എന്നയാളുടെ ഗുരുവായിരിക്കുന്നത് ൨ എന്നയാള്‍ ൧ എന്ന ആളില്‍ നിന്നും ഏതെങ്കിലും അറിവ് നേടിയെടുക്കുമ്പോളാണ്. ഇവിടെ ഗുരു ൧ ആണ്. ശിഷ്യൻ ൨ ഉം പക്ഷെ ൧ എന്നയാള്‍ ൨ എന്ന ആളില്‍ നിന്നും എന്തെങ്കിലും നേടിയെടുക്കുമ്പോള്‍ ൨ ഗുരു ആകുന്നുണ്ടല്ലോ? അപ്പോൾ എന്തു സംഭവിക്കും?
൨ എന്നയാള്‍ ൧ എന്ന ആളില്‍ നിന്നും ഏതെങ്കിലും അറിവ് നേടിയെടുക്കുമ്പോൾ
൧ = ഗുരു
൨= ശിഷ്യൻ
അതുകൊണ്ട് ൨ = ൧ന്റെ ശിഷ്യൻ
൧ എന്നയാള്‍ ൨ എന്ന ആളില്‍ നിന്നും എന്തെങ്കിലും നേടിയെടുക്കുമ്പോൾ
൨ = ഗുരു
൧= ശിഷ്യൻ
അതുകൊണ്ട് ൨ = ൧ന്റെ ഗുരു
അപ്പോൾ ൨= ൧ന്റെ ശിഷ്യൻ = ൧ന്റെ ഗുരു
അതായത് ൧ന്റെ ശിഷ്യൻ = ൧ന്റെ ഗുരു
അതായത് ശിഷ്യൻ = ഗുരു
ഒരാൾക്ക് ഒരേ സമയം ഗുരുവും ശിഷ്യനും ആയിരിക്കുക സാധ്യമല്ല.
അതിനാൽ ൨നു സ്ഥായിയായ ഒരു ഭാവം ഇല്ല. ഇതു തന്നെ ൧ന്റെയും സ്ഥിതി.
അതുകൊണ്ട് ഗുരോ, അങ്ങെന്നെ ഗുരുവെന്നു വിളിച്ചതിനു ഞാൻ മാപ്പു ചോദിക്കുന്നില്ല.

നിരസ്തന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിരസ്തന്‍ പറഞ്ഞു...

പ്രിയ ഗുരോ...
ഗുരു = ശിഷ്യന്റെ ശിഷ്യന്‍ , ശിഷ്യന്‍ = ഗുരുവിന്റെ ഗുരു. എന്നിരിക്കെ ആദി ഗുരു ആരുടെ ഏകശിഷ്യന്‍ ആരായിരുന്നിരിക്കാം?

ജീവബിന്ദു പറഞ്ഞു...

ആദരണീയനായ ഗുരോ,
ഗുരു ശിഷ്യനെ കൂടാതെ നിലനിൽക്കുന്നില്ല; മറിച്ചും. എന്തെന്നാൽ സ്വരൂപത്തിൽ ആരും ഗുരുവോ ശിഷ്യനോ അല്ല. പരസ്പരസംവാദമെന്ന സങ്കീർണ്ണ ചിത്തവൃത്തിയിൽ വർത്തിക്കുമ്പോളേ ഒരാൾ ഗുരുവോ ശിഷ്യനോ ആകുന്നുള്ളൂ. കർമ്മം പരസ്പരസംവാദമാണെങ്കിൽക്കൂടി ഒരിക്കലും നിഷ് പ്രയോജനമായിത്തീരുകയില്ല. കർമ്മം നിശ്ചല സ്വരൂപത്തിൽ ഒരല സൃഷ്ടിക്കുന്നു. എത്ര ദുർബലമാണെങ്കിൽക്കൂടിയും ആ ഊർജ തരംഗം അനേക തലമുറകളെ സ്വാധീനിക്കുന്നു. ഒരു കർമ്മത്തിനു പിന്നാലെ മറെറാന്നായി കർമ്മസഞ്ചയം നിരന്തരം പ്രവഹിക്കുകയാൽ സ്വരൂപം അവ്യക്തദർശവുമാകുന്നു. ഗുരു ശിഷ്യ ബന്ധത്തിനും ഈ നിയമം ബാധകമാണ്.
അതിനാൽ അചലനും സ്ഥിരനുമായി ഒരു ഗുരുവിനും വർത്തിക്കുക സാധ്യമല്ല. ഇനി അഥവാ ശിഷ്യൻ മാത്രം പഠിക്കുക സാധ്യമെന്നു സങ്കല്പിച്ചാൽ തന്നെ, അയാൾ സകലവിധത്തിലും നിശബ്ദൻ കൂടിയായിരുന്നാലേ ഗുരുവിനു ഒന്നും പഠിക്കാതിരിക്കാനാകൂ. പക്ഷേ അപ്പോളും ഗുരു ശിഷ്യന്റെ നിശബ്ദതയിൽ നിന്നും ചിലതു പഠിക്കുന്നുമുണ്ട്. അതിനാൽ അസാധ്യമായ ഒരു സാധ്യതയെക്കുറിച്ചാണ് ഈ വിനീത ശിഷ്യൻ മറുപടി പറയേണ്ടി വന്നിരിക്കുന്നത്.
ഗുരു എന്ന് പേരുള്ള ഒരു ഗുരു
അതായത് ഗുരു = ഗുരു
ശിഷ്യന്‍ എന്ന് പേരുള്ള ഒരു ശിഷ്യൻ
അതായത് ശിഷ്യന്‍ = ശിഷ്യന്‍
ഗുരു എന്ന് പേരുള്ള ഒരു ഗുരു, ശിഷ്യന്‍ എന്ന് പേരുള്ള ഒരു ശിഷ്യനില്‍ നിന്നും ഒരിക്കലും ഒന്നും നേടിയെടുക്കുന്നില്ലെങ്കില്‍ അഥവാ ഒന്നും പഠിക്കുന്നില്ലെങ്കില്‍
അതായത് ഗുരു സമമല്ല ശിഷ്യന്റെ ശിഷ്യന്‍
ഇതിന്റെ കൂടെ ഗുരു എന്ന് പേരുള്ള ഒരു ഗുരുവിൽനിന്ന്, ശിഷ്യന്‍ എന്ന് പേരുള്ള ഒരു ശിഷ്യൻ സകലവും നേടിയെടുക്കുകയും പഠിക്കുകയും ചെയ്യുന്നു എന്നു കൂടി സങ്കല്പിച്ചാൽ
ഗുരു = ശിഷ്യന്റെ ഗുരു
കൂടാതെ ശിഷ്യന്‍ = ഗുരുവിന്റെ ശിഷ്യന്‍
മേല്പറഞ്ഞ സാഹചര്യത്തിൽ "ഗുരു ശിഷ്യന്റെ ശിഷ്യന്‍" എന്ന പ്രയോഗത്തിനു എപ്പോഴെങ്കിലും പ്രസക്തി കൈ വരുവാന്‍ സാധ്യതയുണ്ടോ എന്നാണ് ഈ വിനീത ശിഷ്യനോടുള്ള ചോദ്യം.
ഏതു അടിസ്ഥാന സങ്കല്പത്തിൽ നിന്നാണോ തർക്കം ആരംഭിക്കുന്നത്, അതേ അടിസ്ഥാന സങ്കല്പത്തിൽ തന്നെ നിഗമനങ്ങളും ചെന്നു ചേരുന്നു എന്ന തത്വം തർക്കശാസ്ത്രത്തിന്റെ അടിത്തറയാണ്. അതിനാൽ ഈ ശിഷ്യന്റെ ഉത്തരം ഇതാണ്.
ഗുരു പറഞ്ഞ സാഹചര്യത്തിൽ ആയതിനു ഈ ശിഷ്യൻ നൽകിയ വിശദീകരണത്തിനു വിധേയമായി ഗുരു ശിഷ്യന്റെ ശിഷ്യന്‍ എന്ന പ്രയോഗത്തിനു സാധുതയില്ല. എന്നാൽ ഗുരു പറഞ്ഞ സാഹചര്യത്തിൽ ഗുരുവിനു ആരിൽ നിന്നും പഠിക്കാനാകാത്ത അവസ്ഥ സംജാതമാകുകയും അദ്ദേഹത്തിന്റെ ജ്ഞാനം പരിമിതമാക്കപ്പെടുകയും ചെയ്യുക കൂടാതെ ഗുരുവിന്റെ ജ്ഞാനത്തെ അതിലംഘിക്കുവാൻ ശിഷ്യന് കഴിയാതെ വരികയും ചെയ്യുകയാൽ വിദ്യാഭ്യാസമെന്ന സങ്കല്പം പോലും പരിമിതാർത്ഥത്തിൽ നിരർത്ഥകമായിത്തീരും.
അതിനാൽ മേല്പറഞ്ഞ സാഹചര്യത്തിൽ "ഗുരു ശിഷ്യന്റെ ശിഷ്യന്‍" എന്ന പ്രയോഗത്തിനു ചെറുതല്ലാത്ത പ്രസക്തി കൈ വരുന്നുമുണ്ട്; കാരണം ആ സങ്കല്പം ഗുരുവിന്റെ പരിമിതികളെ അതിലംഘിക്കുവാന്‍ ശിഷ്യനെ പ്രാപ്തനാക്കുന്നു.

ജീവബിന്ദു പറഞ്ഞു...

ഗുരോ,
നീയും ഗുരുവും അനന്തതയും ദർശനവും എന്ന പോസ്ററിൽ ഗണിതജ്ഞൻ ഇപ്രകാരം പറയുന്നുണ്ട്,
“ഗുരു ശിഷ്യന്റെ ശിഷ്യൻ അഥവാ ശിഷ്യൻ ഗുരുവിന്റെ ഗുരു സ്വതവേ ഒരു പരിമിതിയും അനന്തതയും പൂർണിമയുമാണ്. എന്തെന്നാൽ ഗുരു, ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരു, ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ ഗുരു എന്നിങ്ങനെ അനന്തതയോളവും അതിനപ്പുറവും അതിനു നിലനിൽ‌പ്പുണ്ട്. അത് ഒരേ സമയം ഏകവും അനേകവുമാണ്. പരിമിതവും അപരിമിതവും അനന്തവുമാണ്”
ആയതിനുള്ള തെളിവ് ആ പോസ്ററിൽ തന്നെ നൽകിയിട്ടുമുണ്ട്, അതുകൊണ്ട് അതു ആവർത്തിക്കുന്നില്ല.
ഗുരു = ശിഷ്യന്റെ ശിഷ്യന്‍, ശിഷ്യന്‍ = ഗുരുവിന്റെ ഗുരു എന്നിരിക്കെ ആദി ഗുരു ആരുടെ ഏകശിഷ്യൻ ആയിരുന്നിരിക്കാം? എന്ന ചോദ്യം ആദികാരണത്തിന്റെ കാരണമെന്താണ് എന്ന പതിവു ചോദ്യത്തിന്റെ പരിഷ്കരിച്ച പതിപ്പു മാത്രമാണ്. കാര്യകാരണ ബന്ധം ആദികാരണത്തെ തെളിയിക്കുന്നില്ല എന്ന തത്വം ശങ്കരാചാര്യരുടെ കാലം മുതലേ എങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാരണം അനന്തതയെ പരിമിതിയായോ അനന്തതയുടെ അവസാനത്തെ അതിന്റെ ആരംഭമായോ പരിഗണിക്കുന്നതിലെ യുക്തിഹീനത നിഗമനത്തെ ദുഷിപ്പിക്കും. എങ്കിലും ഗുരു ചോദിച്ചാൽ ശിഷ്യൻ ഉത്തരം പറഞ്ഞല്ലേ പററൂ.
ആദി ഗുരു ആരുടെ ഏകശിഷ്യൻ ആയിരുന്നിരിക്കാം?
ഗുരു ശിഷ്യന്റെ ശിഷ്യൻ
അതുകൊണ്ട്
ആദിഗുരു ആദിശിഷ്യന്റെ ശിഷ്യൻ
ഗുരു ശിഷ്യന്റെ ശിഷ്യൻ എന്ന സങ്കല്പനത്തിൽ ഒന്നിൽ കൂടുതൽ ഗുരുവിനേയോ ശിഷ്യനേയോ സങ്കല്പിക്കായ്കയാൽ
ആദിഗുരു ആദിശിഷ്യന്റെ ഏകശിഷ്യൻ
അങ്ങു സംതൃപ്തനായിരിക്കുമെന്നു കരുതുന്നു.

നിരസ്തന്‍ പറഞ്ഞു...

തൃപ്തനായി ഗുരോ...

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi