2011, മാർച്ച് 28, തിങ്കളാഴ്‌ച

ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ

ജോനകക്കൂട്ടം മലയിറങ്ങി കരിമ്പനക്കാട്ടിലെത്തിയപ്പോൾ പാതിരാവു കടന്നു. പന്തവും കുന്തവും കണ്ടു വാൾപ്പുലിയും തലച്ചൂട്ടൻ പാമ്പും വഴിയൊഴിഞ്ഞു നിന്നു. സൃഗാലവൃന്ദം സമൃദ്ധിയായി കൂവി.വെള്ള മുലക്കച്ച കെട്ടി തേതി വഴിയിലിറങ്ങി കാത്തു നിന്നു.

കൂടി വന്ന കുളിരിലൊരു കുളിരായി കാറ്റു പിടിച്ചു മറഞ്ഞും തെളിഞ്ഞും നിന്ന നിലാവിൽ തേതിപ്പെണ്ണിനെ പടവന്നവർ കണ്ടു. സ്വന്തം പെണ്ണു ആരുടെ കൂടെ കിടക്കുന്നതിനും എതിരു നിൽക്കാത്ത ചേകവൻ ഏകപത്നീ വ്രതക്കാരനാകയാൽ നടപ്പു പിന്നിലേക്കു മാറ്റി. തേതിയുടെ വികസിച്ച കവിളുകളിൽ പുരുഷന്റെ പുഞ്ചിരി പ്രതിബിംബിച്ചു.

“ഒരു കാശിനു ചുണ്ണാമ്പു വേണോ?” അവൾ ചോദിച്ചു.

മുമ്പേ നടന്ന രസികൻ ഒന്നു നിന്നു, ഇരുന്നു; പിന്നെ പൊതിയഴിച്ചു പൊങ്കാശൊന്നു പുറത്തെടുത്തു കാട്ടി.

“മുറുക്കാനൊരു സ്ഥലം അടുത്തുണ്ട്,” അവൾ മുമ്പോട്ടു നടന്നു, വിഡ്ഢിയാൻ പിന്നാലെയും. അധികം കഴിയും മുമ്പ് ഒരു ആക്രന്ദനം കേട്ടു. മുഖത്തു ചെഞ്ചോരച്ചാലുമായി തേതി തിരികേ വരുന്നതു കണ്ട ജോനകക്കൂട്ടം ചിതറിയോടി. വാളൂരി ചേവകൻ മാത്രം ബലം പിടിച്ചു നിന്നു.

മിന്നലിനൊത്തു തേതിയുടെ കൊലച്ചിരി പ്രകമ്പനം കൊള്ളവേ ചേകവൻ കളരി പരമ്പര ദൈവങ്ങളെ ധ്യാനിച്ചു കാട്ടുതുളസി കതിർ നെഞ്ചോടു ചേർത്തു പിടിച്ചു ജപിച്ചെറിഞ്ഞു.

തേതി ഒന്നടങ്ങി.

“നീയാര്?”

“ഗുരു ശിഷ്യന്റെ ശിഷ്യനാണെന്നു പറഞ്ഞയാളോടു അങ്കം വെട്ടാൻ വന്ന നല്ലങ്കച്ചേകവരാണു ഞാൻ.”

“അതുകൊണ്ടു നിനക്കെന്തു ചേതം?”

“ഭാര്യ ഭർത്താവിന്റെ ഭർത്താവ് അഥവാ ഭർത്താവ് ഭാര്യയുടെ ഭാര്യ എന്നെല്ലാം എന്റെ ഭാര്യ ഇനി വാദിക്കാൻ തുടങ്ങും.”

തേതിക്കു രസിച്ചു, “അയാളുമായി നീ അങ്കം വെട്ടുന്നതു കാണാൻ ഞാനും വരുന്നുണ്ട്.”

തളിയിലേക്കുള്ള വഴി തെളിച്ച ചേകവന്റെ പുറകേ തേതിയും പൂർണ്ണ ചന്ദ്രനും ഒന്നിച്ചു പുറപ്പെട്ടു.

പിറ്റേന്നു എല്ലും തൊലിയും മുടിയും മാത്രം കരിമ്പനക്കാട്ടിൽ നിന്നും കണ്ടെടുത്തതു കണ്ട് തേതിയക്ഷി കൊന്ന ഒരു ജോനകവിഡ്ഢ്യാന്റെ കഥ കൂടി നാട്ടുകൂട്ടം പറഞ്ഞു നടക്കാൻ തുടങ്ങി.

6 അഭിപ്രായങ്ങൾ:

Aneesh.P.B പറഞ്ഞു...

2+1=3
1+2=3

alle ammavaa

Aneesh.P.B പറഞ്ഞു...

ammava marikkan vendi ano nammal jeevikkunnathu atho sarikkum jeevikkan vendi ano nammal marikkunnathu...sarikkum kozhikkadayil nammal kozhi medikkan chellumbol ammavan kandittiille..kozhi kadakkarante kaikal needu varumbol kozhikal odi marunnathu avasanam a kaikalil ethengilum oru kozhi pedunnu..a kozhi kollapedukayum cheyyum..irachi kadakkarante a kaikalil ninnum rakshapedan a kozhikal nadathunna parakkampachil alle palappozhum nammal nammude jeevithathilum kanikkunnathu ivide irachikkadakkaran daivamanu daivathinte kaikalil pedathirikkanalle ammava yadarthathil nammal sramikkunnathu...daivamalle ammava nammale pidikkunnthu appol namukku nasam undavillalo..yadarthathil daivam nammale e narakathil ninnum alle rakshikkan sramikkunnathu...pakshe daivathe nammalil ninnum akattan chekuthan manushyane thetidarippichathre maranam ennu paranju...sarikkum marikkunnavar bagyavanmar..avare daivam rakshichirikkunnu...mattullavar ...kozhikkadayile..rakshpetta kozhikale pole viddikal..

ജീവബിന്ദു പറഞ്ഞു...

പ്രിയ അനീഷ്,
ഏതോ കാരണവശാൽ കോഴി മനുഷ്യനേക്കാൾ തരം താഴ്ന്നതെന്നു നിനക്കു തോന്നുന്നു; അതുപോലെ തന്നെയാണ് മനുഷ്യൻ ദൈവത്തേക്കാൾ മോശമെന്ന അപകർഷതയും. ശങ്കരാചാര്യർ ജഗത് മിഥ്യ എന്നു പറയുന്നതിൽ വല്ലതും കാര്യമായിട്ടുണ്ടെങ്കിൽ അതു ഇത്തരം ചിന്തകളെക്കൂടി ജഗത് പദം ഉൾക്കൊള്ളുന്നതു കൊണ്ടു കൂടിയാണ്. അതുകൊണ്ട് ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കണം.
മരിക്കാൻ വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ അല്ല നമ്മൾ ജീവിക്കുന്നത്. ജീവിതത്തിനു ലക്ഷ്യമോ യുക്തിയോ വേണമെന്നു പറയുന്നത് പോലും വെറും അസംബന്ധമാണ്. ജീവിതത്തിന് സ്വപ്ന സദൃശമായ ഒരു തലം ഉണ്ട്. അതിനെ പരിപോഷിപ്പിക്കുമ്പോളാണ് ആത്മാവുണ്ടെന്നു ചിലർക്കെല്ലാം തോന്നുന്നത്. എന്നാൽ ജീവ വിമുക്തമായ ഒരു ആത്മാവിനെക്കുറിച്ചു സങ്കലപിക്കുന്നതു നിഷ് പ്രയോജനമത്രെ.
അതുകൊണ്ടു ജീവിതത്തിനു മരണവും ജീവിതവുമല്ലാതെ മറെറന്തെങ്കിലും ലക്ഷ്യമാണ് ലക്ഷ്യബോധികൾ കണ്ടെത്തേണ്ടത്. എങ്കിലും ജീവിതവും മരണവും പരസ്പരം ബന്ധിപ്പിക്കണമെന്നു അതിഗാഢമായി ആഗ്രഹിച്ചവർ രണ്ടിനേയും അതിരററു സ്നേഹിച്ചു. അവർ അനുവർത്തിച്ച രീതി നിനക്കു വേണ്ടി ഞാൻ കുറിക്കട്ടെ.
ഓരോ പ്രഭാതത്തിലും ഉണർന്നെഴുന്നേൽക്കുമ്പോൾ തങ്ങൾ ജീവിച്ചിരിക്കുന്നതോർത്ത് അവർ അത്ഭുതപ്പെട്ടു. ഓരോ പകലും മറെറാരു പകൽ തങ്ങൾക്കില്ലെന്ന ബോധ്യത്തിൽ അവർ പരമാവധി പ്രയോജനപ്പെടുത്തി. അടുത്ത പ്രഭാതത്തിൽ വീണ്ടും ഉണർന്നെഴുന്നേൽക്കാൻ തങ്ങൾ ജീവിച്ചേക്കില്ല എന്ന ബോധ്യത്തോടെ ഉറങ്ങി. അവരുടെ ഒരു നിമിഷവും നിഷ് പ്രായോജനമായില്ല; കാരണം അവരുടെ ജീവിതം മരണത്തിന്റെ ശക്തമായ അടിത്തറയിൽ പടുത്തുയർത്തിയതായിരുന്നു.
ഇനി പറയൂ, അനീഷേ, നിന്റെ യഥാർത്ഥ പ്രശ്നമെന്താണ്? മരണമോ ജീവിതമോ അതോ വെറും കുടഞ്ഞു കളയാവുന്ന നിരാശയോ?
സസ്നേഹം
ജീവബിന്ദു

നിരസ്തന്‍ പറഞ്ഞു...

പ്രിയ ഗുരോ... അടുത്തിടെ കണ്ടു; ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന - ഒരു മലയാളിയുടെ മുപ്പത്തിമൂന്നു വര്‍ഷത്തെ, ഭാരതീയ പൌരാണിക ശാസ്ത്രങ്ങളെ ആസ്പദമാക്കിയുള്ള ഗവേഷണത്തിന്റെ ഫലം; നാസ അംഗീകരിച്ചതായി..ഭാരതത്തിലെ ഋഷികള്‍ പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ കണ്ടെത്തിയ കാര്യങ്ങളുടെ തെറിച്ചു പോയ ശകലങ്ങള്‍ മാത്രമാണല്ലോ ആംഗലേയ ശാസ്ത്രജ്ഞര്‍, ശാസ്ത്രത്തിന്റെ സഹായത്തോടെ നിര്‍വചിച്ച് പേറ്റന്റ് നേടിയിരിക്കുന്നത്?!... താങ്കള്‍ക്കു, ഭൂമി - പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് പറയുന്നതിനെ വിശദീകരിക്കാന്‍ കഴിയുമോ??

ജീവബിന്ദു പറഞ്ഞു...

പ്രിയ ഗുരോ,
എന്റെ സ്മരണകളുടെ കേന്ദ്രം എന്റെ തല. അങ്ങയുടെ സ്മരണകളുടെ കേന്ദ്രം അങ്ങയുടെ തല. ഇനി അങ്ങു തന്നെ പറയൂ, നമ്മുടെ സ്മരണകളുടെ ഏക കേന്ദ്രസ്ഥാനം ഏതാണ്?

ഞാൻ പറയും, സമസ്തത്തിലെ ഏതു ബിന്ദുവും ഒരു കേന്ദ്രസ്ഥാനമാകുന്നു; ആ കേന്ദ്രസ്ഥാനത്തുനിന്നു അകലങ്ങൾ അളക്കണമെന്നു മാത്രം.അങ്ങനെയാണു തലസ്ഥാനങ്ങൾ ഉണ്ടായത്. ഹസ്തിനപുരിമുതൽ ചണ്ഡീഗഢ് വരെ. കേന്ദ്രീകരിക്കപ്പെട്ടിടം കേന്ദ്രം.അധികാരം കേന്ദ്രീകരിക്കപ്പെട്ടിടം അധികാരകേന്ദ്രം. ജ്ഞാനം കേന്ദ്രീകരിക്കപ്പെട്ടിടം ജ്ഞാനകേന്ദ്രം. അത്ര തന്നെ.

എന്റെ കേന്ദ്രം ഞാൻ തന്നെ. അതുകൊണ്ടാണ് സൂക്ഷ്മത്തിൽ ഞാനും, ക്രമത്തിൽ, എന്റെ വീടും കുടുംബവും നാടും രാഷ്ട്രവും, ഭൂമിയും സൌരയൂഥവും, ക്ഷീരപഥവും കേന്ദ്രമാകുന്നത്. പക്ഷേ നാമെന്തല്ലയോ അതു കേന്ദ്രമാകുമ്പോൾ അതു നമ്മിൽ നിന്നു അതിബഹുദൂരത്തിലുമായിരിക്കും. അതുകൊണ്ടത്രേ ബ്രഹ്മം ഒന്നുകിൽ ഞാനോ അല്ലെങ്കിൽ അനേക പ്രകാശവർഷം അകലെയുള്ള മഹാവിസ്ഫോടനകേന്ദ്രമോ ആകുന്നത്.

പക്ഷേ ഭൂമി പ്രപഞ്ചകേന്ദ്രമായി തോന്നാനുള്ള പ്രധാന കാരണമായി എനിക്കു തോന്നുന്നതു അത്തരം നിഗമനങ്ങളിലേക്കു നയിച്ച വിവരസഞ്ചയം ഭൂമിയിൽ നിന്നു നിരീക്ഷിച്ചവയായിരുന്നു എന്നതാണ്.

ഇനി ഇത്തരം അറിവുകളുടെ അന്തിമാധികാരി നാസ എന്നാണെങ്കിൽ ഞാൻ പറയും സാ ന.

മഹർഷിമാർ സമാധാനമായി അവരുടെ നിദ്രയിൽ തുടർന്നോട്ടേ.

നിരസ്തന്‍ പറഞ്ഞു...

പ്രിയ ഗുരോ..
ഇന്നത്തെ മംഗളം ദിനപ്പത്രത്തില്‍, ഒരു ലേഖനം കണ്ടു...
അതില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം, ബുദ്ധ പ്രതിമ ഉടച്ചുണ്ടാക്കിയതെന്നും, അവിടെ നിന്ന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന നിധി, അനേകം പേരുടെ കണ്ണീരിന്റെ കയ്പ് കലര്‍ന്നവയെന്നും. ആര്യന്‍മാര്‍ ഭാരതത്തില്‍ വന്ന ശേഷം മാത്രമാണോ, ഹിന്ദു മതം ഇത്ര ശക്തി പ്രാപിച്ചത്? യഥാര്‍ത്ഥത്തില്‍ ബുദ്ധമതമായിരുന്നോ ഭാരതത്തിന്റെ യഥാര്‍ത്ഥ സംഭാവന?

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi