2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.3) - ശാസ്ത്രയോനിത്വാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ശാസ്ത്രയോനിത്വാത്” (1.1.3)
ശാസ്ത്ര = ശാസ്ത്രത്തിൽ നിന്ന്
യോനിത്വാത് = ആരംഭിച്ച് അടിസ്ഥാനപ്പെടുത്തിക്കൊണ്ട്
(പരീക്ഷണനിരീക്ഷണങ്ങളെ അവലംബിച്ച് സയുക്തികമായ നിഗമനങ്ങൾ കൊണ്ട് ക്രോഡീകരിച്ച) ശാസ്ത്രത്തിൽ നിന്ന് ആരംഭിച്ച് (അതിനെത്തന്നെ) അടിസ്ഥാനപ്പെടുത്തിക്കൊണ്ട് (ബ്രഹ്മാന്വേഷണം നടത്തണം)
സാരം
പരീക്ഷണനിരീക്ഷണങ്ങളിൽ നിന്നു ലഭ്യമായ അറിവുകളെ ചിട്ടപ്പെടുത്തി അവയെ സയുക്തികവും അതുവരെ തർക്കം കൊണ്ട് തകർക്കപ്പെടാത്തതുമായ നിഗമനങ്ങൾ കൊണ്ട് ക്രോഡീകരിച്ച സിദ്ധാന്തരൂപത്തിൽ അവതരിക്കപ്പെട്ടതിന്റേയും അത്തരം സിദ്ധാന്തങ്ങളെ വെല്ലുവിളിച്ചതിന്റേയും വെല്ലുവിളികളെ അതിജീവിച്ചതിന്റേയും ആശയരൂപത്തിലുള്ള സമാഹാരമാണ് ശാസ്ത്രം. ബ്രഹ്മത്തെക്കുറിച്ചുള്ള സകല അന്വേഷണങ്ങളും ഇപ്രകാരമുള്ള ശാസ്ത്രത്തിൽ നിന്നും ആരംഭിച്ച് അതിനെത്തന്നെ അടിസ്ഥാനപ്പെടുത്തി തുടരേണ്ടതുമാണ്. ശാസ്ത്രത്തെ സൌകര്യാർത്ഥം പല ശാഖകളായി വിഭജിച്ചിട്ടുണ്ട്. ഓരോ വിഭാഗവും ശാസ്ത്രം തന്നെ. ഭാരതത്തിൽ ശാസ്ത്രസാഹിത്യം സൂത്രവാർത്തികഭാഷ്യാദി രൂപത്തിലാണ് പ്രാഥമികമായി ചിട്ടപ്പെടുത്തി വന്നിരുന്നത്. ഈ രൂപത്തിലല്ലാത്ത ജ്ഞാനമൊന്നും ശാസ്ത്രമല്ലെന്നു ചില തല്പരകക്ഷികളായ പണ്ഡിതന്മാർ പ്രചരിപ്പിക്കുകയുമുണ്ടായി. വേദോപനിഷത്തുക്കൾ മാത്രമാണ് ശാസ്ത്രത്തിനാധാരമെന്നും ചിലർ വ്യാഖ്യാനിച്ചു. ശാസ്ത്രപദത്തിനർത്ഥം വേദോപനിഷത്തുക്കൾ എന്നാണെന്നും ചില ബുദ്ധിരാക്ഷസന്മാർ കടത്തിപ്പറഞ്ഞു. ഇതിന്റെയെല്ലാം ഫലമായി ഭാരതത്തിന്റെ ശാസ്ത്രപൈതൃകം കാലക്രമേണ ശുഷ്കിച്ചു വന്നു. അപവാദമായി ആയുർവേദവും ജ്യോതിശ്ശാസ്ത്രവും മാത്രം മഹാമേദസ്സായി വളർന്നു വന്നു. അവയ്ക്കും പിന്നീടു അപചയം സംഭവിച്ചു. ശാസ്ത്രത്തിന്റെ സ്വാഭാവിക സ്വരൂപത്തെ മാറ്റിമറിക്കാൻ നടത്തിയ ബോധപൂർവമായ ശ്രമങ്ങളാണ് ഈ തിരിച്ചടികൾക്കു കാരണം. ശാസ്ത്രം എന്തായില്ലെങ്കിലും സ്വതന്ത്രവും സുതാര്യവും ആയിരിക്കേണ്ടതുണ്ട്.
പൂർവപക്ഷം 1
രൂപാദിഗുണമോ വേറിട്ട ലക്ഷണമോ ഇല്ലാത്തതിനാൽ ബ്രഹ്മത്തെ ആരും അറിയുന്നില്ല. നിഗമനവും ഇക്കാര്യത്തിൽ സഹായകമല്ല. എത്ര ശുദ്ധമായ ആത്മാനുഭൂതിയാണെങ്കിലും അതു മുമ്പു ആർജ്ജിച്ചിരുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. അതിനാൽ ബ്രഹ്മത്തെക്കുറിച്ച് മനനം ചെയ്തവരുടെ അനുഭൂതികളുടെ സഞ്ചയമായ വേദോപനിഷദാദി ശ്രുതികളല്ലാതെ ബ്രഹ്മജിജ്ഞാസക്ക് മറ്റു യാതൊരു ആലംബവും ഇല്ല തന്നെ. ബുദ്ധിജന്യമായ സയുക്തിക നിഗമനങ്ങളും മറ്റും വേദോപനിഷദ്ജന്യമായ ജ്ഞാനത്തെ പരിപോഷിപ്പിക്കാൻ മാത്രമേ പ്രയോജനപ്പെടൂ.
സമാധാനം
അന്വേഷണത്തിലിരിക്കുന്ന ബ്രഹ്മത്തെ ആദ്യമേ തന്നെ അരൂപിയെന്നു സങ്കല്പിച്ചാൽ അന്വേഷണാവസാനവും ബ്രഹ്മം അരൂപിയായി തന്നെ ശേഷിക്കും. ബ്രഹ്മത്തിനു നിയതരൂപമുണ്ടോ അതിന്റെ രൂപം മാറുന്നുണ്ടോ അതരൂപിയാണോ എന്നെല്ലാം പ്രമാണങ്ങളെ ആശ്രയിക്കാതെ ശാസ്ത്രീയ നിഗമനങ്ങളിലെത്തിച്ചേരേണ്ടതുണ്ട്. അതിനാവശ്യമായ വിവരസഞ്ചയം വിശകലനം ചെയ്യുമ്പോളേ അക്കാര്യം പരിഗണിക്കേണ്ടതുള്ളൂ. അന്വേഷണാരംഭത്തിൽ നമുക്കുപയോഗിക്കാവുന്ന ഏക നിഗമനം ബ്രഹ്മത്തിൽ നിന്നു ജഗത് സൃഷ്ടിക്കപ്പെടുന്ന സമയത്ത് ബ്രഹ്മത്തിന്റേയും ജഗത്തിന്റേയും ഗുണങ്ങൾക്ക് സാജാത്യമുണ്ടായിരുന്നു എന്നു മാത്രമാണ്. വൈജാത്യമാണുണ്ടായിരുന്നതെങ്കിൽ ആത്മാനുഭൂതി അടക്കമുള്ള സകല ജഗദ്ഗുണങ്ങളും ബ്രഹ്മാന്വേഷണത്തിനു പ്രയോജനപ്പെടുത്താനാകാതെ വരും. ബ്രഹ്മം അജ്ഞേയമായി ശേഷിക്കും. ഫലദായകമല്ലാത്തതിനാൽ അജ്ഞേയമായതിന്റെ പഠനം ആശാസ്യമല്ല. എങ്കിലും ഏതൊന്നും അജ്ഞേയമാണോ എന്നു ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതിനാൽ ജഗത്തിന്റെ സ്വഭാവം കൊണ്ടുവേണം ബ്രഹ്മാന്വേഷണം ആരംഭിക്കുവാൻ. ജഗത്തിലെ സകല കാര്യങ്ങൾക്കും കാരണമുള്ളതിനാൽ അവ സംബന്ധിച്ച സകല ജ്ഞാനവും യഥാവിധി ശാസ്ത്രം കൊണ്ട് സിദ്ധിക്കുന്നതാണ്. നിഗമനങ്ങൾക്കാധാരമായ വിവരസഞ്ചയത്തിന്റേയും നിഗമനത്തിന്റെ രീതിശാസ്ത്രത്തിന്റേയും ശുദ്ധിക്കാപേക്ഷികമായ സത്യം ശാസ്ത്രത്താൽ വെളിവാക്കപ്പെടുന്നതാണ്. ശ്രുതിയെന്നാൽ വേദം മാത്രമാണെന്നു ചിലർ; ബ്രാഹ്മണം ആരണ്യകം ഉപനിഷദ് ഇതിഹാസം ഇവയെ അംഗീകരിക്കുന്ന ദർശനം അതിന്റെ ഭാഷ്യം പുരാണം തുടങ്ങി എന്തെല്ലാം ശ്രുതിയിൽ ഉൾപ്പെടുത്തണമെന്നും തർക്കങ്ങളുണ്ട്. ശ്രുതിയിൽ പറയപ്പെട്ടിരിക്കുന്ന വസ്തുതകൾ സത്യാന്വേഷണത്തിനു യോഗ്യതയോ അയോഗ്യതയോ അല്ലാത്തതിനാൽ ശ്രുതിസ്മൃതികളിൽ എന്തു പറഞ്ഞിരിക്കുന്നു എന്നതു പ്രസക്തമാം വണ്ണം പരിഗണനാർഹമെന്നു കരുതാൻ കാരണങ്ങളില്ല. ഭാരതീയ ശ്രുതികളെ അറിയാതിരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്ത അരിസ്തൊതെലെസ് തുടങ്ങി എത്രയോ പേർ ജഗത്കാരണം തേടി നിഗമനങ്ങളിലെത്തിയിരിക്കുന്നു. എങ്കിലും പുരാതന സഞ്ചിതാനുഭൂതി എന്ന നിലയിൽ മാത്രമായി ശ്രുതികളെ പരിഗണിക്കുകയും വേണം. അതിനാൽ ശാസ്ത്രം മുമ്പേ നടക്കും; ശ്രുതികളും മറ്റു സഞ്ചിതാനുഭൂതികളും ശാസ്ത്രത്തിനു കൂട്ടുവരും.
പൂർവപക്ഷം 2
ശാസ്ത്രം പ്രത്യക്ഷത്തേയും അനുമാനത്തേയും മാത്രമേ പ്രമാണമായി കരുതുന്നുള്ളൂ. ആഗമം ശാബ്ദം അർത്ഥാപത്തി തുടങ്ങി അനേകം പ്രമാണങ്ങൾ കൂടി വിവിധ ദർശനങ്ങൾ സ്വീകരിക്കുന്നുണ്ട്. സത്യം രണ്ടു പ്രമാണങ്ങൾ കൊണ്ടു മാത്രം സിദ്ധിക്കുകയില്ല.
സമാധാനം
അന്തിമസത്യമല്ല ആപേക്ഷികസത്യമാണുള്ളതെന്നു മുമ്പു വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷം അനുമാനം എന്നിവക്കു പുറമേ പരിമിതാർത്ഥത്തിൽ ശാബ്ദവും പ്രമാണമത്രേ. ശാബ്ദം എന്നാൽ ശാബ്ദികൻ അധികാരിയായിട്ടുള്ള വിഷയങ്ങളിൽ പ്രത്യക്ഷം അനുമാനം എന്നിവക്കു വിരുദ്ധമല്ലാത്ത ശാബ്ദികന്റെ വെളിപ്പെടുത്തലത്രേ. പ്രത്യക്ഷത്തിനു വിരുദ്ധമായ അനുമാനവും പ്രത്യക്ഷാനുമാനങ്ങൾക്ക് വിരുദ്ധമായ ശാബ്ദവും അപ്രമാണമത്രേ. ഇത്തരത്തിൽ ശാബ്ദം പ്രമാണമായി സ്വീകരിക്കയാലാണ് വിദ്യാഭ്യാസ സംവിധാനങ്ങൾ നിലവിൽ വന്നതും ശാസ്ത്രത്തിനു തന്നെ നിരന്തരം പുതുക്കാനാകുന്നതും. പ്രമാണം കുറയുന്തോറും സത്യത്തിന്റെ കൃത്യതയുമേറുന്നു. പ്രത്യക്ഷാനുമാനശാബ്ദപ്രമാണങ്ങൾ മാത്രമേ ബ്രഹ്മജിജ്ഞാസുവിനും ആവശ്യമുള്ളൂ.

പൂർവപക്ഷം 3
ജഢം-ജീവൻ ജ്ഞാനം-അജ്ഞാനം പ്രമ-ഭ്രമം ഈശ്വരൻ-ചെകുത്താൻ ജ്ഞേയം-അജ്ഞേയം കർമം-കർമഫലം നന്മ-തിന്മ തുടങ്ങിയ ദ്വന്ദങ്ങൾ ശാസ്ത്രം കൊണ്ട് അറിയാവുന്നതല്ല. ഇവയിൽ വ്യാപരിക്കുന്നതു ശാസ്ത്രസമ്മതവുമല്ല.
സമാധാനം
ജഢം-ജീവൻ ദ്വന്ദത്തിനു ഒരു പുനർനിർവചനം ആവശ്യമാണ്. ജഢമല്ലാത്തത് ജീവൻ ജീവനല്ലാത്തത് ജഢം എന്ന വർഗ്ഗീകരണരീതി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചിലയിനം അതിസൂക്ഷ്മജീവികൾ വളരെക്കാലം ജഢപ്രകൃതിയിലുള്ള പരലുകളായും പിന്നീട് അനുകൂല സാഹചര്യമെത്തുമ്പോൾ ജീവപ്രകൃതിയിലും കാണപ്പെടുന്നുണ്ട്. അതിനാൽ അനുകൂല സാഹചര്യമെത്തുമ്പോൾ ജഢം ജീവനായി പരിണമിക്കുന്നു എന്നേ കരുതേണ്ടതുള്ളൂ. ജഢത്തിനും ജീവനും പൊതുവായ ഗുണവിശേഷങ്ങളും പലതുണ്ട്. അവ അടിസ്ഥാനപരമായി വിരുദ്ധമല്ല; സഹകരിച്ചു സ്ഥിതിചെയ്യുന്നവയുമാണ്. ജഢവിലക്ഷണമായി ജീവൻ നിലനിൽക്കുന്നതായി പ്രത്യക്ഷത്തിൽ കാണുന്നുമില്ല. ജൈവപദാർത്ഥങ്ങളുടെ വൈവിധ്യത്തിന്റെ ആധിക്യത്താൽ ജഢത്തിൽ നിന്നും പുതുജീവൻ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത ഇക്കാലത്തു വളരെ കൂടുതലുണ്ട്. പഠനവിധേയമാക്കിയ അനേകജീവജാലങ്ങൾക്കു തമ്മിൽ സാജാത്യങ്ങൾ കണ്ടെത്തിയതു അവ ഒരു ജീവപരിണാമത്തിനു വിധേയമായതു കൊണ്ടാണെന്ന ശാസ്ത്രീയ നിഗമനങ്ങളുണ്ട്. ഇന്നു നാം കാണുന്നതിൽ നിന്നും വ്യത്യസ്തമായ ജീവപരിണാമശൃംഖലകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും രേഖപ്പെടുത്തപ്പെട്ടു കണ്ടിട്ടുണ്ട്. വെളിച്ചം ഇരുട്ട് എന്നിങ്ങനെ പരസ്പര വിലക്ഷണമായ അഭാവപൂർണിമകളാൽ പൂരകമാക്കപ്പെട്ട രണ്ടു വ്യത്യസ്ത പദാർത്ഥങ്ങളാണ് ജ്ഞാനാജ്ഞാനങ്ങൾ എന്നു തോന്നിപ്പിക്കും വിധമാണ് അവക്കു നാമധേയം നൽകി കാണുന്നത്. അദ്വൈതികൾ അവരുടെ പദാവലിയിൽ നിന്നും അജ്ഞാനം അവിദ്യ എന്നീ വാക്കുകൾ ഒഴിവാക്കിയിരുന്നുവെങ്കിൽ ലോകത്തിനു വളരെ ഗുണം ചെയ്യുമായിരുന്നു. ജ്ഞാനവും അജ്ഞാനവും ഒന്നുതന്നെയത്രേ. ഒരേ പദാർത്ഥത്തെക്കുറിച്ചുള്ള രണ്ടു വിവരങ്ങളിൽ ആപേക്ഷികമായി മെച്ചപ്പെട്ടതു ജ്ഞാനവും മറ്റേതു അജ്ഞാനവുമായി വ്യവഹരിക്കപ്പെടുന്നു എന്നേയുള്ളൂ. ജ്ഞാനത്തിന്റെ അഭാവവും ഒരു ജ്ഞാനം തന്നെ. ശാസ്ത്രം അജ്ഞാനത്തെ ഉപേക്ഷിച്ചു ജ്ഞാനത്തെ ശാബ്ദമാക്കുന്നു. സകലജ്ഞാനവും പിന്നീട് അജ്ഞാനമായിത്തീരുന്നു. പ്രമയും ഭ്രമവും ഇപ്രകാരം തന്നേ.
പ്രപഞ്ചകാരണമായി ബ്രഹ്മത്തെ സങ്കല്പിക്കുന്ന നിമിഷം തന്നെ ഈശ്വരസങ്കല്പം അനാവശ്യമായിത്തീരുന്നു. ജഗത്തിൽ ഈശ്വരൻ അഭാവപൂർണിമയാകുന്നു. ജ്ഞാനലബ്ധിയിൽ ഈശ്വരവിശ്വാസം നശിക്കുന്നതാണ്. ചെകുത്താനിലുള്ള വിശ്വാസവും ഈശ്വരവിശ്വാസത്തിന്റെ നിഷേധമത്രേ. ഈശ്വരനുണ്ടെങ്കിലേ ചെകുത്താനുമുള്ളൂ. ചെകുത്താനുണ്ടെങ്കിൽ ഈശ്വരനൊട്ടില്ലതാനും. അപ്പോൾ ചെകുത്താനുമില്ല തന്നെ. അജ്ഞേയമായതിനെക്കുറിച്ചുള്ള പഠനം ശാസ്ത്രത്തിന്റെ പരിധിക്കു പുറത്താണെങ്കിലും ഒരിക്കൽ അജ്ഞേയമെന്നു കരുതിയതോ പുതുതായി കണ്ടെത്തിയതോ ആയ എന്തും പിന്നീടു ജ്ഞേയസീമയ്ക്കകത്തു വരുന്നപക്ഷം അവിടെയും ശാസ്ത്രപ്രയോജനം സിദ്ധിക്കുന്നതാണ്.
ഒന്നിൽ ഇച്ഛ വ്യാപരിക്കുന്നതു കൊണ്ടുണ്ടാകുന്ന മാറ്റമത്രേ കർമം. ജഗത്തിലെന്തും കർമത്തിനു ഉപകരണങ്ങളാകാം. സകലകർമങ്ങൾക്കും ഫലങ്ങളുണ്ട്; എന്തെന്നാൽ സകല പ്രവർത്തനങ്ങൾക്കും പ്രതിപ്രവർത്തനങ്ങളെങ്കിലുമുണ്ട്. ജഗത്തിലനുഷ്ഠിക്കും കർമത്തിൻ ഫലം ജഗത്തിൽ തന്നെ ചെന്നു ചേരുന്നു. ഇച്ഛക്കും കർമോപാധികൾക്കും വിധേയമായി കർമഫലത്തിനും മാറ്റമുണ്ട്. കർമഫലഭോജനം വേറിട്ടൊരു കർമമാം. ഓരോ ജഢവും ജീവനും തന്റെ കർമങ്ങൾ കൊണ്ട് ജഗത്തിനെ അനുനിമിഷവും വ്യത്യസ്തമാക്കി മാറ്റുന്നു. അങ്ങനെ ജഗത് വ്യത്യസ്ഥമായ അനുഭൂതികളിലൂടെ കടന്നു പോകുന്നു. ഈ പ്രപഞ്ചം അതിന്റെ സകല അനുഭൂതികളിലൂടെയും ഇനിയും കടന്നു പോയിട്ടില്ല. പരിമിതാനന്തപൂർണിമയായ വരാനിരിക്കുന്ന അനുഭൂതികൾ എത്രമേൽ വ്യത്യസ്തമായിരിക്കണം.
ദ്രഷ്ടാവിനനുസൃതമായി നന്മതിന്മകൾക്കും മാറ്റമുണ്ടാകുന്നു. മയിൽ പാമ്പിനെ തിന്നുന്നതു ആർക്കു നന്മ? ആർക്കു തിന്മ? മയിലും പാമ്പും ഒരേ ജീവന്റെ സ്പന്ദനങ്ങളെന്നു കരുതിയാൽ ആ വിശേഷജീവസ്പന്ദം മാത്രം വിജയിക്കുന്നു.
ശീതോഷ്ണാദി സകല ദ്വന്ദങ്ങളും ഒരേ പ്രതിഭാസത്തിന്റെ തന്നെ മാനങ്ങളാണ്. ഒരേ ഊഷ്മമാപിനികൊണ്ട് ശാസ്ത്രം ശീതോഷ്ണങ്ങളെ ഒന്നിച്ചളക്കുന്നു. ഈ വിധത്തിൽ സകല ദ്വന്ദങ്ങളും ശാസ്ത്രവിശകലനവിധേയമാണ്.
പൂർവപക്ഷം 4
ആപേക്ഷികമായ ജഗത്തിനെയല്ലാതെ കേവലമായ തേജസ് തുടങ്ങിയവയെ അറിയാൻ ശാസ്ത്രം അശക്തമാണ്.
സമാധാനം
തേജസിന്റെ ഏതാനും ഗുണങ്ങൾ മാത്രമാണ് കേവലമായി കരുതപ്പെടുന്നത്. ഈ കേവലത്വം പോലും ആപേക്ഷിക കേവലത്വം മാത്രമാണ്. തേജസിന്റെ മിക്കവാറും ഗുണങ്ങളും ആപേക്ഷികമാണെന്നതും ലോകപ്രസിദ്ധമാണ്. തേജസിന്റെ പ്രത്യക്ഷ രൂപങ്ങളിലൊന്നായ പ്രകാശത്തിന്റെ പ്രവേഗം കേവലമാണെന്നു പറയപ്പെടുന്നു. യഥാർത്ഥത്തിൽ അതിനെ കേവലം എന്നു വിളിച്ചുകൂടാത്തതാണ്. ഒരു അളവ് സ്ഥിരസംഖ്യയായി എന്ന കാരണത്താൽ മാത്രം യാതൊന്നും കേവലമെന്നു കരുതാവുന്നതല്ല. അതു മാത്രമല്ല അതിശീതീകൃത പദാർഥങ്ങളിലൂടെ കടന്നു പോകുമ്പോളും സ്വയം പഴകിയ വെളിച്ചമായിത്തീരുമ്പോളും പ്രകാശത്തിന്റെ പ്രവേഗം സ്ഥിരമല്ലെന്നും തെളിഞ്ഞിട്ടുണ്ട്. കേവലമെന്നു കരുതപ്പെടുന്ന സ്ഥലകാലങ്ങളും പരസ്പരം ആശ്രയിക്കുന്നവയും ദ്രവ്യത്താൽ സൃഷ്ടിക്കപ്പെടുന്നവയും അതിന്റെ സാന്നിദ്ധ്യത്തിൽ വക്രീകരിക്കപ്പെടുന്നവയുമാണ്. അവ കേവലമായിരുന്നാൽ പോലും മറ്റു പദാർത്ഥങ്ങളുടെ അവസ്ഥിതികൊണ്ട് അവയും ആപേക്ഷികമായി തീരുന്നതും അതിനാൽ തന്നെ ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതുമാണ്. അതിനാൽ ശാസ്ത്രയോനിത്വം കൊണ്ട് ബ്രഹ്മത്തെ അറിയുക അസാധ്യമല്ലതന്നെ.
പൂർവപക്ഷം 5
ദൈവം, ആത്മാവ്, പിശാച് തുടങ്ങിയവയെ അറിയുക ശാസ്ത്രത്താൽ അസാധ്യമാണ്.
സമാധാനം
ദൈവം, ആത്മാവ്, പിശാച് തുടങ്ങിയ സങ്കല്പങ്ങൾ ശാസ്ത്രത്തിൽ നിന്നും അകന്നു നിൽക്കാനുണ്ടായ പ്രധാന കാരണം അവയുടെ നിർവചനങ്ങളിലെ നേതിരൂപമാണ്. അവയെ നിർവചിക്കാൻ ശ്രമിക്കുമ്പോളെല്ലാം വിശ്വാസികൾ അതല്ല അല്ലെങ്കിൽ അതുമാത്രമല്ല എന്ന പല്ലവി ഉരുവിട്ടു തുടങ്ങുന്നു. ദൈവമോ ആത്മാവോ പിശാചോ എന്തെന്നു നിർവചിക്കുന്ന നിമിഷം മുതൽ അവ ശാസ്ത്രീയാന്വേഷണത്തിന്റെ പരിധിയിൽ വരും; അന്വേഷണങ്ങൾ സാധ്യമാകും; നിഗമനങ്ങൾ ഉരുത്തിരിയും. അപ്പോൾ വിശ്വാസികൾ നിർവചനത്തിൽ തെറ്റുണ്ട് നിർവചനം തിരുത്തണമെന്നാവശ്യപ്പെട്ടു തുടങ്ങും; ഈ പ്രക്രിയ നിരന്തരം നൂറ്റാണ്ടുകളായി തുടർന്നു വരുന്നു. എവിടെയെങ്കിലും പുതുക്കിയ ഗുണഗണങ്ങൾ ഉന്നയിക്കാനാകാതെ വരുമ്പോൾ ലഹളയായി യുദ്ധമായി യുക്തിഹീനമായ അധികാരത്തിന്റെ തള്ളിക്കയറ്റമായി. സൂക്ഷ്മമായി ഈ വിഷയങ്ങളെ സമീപിക്കുവർക്ക് പ്രഥമദൃഷ്ട്യാ തോന്നുക ഈശ്വരനോ ആത്മാവോ പിശാചോ എന്താണെന്നു ആരും അറിയാനിടവരരുതെന്നു അവയുടെ വിശ്വാസികൾ ഗൂഢമായി ആഗ്രഹിക്കുന്നുണ്ടെന്നാണ്. ആശയങ്ങളിലെ ഇത്തരം സ്ഥിരതയില്ലായ്മയാണ് യഥാർത്ഥത്തിൽ വിശ്വാസത്തിനും ശാസ്ത്രത്തിനും ഇടയിൽ ഒരു വിടവുണ്ടെന്നു തോന്നിപ്പിക്കുന്നത്. വാസ്തവത്തിൽ നിർവചനങ്ങളിലെ അപര്യാപ്തതകൾ ശാസ്ത്രവും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ മുമ്പിനാലേ സ്വീകരിച്ചിരുന്ന നിർവചനത്തെ തള്ളിക്കളഞ്ഞ് പുതിയ നിർവചനത്തെ ഉൾക്കൊള്ളാൻ ശാസ്ത്രം കാട്ടുന്ന സഹിഷ്ണുതയും ത്വരയും അതിനെ നിരന്തരം പുതുക്കുവാനും വളർത്തുവാനും സഹായിച്ചിട്ടേയുള്ളൂ. എന്നാൽ മതങ്ങളിലെ മൌലീകവാദവും അപ്രമാദിത്വവാദവും അധികാര സ്വാധീനങ്ങളും അതിന്റെ തന്നെ വളർച്ചയെയും ആധുനികവത്കരണത്തേയും തടയുകയുണ്ടായിട്ടുണ്ട്. അന്വേഷണത്തിനിടയ്ക്കു അന്വേഷണവിഷയത്തിന്റെ സ്ഥലകാലസ്ഥിതികളോ അടിസ്ഥാനസത്തയോ മാറിയാൽ അന്വേഷണഫലം യഥാർത്ഥ വസ്തുതകളെ സൂചിപ്പിച്ചേക്കില്ല. പക്ഷേ അതിലും വലിയ ദുരന്തമാണ് അന്വേഷണവിഷയത്തിന്റെ സ്ഥലകാലസ്ഥിതികളും അടിസ്ഥാനസത്തയും സ്ഥിരമെന്നു അടിസ്ഥാന പ്രമാണമുണ്ടാക്കി അന്വേഷണ വിഷയത്തിന്റേയും വിവരസഞ്ചയത്തിന്റേയും മാറ്റങ്ങളെ അവഗണിക്കുന്നത്. ഒരേ പ്രതിഭാസത്തെ ഒന്നിലധികം വീക്ഷണകോണുകളിൽ നിന്നു വീക്ഷിക്കുമ്പോൾ വ്യത്യസ്ഥങ്ങളായ വിവരങ്ങൾ ലഭിക്കുമ്പോൾ അവയിൽ ചിലതു ശരിയും ചിലതു തെറ്റും എന്നു പറയാൻ പാടില്ലെന്നും എല്ലാം ശരിയെന്നു കരുതണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്.
അടിസ്ഥാന വിഷയങ്ങളിൽ നേതിവാദം കൊണ്ടുവരികയും നിർവചനങ്ങളെ അപ്രസക്തമാക്കുന്ന കേവലവാദം ഉന്നയിക്കുകയും അനന്തതകളെ വേർതിരിച്ചു കാണാതെ ഏകമായി കാണുകയും ചെയ്യുന്നവർ സത്യത്തിന്റെ മുഖത്തെ ഒരു ഹിരണ്മയ പാത്രം കൊണ്ട് മൂടുക മാത്രമാണ് ചെയ്യുന്നത്. ഈശ്വരവിശ്വാസത്തിന്റേയും മറ്റും കാതൽ വിമർശനവിധേയമായിട്ട് കാലമേറെയായി. ബുദ്ധി തിരിയാത്തവർ അന്ധവിശ്വാസത്തിൽ കുരുങ്ങി കിടക്കുന്നുവെന്നു മാത്രം.
പ്രപഞ്ചകാരണമായ ഒരു ഈശ്വരൻ ഉണ്ടെങ്കിൽ ആ ഈശ്വരനാകുന്നു ബ്രഹ്മം. ആദികാരണമായ ഈശ്വരൻ അജ്ഞേയനാണ്. സർവജ്ഞനോ സർവവ്യാപിയോ സർവശക്തനോ ആയ ഈശ്വരൻ ഇല്ല. ജ്യോതിസ്വരൂപനാണ് ഈശ്വരനെങ്കിൽ അത് ഉണ്ട്. സച്ചിദാനന്ദസ്വരൂപനാണ് ഈശ്വരനെങ്കിൽ അത് ബ്രഹ്മമല്ലെങ്കിൽ മറ്റൊന്നുമല്ല. കർമഫലദാദാവായ ഈശ്വരൻ ഇല്ല. പുണ്യപാപങ്ങളെ വിധിക്കുന്ന ഈശ്വരനും ഇല്ല. അറിവാണ് ഈശ്വരനെകിൽ അനേകം ഈശ്വരന്മാരുണ്ട്. ദൈവം സ്നേഹം തുടങ്ങിയ വികാരങ്ങളാണെങ്കിൽ ആ ദൈവത്തെ സൃഷ്ടിച്ചതു ജീവനാണ്. മേല്പറഞ്ഞ സകല ഗുണങ്ങളും ചേർന്ന ഈശ്വരൻ അഭാവപൂർണിമയാണ്.
ജീവാത്മാവ് പുനർജന്മം കാത്തിരിക്കുന്ന ആത്മാവ് ദുരാത്മാവ് പ്രേതാത്മാവ് ബാധയായി കയറുന്ന ആത്മാവ് ജ്ഞാനാത്മാവ് പരിശുദ്ധാത്മാവ് പരമാത്മാവ് പരേതാത്മാവ് തുടങ്ങി അനേകവിധ ആത്മാക്കളുണ്ടെന്നും അവയുടെ അസ്തിത്വത്തെക്കുറിച്ച് അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പലയിടത്തും രേഖപ്പെടുത്തപ്പെട്ടു കാണുന്നു.
ആത്മസങ്കല്പങ്ങളെല്ലാം ‘അഹം’ ബോധവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും അവയുടെ അസ്തിത്വത്തെ സൂചിപ്പിക്കുന്ന ‘അഹം’ ബോധം ഉണ്ട്. കർത്താവ് ദ്രഷ്ടാവ് ഭോക്താവ് ജ്ഞാതാവ് എന്നീ നിലകളിൽ സ്വയം വിശേഷിപ്പിക്കുന്നതിനുള്ള സർവനാമമായ അഹത്തിനു സമാനവും അതിൽ നിന്നു നിഷ്പന്നവുമാണ് ആത്മാവ്. മറ്റൊന്നിനോട് അഹം സംവദിക്കുമ്പോൾ സംവദിക്കപ്പെടുന്നത് ത്വം ആകുന്നു. അഹം ത്വം എന്നീ നാമരൂപങ്ങളും അവയുടെ ബഹുവചനങ്ങളും ഒഴികെ മറ്റെല്ലാം തത് എന്നതിന്റെ ബഹുരൂപങ്ങളാണ്. അഹം ത്വം തത് എന്നീ മൂന്നു രൂപങ്ങളും അപ്രകാരം വ്യക്തിത്വത്തേക്കാൾ അവസ്ഥക്കത്രേ ഊന്നൽ നൽകുന്നത്. അഹം ത്വം എന്നിവ ഒഴുകുന്ന വ്യക്തിത്വങ്ങളെയും തത് സ്ഥിരമായതിനേയും സാമാന്യേന സൂചിപ്പിക്കുന്നു. കർതൃത്വവും സംവാദവും സംയോജിക്കയാൽ അഹം ത്വം എന്നീ പദങ്ങൾ ജീവനെക്കൂടി സൂചിപ്പിക്കുന്നുണ്ട്. അതിനാൽ അഹം അഥവാ ആത്മാവ് ജീവന്റെ സത്തയായി വ്യവഹരിക്കപ്പെടുവാൻ ഇടവന്നു. അങ്ങനെ ജീവനുള്ളിടത്തെല്ലാം ആത്മാവുണ്ട്. ആത്മാവുള്ളിടത്തെല്ലാം ജീവനുമുണ്ട്. ആത്മാവിൽ നിന്നു വേറിട്ട് മറ്റൊരു ജീവനുമില്ല. ജീവനിൽ നിന്നു വേറിട്ട് മറ്റൊരു ആത്മാവുമില്ല. ജീവൻ ഒരു അനുസ്യൂതി ആകയാൽ ആത്മാവും അപ്രകാരം തന്നേ. മറ്റൊരുവിധത്തിൽ ജീവി എന്നു വിളിക്കപ്പെടുന്ന ഒന്നിന്റെ ആരംഭം മുതൽ വീക്ഷണ ബിന്ദുവിലെത്തുന്നതുവരെയുള്ള ജീവന്റെ ഗമനത്തിന്റെ ആകെത്തുകയത്രേ അതിന്റെ ആത്മാവ്. അതല്ലാതെ മറ്റൊരാത്മാവും ഇല്ല. ജീവനുള്ള ഒന്നു ജഢമായി കാണപ്പെടുമ്പോൾ അതിന്റെ ആത്മാവിനെന്തു സംഭവിക്കും എന്ന ചോദ്യത്തോടുള്ള പ്രതികരണമായി സൃഷ്ടിക്കപ്പെട്ട ഭാവനാവിലാസങ്ങളുടെ ഫലം ദൃശ്യമാകുന്നതത്രേ ഒട്ടുമിക്കതരം ആത്മാക്കളുടേയും വേരുകൾ.
ചരിത്രപരമായ ഒരു വിലയിരുത്തലിൽ ഭാരതത്തിലെ പൈശാചീ ഭാഷ സംസാരിച്ചിരുന്ന നാട്ടിലെ ജനങ്ങളത്രേ പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ ഒറ്റപ്പെടുത്തപ്പെട്ട് പിന്നീട് മാനവത്വത്തിൽ നിന്നു പോലും നിഷ്കാസനം ചെയ്യപ്പെട്ട് പിശാചുക്കളായി അറിയപ്പെട്ട ജനത എന്നു തിരിച്ചറിയേണ്ടതുണ്ട്. ഭാരതത്തിൽ ദേവനാഥനായി അറിയപ്പെടുന്ന ഇന്ദ്രൻ തിന്മയുടെ മൂർത്തീഭാവമായാണ് പേർഷ്യയിലെ അഗ്ന്യാരാധകർക്കു മുമ്പിൽ അറിയപ്പെട്ടത്. ഈജിപ്തിലേയും മെസോപൊട്ടാമിയയിലേയും ഈശ്വരന്മാർ തന്നെയാണ് സീയോനിലെ ദൈവത്തിൽ വിശ്വസിച്ചിരുന്നവർക്ക് ചെകുത്താന്മാർ. ഏക ദൈവത്തിൽ വിശ്വസിക്കുന്നവർ അനേക പിശാചുക്കളിൽ വിശ്വസിക്കാനിട വന്നതിനു കാരണം അവരുടെ പൂർവികർ ചെയ്തു പോയിരിക്കാവുന്ന അനേകം മതവിശ്വാസങ്ങളുടെ മേലുള്ള ധ്വംസനത്തെ കുറിച്ചുള്ള അബോധമായ കുറ്റബോധമായിരിക്കണം. അന്യമത ധ്വംസനങ്ങൾ കുറവുള്ള ബഹു ഈശ്വര വിശ്വാസികൾക്കിടയിൽ ചെകുത്താനെക്കുറിച്ചുള്ള ഭയം താരതമ്യേന കുറുഞ്ഞുകാണാറുണ്ട്.
ഈശ്വരൻ മഹാമാരികളും യുദ്ധങ്ങളും വമ്പിച്ച നാശങ്ങളും കൊണ്ടുവരുന്നവനെന്നു ആദ്യകാലത്തു വിശ്വസിച്ചിരുന്ന ജനതകളിലെ മത വിശ്വാസത്തിനു പരിണാമം സംഭവിച്ച് കാരുണ്യവാനും സദ്ഗുണ സമ്പൂർണനുമാണു ഈശ്വരൻ എന്നു വിശ്വസിക്കാനിടവന്ന ഇടങ്ങളിലെല്ലാം അബോധതലത്തിലെ സമ്പൂർണ നാശത്തിനുള്ള ഇച്ഛ സാധ്യമാക്കുവാനാണ് ഈശ്വരനു സദ്ഗുണങ്ങളിലൊഴികെ ഏതാണ്ടു തുല്യനും ബലവാനുമായ ചെകുത്താൻ എന്ന വിശ്വാസത്തിനു പ്രാചുര്യമുള്ളത്. ബുദ്ധി കാരുണ്യവും മനസ് സമ്പൂർണനാശവും ആഗ്രഹിക്കുന്നിടത്ത് കാരുണ്യവാനായ ഈശ്വരനേയും നാശകാരണമായ ഈശ്വരനേയും ഒന്നിച്ചു വ്യവഹരിക്കുമ്പോലുള്ള സങ്കല്പദോഷവും ഇതകറ്റുന്നു. കാരുണ്യവാനായ ഈശ്വരൻ ഭീതിയുടെ പ്രചാരകനല്ല. ഈശ്വരനോടും പുരോഹിതരോടും മതസ്ഥാപനങ്ങളോടുമുള്ള ഭീതിയും ആദരവും നിലനിറുത്തുവാനും പ്രയോജനപ്പെടുമെന്നതിനാൽ പുരോഹിതവർഗം ദൈവത്തോടൊപ്പം ചെകുത്താനേയും പ്രചരിപ്പിച്ചു. പാടിപുകഴ്ത്തപ്പെടുന്ന ഈശ്വരന്റെ യഥാർത്ഥ അബോധ സ്വരൂപമറിയാൻ അവനെ വെല്ലുവിളിക്കുന്ന ചെകുത്താന്റെ ഗുണഗണങ്ങൾ വീക്ഷിച്ചാലും മതിയാകുന്നതാണ്. ഈശ്വരന്റെ പേരിൽ നടന്ന കൊടും പാതകങ്ങൾക്കു പ്രധാന കാരണങ്ങളിലൊന്നു ഈശ്വരന്റെ പ്രതിരൂപമായി ചെകുത്താനുണ്ടെന്ന സങ്കല്പമാണ്. ജഗത്തിൽ ഈശ്വരനേപ്പോലെത്തന്നെ ചെകുത്താനും അഭാവപൂർണിമ തന്നെ.
മേൽ കാരണങ്ങളാൽ ആപേക്ഷികവും പരിണാമസ്വരൂപിയുമായ സങ്കല്പസൃഷ്ടികളെന്ന നിലയിൽ ഈശ്വരൻ, ആത്മാവ്, പിശാച് തുടങ്ങിയവയേയും അവ മാനവവ്യവഹാരങ്ങളിലുണ്ടാക്കുന്ന സ്വാധീനങ്ങളേയും ശാസ്ത്രയോനിത്വത്താൽ പഠനവിധേയമാകാവുന്നതാണ്. പൂർവപക്ഷം 6
വേദം പഠിക്കാത്തതോ വേദത്തെക്കുറിച്ചു വ്യക്തമായ ധാരണ ഇല്ലാത്തതോ ആയ ഒരാൾക്കും പൂർണസ്വരൂപനായ ബ്രഹ്മത്തെ അറിയാനാകില്ല.
സമാധാനം
വേദങ്ങളെന്നല്ല ശതവേദങ്ങൾ പഠിച്ചില്ലെങ്കിൽ‌ പോലും ശാസ്ത്രദൃഷ്ട്യാ ഏതൊരു പ്രതിഭാസത്തേയും സമീപിക്കാവുന്നതാണ്. എന്നാൽ വേദങ്ങൾ പഠിക്കുന്നതിനു ഇതൊരു തടസ്സവുമല്ല. ശാസ്ത്രം പഠിച്ചാലും വേദം പഠിച്ചാലും പൂർണസ്വരൂപനായ ബ്രഹ്മത്തെ അറിയാനാകില്ല, കാരണം അങ്ങനെയൊന്ന് ഉണ്ടാകുക സാധ്യമല്ല. വേദം പഠിച്ചവർക്കു അതിൽ കണ്ട പ്രകാരം ഒരു പൂർണസ്വരൂപബ്രഹ്മമുണ്ടെന്നു വിശ്വസിച്ചു അങ്ങനെ ഭാവിക്കാമെന്നുമാത്രം.
പൂർവപക്ഷം 7
യുക്തിയുടേയൊ നിഗമനത്തിന്റേയോ മാത്രം അടിസ്ഥാനത്തിൽ ഒരു പ്രത്യേക ഈശ്വരനില്ലെന്നു തെളിയിച്ചു കൂടാത്തതാണ്. അതൊരു വിശ്വാസമാകയാൽ പ്രത്യേക സംരക്ഷണത്തിനു അർഹമാണ്.
സമാധാനം
എന്നു ആ ഈശ്വരനിൽ വിശ്വസിച്ചു പോരുന്നവർ ആഗ്രഹിച്ചു പോകുന്നതു സ്വാഭാവികം മാത്രം. അത്തരം ആഗ്രഹങ്ങൾ ശാസ്ത്രത്തിന്റെ വഴിമുടക്കാനിടയാക്കിക്കൂടാ.
പൂർവപക്ഷം 8
ബീജം പഞ്ചഭൂതങ്ങൾ പിത്തം അത്തിവിത്തുകൾ ധൂമസംസ്കാരം പൂർവജന്മസ്മരണ കാന്തം തീയുണ്ടാക്കുന്ന സൂര്യകാന്തിമുത്ത് വെള്ളം കുടിച്ച് ദാഹം ശമിക്കുന്നത് മരണാനന്തരം ദേഹം പഞ്ചഭൂതങ്ങളായി വിഘടിക്കുന്നത് ഈശ്വരപ്രാർത്ഥനയ്ക്കു ഫലം ലഭിക്കുന്നത് തപസ്സിനു ഫലമുണ്ടാകുന്നത് തുടങ്ങിയവയെല്ലാം അതീന്ദ്രിയ ജ്ഞാനമുണ്ടെന്നതിനു തെളിവാണ്.
സമാധാനം
അതീന്ദ്രിയജ്ഞാനം ഇല്ലെന്നു വാദിക്കുന്നത് വിഡ്ഢിത്തമത്രേ, കാരണം പഞ്ചേന്ദ്രിയങ്ങളാൽ എല്ലാം അറിയപ്പെടണമെന്നില്ല. പ്രകൃതിയിൽ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തുള്ള പ്രതിഭാസങ്ങൾ ഉണ്ടെന്നു തന്നെ കരുതണം. ശാസ്ത്രമാകട്ടെ അത്തരം പ്രതിഭാസങ്ങളോടു സംവദിക്കുന്ന ജഢവും ജീവനും കണ്ടെത്തി ശാസ്ത്രജ്ഞാനത്തിന്റെ പരിധി വർദ്ധിപ്പിക്കുന്നു. എന്നാൽ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് അറിയുന്ന ജ്ഞാനം അധമം അതീന്ദ്രിയജ്ഞാനം ഉത്തമം എന്നിങ്ങനെ കരുതുന്നത് പരീക്ഷണ വിധേയമല്ലാത്ത വസ്തുതകളെ ആധികാരികമായി കരുതുന്നതിനു ഇടവരുത്തും. ഇനി അതീന്ദ്രിയ ജ്ഞാനം കൊണ്ട് വല്ലവരും വല്ലതും അറിയുന്നുണ്ടെങ്കിൽ തന്നെ അപ്രകാരം അറിഞ്ഞതു ആത്മനിഷ്ഠമല്ലെന്നു ഉറപ്പുവരുത്തുക കൂടി ചെയ്യേണ്ടതുണ്ട്.
ബീജം പഞ്ചഭൂതങ്ങൾ പിത്തം അത്തിവിത്തുകൾ കാന്തം വെള്ളം കുടിച്ചു ദാഹം ശമിക്കുന്നത് എന്നിവയെല്ലാം ഇന്നു സമ്യക്കായി വിശദീകരിക്കപ്പെടുന്നതു ശാസ്ത്ര ജ്ഞാനത്താലാണ്. ധൂമസംസ്കാരവും കായ്ക്കാനായി ചെടികളുടെ കമ്പുകൾ വെട്ടുന്നതും ഭാഗികമായി ശാസ്ത്രീയവും ഭാഗികമായി യാദൃശ്ചികവുമാകുന്നു. തീയുണ്ടാക്കുന്ന സൂര്യകാന്തിമുത്ത് അറിയപ്പെടുന്നില്ല. എങ്കിലും തീയുണ്ടാക്കുന്ന അനേക തരം കല്ലുകൾ ഇപ്പോൾ അറിയപ്പെടുകയും ഉപയോഗിച്ചു വരികയും ചെയ്യുന്നുണ്ട്. അവയ്ക്കെല്ലാം മതിയായ ശാസ്ത്രീയ വിശദീകരണങ്ങൾ നൽകാനുമാകുന്നുണ്ട്. സൂര്യകാന്തിമുത്ത് തീയുണ്ടാക്കുന്നത് പ്രത്യക്ഷത്തിൽ കാണപ്പെടുന്ന പക്ഷം അതിനേയും ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കാൻ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. ജനനത്തിനു മുമ്പും മരണത്തിനു ശേഷവും ശരീരത്തിന്റെ സംഘാത സ്വരൂപത്തിന്റെ അഭാവം അതിലെ ഏകോപന പ്രവർത്തനങ്ങളുടെ അഭാവത്താൽ തന്നെ ഭവിക്കുന്നതാണ്. അഥവാ അതുതന്നെയാണ് മരണം. മരിച്ചശേഷവും ജഢത്തിന്റെ ജീവസ്വഭാവം അതിനു രാസമാറ്റം സംഭവിക്കുന്നതിനു മുമ്പു നഷ്ടപ്പെടുന്നില്ല എന്നതിനു തെളിവാണ് ഹൃദയം, കരൾ, വൃക്ക, കൃഷ്ണമണി തുടങ്ങി അനേകം അവയവങ്ങളുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഈശ്വരപ്രാർത്ഥനയ്ക്കും തപസ്സിനും ഫലമുണ്ടാകുന്നത് മനോവിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ മാത്രമാണ്. വെള്ളം കുടിച്ചു ദാഹം ശമിപ്പിക്കുന്നത് തലച്ചോറിലെ തൃഷ്ണകേന്ദ്രത്തിന്റെ പ്രവർത്തനത്താലാണെന്നത് തെളിയിക്കപ്പെട്ടതാണ്.
പൂർവജന്മസ്മരണയുടെ പേരിൽ അറിയപ്പെടുന്നതിൽ അധികവും ഹിസ്റ്റീരിയയുടേയും സമാനമായ മനോവൈകല്യങ്ങളുടേയും പരിണിത ഫലങ്ങൾ മാത്രമാണ്. ഇനി ആരോഗ്യവാനായ ഒരാൾക്ക് പൂർവജന്മസ്മരണ ഉണ്ടാകണമെങ്കിൽ ആത്മാവിന്റെ ജന്മാന്തരഗമനമോ മരിച്ചജീവിയുടെ ഏതെങ്കിലും രൂപത്തിലുള്ള പുനർജനനമോ അവശ്യമല്ല തന്നെ. മരണമേയില്ലാത്ത അപൂർവജീവിയുടെ പരിണാമത്തിന്റെ അനുസ്യൂതിയുടെ പരിണിത ഫലമായ അനുകൂലനങ്ങളാണ് അറിയപ്പെടുന്ന പൂർവജന്മസ്മരണകളെല്ലാം തന്നെ. ഇക്കാര്യം പിന്നീടൊരിടത്തു വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതുവരെ എന്തെങ്കിലും ശാസ്ത്രദൃഷ്ട്യാ വിശദീകരണം നൽകപ്പെടാതിരുന്നു എന്നത് ശാസ്ത്രത്തിനു അക്കാര്യം പരിഗണിക്കാനുള്ള അനർഹതയല്ല മറിച്ച് ശാസ്ത്രം അക്കാര്യങ്ങൾ അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ടെന്നാണു തെളിയിക്കുന്നത്.
പൂർവപക്ഷം 9
ശാസ്ത്രം കൊണ്ടുവരുന്ന ജ്ഞാനം ഗുണത്തിനും ദോഷത്തിനും ഉപയോഗിക്കാവുന്നതാണ്. അതിനാൽ സദാചാര നിഷ്ഠമായ മതരീതിയുടെ അകമ്പടിയോടു കൂടിയല്ലാതെ യഥാർത്ഥസത്തയെ കുറിച്ചുള്ള യതൊരന്വേഷണങ്ങളും ഗുണഫലങ്ങൾ ഉണ്ടാക്കുകയില്ല.
സമാധാനം
ജ്ഞാനത്തിന്റെ പോലെ തന്നെ സദാചാരത്തിന്റേയും ഫലങ്ങൾ ഗുണദോഷ സമ്മിശ്രം തന്നെ. ജഗത്തിലെ ഓരോ കർമഫലങ്ങളും അതിന്റെ ഭോജനവും ചിലർക്കു ഗുണകരമെന്നതുപോലെ ചിലർക്കു ദോഷകരമായും വന്നു ഭവിക്കുന്നു. ഈ ഗുണദോഷങ്ങൾ ഉണ്ടാക്കുന്ന മാറ്റങ്ങളും അവയുടെ സ്വാധീനവും ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നതാണ് കൂടുതൽ മെച്ചപ്പെട്ടതായി കരുതപ്പെടുന്നത്. ശാസ്ത്രീയമായ ഇത്തരം പഠനങ്ങൾ കൂടാതെ അശാസ്ത്രീയമായി തത്ക്കാല ലാഭങ്ങളും സൌകര്യങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും മാത്രം നോക്കിയോ അപകടകരമോ അതീവ സംവേദന ശീലമുള്ളവയോ ആയ വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തോ ഉണ്ടാക്കി വയ്ക്കുന്ന ദോഷങ്ങൾക്ക് ശാസ്ത്രമല്ല; മറിച്ച് ശാസ്ത്രത്തെ പരിഗണിക്കാത്തവർ മാത്രമാണ് ഉത്തരവാദികൾ. ശാസ്ത്രത്തിന്റെ ദുരുപയോഗത്തിനു മറ്റൊരു പ്രധാന കാരണം അധികാരസംവിധാനത്തിന്റെ തകരാറാണ്. ശാസ്ത്രം അറിയാത്തവരോ അതിനോടു പ്രതിപത്തിയില്ലാത്തവരോ അവസാന തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. ഇവയ്ക്കൊന്നും ശാസ്ത്രം ഉത്തരവാദിയല്ലെങ്കിലും സ്വന്തമായ ചില ദൌർബല്യങ്ങളും അതിനുണ്ട്. സ്വീകരിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഫലങ്ങളേ ശാസ്ത്രപഠനം നൽകൂ എന്നതാണത്. അതിനാൽ ഓരോ വിഷയത്തിനും അനുയോജ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ സ്വീകരിച്ചു പ്രവർത്തിക്കുന്നതിന് ശാസ്ത്രം ബാദ്ധ്യസ്ഥമാണ്. ബ്രഹ്മജിജ്ഞാസയുടെ ശാസ്ത്രീയ പഠനത്തിന്റെ മാനദണ്ഡങ്ങൾ എപ്രകാരമായിരിക്കണമെന്നും സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi