2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.4) - തത്തു സമന്വയാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“തത്തു സമന്വയാത്” (1.1.4)
തത് = അത്
തു = ആകട്ടെ
സമന്വയാത് = സമ്യക്കായി യോജിപ്പിച്ചുകൊണ്ട്
(ശാസ്ത്രീയമായ മാനദണ്ഡങ്ങൾ തെരഞ്ഞെടുക്കു)ന്നത് ആകട്ടെ (വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ശാസ്ത്രഫലങ്ങളെ താർക്കികമായ കാര്യകാരണ ബന്ധത്താൽ) സമ്യക്കായി യോജിപ്പിച്ചു കൊണ്ടു വേണം.
സാരം
ബ്രഹ്മാന്വേഷണത്തിനു വിവരസഞ്ചയമായി ജഗത്തിലെ സകല പ്രതിഭാസങ്ങളും വിശകലം ചെയ്യപ്പെടാവുന്നതാണ്. സിദ്ധാന്തത്തിനെന്നപോലെ പൂർവപക്ഷത്തിനും മേല്പടി വിശകലന വിവരങ്ങൾ ഉപയുക്തമാക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ബഹുവിധ മാനദണ്ഡങ്ങൾ ബ്രഹ്മാന്വേഷണത്തിനു ഉപയോഗിക്കപ്പെടുകയും മാനദണ്ഡങ്ങളിലെ വൈരുദ്ധ്യം വിവരങ്ങളെ പരസ്പര വിരുദ്ധമാക്കി ചിത്രീകരിക്കുകയും ചെയ്യാനിടയുണ്ട്. ജഗത്തിലെ വൻ ദ്രവ്യപിണ്ഡങ്ങൾ മാനദണ്ഡമാക്കുമ്പോളും അണുകണികയ്ക്കകം വിശകലം ചെയ്യുമ്പോളും വിരുദ്ധമായ ഫലങ്ങൾ അപ്രകാരം ലഭിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മാനദണ്ഡങ്ങളേയും ഫലങ്ങളേയും ഒന്നുപോലെ പരിഗണിച്ചു അവയെ താർക്കികമായ കാര്യകാരണബന്ധത്താൽ താരതമ്യപ്പെടുത്തി വൈരുദ്ധ്യങ്ങളെ ഏകീകരിക്കാൻ സാധ്യമാണോ എന്നു പരിശോധിച്ച് എത്തിച്ചേരുന്ന നിഗമനങ്ങളെ സമ്യക്കായി സംയോജിപ്പിച്ചുകൊണ്ട് ബ്രഹ്മാന്വേഷണം നടത്തേണ്ടതാണ്. അപ്രകാരം ചെയ്യുമ്പോൽ പ്രകൃതി പ്രതിഭാസങ്ങളെ ആദ്യം തന്നെ വിവിധ പ്രകൃതിനിയമങ്ങളുടെ കീഴിൽ കൊണ്ടുവരാനും അത്തരം നിയമങ്ങളെ വീണ്ടും വിശകലനം ചെയ്ത് ഒരു സാർവത്രിക ഏകീകൃത സിദ്ധാന്തത്തിലേക്ക് പ്രപഞ്ച പ്രതിഭാസങ്ങളെ കൊണ്ടു വരാനും കഴിയും. അതോടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം ലഭ്യമാകും. വികാരിയായ ബ്രഹ്മത്തിനും സൃഷ്ടമായ പ്രപഞ്ചത്തിനും സൃഷ്ടിസമയത്തു സമാനഗുണങ്ങളാണു ഉണ്ടായിരുന്നത് എന്ന സങ്കല്പത്താൽ തുടർന്ന് വികാരിയായ ബ്രഹ്മത്തിന്റെ സത്തയും സ്വഭാവവും ഗുണങ്ങളും ലഭ്യമായിത്തുടങ്ങും. അങ്ങനെ ശാസ്ത്രീയമായ സമന്വയത്താൽ ബ്രഹ്മജിജ്ഞാസക്കു ഫലപ്രാപ്തിയുണ്ടാകും.
പൂർവപക്ഷം 1
വേദങ്ങൾ തന്നെ സമന്വയം. ബ്രഹ്മാന്വേഷണത്തിനു വേദാദികളിൽ പറയുന്നതു പുനരാവർത്തിച്ചു ചിട്ടപ്പെടുത്തിയാൽ മാത്രം മതിയാകുന്നതാണ്. അതിനു വേറിട്ടൊരു അന്വയം ആവശ്യമില്ല.
സമാധാനം
വേദാദികൾ യുക്തിയാൽ തകർക്കപ്പെട്ടേക്കുമെന്നു ഭീതിയുള്ളപ്പോളാണ് പ്രകൃതിയുടെ ശാസ്ത്രീയമായ ഏകീകൃത സമന്വയസത്യവും അതിലേക്കുള്ള സമീപനവും വേദവാദികൾ അംഗീകരിക്കാത്തത്. വേദാന്യമായ സമന്വയം നിഷേധിക്കപ്പെട്ടാൽ വേദത്തിനുപോലും അതു ഗുണം ചെയ്യില്ല. ബ്രഹ്മാന്വേഷണം മുരടിക്കുക മാത്രമാണു തത്ഫലം. യുക്തിചിന്ത പ്രോത്സാഹിക്കപ്പെട്ട കാലങ്ങളിലാണ് വേദാന്തം വളർന്നതെന്നും അതു ഇതര ശാസ്ത്രങ്ങളോടു അസഹിഷ്ണുത കാട്ടിയതോടെ അതിന്റെ അനുക്രമമായ വളർച്ച നിലച്ചു എന്നതും ചരിത്രം.
പൂർവപക്ഷം 2
സമന്വ്യയ പദത്തിനു മുഖ്യോദ്ദേശ്യം എന്നാണ് അർത്ഥം; അല്ലാതെ സമ്യക്കായി അന്വയിക്കുക എന്നല്ല.
സമാധാനം
സമന്വയ ശബ്ദത്തിനു ഉദ്ദേശ്യം എന്ന അർത്ഥം ഉണ്ടെങ്കിലും അഥാതോ ബ്രഹ്മജിജ്ഞാസാ എന്ന സൂത്രത്തിൽ തന്നെ ബ്രഹ്മസൂത്രത്തിന്റെ മുഖ്യോദ്ദേശ്യം വെളിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുഖ്യോദ്ദേശ്യവാദികൾ വേദങ്ങളുടെ മുഖ്യോദ്ദേശ്യം ബ്രഹ്മമായതിനാൽ ബ്രഹ്മാന്വേഷണത്തിനു വേദങ്ങൾ മാത്രം അടിസ്ഥാനമാക്കണം എന്ന വാദം ഉന്നയിക്കാനാഗ്രഹിക്കുന്നു. ചില ഗ്രന്ഥങ്ങളുടെ മുഖ്യോദ്ദേശ്യം ബ്രഹ്മാന്വേഷണം ആണെന്നതുകൊണ്ട് ബ്രഹ്മാന്വേഷണം അവയെ മാത്രം അടിസ്ഥാനപ്പെടുത്തി വേണം എന്ന വാദം ശരിയല്ല. ശാസ്ത്രയോനിത്വാത് എന്ന സൂത്രത്തിനു തൊട്ടുശേഷം തത്തു സമന്വയാത് എന്ന സൂത്രം വരികയാൽ വിവിധ ശാസ്ത്രങ്ങളേയും അവയുടെ മാനദണ്ഡങ്ങളേയും സമ്യക്കായി സംയോജിപ്പിച്ചു കൊണ്ടു വേണം ബ്രഹ്മാന്വേഷണം നടത്താൻ എന്നതാണ് ഈ സൂത്രത്തിന്റെ സ്വാഭാവികമായ അർത്ഥം. അന്വയശബ്ദത്തിനു താർക്കികമായ കാര്യകാരണബന്ധം എന്നും സമ് ശബ്ദത്തിനു ഒന്നിച്ചു ചേർക്കുന്ന എന്നും അർത്ഥമുള്ളതു കൊണ്ട് ഇവയുടെ സംയോഗത്താൽ ശാസ്ത്രജ്ഞാനത്തെ യുക്തിപൂർവം ഏകീകരിച്ചു കൊണ്ടായിരിക്കണം ബ്രഹ്മാന്വേഷണം എന്ന അർത്ഥവും യോജിക്കുന്നുണ്ട്. ഏതൊരു ശാസ്ത്രീയ പഠനത്തിനും രീതിശാസ്ത്രപ്രതിപാദനം അത്യാവശ്യമാകയാൽ ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ഒരു ഏകീകൃത സിദ്ധാന്തത്തിലേക്ക് എത്തിച്ചേരേണ്ടതുമുണ്ട് എന്നും വിവക്ഷയുണ്ട്.
പൂർവപക്ഷം 3
ശാസ്ത്രമെന്നാൽ ശാസിക്കുന്നത് എന്നർത്ഥം. ചിലതു ചെയ്യുവാനും മറ്റുചിലത് ചെയ്യാതിരിക്കുവാനും നിർദ്ദേശിക്കുന്നതാണ് ശാസനം. ശ്രുതികളും അപ്രകാരം തന്നെ ചെയ്യുന്നതിനാൽ അവയും സ്വയം ശാസ്ത്രമാണ്.
സമാധാനം
ശസ് ധാതുവിനു തിരുത്തുക എന്നും പഠിപ്പിക്കുക എന്നും അർത്ഥങ്ങളുണ്ട്. ആപേക്ഷിക സത്യങ്ങളെ തിരുത്തിയും മാറ്റി പഠിപ്പിച്ചും കൂടുതൽ മെച്ചപ്പെടുത്തുന്നതാണ് ശാസ്ത്രം. മുമ്പുണ്ടായിരുന്ന അറിവിനെ മാറ്റി മെച്ചപ്പെടുത്തുകയാൽ ശാസ്ത്രപദം അന്വർത്ഥമായിരിക്കുന്നു. ശ്രുതികൾ സ്വയം തെറ്റു തിരുത്തുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിരുന്ന ഉപനിഷദ് കാലഘട്ടത്തിൽ അവയ്ക്കും ശാസ്ത്രീയ സ്വഭാവമുണ്ടായിരുന്നു. എന്നാൽ അപൌരുഷേയവാദവും യാഥാസ്ഥിതികത്വവും മതവിശ്വാസവും വേദാന്തത്തെ ഗ്രസിച്ചതോടെ അവ ശാസ്ത്രസ്വഭാവം നഷ്ടപ്പെടുത്തിത്തുടങ്ങി. ഈ പരിമിതികളിൽ നിന്നും ശ്രുതികളും മറ്റും പുറത്തു വരുന്നതോടെ അവയും ശാസ്ത്രശബ്ദത്തിനഹമാകുകയും ചെയ്യും.
പൂർവപക്ഷം 4
ആത്മജ്ഞാനം സകല ഭേദങ്ങളേയും നിഷേധിക്കുന്നു. കേവലമായ സത്യത്തേയും ബ്രഹ്മത്തേയും അറിയുന്ന ആത്മജ്ഞാനിക്കു മോക്ഷം കൈവരുകയും സഞ്ചിതകർമങ്ങളും കർമഫലങ്ങളും അയാളെ ബാധിക്കാതെയാകുകയും പ്രാരബ്ധകർമങ്ങൾ ഭുജിച്ചതിനു ശേഷം ആത്മജ്ഞാനിയുടെ ശരീരബന്ധം അഴിഞ്ഞു പോകുകയും ചെയ്യുന്നതു പ്രത്യക്ഷമാണ്. കേവലസത്യം അന്വേഷിക്കുന്ന ആത്മവിദ്യകൾക്കല്ലാതെ താർക്കികയുക്തിക്കു ഈ ജ്ഞാനം അപ്രാപ്യമാണ്.
സമാധാനം
ആത്മാവിനെ സങ്കല്പിച്ചു കഴിയുമ്പോൾ തന്നെ ഭേദവും സങ്കല്പിച്ചു കഴിഞ്ഞു. സകലജ്ഞാനവും ഭേദചിന്തയിൽ നിന്നു തന്നെയാണ് ആരംഭിക്കുന്നതും അഭിരമിക്കുന്നതും. അതിനാൽ ആത്മജ്ഞാനിയും അഭേദവാദിയല്ല. അയാൾ അങ്ങനെ ഭാവിക്കുന്നെന്നു മാത്രം. മോക്ഷം ലഭിച്ചതിനു ശേഷം ജീ‍വിതം കൊണ്ടു പ്രയോജനമില്ല എന്ന വാദം കേവല അഭേദവാദത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളുടെ തന്നെ ഉല്പന്നമാണ്. കാരണം മോക്ഷത്തിനു ശേഷമുള്ള ജീവതത്തിലെ ഓരോ നിമിഷവും കേവലാഭേദവാദിയുടെ ആത്മഭാവന തെറ്റാണെന്നു നിരന്തരം തെളിയിച്ചുകൊണ്ടുള്ള സംഭവവികാസങ്ങളാണ് അയാൾക്കു ചുറ്റും നടക്കുന്നത്. സ്വവാദരക്ഷാർത്ഥം മോക്ഷശേഷം കർമഭോക്താവു താനല്ലെന്നു അയാൾക്കു പറയേണ്ടിവരുന്നു. അതു വാസ്തവവുമാണ്. മറ്റുള്ളവരുടെ കർമഫലങ്ങളുടെ ഭോക്താവു അവരവരാണെന്നു അയാൾ മുമ്പു പറഞ്ഞതായിരുന്നു തെറ്റ്. ശാസ്ത്രസമ്മതമായ കർമഫലഭോക്താവ് ജഗത്താണെന്ന സത്യത്തിനു പകരം മോക്ഷപ്രാപ്തനായയാളെ അനുമോദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവരിലേക്കു കർമഫലങ്ങൾ ചെന്നെത്തുമെന്ന ഭീഷണി കൂടി ചിലർ മുഴക്കുന്നുണ്ട്.
മാനവികത ഏറെ ആദരിച്ചിരുന്ന ഒരു പദമാണ് മോക്ഷം. മോക്ഷത്തെ കേവലമാക്കിയതിന്റെ ദൂഷ്യങ്ങൾ അതിനെ ഇനിയും വിട്ടുമാറിയിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയായി ആദിമകാലത്തു സങ്കല്പിക്കപ്പെട്ടിരുന്ന രീതിയിൽ തന്നെ അതിനെ തുടർന്നും വ്യാഖ്യാനിച്ചിരുന്നുവെങ്കിൽ മോക്ഷപ്രാപ്തി അർത്ഥവത്തും സാർവത്രികമായ പ്രത്യക്ഷാനുഭവവും ആകുമായിരുന്നു. എപ്പോളും മധ്യമാർഗം സ്വീകരിച്ചിരുന്ന ദർശനങ്ങളിലെ ബോധോദയം പോലും മോക്ഷത്തെ സാർത്ഥകമാക്കിയിരുന്നു. എന്നാൽ ബോധോദയത്തേയും കേവലമാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടായി. സ്വാഭാവിക സ്വാതന്ത്ര്യത്തിന്റെ ഉന്നതാവസ്ഥയെ സൂചിപ്പിക്കുന്ന സകല പദാവലിയും ഭാരതീയ ഭാഷകളിൽ നിന്നും അപ്രത്യക്ഷമാക്കി കളയുകയും ലക്ഷം പേരിലൊരാൾക്കു മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യത്തിനവകാശമുള്ളൂ എന്നു തോന്നും വിധത്തിൽ മോക്ഷാദി പദങ്ങളെ കേവലവത്കരിക്കുകയും ചെയ്ത് ബഹുഭൂരിപക്ഷം ഭാരതീയരേയും അടിമസമാനരാക്കി നിലനിറുത്തുന്നിടത്തോളം ഗുരുതരമായിരുന്നു അവയുടെ പ്രത്യാഘാതങ്ങൾ. അതിനാൽ ആപേക്ഷികവും ഉന്നതവും അനിയന്ത്രിതവുമായ സാർവത്രിക സ്വാതന്ത്ര്യം എന്ന അർത്ഥത്തിൽ മോക്ഷത്തെ പരിഗണിച്ച് ഒരു മോക്ഷദർശനത്തിനു തന്നെ രൂപം കൊടുക്കാൻ ശാസ്ത്രം പര്യാപ്തമാണ്. ആത്മജ്ഞാനം കർമം എന്നിവ മുമ്പു വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അവയിലെ കേവലവാദം ഗുണഫലങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമല്ല എന്നു ആവർത്തിക്കട്ടെ
പൂർവപക്ഷം 5
തത്തു സമന്വയാത് എന്ന സൂത്രത്തിനർത്ഥം ബ്രഹ്മത്തെ ഏകമായിക്കണ്ട് എന്നു മാത്രമാണ്. അല്ലാതെ ശാസ്ത്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എന്നല്ല.
സമാധാനം
ജന്മാദ്യസ്യ യതഃ എന്ന സൂത്രത്തിലെ യതഃ പ്രാഗ്ദിശീയമായതിനാൽ ബ്രഹ്മം ഏകമെന്നു വിവക്ഷയില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ബ്രഹ്മം ഏകമായിരിക്കാനിടയുള്ള കാരണങ്ങളെക്കുറിച്ച് പ്രത്യേകമായി ഒന്നാം പാദത്തിൽ തന്നെ ഏതാനും സൂത്രങ്ങൾ കൊണ്ട് വിവരിക്കുന്നുമുണ്ട്. അതിനാൽ തൊട്ടു മുമ്പത്തെ ശാസ്ത്രയോനിത്വാത് എന്ന സൂത്രവുമായി സംയോജിപ്പിച്ചു തത്തു സമന്വയാത് എന്ന സൂത്രത്തെ വ്യാഖ്യാനിക്കുന്നതാണ് ഉചിതം.
പൂർവപക്ഷം 6
അനന്തശക്തിയായ മായയുടെ സ്വാധീനത്തിൽ പെട്ട് കയറിനെ സർപമെന്നപോലെ ഇല്ലാത്തതു ഉണ്ടെന്നു തോന്നുന്ന ഭ്രമം മാത്രമായ ശാസ്ത്രജ്ഞാനം അന്തിമസത്യം വെളിവാക്കാൻ പര്യാപ്തമല്ല.
സമാധാനം
കയറിന്റേയും പാമ്പിന്റേയും ഉപമ തെറ്റിദ്ധാരണാജനകവും അപര്യാപ്തവുമാണ്. സ്ഥലകാലങ്ങളിലല്ലാതെ യാതൊന്നും സ്ഥിതി ചെയ്യുന്നില്ല. അതുകൊണ്ട് സ്ഥലകാലങ്ങളും മാറ്റവും ഉൾക്കൊള്ളുന്ന വിധത്തിൽ ഈ ഉപമയെ ഒന്നു പരിഷ്കരിച്ചു കളയാം.
ശകവർഷം 1850ൽ അയർലാൻഡിൽ വച്ച് മങ്ങിയ വെളിച്ചത്തിൽ ഒരു ബ്രാഹ്മണൻ കയറിനെ സർപമെന്നു ധരിച്ചു. അയർലാൻഡിൽ പാമ്പുകളില്ലെന്നതു പ്രസിദ്ധമാണ്. ബ്രാഹ്മണൻ പാമ്പിനെ ഈക്ഷണാദികളാൽ മുമ്പറിഞ്ഞിരുന്നതുകൊണ്ടാണ് അയാൾക്കു ഭ്രമമുണ്ടായത്. സർപജ്ഞാനം മുമ്പിനാലെ ഉണ്ടായിരുന്നില്ലെങ്കിൽ അയാൾക്ക് സർപഭ്രമവും ഉണ്ടാകുമായിരുന്നില്ല. ബ്രാഹ്മണൻ അരണ്ടവെളിച്ചത്തിൽ കണ്ടതു സർപമാണെന്നു പറഞ്ഞതു കേട്ട ഒരു ഗ്രാമീണൻ സർപമെന്നതു അയാൾക്കറിയാമായിരുന്ന ഒരു വള്ളിയായാണു ഗ്രഹിക്കുന്നത്; കാരണം അയാൾക്ക് സർപജ്ഞാനമില്ല. പൂർണ്ണവെളിച്ചത്തിൽ പോലും ഭ്രമമകലണമെങ്കിൽ അതു കയറാണെന്നു തന്നെ അറിയണമെന്നതാണ് സിദ്ധാന്തം. കയറിന്റെ ജ്ഞാനം മുമ്പിനാലെ ഇല്ലാത്തിടത്ത് ഈ ഭ്രമമകലുകയില്ല. കയറിന്റെ ഗുണങ്ങൾ ഈക്ഷണാദികളാൽ നേരിട്ടറിഞ്ഞു സ്വരൂപിച്ചു സമാഹരിച്ച ജ്ഞാനം മാത്രമാണു കയറിന്റെ ജ്ഞാനമായിത്തീരുന്നത്. അല്ലാതെ കയറിന്റെ കേവലജ്ഞാനം സ്വയം വെളിവാക്കപ്പെടുകയല്ല. കയറിനെ ഓരോരോ വിധത്തിൽ കൂടുതൽ ഉപയോഗപ്പെടുത്തുമ്പോളും കയറിനെക്കുറിച്ചുള്ള ജ്ഞാനം വർദ്ധിച്ചു വരികയും ചെയ്യും. കയറിനെക്കുറിച്ചുള്ള ഏതൊരു വെളിവും ജ്ഞാനവും അജ്ഞാനവും ഒന്നുപോലെ ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെയാണു കയറിനെ സർപമെന്നു ഭ്രമിക്കാനിടവന്നതും. ഇതാണു പ്രമയുടേയും ഭ്രമത്തിന്റേയും ഏകദേശ സ്വരൂപം. എന്നാൽ ഒരു ഉപമയും സ്വയം യാതൊരു സത്യവും വെളിപ്പെടുത്തുന്നില്ല എന്നും മറന്നു കൂടാ. ഉപമകൾ യുക്തിചിന്തയുടെ മാർഗത്തെ പ്രചോദിപ്പിക്കുക മാത്രം ചെയ്യുന്നു. ശാസ്ത്രം ഈ സത്യം ഉൾക്കൊണ്ട് സ്വയം യാതൊരു അന്തിമസത്യത്തിന്റേയും വക്താവാകുന്നതിനു വിസമ്മതിക്കുകയും ചെയ്യുന്നു. ജ്ഞാനത്തെ ആപേക്ഷികമായി മെച്ചപ്പെടുത്തുക മാത്രമാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. ശാസ്ത്രം അന്തിമസത്യം ലക്ഷ്യമാക്കാത്തത് അതിന്റെ കഴിവുകേടല്ല, മറിച്ച് അന്തിമസത്യം എന്നൊന്ന് ഇല്ലെന്നു അറിയാവുന്നതിനാലാണ്.
മായ ആപേക്ഷികവും വിച്ഛിന്നവും അംശവുമാ‍യ ജ്ഞാനം ഉല്പാദിപ്പിക്കുന്നതായും അതിൽ തന്നെ അവിദ്യ എന്നത് ആദിയും അവസാനവുമുള്ള ജ്ഞാനത്തെക്കുറിക്കുന്നതും വിദ്യ അവിദ്യയിൽ നിന്നു വ്യത്യസ്തമായി ഏകവും അന്തിമവുമായതിനെ വെളിപ്പെടുത്തുന്നു എന്നും കരുതപ്പെടുന്നു. ഈ അർത്ഥത്തിൽ മായ ശുദ്ധമായ ശാസ്ത്രജ്ഞാനം തന്നെയാകുന്നു. അവിദ്യ വിശദാംശങ്ങളിലൂടെ അഗാധമായ സൂക്ഷ്മജ്ഞാനം നൽകുന്നു. വിദ്യയാകട്ടെ അവിദ്യ നൽകുന്ന സൂക്ഷ്മജ്ഞാനത്തെ ഏകീകരിച്ച് സകലതിനും ഒരുപോലെ ബാധകമാകുന്ന സാമാന്യ നിയമങ്ങൾ രൂപീകരിക്കുന്നു. ഈ സാ‍മാന്യ നിയമങ്ങളെ വീണ്ടും സാമാന്യീകരിച്ച് ഏകമായ സത്യത്തിലേക്കെത്താൻ പരിശ്രമിക്കുന്നു. എത്തിച്ചേരുന്നതൊന്നും അന്തിമമല്ലെന്നും മെച്ചപ്പെടുത്തുവാൻ കഴിയുന്നതാണെന്നും ശാസ്ത്രം മറക്കുന്നുമില്ല. ശാസ്ത്രത്തിന്റെ ഈ ഏകീകരണ ശ്രമം ജഢപദാർത്ഥങ്ങളെ സംബന്ധിച്ച് വൈദ്യുത കാന്തികബലം ശക്തബലം അശക്തബലം ഗുരുത്വാകർഷണ ബലം എന്നീ നാലു തത്വങ്ങളിൽ വന്നെത്തിനിൽക്കുന്നു. പ്രപഞ്ചത്തിൽ നാലിലധികം അടിസ്ഥാന ബലങ്ങൾ ഉണ്ടായിരിക്കാം; എങ്കിലും അവയൊന്നും സംശയാതീതമായി പ്രത്യക്ഷമായിട്ടില്ല. അതിനാൽ ഈ നാലു ബലങ്ങളേയും അവയിൽ വ്യാപരിക്കുന്ന ഇച്ഛയേയും ഏകീകരിച്ച് ഒരു ഏകീകൃത സത്യത്തിലേക്കെത്തിച്ചേരാൻ ശാസ്ത്രം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അപ്രകാരം ഒന്നു സാധ്യമാകേണ്ടതാണ്. ജീവനെ സംബന്ധിച്ചാകട്ടെ ജീൻ ഘടന കണ്ടെത്തി മാറ്റം വരുത്തുന്നതിലും കൃത്രിമ ജീവൻ സൃഷ്ടിക്കുന്നതിലും ശാസ്ത്രം ശക്യമായിട്ടുണ്ട്.
പൂർവപക്ഷം 7
താർക്കികമായ കാര്യകാരണ ബന്ധത്തെ ആശ്രയിക്കുന്ന ശാസ്ത്രം ഭേദവാദമല്ലാതെ മറ്റൊന്നുമല്ല. അഭേദം സമത്വം ഏകത തുടങ്ങിയ യോഗാത്മക സങ്കല്പങ്ങളുമായി ഇടപെടുന്നതിൽ ശാസ്ത്രം പരാജയമാണ്.
സമാധാനം
അഭേദം സൃഷ്ടിക്കാൻ കടല കടലാടിയാണെന്നു ആരും പറയാറില്ല. പകരം രണ്ടും മറ്റൊന്നാണെന്നോ അല്ലെന്നോ പറഞ്ഞുകൊണ്ടാണു അതു സാധിക്കുന്നത്. പാണ്ടൻപൂച്ച എന്ന സങ്കല്പത്തിൽ പൂച്ച ജീവജാതിയേയും പാണ്ടൻ വ്യക്തിയേയും ആപേക്ഷികമായി സൂചിപ്പിക്കുന്നു. രണ്ട് പാണ്ടൻ പൂച്ചകൾ എന്നിടത്ത് അഭേദം കല്പിക്കപ്പെട്ടെങ്കിലും രണ്ട് എന്ന പദം വീണ്ടും ഭേദം കൊണ്ടുവരുന്നു. ഒരു ഹൈഡ്രജൻ ആറ്റവും മറ്റൊരു ഹൈഡ്രജൻ ആറ്റവും രണ്ട് പാണ്ടൻപൂച്ചകളെപ്പോലെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. അഭേദമായി യാതൊന്നും അതു തന്നെയല്ലാതെ പ്രത്യക്ഷത്തിൽ കാണപ്പെടുന്നില്ല. ഒരച്ചിൽ വാർത്തെടുത്ത വസ്തുക്കൾക്കു സൂക്ഷ്മതലത്തിൽ രൂപപരമായിപ്പോലും വ്യത്യാസമുണ്ട്. ഒരേ സ്ഥലകാലത്തിൽ രണ്ട് ദ്രവ്യങ്ങൾക്ക് ഒന്നിച്ചു സ്ഥിതിചെയ്യാനും സാധ്യമല്ല. ഇങ്ങനെ ഭേദം സാർവത്രിക പ്രത്യക്ഷ പ്രതിഭാസമാണ്. സൂക്ഷ്മജ്ഞാനം ലഭിക്കുന്നതിനു വേണ്ടി ശാസ്ത്രം ഇത്തരം ഭേദങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇപ്രകാരം ലഭിക്കുന്ന സൂക്ഷജ്ഞാനത്തെ അടുത്തതായി അവയിലെ അഭേദം കണ്ടെത്തി ഏകീകരിക്കാനാണ് ശാസ്ത്രം പരിശ്രമിക്കുന്നത്. അങ്ങനെ ശാസ്ത്രം ഭേദാഭേദങ്ങളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. ഏതു രണ്ടു പദാർത്ഥങ്ങളും ഒരേ സമയം പരസ്പരം ഭേദവും അഭേദവും പ്രകടിപ്പിക്കാൻ പര്യാപ്തമാണെന്നു ശാസ്ത്രം തിരിച്ചറിയുന്നു. ഭേദാഭേദങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള സമഗ്രമായ ജ്ഞാനസമ്പാദനം ശാസ്ത്രത്തിന്റെ ലക്ഷ്യമാണ്.
യോഗാത്മക സങ്കല്പങ്ങളോടു സംവദിക്കുമ്പോൾ ശാസ്ത്രം ഒരു സത്യം സദാ ഓർമിക്കുന്നു. ഒരു പദാർത്ഥം അതു മാത്രമാണ്, മറ്റൊന്നല്ല. സകലവും ഒന്നായി വിലയിക്കുമ്പോളോ അംശങ്ങൾ തുടർന്നു വിഭജിച്ചു പഠിക്കാനാകാതെ വരുമ്പോളോ അഭേദം മാത്രമേ ഉള്ളൂ എന്ന സങ്കല്പനത്തിനു ശാസ്ത്രം മുതിരുകയുള്ളൂ. അതുപോലും ആപേക്ഷിക ഘടകങ്ങളെ വിലയിരുത്തിക്കൊണ്ടു മാത്രം. പ്രയോജനാർത്ഥം ഏതെങ്കിലും പദാർത്ഥത്തിന്റെ നിശ്ചിത ഏകകം ശാസ്ത്രം മാനദണ്ഡമായി സ്വീകരിക്കാറുമുണ്ട്.
ഒരു പദാർത്ഥത്തെ മാത്രം അന്വേഷണവിഷയമാക്കുന്നിടത്ത് അതിന്റെ വിവിധ ഗുണങ്ങളുടെ വിമർശനാത്മക വിശകലന പഠനത്തിലൂടെയും നിഗമനങ്ങളിൽ എത്തിച്ചേരാവുന്നതാണ്. ഇവിടെ പദാർത്ഥവും നിരീക്ഷകനും എന്ന ദ്വന്ദം കൂടി പരിഗണനാ വിഷയമായി വരേണ്ടതുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പരീക്ഷണ വിധേയമാക്കേണ്ട ഏതെങ്കിലും സങ്കല്പനത്തെ ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കാൻ വേണ്ട വിവരസഞ്ചയമോ രീതിശാസ്ത്രമോ ലഭ്യമല്ലാത്തിടത്ത് അവ ലഭ്യമാകുന്നതുവരെ ഊഹങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്. കഴിയുന്നതും ഈ രീതിയെ ഗണിതമിത്യാദി സഹായക ശാസ്ത്രങ്ങളെ ആശ്രയിച്ചുള്ള വിശകലത്തിനു കൂടി വിധേയമാക്കേണ്ടതുണ്ട്. ഊഹങ്ങൾ ശരിയാകാനുള്ള സാധ്യതയെ അളക്കാനുള്ള വിവിധ ശാസ്ത്രീയ രീതികളും അവലംബിക്കേണ്ടതുണ്ട്. ഫലങ്ങൾക്ക് കുറഞ്ഞ ആധികാരികതയേ കല്പിക്കേണ്ടതുമുള്ളൂ.
അന്വേഷകനും അന്വേഷണവിഷയവും ഒന്നു തന്നെയാകുന്ന സാഹചര്യങ്ങളിൽ അവയുടെ പരസ്പരാശ്രിതത്വത്തിനാൽ അടിസ്ഥാന സങ്കല്പങ്ങളിൽ നിന്നും മുന്നേറാൻ അവയ്ക്കുള്ള കഴിവുകേട് വെളിവാക്കപ്പെട്ടിട്ടുണ്ട്. ഒന്നിനു സ്വയം സമ്പൂർണമായി അറിയാൻ തന്നെത്തന്നെ സമ്പൂർണമായി അനുഭവിക്കേണ്ടതുണ്ട്. ഈ പ്രപഞ്ചം പോലും അതിന്റെ സകല അനുഭൂതികളിലൂടെയും ഇനിയും കടന്നുപോയിക്കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു ദ്രഷ്ടാവെന്ന നിലയിൽ സ്വയം മാറിനിന്നു തന്റെ അംശങ്ങളെ വീക്ഷിക്കുകയും അതിന്റെ വിശകലനത്തിൽ തന്റെ അടിസ്ഥാന സങ്കല്പനങ്ങൾ കൂട്ടിക്കുഴയ്ക്കാതെ വസ്തുനിഷ്ഠമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്തുകൊണ്ട് സ്വയം വിലയിരുത്താനായേക്കാം. എത്തിച്ചേരുന്ന നിഗമനം മറ്റേതൊരാൾക്കും കൂടി പ്രദർശിപ്പിച്ചു കൊടുക്കാൻ കഴിയുന്നതാണെങ്കിൽ നന്ന്.
സമത്വം ഏകത തുടങ്ങിയ സങ്കല്പനങ്ങളോടു ഏറ്റവും സൃഷ്ടിപരമായി എക്കാലത്തും സംവദിച്ചിട്ടുള്ളത് യോഗാത്മകങ്ങളെന്നു സ്വയം വിശേഷിപ്പിക്കുന്ന ദർശനങ്ങളല്ല. യോഗാത്മക ദർശനങ്ങളുടെ പ്രയോക്താക്കൾ സമത്വത്തിന്റേയും ഏകതയുടേയും പേരിൽ ചെയ്തുകൂട്ടിയ കൊടും പാതകങ്ങൾക്കു കയ്യും കണക്കുമില്ല. എന്നാൽ ശാസ്ത്രം വൈകാരികമായ വീക്ഷണകോണിലൂടെ അഭിപ്രായ ഭിന്നതകളെ നേരിട്ട് എതിരാളികളെ അക്രമത്തിനിരയാക്കിയിട്ടില്ല. ശാസ്ത്ര പ്രചാരണത്തിനു ശാസ്ത്രജ്ഞാനവും അതിന്റെ കുശലതയുമല്ലാതെ മറ്റു ആലംബങ്ങളൊന്നുമുണ്ടായിരുന്നില്ല. ശാസ്ത്രം സൃഷ്ടിക്കുന്ന സമൃദ്ധിയും അതിന്റെ പുത്തൻ ആവിഷ്കാരങ്ങളും ഉല്പാദനത്തിലും ഉപഭോഗത്തിലും കാലക്രമത്തിൽ മെച്ചപ്പെട്ട സമത്വവും ഏകതയും സൃഷ്ടിക്കുവാനിട നൽകിയിട്ടുണ്ട്. എങ്കിലും വൻ ചെലവുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളെ കൈവശം വച്ച് അറിവിനേയും അതിന്റെ ഉല്പന്നങ്ങളേയും കച്ചവടച്ചരക്കാക്കാനുള്ള ഉദ്ദേശ്യത്തോടെ ശാസ്ത്രജ്ഞാനം കുത്തക വക്കുന്നതും അതിനെ ശാസ്ത്രീയമായ വിശകലന പഠനങ്ങൾ നടത്താതെ പ്രയോഗിക്കുന്നതും തെറ്റായി പ്രയോഗിക്കാതിരിക്കുന്നതും വൻ വെല്ലുവിളികൾ തന്നെ. പക്ഷേ ഇതൊന്നും ശാസ്ത്രത്തിന്റെ കുഴപ്പമെന്നു വിളിക്കാനാകില്ല. അധികാരവും സമ്പത്തും കയ്യാളുന്നവരുടേയും സംവിധാനത്തിന്റേയും കുഴപ്പങ്ങളാണവ.
പൂർവപക്ഷം 8
മായ സൃഷ്ടിക്കുന്നു. ശാസ്ത്രം അറിയുന്നതേയുള്ളൂ. അപ്പോൾ ശാസ്ത്രവും മായയും സമാനമെന്നു പറയാനാകില്ല.
സമാധാനം
യാ മാ സാ മായാ തുടങ്ങിയ നിഷേധ വേദാന്ത സങ്കല്പനങ്ങൾ മായയുടെ നിർവചനമായി സ്വീകരിച്ചാൽ ശാസ്ത്രത്തെ മായയുമായി സമീകരിക്കാനാവുകയില്ല. കാരണം ഇല്ലാത്ത മായയും ഉള്ള ശാസ്ത്രവും പൊരുത്തപ്പെടുകയില്ല. എന്നാൽ മായയും അതിനുള്ള ധർമങ്ങളും മുമ്പു വിശദീകരിക്കപ്പെട്ട അതിന്റെ ജ്ഞാനസ്വരൂപവും ശാസ്ത്രവുമായും ശാസ്ത്രജ്ഞാനവുമായും സമീകരിക്കാമെന്നു മാത്രമാണ് വിവക്ഷ. ആ നിലയിൽ മായ സൃഷ്ടിക്കുന്നു എന്നു പറയുന്നത് ആപേക്ഷികമായി സത്യം തന്നെയാണ്; സൃഷ്ടിയെക്കുറിച്ച് പുരാണാദി ആദിരൂപങ്ങൾ അബോധമായി മനസ്സിലുണ്ടാകരുതെന്നു മാത്രം. ജ്ഞാനത്തിൽ ഇച്ഛ വ്യാപരിക്കുമ്പോളാണ് കർമം ഉണ്ടാകുന്നത്. കർമം തന്നെയാണ് സൃഷ്ടി സാധ്യമാക്കുന്നത്. കർമത്തിൽ മാത്രമല്ല ജ്ഞാനത്തിലും ഇച്ഛ വ്യാപരിക്കുന്നുണ്ടെന്നും മറക്കരുത്. എല്ലാവിധ യന്ത്രങ്ങളും ഇച്ഛാപൂർവകമായ ശാസ്ത്രീയജ്ഞാനത്തിൽ നിന്നും ഉത്ഭവിച്ച കർമത്തിന്റെ ഫലങ്ങളാണ്. അവബോധത്തിലും സാമൂഹ്യബന്ധങ്ങളിലും ശാസ്ത്രജ്ഞാനമുണ്ടാക്കുന്ന സൃഷ്ടിപരതയും പ്രസ്താവ്യമാണ്. ഇതൊന്നും പോരെങ്കിൽ ഒരു പക്ഷേ കൃത്രിമ ജീവനും ദ്രവ്യവും ശാസ്ത്രത്തിനു അനതിവിദൂരഭാവിയിൽ സൃഷ്ടിക്കാനുമായേക്കും. ഇവയെല്ലാം സൃഷ്ടിക്കുക മനുഷ്യനോ ജീവജാലങ്ങളോ അല്ലേ ശാസ്ത്രജ്ഞാനമല്ലല്ലോ എന്നാണെങ്കിൽ ആ സൃഷ്ടിക്കു ശക്തിയും പ്രേരണയുമാകുന്നത് ശാസ്ത്രജ്ഞാനത്താലാണെന്നാണ് സമാധാനം. മായയും അപ്രകാരം തന്നെ എന്നാണല്ലോ വിശ്വസിക്കപ്പെട്ടുവരുന്നത്.
പൂർവപക്ഷം 9
വേദാന്തം തുടങ്ങിയ ദർശനങ്ങളിലൂടെ ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു കണ്ടെത്തിയിട്ടുള്ളത് അടിസ്ഥാനരഹിതമെന്നു കരുതാൻ വയ്യ. കാരണം വേദാന്തം തന്നെയും ഒരു ശാസ്ത്രമാണ്.
സമാധാനം
ശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ വച്ചു നോക്കുമ്പോൾ വേദാന്തവും ശാസ്ത്രം തന്നെ ആയിരുന്നു എന്നും അതിന്റെ ചില പ്രശ്നങ്ങൾ കാരണം വേദാന്തത്തിന്റെ വളർച്ച മുരടിച്ചു പോകുകയായിരുന്നു എന്നും മുമ്പു സമ്മതിച്ചിട്ടുള്ളതാണ്. ഇപ്പോളത്തെ വേദാന്തികൾ തങ്ങൾ അന്തിമസത്യത്തിലെത്തിച്ചേർന്നു എന്നു പ്രഖ്യാപിക്കുക നിമിത്തം വേദാന്തം ഒരു ശാസ്ത്രമല്ലെന്നു സ്വയം സിദ്ധവുമായി.
ആത്മാന്വേഷണം രീതിശാസ്ത്രമാക്കുകയാൽ തപസ്സും ധ്യാനവും നിരീക്ഷണവും മനനവും കൊണ്ടറിഞ്ഞ ജീവാത്മാവിന്റെ വിവരസഞ്ചയമാണ് വിശകലനത്തിനു ഉപയോഗിച്ചതെന്നതിനാൽ രീതിശാസ്ത്രത്തിന്റെ ന്യൂനതയാൽ അന്വേഷണവിഷയമായ ബ്രഹ്മവും അന്വേഷണോപാധിയായ ആത്മാവും ഒന്നുതന്നെയെന്നു ആത്മാന്വേഷികൾ നിഗമനത്തിലെത്തി. അംശരൂപത്തിൽ ബ്രഹ്മത്തെ വിശകലനം ചെയ്യുന്നതിനു ബ്രഹ്മത്തിന്റെ കേവലസങ്കല്പനവും വിഘാതമായി. സ്വയം പിതാവും പുത്രനും ഭർത്താവും വിജേതാവും ദുഃഖിയും സംസാരിയുമായ ആത്മാന്വേഷി അവികാരിയായ ബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നതിനു തന്റെ വ്യക്തിത്വത്തേയും വാസനകളേയും ഒന്നൊന്നായി കുറച്ചുകൊണ്ടുവന്ന് ഉപേക്ഷിക്കണമെന്നു വന്നതിനാൽ ആത്മാന്വേഷണത്തിനു ആധികാരികത്വവും അനുശാസിക്കേണ്ടി വന്നു. ആപേക്ഷികമായി സന്ന്യാസം സാധ്യമായതായി തോന്നിയാൽ പിന്നെ ബ്രഹ്മത്തിന്റെ ഗുണഗണങ്ങളിലൊന്നായ കേവല തേജസ്സുകൂടി തന്നിലാരോപിച്ച് വേദാന്തി ലൌകീക ബന്ധത്തിൽ നിന്നും സ്വയം പുറത്താക്കി സ്വയം മുക്തനെന്നു പ്രഖ്യാപിക്കുന്നു. തുടർന്നുള്ള ഓരോ നിമിഷവും താൻ നിർഗുണനല്ലെന്നറിയുകയാൽ അയാൾ പ്രാരബ്ധകർമങ്ങളുടെ ഫലം തന്റെ തേജസ്സിനെ മറയ്ക്കുന്നതാണെന്നു സമാശ്വസിക്കുന്നു. ഇങ്ങനെ സ്വയം സൃഷ്ടിച്ച വൈരുദ്ധ്യങ്ങളും ആത്മവഞ്ചനയും കൊണ്ടാണു വേദാന്തി ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു പറയുന്നത്. പക്ഷേ അത്ഭുതമെന്നു പറയട്ടെ ജീവാത്മാവും പരമാത്മാവും ഏകമെന്നു ശാസ്ത്രദൃഷ്ട്യായും സിദ്ധമാകുന്നുണ്ട്; പക്ഷേ പരമാത്മാവ് ജഗത്തിന്റെ ബ്രഹ്മമല്ലെന്നു മാത്രം. ഇക്കാര്യം പിന്നീടൊരിടത്ത് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
പൂർവപക്ഷം 10
മോക്ഷത്തെ പ്രാപിച്ചവൻ ബ്രഹ്മത്തേയും പ്രാപിച്ചിരിക്കുന്നു; കാരണം മോക്ഷവും ബ്രഹ്മവും ഒന്നു തന്നെ.
സമാധാനം
വ്യത്യസ്ഥ പദാർത്ഥങ്ങളെ സമീകരിച്ച് സ്വവാദത്തെ രക്ഷിക്കുന്ന രീതിയാണിത്. ഇതേ വാദം തന്നെ ‘ജീവാത്മാവിനെ കൊന്നവൻ പരമാത്മാവിനേയും കൊന്നിരിക്കുന്നു; കാരണം ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ’ എന്നു മാറ്റിയാൽ വേദാന്തികൾ ജീവനെ ജഢത്തിൽ നിന്നന്യമായ അചലവും സ്ഥാണുവും നിർഗുണവും മരണമില്ലാത്തതുമായ ആത്മാവായി സങ്കല്പിച്ചു കൊണ്ട് ആ പ്രസ്താവം നിഷേധിക്കും. കൊല്ലുന്നവനും കൊല്ലപ്പെട്ടവനും ഉണ്ടെന്നു വിചാരിക്കുന്നവരത്രേ പമ്പരവിഡ്ഢികൾ.
ആത്മാവു സൂക്ഷ്മതലത്തിൽ ജീവന്റെ ഒരു ഗുണം മാത്രമാണെന്നു സ്പഷ്ടമാണ്. ഗുണങ്ങൾക്കു ദ്രവ്യസ്വഭാവം ഇല്ലായ്കയാൽ അവയെ കേവലമായി സങ്കല്പിക്കുക താരതമ്യേന എളുപ്പമാണ്. മോക്ഷം ബ്രഹ്മമാണെന്ന വാദത്തിനും ഇതിൽ കൂടുതൽ അടിത്തറയൊന്നുമില്ല. മോക്ഷം ലക്ഷ്യമാണ്. ബ്രഹ്മവും ലക്ഷ്യമാണ്. ജീവിതത്തിന്നൊരേയൊരു ലക്ഷ്യം മാത്രം. അതിനാൽ ലക്ഷ്യമായ മോക്ഷവും ബ്രഹ്മവും ഏകമാണെന്ന വാദവും യുക്തിസഹജമല്ല.
പൂർവപക്ഷം 11
യാതൊന്നറിഞ്ഞാൽ മറ്റെല്ലാം വെളിവായി വരുമോ അതാകുന്നു ബ്രഹ്മം. ഏതു ശാസ്ത്രജ്ഞാനവും അംശരൂപിയാണ്. അംശരൂപിയായ ജ്ഞാനം അറിഞ്ഞതുകൊണ്ട് മാത്രം മറ്റെല്ലാം സ്വയം വെളിവാക്കപ്പെടുന്നില്ല. അതിനാൽ ശാസ്ത്രത്തിനു സമന്വയരൂപത്തിൽ പോലും ബ്രഹ്മത്തെ അറിയാൻ സാധിക്കില്ല.
സമാധാനം
ഒരേ പദാർത്ഥത്തെ അതിന്റെ പൂർണരൂപത്തിലും അംശരൂപത്തിലും അറിയുവാൻ കഴിയുമെന്ന നിലവന്നാൽ പോലും പൂർണരൂപത്തിലുള്ളതിനെ അറിഞ്ഞാൽ അംശരൂപത്തിലുള്ളതിന്റെ സകല ജ്ഞാനവും സ്വാഭാവികമായി വെളിവാക്കപ്പെടുമെന്ന വാദത്തിനു ശാസ്ത്രദൃഷ്ട്യാ വലിയ പ്രസക്തിയൊന്നുമില്ല, കാരണം ഒരേ പദാർത്ഥത്തെ തന്നെ പൂർണരൂപത്തിലും അംശരൂപത്തിലും സമീപിക്കുമ്പോൾ ലഭിക്കുന്ന ശാസ്ത്രീയ ഫലങ്ങൾ വ്യത്യസ്ഥമായിരിക്കും. ബൃഹദ്സ്വരൂപമായ ബ്രഹ്മത്തിന്റെ സകല അംശങ്ങളുടേയും ജ്ഞാനം ആർക്കാണോ അതു വെളിവാക്കപ്പെടുന്നത് അയാളുടെ തലയിൽ തന്നെ കൊള്ളാൻ തക്ക ഓർമ ശക്തിയെങ്കിലും അയാൾക്കുണ്ടായിരിക്കണമെന്നെങ്കിലും ഇത്തരം വാദമുന്നയിക്കുന്നവർ ആലോചിക്കണമായിരുന്നു. സകല ശാസ്ത്രജ്ഞാനവും ആരിലും കേന്ദ്രീകരിക്കുമെന്നുള്ള യാതൊരു മിഥ്യാധാരണയും ശാസ്ത്രജ്ഞർക്കില്ല; മറിച്ച് ശാസ്ത്രവിഷയങ്ങളെ വിഭജിച്ചും പുനർവിഭജിച്ചും രേഖപ്പെടുത്തിയും മറ്റും ശേഖരിച്ചു വച്ചുമൊക്കെയുള്ള വികേന്ദ്രീകൃത വികസനമാണ് ശാസ്ത്രം വിഭാവനം ചെയ്യുന്നത്. പ്രായോഗിക തലത്തിലും യാതൊന്നറിഞ്ഞാൽ മറ്റെല്ലാം അറിയുന്ന ആരേയും പരീക്ഷണവിധേയമാക്കാൻ ആർക്കും കഴിഞ്ഞിട്ടുള്ളതായി അറിയുന്നില്ല.
പൂർവപക്ഷം 12
സമന്വയമെന്നതു വ്യാഖ്യാനിക്കുമ്പോളെല്ലാം ആപേക്ഷികമെന്ന പദം കടന്നു വരുന്നു. ഭൌതികശാസ്ത്രത്തിലെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു പുനരാവിഷ്കാരമാണോ ഈ വ്യാഖ്യാനം.
സമാധാനം
ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പു തന്നെ സകല സംസ്കൃതികളിലും ആപേക്ഷിക ബഹുവാദം വിവിധ രീതികളിൽ നിലനിന്നിരുന്നു. ഭൌതിക ശാസ്ത്രത്തിന്റെ വികാസത്തിന്റെ ഒരു നിർണ്ണായക വഴിത്തിരുവിൽ കൂടുതൽ സൂക്ഷ്മതക്കുവേണ്ടി തന്റെ ചെറു പ്രായത്തിൽ അതിന്റെ ഉപജ്ഞാതാവ് ആപേക്ഷിക ബഹുവാദം ഭൌതീകത്തിൽ പ്രയോഗിക്കുകയായിരുന്നു. തത്ഫലമായി ഭൌതീകത്തിലെ വളരെയേറെ തെറ്റുകൾ തിരുത്താനായിട്ടുണ്ട്. എന്നാൽ അദ്ദേഹം അവതരിപ്പിച്ച രണ്ടു ആപേക്ഷിക സിദ്ധാന്തങ്ങളും ധാരാളം തെറ്റുകുറ്റങ്ങൾ ഉള്ളവയാണെന്നു നിരന്തരം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹം സ്വയം ഒരു ഏകീകരണവാദിയുമായിരുന്നു. ആപേക്ഷികതാസിദ്ധാന്തമല്ല, മറിച്ച് ആപേക്ഷിക ബഹുവാദമാണ് ശാസ്ത്രസമന്വയത്തിനു കൂടുതൽ കരുത്തേകുക.
പൂർവപക്ഷം 13
സമന്വയമെന്നതു താല്പര്യലിങ്ഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്യക്കായ അന്വയം എന്നാണർത്ഥം. പൂർവമീമാംസയ്ക്കു ശ്രുതി, ലിങ്ഗം, സമാഖ്യാ, വാക്യം, പ്രകരണം, സ്ഥാനം എന്നിവ ശക്തി കുറയുന്ന ക്രമത്തിലും ഉത്തരമീമാംസയ്ക്കു ഉപക്രമം, ഉപസംഹാരം, ഫലം, അർത്ഥവാദം, ഉപപത്തി എന്നിവ ശക്തി കൂടുന്ന ക്രമത്തിലും ആണ് താല്പര്യലിങ്ഗങ്ങൾ. മറ്റു ശാസ്ത്രങ്ങൾക്ക് മറ്റുവിധത്തിലും ആകാം.
സമാധാനം
ഓരോ ശാസ്ത്രപഠനത്തിനും അതതിനനുയോജ്യമായ താല്പര്യലിങ്ഗങ്ങളും രീതിശാസ്ത്രവും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ബ്രഹ്മാന്വേഷണത്തിനു പൂർവമീമാംസയേയും ഉത്തരമീമാംസ എന്ന വേദാന്തത്തേയും മാത്രം അടിസ്ഥാനമാക്കിയാൽ മതി എന്ന വാദം സ്വീകാര്യമല്ല. ഇതു സംബന്ധമായി സൂത്രകാരൻ തന്നെ തുടർന്നു വരുന്ന ഏതാനും സൂത്രങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi