2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.5) - ഈക്ഷതേർനാശബ്ദം

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“ഈക്ഷതേർനാശബ്ദം” (1.1.5)
ഈക്ഷതേഃ = പ്രത്യക്ഷം മുതലായവകൊണ്ട്
ന = അല്ല
അശബ്ദം = ശബ്ദം അല്ല
(കാണുക തുടങ്ങിയ) പ്രത്യക്ഷം മുതലായവ കൊണ്ട് അല്ല (പൂർവാചാര്യന്മാരുടെ പ്രസ്താവനകളായ) ശബ്ദവും അല്ല (മറിച്ച് അനുമാനം മാത്രമാണ് ബ്രഹ്മജ്ഞാനത്തിനു പ്രമാണമാക്കേണ്ടത്)
സാരം
അനേകലക്ഷം പ്രകാശവർഷങ്ങൾക്കും കോടിക്കണക്കിനു വർഷങ്ങൾക്കും അപ്പുറത്ത് ആദികാലത്തിൽ സംഭവിച്ച ബ്രഹ്മവികാരം പ്രത്യക്ഷമായി ഇക്കാലത്തു അനുഭവിക്കുക എന്നത് ന്യൂനതകളോടുകൂടിമാത്രമായിരിക്കും. ശ്രുതികൾ ആത്മാന്വേഷണം തുടങ്ങിയവയെ അടിസ്ഥാനമാക്കുകയാൽ ശബ്ദവും അപ്രമാണം തന്നെ. ആയതിനാൽ പ്രത്യക്ഷ ജഗത്തിനെ വിശകലനം ചെയ്ത ഫലങ്ങളെ ബ്രഹ്മജ്ഞാനത്തിലേക്കു ആനയിക്കുവാൻ അനുമാനം മാത്രമാണ് പ്രമാണം.
പൂർവപക്ഷം 1
ബ്രഹ്മം പൂർണമായോ ഭാഗികമായോ ഇപ്പോളും നിലനിൽക്കുന്നുവെങ്കിൽ അതിന്റെ പ്രത്യക്ഷാനുഭൂതി സാധ്യമാണ് എന്നതിനാൽ പ്രത്യക്ഷത്തെ നിഷേധിക്കുന്നത് ശരിയല്ല.
സമാധാനം
കുറഞ്ഞ അളവിൽ കൂടുതൽ ഊർജ്ജം കേന്ദ്രീകരിച്ച നിലയിലായിരുന്നു ബ്രഹ്മം. അതിന്റെ സാന്നിദ്ധ്യം ഒരു ക്ഷീരപഥത്തിന്റെ നിലനില്പിനെപ്പോലും സ്വാധീനിക്കാൻ പര്യാപ്തമാണ്. അത്തരം ഒരു പ്രതിഭാസത്തിന്റെ പ്രത്യക്ഷാനുഭവം പല ക്ഷീരപഥങ്ങൾ കടന്നെത്തുമ്പോൾ ആ ക്ഷീരപഥങ്ങളിലെ അവസ്ഥകളാൽ സ്വാധീനിക്കപ്പെട്ട നിലയിലായിരിക്കും. സ്ഥലകാലങ്ങളും വിഭിന്നവും വിദൂരവുമാണ്.
കാലാന്തരത്തിൽ ഊർജ്ജം നഷ്ടപ്പെട്ട ബ്രഹ്മമാണുള്ളതെങ്കിൽ അതു ജഗത് കാരണം എന്ന നിലയിൽ പ്രസക്തവുമല്ല. എങ്കിലും അത്തരം പ്രത്യക്ഷാനുഭവങ്ങൾ എത്ര ശിഥിലമോ ദുർബലമോ ആയിരുന്നാൽ തന്നെയും അവ പരിഗണിക്കേണ്ടതുണ്ട്. പ്രത്യക്ഷത്തിനു വിരുദ്ധമായ നിഗമനം സ്വീകാര്യമല്ല എന്ന ശാസ്ത്രപ്രമാണത്തെ പരിഗണിക്കുന്ന സമയത്ത് ദൃശ്യപ്രപഞ്ചത്തിലേതുപോലെ പ്രത്യക്ഷത്തിനു ബ്രഹ്മാന്വേഷണത്തിൽ പ്രസക്തിയില്ലെന്നാണു വിവക്ഷ. പ്രത്യക്ഷത്തിനു സംഭവിച്ചിരിക്കാവുന്ന മാറ്റങ്ങൾ നിഗമനരീത്യാ വിമർശനവിധേയമാക്കി പ്രത്യക്ഷത്തെ അപൂർവപ്രത്യക്ഷത്തിലേക്കു ആരോപിച്ചു വേണം പ്രത്യക്ഷത്തെ പ്രമാണമാക്കാൻ. അതിനാൽ നിഗമന പ്രക്രിയ മാത്രം സ്വതന്ത്ര പ്രമാണമാകുന്നു. എന്നാൽ പ്രത്യക്ഷജ്ഞാനത്തെ നിഗമനപ്രക്രിയക്കടിസ്ഥാനമായ വിവരസഞ്ചയമാക്കുന്നതിനു യാതൊരു തടസ്സവുമുള്ളതല്ല, പക്ഷേ പ്രത്യക്ഷമായതെന്തോ അതു ബ്രഹ്മമാണെന്നു തെറ്റിദ്ധരിക്കരുത്.
പൂർവപക്ഷം 2
എത്ര കുറഞ്ഞതോ വികലമോ അയ അറിവാണെങ്കിലും പൂർവാചാര്യസ്മൃതമായ ജ്ഞാനം അപ്പാടെ നിഷേധിക്കുന്നതു തെറ്റാണ്.
സമാധാനം
അന്വേഷണ വിഷയവും രീതിശാസ്ത്രവും പൂർവാചാര്യന്മാരിൽ നിന്നും തികച്ചും വ്യത്യസ്തമാകുമ്പോൾ ഭാഗികമായി അവരെ ആശ്രയിക്കുന്നത് ആശയക്കുഴപ്പം വർദ്ധിക്കാനിടവരുത്തും. ആപേക്ഷികമായി മെച്ചപ്പെട്ട സത്യം പുതിയ രീതിശാസ്ത്രത്തിനു വെളിവാക്കാൻ കഴിയുമെന്നിരിക്കേ പഴയതു നിഷേധിക്കുന്നതിൽ തെറ്റില്ല. എന്നാൽ പുതിയ ജ്ഞാനം സൃഷ്ടിക്കപ്പെടാതെ നിലവിലുള്ള ജ്ഞാനം നിഷേധിക്കപ്പെടാൻ ഇടവരുത്തുന്നതു ഖേദകരവും ജ്ഞാനാന്വേഷകരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയവുമാണ്. അതുപോലെ തന്നെ പൂർവാചാര്യസ്മൃതമായ സകല ജ്ഞാനവും സ്വീകാര്യമല്ലെന്നല്ല, മറിച്ച് ബ്രഹ്മാന്വേഷണം സംബന്ധിച്ച അവരുടെ നിഗമനങ്ങൾ സ്വീകാര്യമല്ലെന്നാണു വിവക്ഷ. ശാബ്ദജ്ഞാനം നിഗമനപ്രക്രിയകൾക്കാധാരമാക്കുന്നതിനും വിലക്കില്ല. ഇങ്ങനെ പ്രസ്താവിക്കാൻ മതിയായ മറ്റൊരു കാരണമുണ്ട്.
ബ്രഹ്മത്തിന്റെ സമ്യക്കായ ജ്ഞാനം ശാസ്ത്രത്തിനു സിദ്ധമാകുന്നതു നൂറ്റാണ്ടുകൾ നീളുന്ന അന്വേഷണ പ്രക്രിയയിലൂടെയാണ്. കണ്ടെത്തുന്നതെന്തും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നു സകല ബ്രഹ്മാന്വേഷകരും അറിയേണ്ടതുണ്ട്. അതിനാൽ ഏതൊരു ശാബ്ദജ്ഞാനത്തേയും ബ്രഹ്മാന്വേഷകൻ തന്റെ നിഗമനം കൊണ്ട് സാധൂകരിക്കേണ്ടതുണ്ട്. അതിനാലത്രെ ശബ്ദം പ്രമാണമല്ലെന്നു പറയുന്നത്.
പൂർവപക്ഷം 3
ഇന്നത്തെ ബ്രഹ്മാന്വേഷണം തന്നെയും നാളത്തെ ശാബ്ദപ്രമാണമാകുന്നുണ്ട്. ഇപ്രകാരം ലഭിക്കുന്ന സകല ശാബ്ദജ്ഞാനവും പ്രമാണമല്ലെന്നു വന്നാൽ വിദ്യാഭ്യാസത്തിന്റേയും ശാസ്ത്രീയ ഗവേഷണങ്ങളുടേയും തുടർച്ച തന്നെ നിഷേധിക്കപ്പെടും.
സമാധാനം
ബ്രഹ്മാന്വേഷണത്തിന്റെ ഭാഗമായി ലഭ്യമാകുന്ന യാതൊരു ജ്ഞാനവും സർവകാലീനമാകുന്നില്ല. മറ്റേതൊരു ജ്ഞാനത്തേയും പോലെ ഈ ജ്ഞാനത്തേയും ബ്രഹ്മാന്വേഷണത്തിനുള്ള വിവരസഞ്ചയമാക്കാവുന്നതാണ്. എന്നാൽ താർക്കികമായ നിഗമന പ്രക്രിയയ്ക്കു വിധേയമാക്കാതെ ഇന്നയാൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു അതുകൊണ്ട് അതു ശരി എന്ന രീതിയിൽ ബ്രഹ്മാന്വേഷണം നടത്തുന്നത് ആശാസ്യമല്ല. രീതിശാസ്ത്രമെന്ന നിലയിൽ തന്നെ വേദോപനിഷദാദികളിൽ എപ്രകാരം പ്രസ്താവിച്ചു എന്നത് മാത്രം അടിസ്ഥാനമാക്കി ബ്രഹ്മസ്വരൂപനിർണ്ണയം നടത്തുന്നതു പ്രമാണമല്ല എന്നുകൂടി ഈ സൂത്രം നിർദ്ദേശിക്കുന്നു.
പൂർവപക്ഷം 4
മൂന്നു പ്രമാണങ്ങൾ കൊണ്ടു പോലും ബ്രഹ്മസത്യം വെളിവാക്കാൻ ബുദ്ധിമുട്ടുമ്പോൾ അനുമാനമെന്ന ഒരൊറ്റ പ്രമാണം കൊണ്ടു മാത്രം ബ്രഹ്മാന്വേഷണം സാധ്യമാകുകയില്ല.
സമാധാനം
ബ്രഹ്മത്തെ മാത്രം സംബന്ധിക്കുന്ന പ്രത്യക്ഷശബ്ദപ്രമാണങ്ങളേ നിഷേധിക്കപ്പെട്ടിട്ടുള്ളൂ. അനുമാനം കാര്യകാരണബന്ധത്തെ അടിത്തറയാക്കിയാണ് ബ്രഹ്മാന്വേഷണത്തിൽ മുമ്പോട്ടു പോകുന്നത്. ഇതിൽ കാര്യസംബന്ധമായ സകല പ്രത്യക്ഷശബ്ദപ്രമാണങ്ങൾക്കും വിലക്കില്ല, കാരണമായ ബ്രഹ്മത്തെക്കുറിച്ചു പക്ഷേ അനുമാനത്തിനു മാത്രമേ പ്രസക്തിയുള്ളൂ. കാര്യപ്രപഞ്ചത്തിലെ ജ്ഞാനസിന്ധുവിനു അനുസ്യൂതം അനുമാനപ്രക്രിയക്കു വിധേയമാകാമെന്നിരിക്കേ ബ്രഹ്മാന്വേഷണം ഒരിക്കലും അസാദ്ധ്യമാകുകയില്ല.
പൂർവപക്ഷം 5
സത്വരജസ്തമോഗുണങ്ങൾ സമമായി സമ്മേളിച്ചിരുന്ന ജഢസ്വരൂപവും ബ്രഹ്മവിലക്ഷണവുമായ പ്രധാനത്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടതാണു ഈ പ്രപഞ്ചമെന്നു സാംഖ്യർ പറയുന്നതാണ് ശരി.
സമാധാനം
ജന്മാദ്യസ്യ യതഃ എന്ന സൂത്രത്താൽ ജഗത്കാരണം ബ്രഹ്മമെന്നു സങ്കല്പിച്ചു കഴിഞ്ഞതിനാൽ പ്രധാനം തന്നെ ബ്രഹ്മമെന്നോ പ്രധാനമല്ല ഇതെല്ലാം സൃഷ്ടിച്ചത് എന്നോ അല്ലാതെ ബ്രഹ്മവിലക്ഷണമായ ബ്രഹ്മമാണ് ഇതെല്ലാം സൃഷ്ടിച്ചതെന്നു പറഞ്ഞുകൂടാ. ജഗത്തിനു ജഢസ്വരൂപം ഉണ്ടാകുകയാൽ ബ്രഹ്മത്തിനും ജഢസ്വരൂപം സ്വാഭാവികമാണ്. ത്രിഗുണങ്ങൾ ജ്ഞാനം കർമം അജ്ഞാനം എന്നിവയേയോ നന്മ രാഗം അന്ധകാരം എന്നിവയേയോ സൂചിപ്പിക്കുന്നതെന്നു പക്ഷാന്തരമുണ്ട്. ജ്ഞാനവും അജ്ഞാനവും ആപേക്ഷികങ്ങളാകയാൽ രണ്ടല്ല. കർമമെന്നാൽ ഇച്ഛ വ്യാപരിക്കുന്ന ജ്ഞാനവുമാകുന്നു. അതിനാൽ ഇച്ഛ ജ്ഞാനം എന്നീ ഗുണങ്ങളേ ആദ്യ സങ്കല്പത്തിലെ ത്രിഗുണങ്ങളിലുള്ളൂ. നന്മ രാഗം എന്നിവ ചിത്തവൃത്തികളുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും അന്ധകാരം അഭാവപൂർണിമയുമാണ്. അവയും അന്തിമവിശകലത്തിൽ ഇച്ഛ ജ്ഞാനം എന്നിവയിൽ തന്നെ എത്തിച്ചേരുന്നു. ഇച്ഛയും ജ്ഞാനവും ജഢമായിത്തന്നെ വേദാന്തികളും കണക്കാക്കുന്നു. സൃഷ്ടിയുമായി ഒത്തു പോകുന്ന ഈ രണ്ടു അടിസ്ഥാന ഘടകങ്ങളും ജഗത്തിലുള്ളതിനാൽ ബ്രഹ്മത്തിലും ഉള്ളവ തന്നെ. പഴക്കമേറിയ സാംഖ്യദർശനത്തിൽ ദ്രവ്യത്തിന്റെ അടിസ്ഥാന ഗുണങ്ങളായി ത്രിഗുണങ്ങൾ അവതരിപ്പിക്കപ്പെട്ടതിൽ വലുതായ ന്യൂനതകളുണ്ട്. എങ്കിലും ആദിമ സൃഷ്ടി ജഢത്തിൽ നിന്നാണെന്ന അവരുടെ നിഗമനം ശ്രദ്ധയാകർഷിക്കുന്നു. സാംഖ്യ ദർശനപ്രകാരം പ്രകൃതി പുരുഷൻ എന്നിങ്ങനെ രണ്ടു ബ്രഹ്മങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു എന്നേയുള്ളൂ. അതാകട്ടെ നിർവചനത്തിനെതിരുമല്ല. ആകപ്പാടെ നോക്കുമ്പോൾ ആദിമകാലത്തെ ശാസ്ത്രത്തിന്റെ അപര്യാപ്തതയും ജഢത്തിനും ജീവനും വെവ്വേറെ കാരണങ്ങൾ എന്ന മെച്ചപ്പെട്ട സങ്കല്പവും സാംഖ്യരുടെ ദർശനത്തിൽ നിന്നും വെളിവാകുന്നുണ്ട്. ബ്രഹ്മാന്വേഷണത്തിനു പ്രധാന സങ്കല്പം അപര്യാപ്തമെന്നു പറയാതെ വയ്യ.
പൂർവപക്ഷം 6
ബ്രഹ്മം ഒരേ സമയം ജഢവും ജീവനും ഉൾക്കൊള്ളുന്നതാണെന്നോ അനന്തവും പരിമിതവുമാണെന്നോ അജ്ഞേയജ്ഞേയമെന്നോ അവാചവാച്യമെന്നോ ആനുമാനികാനനുമാനികമെന്നോ പറയാവതല്ല.
സമാധാനം
ബ്രഹ്മത്തെ അജ്ഞേയമാക്കി വിടുന്നത് ഏതൊരു ബ്രഹ്മാന്വേഷകന്റേയും കർത്തവ്യമല്ല. പ്രപഞ്ചത്തിൽ ജഢവും ജീവനും ജ്ഞാനവുമുള്ളതിനാൽ അവയും നിഷേധിക്കാവുന്നതല്ല. ബ്രഹ്മം പരിമിതപൂർണിമയാണെന്നു സങ്കല്പിക്കുന്നതിലും വിഷമമില്ല. അവാച്യവാച്യാജ്ഞേയജ്ഞേയാനുമാനികാനനുമാനികാഭേദഭേദാദികൾ സകല ജ്ഞാന രൂപത്തിലും അന്തർലീനമായ ആപേക്ഷികസ്വരൂപത്തെ തുറന്നുകാട്ടുന്നതു തന്നെയത്രെ. ഒന്നു പറയുമ്പോൾ മറ്റെല്ലാം പറയാതിരിക്കുന്നുണ്ടല്ലോ. ബ്രഹ്മത്തിനുണ്ടെന്നു പറയുന്ന ഇത്തരം ഗുണങ്ങൾ അനുമാനപ്രക്രിയയെ യാതൊരു വിധത്തിലും ദുർബലപ്പെടുത്തുന്നില്ല. അതിനാൽ ഈ വാദം നിലനിൽക്കുന്നില്ല.
പൂർവപക്ഷം 7
ബ്രഹ്മത്തെ ഭാഗികമായല്ലാതെ പൂർണമായി അനുമാനത്താൽ അറിയുക അസാധ്യമാണ്.
സമാധാനം
ശരിയാണ്. പ്രത്യക്ഷശബ്ദപ്രമാണങ്ങളിലൂടെയും ബ്രഹ്മത്തെയെന്നല്ല ഒരു കടുകുമണിയെപ്പോലും പൂർണമായി അറിയുക പ്രായോഗികമായി അസാധ്യമാണ്. അന്വേഷകന് ആവശ്യമുള്ളിടത്തോളം അറിയുക എന്നതായി ജ്ഞാനത്തിന്റെ ലക്ഷ്യം പരിമിതപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ല.
പൂർവപക്ഷം 8
നമുക്കു നമ്മെത്തന്നെ പൂർണമായി അറിയാമെന്നപോലെ നാം ബ്രഹ്മവുമായി ഐക്യരൂപ്യം പ്രാപിക്കുമ്പോൾ ബ്രഹ്മത്തേയും പൂർണമായി അറിയാനാകും.
സമാധാനം
തെറ്റായ വാദമാണിത്. നമുക്കു നമ്മെത്തന്നെ പൂർണമായി അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം; കാരണം ശരീരത്തിൽ പോലും നാഢീവ്യൂഹത്താൽ ബന്ധിതമായ ഇടങ്ങളിലെ അനുഭൂതികൾ മാത്രമേ തലച്ചോറിനറിയാൻ കഴിയൂ. സകലയിടത്തും നാഢികൾ ഉണ്ട് എന്നത് മിക്കവാറും സ്ഥലത്ത് അവ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മാത്രമേ അർത്ഥമാക്കുന്നുള്ളൂ. വളരെയധികം പ്രവർത്തനങ്ങൾ ചിലസമയങ്ങളിൽ തലച്ചോറിന്റെ നിയന്ത്രണത്തിൽ പോലുമല്ല. ചുറ്റും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിൽ വളരെ കുറച്ചു മാത്രമേ സ്മരണയിൽ സൂക്ഷിക്കുന്നുള്ളൂ. അതിൽ തന്നെ വളരെ കുറച്ചു മാത്രമേ സ്മരിക്കേണ്ടിപോലും വരുന്നുള്ളൂ. ഇനി ബുദ്ധികൊണ്ടല്ല, ആത്മാവുകൊണ്ടാണ് അറിയുന്നത് എന്നാണെങ്കിൽ താനിതെല്ലാമാണു എന്ന ഒരു ഉൾക്കാഴ്ചയല്ലാതെ അംശരൂപത്തിലുള്ള കാര്യമായ വിശദാംശങ്ങൾ തനുന്നതിൽ അത്തരം ജ്ഞാനം പരാജയമാണ്. ജഢസംബന്ധിയായ യാതൊന്നിന്റേയും ആത്മജ്ഞാനം ആ ജഢത്തിൽ തന്നെ ആലേഖനം ചെയ്യപ്പെട്ടിരിക്കയാൽ സമ്പൂർണമല്ല. നാം ബ്രഹ്മവുമായി താദാത്മ്യം പ്രാപിച്ചാൽ പോലും ബ്രഹ്മം നമ്മിലടയാളപ്പെടുത്തിയ വിവരങ്ങൾ മാത്രമേ ആത്മജ്ഞാനത്തിലൂടെ ലഭിക്കൂ. അതു പൂർണമെന്നു പറയുന്നതു തന്നെ അപൂർണതയ്ക്കു തെളിവാണ്. കാരണം പൂർണത സങ്കല്പിക്കപ്പെടുന്നത് അപൂർണത പ്രത്യക്ഷമാകുമ്പോളാണ്. ബ്രഹ്മാന്വേഷണത്തിൽ ആത്മജ്ഞാനത്തിന്റെ സ്ഥാനമെന്തെന്നു സൂത്രകാരൻ അടുത്തതായി പ്രസ്താവിക്കുന്നുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi