2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.7) - തന്നിഷ്ഠസ്യ മോക്ഷോപദേശാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 1 രീതിശാസ്ത്രം
“തന്നിഷ്ഠസ്യ മോക്ഷോപദേശാത്” (1.1.7)
തത് = അതിൽ
നിഷ്ഠസ്യ = ഉറച്ചു നിൽക്കുന്നവന്
മോക്ഷഃ = അനിയന്ത്രിതമായ സ്വാതന്ത്ര്യം
ഉപദേശാത് = നിർദ്ദേശിച്ചിരിക്കകൊണ്ട്
അതിൽ (ബ്രഹ്മാന്വേഷണത്തിനുള്ള വസ്തുനിഷ്ഠവും അനുമാനാധിഷ്ഠിതവുമായ ശാസ്ത്രീയ സമന്വയ രീതിശാസ്ത്രത്തിൽ) ഉറച്ചു നിൽക്കുന്നവന് അനിയന്ത്രിതമായ സ്വാതന്ത്ര്യം നിർദ്ദേശിച്ചിരിക്കകൊണ്ട് (സമ്മർദ്ദങ്ങൾക്കു വിധേയനാകാതെ അപ്രകാരം ബ്രഹ്മാന്വേഷണം നടത്തേണ്ടതാണ്).
സാരം
ബ്രഹ്മാന്വേഷണത്തിനുള്ള വസ്തുനിഷ്ഠവും അനുമാനാധിഷ്ഠിതവുമായ ശാസ്ത്രീയ സമന്വയ രീതിശാസ്ത്രത്തിൽ ഉറച്ചു നിൽക്കുന്നവനേ ബ്രഹ്മാന്വേഷണത്തിൽ കാര്യമായ പുരോഗതി നേടാനാകൂ. ഈ രീതിശാസ്ത്രം മുന്നേറുന്നത് നിലവിൽ നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ള പലരുടേയും എതിർപ്പിനിടയാക്കും. അറിവു കുത്തകയാക്കുന്നവരും വളച്ചൊടിക്കുന്നവരും സ്വതാല്പര്യാർത്ഥം രൂപപ്പെടുത്തുന്നവരും യാഥാസ്ഥിതികരും മൌലീകവാദികളും അസംബന്ധങ്ങൾ ശാസ്ത്രമാക്കി അവതരിപ്പിക്കുന്നവരുമൊക്കെ ബ്രഹ്മാന്വേഷണത്തിനു തടസ്സം സൃഷ്ടിച്ചേക്കാം. ഇത്തരം എതിർപ്പുകളെ അതിലംഘിച്ചാലേ ബ്രഹ്മജിജ്ഞാസുവിനു ലക്ഷ്യത്തിലെത്താനാകൂ. കീഴടങ്ങലും ഒത്തുതീർപ്പുകളും ആശാസ്യമല്ലാത്തതിനാൽ ബ്രഹ്മാന്വേഷകനു അപരിമിതമായ സ്വാതന്ത്ര്യം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അക്ഷരമറിയുന്നവർ അടിമപ്പണി ചെയ്യരുത്. അപ്രകാരം ചെയ്യുന്നത് യോഗക്ഷേമത്തിനെതിരാണ്. സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വശംവദനാകതെ ജ്ഞാനം സമ്പാദിച്ചു അതു ജഗത്തിനു സമർപ്പികയാണ് ബ്രഹ്മാന്വേഷകന്റെ കർത്തവ്യം.
പൂർവപക്ഷം 1
അപരിമിതമായ സ്വാതന്ത്ര്യം ബ്രഹ്മാന്വേഷിക്കു നിർദ്ദേശിച്ചിരിക്കുന്നത് അപ്രസക്തമാണ്. മറ്റേതൊരു ശാസ്ത്രകാരനേയും പോലെ ബ്രഹ്മാന്വേഷിക്കും പരിമിതമായ സ്വാതന്ത്ര്യത്തിനേ അർഹതയുള്ളൂ.
സമാധാനം
ബ്രഹ്മാന്വേഷിക്കു മാത്രമേ അപരിമിതമായ സ്വാതന്ത്ര്യത്തിനർഹതയുള്ളൂ എന്നൊന്നും ഇവിടെ വിവക്ഷയില്ല. അപരിമിതമായ സ്വാതന്ത്ര്യം സകല ജീവജാലങ്ങളുടേയും ജന്മാവകാശമാണ്. എന്നാൽ സൌകര്യാർത്ഥം ചിലരെല്ലാം ഇത്തരം സ്വാതന്ത്ര്യം ത്യജിക്കാറുണ്ട്. എന്നാൽ ബ്രഹ്മാന്വേഷിക്കു ഇത്തരം ത്യാജഗ്രാഹ്യസ്വാതന്ത്ര്യമില്ല.
ബ്രഹ്മത്തിലേയും ജഗത്തുക്കളിലേയും ഊർജ്ജം പരിമിതാനന്തപൂർണിമകളാണ്. ബ്രഹ്മാന്വേഷി അന്വേഷണാവസരത്തിൽ ഈ ഊർജ്ജങ്ങളെ സംബന്ധിച്ച ജ്ഞാനം കൂടി ആർജ്ജിക്കുന്നുണ്ട്. ഇത്തരം ഊർജ്ജങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ വൻ മുന്നേറ്റം മുതൽ സർവനാശം വരെ സംഭവിപ്പിക്കാവുന്നതാണ്. ലോകത്തിന്റെ നിയന്ത്രണത്തിനു ശ്രമിക്കുന്ന ശക്തികൾ ഇത്തരം ജ്ഞാനം കുത്തകയാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. സൌരയൂഥത്തിലേയും ക്ഷീരപഥത്തിലേയും മറ്റും പ്രതിഭാസങ്ങൾ അന്വേഷിക്കുന്ന ബ്രഹ്മാന്വേഷി അളവറ്റ സമ്പത്തുക്കളിലൂടെയാണ് കടന്നു പോകുന്നത്. ജഗത്തിന്റെ വ്യാപനവും വിലയനവും പ്രവചിക്കാനും മാറ്റിമറിക്കാനും പ്രാപ്തമായ ജ്ഞാനം തേടുന്ന ബ്രഹ്മാന്വേഷകൻ അതിനാൽ സകല അധികാരങ്ങളിൽ നിന്നും സ്വയം മുക്തനാകേണ്ടതാണ്. എങ്കിലേ നിർഭയം യോഗക്ഷേമാർത്ഥം തന്റെ ജിജ്ഞാസയുമായി അയാൾക്കു മുന്നേറാനാകൂ.
പൂർവപക്ഷം 2
ബ്രഹ്മാന്വേഷണത്തിൽ നിഷ്ഠനായവനു മോക്ഷം ഫലമായി ഉപദേശിച്ചിരിക്കുന്നു എന്നു മാത്രമാണ് ഈ സൂത്രത്തിനർത്ഥം.
സമാധാനം
സംസാരനിവൃത്തിയാണ് മോക്ഷമെന്ന നിർവചനത്താൽ സ്വാഭാവിക സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും സ്വാതന്ത്ര്യത്തിന്റെ ഉച്ചാവസ്ഥയായ മോക്ഷം പ്രാപിച്ചയാൾ പിന്നെ തന്റെ ലൌലിക കർമങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതുണ്ടെന്നും വാദിക്കുന്നവർ ജനത്തെ അടിമത്തത്തിലേക്കു തള്ളിവിടുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഓരോ ജീവിയും അപരിമിതമായ സ്വാതന്ത്ര്യത്തോടെ തന്നെ പിറക്കുന്നുവെങ്കിലും പിന്നീ‍ട് സാമൂഹ്യ നിയന്ത്രണത്തിന്റേയും ബലസന്തുലനത്തിന്റേയും ദൌർബല്യങ്ങളുടേയും നിസ്സഹായതകളുടേയും അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കപ്പെടുകയാണ്. ആണവബോംബിന്റെ നിർമാണഘട്ടങ്ങളിലൊന്നും യാതൊരു പങ്കുമില്ലാത്ത ഭരണാധികാരി തന്റെ കൈവശം അതിന്റെ നിയന്ത്രണമെത്തിച്ചേരുമ്പോൾ സ്വാഭാവികമായിത്തന്നെ നിരപരാധികളുടെ മേൽ അതിന്റെ പ്രയോഗസാധ്യത വിഭാവനം ചെയ്തിരിക്കും. അപരാധികളെ പോലും കൊല്ലുന്നതിനു നീതീകരണമില്ല. അനർഹമായ കൈകളിലേക്കു അനല്പമായ ജ്ഞാനം കൈമാറുന്ന കാര്യത്തിൽ തന്റെ അപരിമിത സ്വാതന്ത്ര്യം പ്രയോഗിച്ചിരുന്നുവെങ്കിൽ ഒരു ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നു വിലപിക്കാൻ ബ്രഹ്മജിജ്ഞാസുവിനു ഇടവന്നുകൂടാ. അതിനാൽ ഫലമായല്ലാതെ അന്വേഷണത്തിന്റെ മാർഗ്ഗമായിത്തന്നെ ജന്മദത്തമായ അപരിമിത സ്വാതന്ത്ര്യമെന്ന മോക്ഷത്തെ പരിഗണിക്കേണ്ടതുണ്ട്.
പൂർവപക്ഷം 3
അപരിമിതമായ സ്വാതന്ത്ര്യം അരാജകത്വവും നാശവും കൊണ്ടുവരുന്നു. സാമൂഹിക നിയന്ത്രണമോ സുഖവും സമത്വവും ഉറപ്പുവരുത്തുന്നു.
സമാധാനം
അപരിമിതസ്വാതന്ത്ര്യത്തിന്റെ മേലുള്ള ഈ പഴി തീരെ അടിസ്ഥാന രഹിതമാണ്. അപരിമിതമായ സ്വാതന്ത്ര്യം അനുഭവിക്കുന്നവരല്ല, നേരേമറിച്ച് ആ സ്വാതന്ത്ര്യം മറ്റുള്ളവർക്കു നിഷേധിക്കുന്നവരാണ് അരാജകത്വത്തിനും നാശത്തിനും കാരണമാകുന്നത്. സ്വാതന്ത്യം നിഷേധിക്കുന്നവർ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾക്ക് സ്വാതന്ത്ര്യത്തെ പ്രതിയാക്കി ആടിനെ പട്ടിയാക്കുന്ന ഈ ഏർപ്പാട് അവസാനം സ്വാതന്ത്ര്യം ബലികഴിപ്പിക്കപ്പെടാനേ ഉപകരിക്കൂ. ഇത്തരം ഒരു വാദം ഉന്നയിക്കുന്നവരിൽ ചിലർക്ക് സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി തങ്ങൾക്കധീനമാക്കുക എന്ന ഗൂഢലക്ഷ്യം കൂടി കണ്ടുവരുന്നുമുണ്ട്. തങ്ങൾ അനുഭവിക്കുന്ന അത്യന്തസ്വാതന്ത്ര്യത്തിനു നീതീകരണമായി അധികാരശക്തികൾ പരിമിതവും മുൻ കൂട്ടി നിശ്ചയിക്കപ്പെട്ടതുമായ പരിമിതവും അത്യന്തസരളവുമായ സ്വാതന്ത്ര്യം ജനതയ്ക്ക് നൽകുന്നു. അതുതന്നെ സാമൂഹ്യമായ ആചാരങ്ങൾ, മതവിലക്കുകൾ, ലൈംഗീക വിലക്കുകൾ, കുടുംബ സവിധാനം തുടങ്ങിയ സദാചാരനിഷ്ഠകളിലൂടെ പിന്നെയും നിയന്ത്രിക്കപ്പെടുന്നു. അധികാരപരസ്യവിപണിതന്ത്രങ്ങളിലൂടെ സദാചാരത്തെ ഒരു ഒഴുകുന്ന മാനദണ്ഡമായി പരിവർത്തിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വഭാവവും അളവും നിയന്ത്രിച്ചു നിറുത്തി ജനതയെ തങ്ങൾക്കനുയോജ്യമായ സ്വാതന്ത്ര്യ അടിമത്ത അനുപാതത്തിൽ നിലനിറുത്തി അവർ ജനതയെ കൊള്ളയടിക്കുന്നു. അതിനാൽ അപരിമിത സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരെ അധികാരശക്തികൾ നികൃഷ്ടരെന്നു പലവിധത്തിലും മുദ്രകുത്താൻ ശ്രമിക്കുന്നതിന്റെ ഒരു വകഭേദമാണ് സ്വാതന്ത്ര്യം അരാജകത്വവും നാശവും കൊണ്ടുവരുന്നു എന്ന വാദവും.
ജന്മസിദ്ധമായ അപരിമിതസ്വാതന്ത്ര്യത്തെ സംവിധാനമോ വ്യക്തികളോ നൽകുന്ന ഔദാര്യമാക്കി മാറ്റി യഥാർത്ഥമോക്ഷസങ്കല്പത്തെ അട്ടിമറിച്ച് മരണാനന്തര പ്രതിഭാസമെന്ന മഹനീയ പ്രതിഭാസമാക്കി പ്രകീർത്തിക്കുന്ന ഇത്തരം ഗതികെട്ട ദർശനങ്ങൾ ഒരു വിധത്തിലും സ്വാതന്ത്ര്യം സംരക്ഷിക്കാൻ പര്യാപ്തമായിരുന്നിട്ടില്ല എന്നു മാത്രമല്ല അടിമത്തത്തിനു കാരണമായിരുന്നിട്ടുമുണ്ട്.
അരാജകത്വം എന്ന പദം തന്നെ വ്യംഗ്യമായി ജനത സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നു സൂചിപ്പിക്കുന്നതത്രെ; എന്തെന്നാൽ ജനതയെ നിയന്ത്രണത്തിലാക്കി ഭരിക്കുന്ന ഒരുത്തന്റെ രാജത്വത്തെ അതു പ്രകീർത്തിക്കുന്നുണ്ട്. രാജത്വം സകല നന്മകളും കൊണ്ടുവരുന്നു എന്നും അതിനു വിവക്ഷയുണ്ട്. ഭരിക്കുന്നവർ ഒരുകാലത്തും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ പ്രവാഹത്തെ അനുവദിച്ചിട്ടില്ലാത്തതിനാൽ രാജത്വവും സ്വാതന്ത്ര്യവും തമ്മിൽ ചേരാത്ത പദങ്ങളായി തീർന്നു. പത്തു വർഷം പോലും സ്വാതന്ത്ര്യത്തിന്റെ തൽസ്ഥിതി തുടരാൻ കഴിഞ്ഞ രാജഭരണങ്ങൾ അപൂർവമത്രേ. അനുവദനീയ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയെ ഓഹരിവില പോലെ നിരന്തരം കൂട്ടിയും കുറച്ചും സ്വാതന്ത്ര്യത്തിന്റെ പ്രയോഗമോ നിരസനമോ രണ്ടുമോ കുറ്റകരമാക്കുന്ന സ്വാതന്ത്ര്യത്തിന്റെ കച്ചവടവത്കരണം നിരന്തരം ഭീകരാവസ്ഥയും അനിശ്ചിതത്വവും സൃഷ്ടിച്ച് സ്വാതന്ത്ര്യത്തിന്റെ സകല ഗുണഫലങ്ങളേയും നിർവീര്യമാക്കി അവയെ അച്ചടക്കത്തിന്റേയും അനുസരണയുടേയും പരിണിതഫലങ്ങളായി പ്രഘോഷിക്കപ്പെടാനിടയാക്കുന്നു.
ഏതൊരു വ്യക്തിയുടേയും സ്വാതന്ത്ര്യപ്രകടനം കൊണ്ട് എന്തെങ്കിലും ദൂഷ്യഫലങ്ങൾ ഉണ്ടാകുന്നെങ്കിൽ പോലും (അങ്ങനെ എന്തുകൊണ്ട് ഉണ്ടാകുകയില്ലെന്നു പിന്നീട് വിവരിക്കുന്നുണ്ട്) ആയത് അധികാരം ദുഷിക്കുന്നതു കൊണ്ടുണ്ടാകാവുന്ന അഴിമതി യുദ്ധങ്ങൾ അക്രമം തുടങ്ങിയ ദുരിതങ്ങളുടെ ചെറിയൊരംശം മാത്രമാണ്. അതിനാൽ അപരിമിത സ്വാതന്ത്ര്യം നാശം കൊണ്ടു വരുന്നു എന്നത് വെറും ഭയവും പരിഭ്രമവും കുറ്റബോധവുമാണ്. എന്നാൽ നിലവിലുള്ള അസമത്വവും ചൂഷണവും അധികാരകേന്ദ്രീകരണവും അതു നിഷ് പ്രയാസം തകർത്തുകളയുമെന്നത് വാസ്തവമാണ്. സ്വാതന്ത്ര്യേച്ഛയും അധികാരേച്ഛയും തമ്മിലുള്ള അനിവാര്യമായ യുദ്ധം എക്കാലത്തും തുടർന്നു വന്നിട്ടുണ്ട്. അതിനു ജൈവശാസ്ത്രപരമായ കാരണങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. അവ എന്തായിരുന്നാലും ബ്രഹ്മജിജ്ഞാസയ്ക്കു അപരിമിതസ്വാതന്ത്ര്യം അവശ്യമത്രേ.
സാമൂഹിക നിയന്ത്രണമെന്ന സങ്കല്പത്തിൽ ഒരു കാര്യമായ തകരാറ് കടന്നുകൂടിയിട്ടുണ്ട്. സമൂഹം ബോധപൂർവമായി യാതൊന്നും സൃഷ്ടിക്കുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത. അധികാരം കേന്ദ്രീകരിക്കപ്പെട്ട സ്ഥാ‍പനരൂപത്തിലുള്ള സംഘ പ്രവർത്തനങ്ങളിലും നിയാമക ശക്തികൾ വ്യക്തികൾ തന്നെയാണ്. അതിനാൽ സൃഷ്ടിക്കുന്നതെല്ലാം വ്യക്തികളാണ്. പക്ഷേ ഓരോ സൃഷ്ടിയും പരസ്പരം സ്വാധീനിക്കുന്നു എന്നതും വസ്തുതയാണ്. കൃഷിക്കാരൻ അധ്വാനിക്കാതെ വ്യവസായ തൊഴിലാളിക്ക് ജീവിക്കാനാകുകയില്ല. വ്യവസായ തൊഴിലാളിയുടെ അധ്വാനം കൃഷിക്കാരന്റെ ജീവിതം വൈവിധ്യമാർന്നതാക്കുന്നുമുണ്ട്. ഈ പരസ്പരാശ്രിതത്വം യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല; അറിവിന്റേയും അതിന്റെ വിനിയോഗത്തിന്റേയും അധികാരത്തിന്റേയും പ്രശ്നമാണ്. ഇവയുടെ സമ്യക്കായ പ്രയോഗമാണ് ആവശ്യം. പരസ്പരബന്ധത്തിലെ അധ്വാനത്തിന്റെ സ്വഭാവവും അധികാരത്തിന്റെ നിയന്ത്രണവും ആരെല്ലാം നിശ്ചയിക്കണം എന്ന ഏകാധിപത്യപരമായ ഒരു ചോദ്യവും അതിന്റെ നിഷേധാത്മകമായ ഉത്തരവുമാണ് സ്വാതന്ത്രത്തിന്റെ ഹന്താവാകുന്നത്. സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ ഏർപ്പാട് നിർബ്ബാധം തുടരണം എന്നതത്രേ സ്വാതന്ത്ര്യത്തിന്മേൽ സാമൂഹ്യനിയന്ത്രണം വേണമെന്ന സങ്കല്പനത്തിന്റെ കാതൽ
യഥാർത്ഥ സ്വാതന്ത്ര്യം ലളിതവും വലിയ അവകാശവാദങ്ങൾ ഇല്ലാത്തതുമാണ്. ഓരോ വ്യക്തിക്കും തന്റെ ഇച്ഛാനുസരണം ജീവിക്കാനും പ്രവർത്തിക്കാനും മരിക്കാനും കഴിയുമെന്നു സ്വാതന്ത്ര്യം സിദ്ധാന്തിക്കുന്നു. അങ്ങനെ അയാളുടെ ജിവിതത്തെ അയാൾ രൂപപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ സ്വാതന്ത്ര്യം കേവലമല്ലെന്നു മാത്രമല്ല, ആപേക്ഷികമാണെന്നു വാദവുമുണ്ട്. നിലവിലുള്ള സാഹചര്യങ്ങൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ടേ ഒരാൾക്കു മരിക്കാൻ പോലുമാകൂ എന്ന വസ്തുത അംഗീകരിക്കാൻ സ്വാതന്ത്ര്യവാദിക്കു യാതൊരു വൈമുഖ്യവുമില്ല. പക്ഷേ അവയെ മാറ്റുവാനും മെച്ചപ്പെടുത്തുവാനുമുള്ള സ്വാതന്ത്ര്യം അയാൾ ആർക്കും അടിയറ വയ്ക്കുന്നില്ല. അങ്ങനെ പ്രവർത്തനനിരതവും വിപ്ലവകരവും സ്വച്ഛവും ശാന്തിപൂർവകവുമായ ഒരു ജീവിതം സംതൃപ്തിയോടെ ജീവിച്ചു തീർക്കണമെന്നു അയാൾ ആഗ്രഹിക്കുന്നു. ഇതു ജന്മാവകാശമാണ്. ആർക്കും അതു അസാധ്യമല്ല. ആരുടെ അവകാശത്തേയും അതു ഹനിക്കുന്നില്ല എന്നു മാത്രമല്ല മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും അവ സംരക്ഷിക്കാനും സ്വാതന്ത്ര്യവാദിക്കാകുന്നു; സ്വാതന്ത്ര്യവാദിക്കു മാത്രമാകുന്നു.
പൂർവപക്ഷം 4
അറിവിന്റേയും അതിന്റെ വിനിയോഗത്തിന്റേയും അധികാരത്തിന്റേയും പ്രശ്നങ്ങളാണ് ലോകത്തിന്റെ കുഴപ്പങ്ങൾക്കു കാരണം എന്ന വാദത്തോടൊപ്പം സ്വാതന്ത്ര്യവാദി അവയെ മാറ്റാൻ ശ്രമിക്കുന്നു എന്ന വാദം ഒത്തു പോകുന്നില്ല. കാരണം നിലവിലുള്ള വ്യവസ്ഥിതി മാറ്റാനുള്ള സ്വാതന്ത്ര്യവാദിയുടെ ശ്രമം തന്നെയും കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
സമാധാനം
ഏതു രണ്ടു പദാർത്ഥങ്ങൾ തമ്മിലും സമ്പൂർണ സാജാത്യമോ സമ്പൂർണ വൈജാത്യമോ ഇല്ല. സ്വാതന്ത്ര്യവും പാരതന്ത്ര്യവും തമ്മിലാണു വൈരുദ്ധ്യമുള്ളത് എന്ന വാദം ശുദ്ധകളവും ഭോഷ്കുമാണ്. കുറഞ്ഞ സ്വാതന്ത്ര്യമത്രേ പാരതന്ത്ര്യം. ഒന്നിന്റെയും ഏറ്റക്കുറച്ചിൽ അതിന്റെ അഭാവത്തെയോ നാശത്തേയോ കുറിക്കുന്നില്ല. സ്വാതന്ത്ര്യവും അധികാരവും തമ്മിലാണ് സംഘർഷമുള്ളത്. അവ തമ്മിലുള്ള പ്രകടമായ വ്യത്യാസം സ്വാതന്ത്ര്യം സ്വയം രൂപപ്പെടുത്താൻ ശ്രമിക്കുമ്പോൾ അധികാരം മറ്റുള്ളവയെ രൂപപ്പെടുത്താൻ ശ്രദ്ധിക്കുന്നു എന്നതാണ്. അവ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണം അതു തന്നെ. വ്യക്തിസ്വാതന്ത്ര്യത്തിലെ സ്വയംനിർണ്ണയാവകാശം സാമൂഹികനിയന്ത്രണത്തിന്റെ പേരിൽ അധികാരി നിഷേധിക്കുന്നു. വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമ്പോൾ അധികാരത്തിന്റെ അലംഘനീയത വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു എന്ന മുറവിളി ഉയർന്നു തുടങ്ങും. ഈ പ്രശ്നം അടിസ്ഥാനപരമാകയാൽ അധികാരവും സ്വാതന്ത്ര്യവും തമ്മിലുള്ള ഒത്തുതീർപ്പ് ഫലത്തിൽ രണ്ടിനേയും ആപേക്ഷികമായി കൂടുതൽ ദുർബലവും പരിമിതവും വിച്ഛിന്നവുമാക്കിത്തീർക്കും. അതിനാൽ സ്വയം നിലനിൽക്കുന്നതിനായി അധികാരവും സ്വാതന്ത്ര്യവും അനുസ്യൂതമായ തങ്ങളുടെ സമരം തുടർന്നു കൊണ്ടിരിക്കയാണ്. ഇതിനെ തെറ്റായി ഉള്ളവനും ഇല്ലാത്തവനും മുതലാളിയും തൊഴിലാളിയും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വൈരുദ്ധ്യവും മറ്റുമായി തെറ്റായി വ്യാഖ്യാനിക്കുക പതിവുണ്ട്. ഈ സമരത്തിന്റെ പരിണിതഫലമായി സ്വാതന്ത്ര്യമോ അധികാരമോ എപ്പോളെങ്കിലും സമ്പൂർണമായി നശിച്ചു പോകും എന്ന തെറ്റിദ്ധാരണ പാടില്ല. രണ്ടും തങ്ങളുടെ ഒരേ സമയം സ്വതന്ത്രവും പരസ്പരാശ്രിതവുമായ പരിണാമപ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നു മാത്രമാണു വിവക്ഷ.
അധികാരവും സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന കാര്യത്തിൽ സമഷ്ടിയും വ്യക്തിയും യഥാക്രമം ലക്ഷീകരിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ബ്രഹ്മാന്വേഷി സമഷ്ടിയെ മാറ്റുന്നവനോ അങ്ങനെ മാറ്റുന്നതിനെ പ്രതിരോധിക്കുന്നവനോ എന്നതാണു യഥാർത്ഥ പ്രശ്നം. അധികാരമെന്നതു ജീവന്റെ ആവിർഭാവത്തിനു ശേഷം രൂപപ്പെട്ടതും മനുഷ്യന്റെ ആഗമനത്തിനു ശേഷം സങ്കീർണ്ണമാക്കപ്പെട്ടതുമായ പ്രതിഭാസമാണ്. അധികാരത്തിന്റെ നിർദ്ധാരണത്തിന്റെ രീതിശാസ്ത്രങ്ങൾ ബ്രഹ്മാന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങളിൽ നിന്നും തുലോം ഭിന്നമാണ്. അതിനാൽ നൂറ്റാണ്ടുകൾ നീളുന്ന ബ്രഹ്മാന്വേഷണത്തിന്റെ മാർഗ്ഗത്തിലെ വിലപ്പെട്ട ഒരു കണ്ണിയായ ബ്രഹ്മാന്വേഷി യുക്തിഹീനതയുടെ സ്വയം അഴിക്കാനാകാത്ത അധികാരത്തിന്റെ കെട്ടുപാടിൽ പെട്ടു പോകുന്നത് ആശാസ്യമല്ല. അതിനാൽ ബ്രഹ്മാന്വേഷി ഭരിക്കുന്നവനല്ല. താൻ സ്വയം ഭരിക്കപ്പെടുന്നവനായാൽ തന്റെ ലക്ഷ്യത്തെക്കൂടി അധികാരികൾ ഭരിക്കുമെന്നതിനാൽ ബ്രഹ്മാന്വേഷി സ്വാതന്ത്ര്യവാദിയാകുന്നു. സ്വാതന്ത്ര്യവാദിയാകുന്ന നിമിഷം അയാൾ അധികാരത്തിന്റെ ശത്രുകൂടിയായി മാറുന്നു. ശാസ്ത്രീയാന്വേഷണത്തിന്റെ സരണികളിൽ മുഴുകിയതിനു വിചാരണകളും വധശിക്ഷകളും ഏറ്റുവങ്ങിയ ബ്രഹ്മാന്വേഷകരുടെ എണ്ണം ചെറുതല്ല. അവർ ലോകത്തിനുണ്ടാക്കിത്തന്ന ജ്ഞാനവും പുരോഗതിയും അതിലും ഒട്ടും ചെറുതല്ല. ഇപ്രകാരം സ്വാതന്ത്ര്യവാദി കുഴപ്പങ്ങളുണ്ടാക്കുകയല്ല മറിച്ചു കുഴപ്പങ്ങളുണ്ടാക്കുന്ന അധികാരത്തിന്റെ നിഷേധാത്മകതയിൽ നിന്നു ജനതയെ ജ്ഞാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുകയാണെന്നും സിദ്ധിക്കുന്നു.
ഈജിപ്തിലെ പിരമിഡുകൾ, ചൈനയിലെ വന്മതിൽ, സൂര്യനസ്തമിക്കാത്ത കോളനികൾ, മഹത്തായ അമേരിക്കൻ ഐക്യനാടുകൾ, ശാസ്ത്രത്തിന്റെ തന്നെ സംഭാവനയായ വൻ വ്യവസായശാലകൾ തുടങ്ങിയവയെല്ലാം അധികാരത്തിന്റേയും അടിമത്തത്തിന്റേയും നേട്ടങ്ങളാണെന്നു പറയുന്നതു വാസ്തവം തന്നെ. എന്നാൽ അധികാരം മാറിനിൽക്കയും സ്വാഭാവിക പരിണാമപ്രക്രിയയിലൂടെ ശാസ്ത്രവും സ്വാതന്ത്ര്യവും ഏകോപിപ്പിച്ച് രാഷ്ട്രനിർമ്മിതി സാധ്യമാക്കുന്നതിനു യത്നിച്ച കാലങ്ങളിലെ പുരോഗതിയേ നിലനിന്നിട്ടുള്ളൂ. ലോകാത്ഭുതങ്ങൾ പിന്നീട് ആവർത്തിച്ചില്ല. ഒരു പിരമിഡും സകലരുടേയും നിദ്രാകേന്ദ്രമായിട്ടില്ല. കോളനികളും അവ മുന്നോട്ടു വച്ച അടിമത്തവും ചരിത്രം മാത്രമായി. സകലർക്കും ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി അനുനിമിഷം വർദ്ധിച്ചു വരുന്നു. എന്നാൽ പുതിയ പുതിയ അടിമത്തത്തിന്റെ ആവിഷ്കാരങ്ങളുമായി അധികാരം കൂടുതൽ പിടിമുറുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. അനുനിമിഷവും അസ്വാതന്ത്ര്യത്തിന്റെ ഒരു ആവിഷ്കാരം ഏതൊരു വ്യക്തിയുടേയും സ്വാഭാവിക സ്വച്ഛന്തജീവിതത്തെ വെല്ലുവിളിക്കുന്നുണ്ട്. കീഴടങ്ങുക അല്ലെങ്കിൽ പോരാടുക; കാരണം അധികാരം അതിന്റെ കർമഫലങ്ങൾ ജഗത്തിൽ അവശേഷിപ്പിക്കുന്നതു പോലെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരങ്ങളും നിഷ്ഫലങ്ങളാകുന്നില്ല.
പൂർവപക്ഷം 5
അധികാരത്തിന്റെ പേരിലായാലും വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത് സാമൂഹിക നിയന്ത്രണം തന്നെയാണ്. അതു ഗുണപ്രദമാണ്; അതില്ലെങ്കിൽ അപകടമാണ്.
സമാധാനം
അധികാരത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പോരാട്ടങ്ങളെല്ലാം അടിസ്ഥാനപരമായി വ്യക്തികളുടെ പോരാട്ടങ്ങൾ തന്നെയാണ്. അധികാരം ആഗ്രഹിക്കുന്നവർ അഥവാ അതു നിക്ഷിപ്തമാക്കപ്പെട്ടവർ മറ്റുവ്യക്തികളുടെ മേലെ നിയന്ത്രണം കൊണ്ടു വരുന്നതിന് മാനദണ്ഡങ്ങൾ വ്യക്തിയിൽ നിന്നും ക്രമേണ വിപുലമാക്കിക്കൊണ്ടുവരുന്തോറും കുടുംബം, ഗോത്രം, നാട്, രാജ്യം, മതം, ലിംഗം, സ്ഥാപനം, ആശയം, സംസ്കാരം, സംഘടന തുടങ്ങിയ അനേകം സംഘങ്ങളുണ്ടായി വരുന്നു. ഇവയോരോന്നിലും വ്യക്തിക്കു സത്തയും താല്പര്യവും ഉണ്ടെന്നു വിശ്വസിപ്പിക്കുകയത്രേ അധികാര സംസ്ഥാപനത്തിന്റെ ആദ്യ പടി. തുടർന്നു സംഘത്തിന്റെ ഐക്യം ഉത്ഘോഷിക്കുന്ന ചടങ്ങുകൾ സംഘടിപ്പിക്കുകയായി. സംഘം പ്രവർത്തന സജ്ജമായാൽ പിന്നെ ബലപ്പെടുത്തലാണ്. സമ്പത്തിന്റെ ഒരംശം പൊതുവായി കൈകാര്യം ചെയ്യൽ, ആയുധങ്ങൾ സ്വരൂപിക്കൽ എന്നിവയും സമാന്തരമായി നടക്കുന്നു. സംഘത്തിന്റെ വ്യാപ്തി കൂട്ടാനുള്ള ശ്രമവും സംഘത്തിന്റെ വ്യാപനത്തിനുള്ള തടസ്സങ്ങളെ തുടച്ചു നീക്കുകയോ നിഷ്ക്രിയമാക്കുകയോ ചെയ്യുന്നതും പ്രധാനമത്രേ. പ്രവർത്തനസജ്ജമായ സംഘത്തെ സ്ഥാപനവത്കരിച്ചു നിലനിറുത്തുക വരേക്കും പ്രാഥമികമായ പ്രവർത്തനങ്ങളാണ്. അതിനു ശേഷം അടിച്ചമർത്തലിന്റെ ഘട്ടമാണ്. അതു കഴിഞ്ഞാൽ സംഘം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ഒരു ദാർശനിക അടിത്തറയുണ്ടാക്കുകയും അതിനെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയും വേണം. ഇതോടെ അധികാരത്തിന്റെ നിലനില്പു അപകടത്തിലായേക്കും എന്ന ഭീതി ഉടലെടുക്കുന്നു. അതിനെ അതിജീവിക്കാൻ സംഘത്തിലെ വ്യക്തികളുടെ നിലനില്പു ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്ന പ്രചരണം ആരംഭിക്കുകയായി. ആശയങ്ങളുടേയും ആയുധങ്ങളുടേയും ശിക്ഷാവിധികളുടേയും വിലക്കുകളുടേയും കുത്തക സൂക്ഷിക്കുവാനുള്ള ശ്രമങ്ങളും നടത്തുകയായി. ഇങ്ങനെ എണ്ണമറ്റ അയുക്തികവും സാങ്കല്പികവുമായ ഭ്രമങ്ങളിലൂടെ അധികാരം കടന്നു പോകുന്നു. ഈ ഭ്രമങ്ങളിൽ നിന്നു മോചിതമാകാത്ത അധികാരത്തിന്റെ നിയന്ത്രണം അത്യാവശ്യമാണെന്ന വാദമുന്നയിക്കുന്നത് ആശാസ്യമല്ല.
മതിയായ പ്രയോജനമില്ലെങ്കിൽ പിന്നെ നൂറ്റാണ്ടുകളായി എങ്ങനെ അധികാരത്തിനു നിലനിൽക്കാനാകും എന്നാണെങ്കിൽ ജൈവീകപരിണാമമനോവൈജ്ഞാനിക തലങ്ങളിൽ സാമൂഹികമായ ഒരു നിയന്ത്രണ സംവിധാനം നിലനിൽക്കുന്നുണ്ട്. ഈ സംവിധാനത്തെ ദുരുപയോഗം ചെയ്താണ് അധികാരം ഇതുവരെ നിലനിന്നു പോന്നിട്ടുള്ളത്. ഈ നിയന്ത്രണ സംവിധാനത്തെക്കുറിച്ച് പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പൂർവപക്ഷം 6
ബ്രഹ്മാന്വേഷി യഥാർത്ഥത്തിൽ അപരിമിതമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് എങ്കിൽ സ്വാതന്ത്ര്യത്തിന്റേയും അധികാരത്തിന്റേയും സംഘർഷങ്ങൾ അയാളെ യാതൊരു വിധത്തിലും സ്വാധീനിക്കുകയില്ല. അതിനാൽ അയാൾക്ക് മോക്ഷം നിർദ്ദേശിച്ചിരിക്കുന്നത് നിരർത്ഥകമാണ്.
സമാധാനം
മോക്ഷം ആപേക്ഷികാർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ബ്രഹ്മാന്വേഷിയുടെ ശ്രമം താൻ ഈ ഏറ്റുമുട്ടലിലോ തുടർന്നു സംസ്ഥാപിതമായേക്കാവുന്ന അധികാരവ്യവസ്ഥിതിയിലോ ഭാഗമോ പങ്കാളിത്തമോ വഹിക്കാതിരിക്കാനാണ്. അതിനു അയാൾക്കു മുമ്പിൽ സ്വാതന്ത്ര്യം ത്യജിക്കുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക എന്നീ മാർഗങ്ങളുണ്ട്. ആദ്യത്തേതു ബ്രഹ്മാന്വേഷണത്തെ പരിമിതപ്പെടുത്തുകയാൽ സ്വീകാര്യമല്ല. ബ്രഹ്മാന്വേഷി ഒരു വിധത്തിലുമുള്ള ഏറ്റുമുട്ടലിനും ഒരുക്കവുമല്ല. എങ്കിലും അപരിമിതമായ സ്വാതന്ത്ര്യം എന്ന മോക്ഷത്തെ അയാൾ പ്രമാണമാക്കുകയാൽ അധികാരകേന്ദ്രങ്ങൾ അയാളെ വെറുതേ വിടുകയുമില്ല; അയാൾക്കു മേലെ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കപ്പെടും, അപ്പോൾ ബ്രഹ്മാന്വേഷിക്കു കരണീയമെന്തെന്നു സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi