2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.11) - ശ്രുതത്വാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ശ്രുതത്വാച്ച” (1.1.11)

ശ്രുതത്വാത് = കേട്ടറിയുകകൊണ്ട്
ച = ഉം

(ആകാശത്തിന്റേയും മാന്ത്രവർണികങ്ങളുടേയും സാന്നിദ്ധ്യം ദ്രവ്യം) കേട്ടറിയുക കൊണ്ടും (ബ്രഹ്മം ഏകമാകുന്നു.)

സാരം

മാന്ത്രവർണികങ്ങൾ സമ്യക്കായി വിന്യസിക്കപ്പെട്ട തലങ്ങളുടെ ഗണമാകുന്നു ആകാശം. അതു ദ്രവ്യത്തെ ചലിപ്പിക്കുന്നു. ദ്രവ്യത്തിന്റെ അസാന്നിദ്ധ്യത്തിൽ വിഘടിക്കപ്പെട്ട് അവ പ്രകാശാതീതവേഗകണങ്ങളായി സഞ്ചരിക്കുമ്പോൾ ദ്രവ്യവുമായി കൂട്ടിമുട്ടുന്നു. അപ്പോൾ തന്റെ കർമമായ ദ്രവ്യത്തെ ചലിപ്പിക്കുതിൽ അതു വ്യാപൃതമാകുന്നു. ദ്രവ്യം അതു തിരിച്ചറിയുകയും വിഘടിത മാന്ത്രവർണികങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇവ പിന്നീട് ആകാശസൃഷ്ടിക്കോ ഊർജ്ജത്തിന്റെ കൈമാറ്റത്തിനോ പ്രയോജനപ്പെടുത്തുന്നു.
സകല നിമിഷാംശത്തിലും സകല ദ്രവ്യകണികയും മാന്ത്രവർണികങ്ങളുടെ സാന്നിദ്ധ്യവും അവയുടെ തീവ്രതയിലെ ഏറ്റക്കുറച്ചിലുകളും അനുഭവിക്കുന്നു. മാന്ത്രവർണികതരംഗങ്ങളുടെ അനുസ്യൂതവും നിരന്തരവുമായ ഈ സാന്നിദ്ധ്യത്തെ തിരിച്ചറിയുന്നതത്രേ ശ്രുതത്വം എന്ന കേട്ടറിവായി സൂത്രകാരൻ വിശേഷിപ്പിക്കുന്നത്.
ഏതു രണ്ടു ദ്രവ്യകണികകളും പരസ്പരം സ്പർശിക്കുന്നില്ല, എന്തെന്നാൽ അടിസ്ഥാനകണങ്ങളിലെ രണ്ടു ഋണകണികകളോ രണ്ടുധനകണികകളോ പരസ്പരം സ്പർശിക്കാനിച്ചിക്കുന്നില്ല. ഒരു ഋണകണികയും ഒരു ധനകണികയും പരസ്പരം സ്പർശിച്ചാൽ അവ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് മറ്റൊന്നായി തീരുന്നു. അതിനാൽ ഊർജ്ജകൈമാറ്റം നടക്കുന്നത് അടിസ്ഥാനകണങ്ങൾക്ക് ആഗിരണയോഗ്യമായ മാന്ത്രവർണിക വികിരണങ്ങളിൽ കൂടിയാണ്. ഇവയുടെ ആഗിരണ തീവ്രതക്കനുസൃതമായ പ്രവേഗമാറ്റം അണുകൾക്കുള്ളിലെ തരംഗങ്ങൾക്ക് അനുഭവപ്പെടുന്നു. മാന്ത്രവർണികങ്ങൾ സ്വതന്ത്രമാക്കപ്പെടുമ്പോൾ അവയുടെ എണ്ണത്തിനു ആനുപാതികമായ ആവൃത്തിയും വിപരീതാനുപാതത്തിൽ തരംഗദൈർഘ്യവും ആവൃത്തിതരംഗദൈർഘ്യങ്ങളുടെ ഗുണനഫലത്തിനു തുല്യമായ പ്രവേഗവും ഉള്ളതായി കാണപ്പെടുന്നു. ഇങ്ങനെ മാന്ത്രവർണികങ്ങളെ കേട്ടറിയാനുള്ള ശേഷി സകലദ്രവ്യത്തിനും പൊതുസ്വഭാവമാകയാലും മറ്റുവിധത്തിൽ യാതൊന്നും അറിയപ്പെടാത്തതിനാലും ബ്രഹ്മം ഏകമെന്നു സിദ്ധിക്കുന്നു.

പൂർവപക്ഷം 1

പദാർത്ഥങ്ങളുടെ പരസ്പരമുള്ള ആകർഷണവികർഷണങ്ങൾ അവയുടെ പരസ്പര പ്രതിപ്രവർത്തനങ്ങളുടെ പരിണതഫലമല്ലാതെ സ്വേച്ഛയാഉള്ള ചലനമല്ല. കാരണം സ്വേച്ഛയാ ഉള്ള ചലനമായിരുന്നെങ്കിൽ അതു നിയതമായ നിയമങ്ങൾക്കു വിധേയമാകുകയില്ലായിരുന്നു.

സമാധാനം

നിശ്ചിതമായ പ്രയോജനമുള്ളതുകൊണ്ടാണ് ഏതൊരു പദാർത്ഥവും ചലിക്കുന്നത്. ശ്രുതത്വത്താൽ ലഭ്യമാകുന്ന ഊർജ്ജത്തിന്റേയും അതിന്റെ അഭാവത്തിൽ നഷ്ടമാകുന്ന ഊർജ്ജത്തിന്റേയും അളവിനെ ആശ്രയിച്ചാണ് സ്വേച്ഛാപൂർവകമായ ചലനം എന്നു പറയുന്നതിൽ യുക്തിഹീനതയൊന്നുമില്ല. ഒന്നിന്റെ സാന്നിദ്ധ്യം മറ്റൊന്നിന്റെ ചലനത്തെ സ്വാധീനിക്കുന്നുണ്ട് എന്നതും ഇച്ഛയുടെ അഭാവത്തെ കാട്ടുന്നില്ല. പ്രയോജനം ഇല്ലാതെ വരുമ്പോളോ അടിസ്ഥാന ഘടകങ്ങളും സാഹചര്യങ്ങളും മാറുമ്പോളോ അല്ലാതെ സ്വേച്ഛാ പ്രവർത്തനങ്ങൾ മാറ്റം കൂടാതെ തുടരുന്നത് അസ്വാഭാവികമല്ലെന്നു മാത്രമല്ല, ആവർത്തനം ആഹ്ലാദകരമായ ഒരു പ്രപഞ്ചപ്രതിഭാസമാണെന്നതിനാൽ ചലനനിയമങ്ങളിലെ കൃത്യമായ ആവർത്തനം ഇച്ഛാപൂർവകവും സ്വാഭാവികവുമാകുന്നു. യാദൃശ്ചികമെന്നു കരുതാവുന്ന മാറ്റങ്ങളുടെ പരിണിതഫലങ്ങളും സാധ്യതാശാസ്ത്രത്തിലൂടെ കൃത്യതയോടെ പ്രവചിക്കാനാകുന്നുണ്ട്. നിയതമായി കാണപ്പെടുന്ന പലതും പുനരാവർത്തിക്കപ്പെട്ട യാദൃശ്ചികതകളുടെ ആകെത്തുകകൾ മാത്രവുമാണ്.

പൂർവപക്ഷം 2

സ്വേച്ഛാഗതിയാണുള്ളതെങ്കിൽ ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലം എന്ന സങ്കല്പത്തിനു പ്രസക്തിയില്ലതെയാകും. ഭൌതികശാസ്ത്രം ബലതന്ത്രത്തെ ധാരാളമായി ആശ്രയിക്കുന്നുണ്ട്.

സമാധാനം

ബലതന്ത്രം പോലും ചലനം സാധ്യമാകുന്നത് അനേകബലങ്ങളുടെ പരിണതഫലമായിട്ടാണെന്നു സിദ്ധാന്തിക്കുന്നുണ്ട്. ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലത്തിനു തുല്യവും വിപരീതവുമായ ഒരു എതിർബലം ആ വസ്തു പ്രയോഗിക്കുന്നതായും കരുതപ്പെടുന്നു. പ്രയോഗിക്കപ്പെട്ട ബലം മാത്രമായിരുന്നു ചലനകാരണമെങ്കിൽ എതിർബലത്തിനു സാധ്യത ഉണ്ടാകുമായിരുന്നില്ല. ബലത്തിനു വിധേയമാകുക എന്നതാണു പ്രപഞ്ചനിയമമെങ്കിലും എതിർബലം പ്രയോഗിക്കപ്പെടേണ്ട കാര്യമില്ല. രണ്ടു ദ്രവ്യപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം അവ പരസ്പരം മനസ്സിലാക്കുകയും അവയ്ക്കോരോന്നിനും പ്രയോജനപ്രദമായ പ്രതികരണങ്ങൾ അവ സ്വീകരിച്ചു എന്നും കരുതുന്നതാണു യുക്തി.

പൂർവപക്ഷം 3

ബോധപൂർവമായ മാനുഷിക അധ്വാനം കൊണ്ട് വസ്തുക്കളെ എടുത്തുമാറ്റുന്നതിനെ പദാർത്ഥങ്ങളുടെ സ്വേച്ഛാഗമനം കൊണ്ട് വിശദീകരിക്കാനാകുകയില്ല.

സമാധാനം

ബോധപൂർവമായി സ്വേച്ഛാഗമനനിയമങ്ങളെ വിജയകരമായി നിയന്ത്രിക്കുന്നതു കൊണ്ടാണ് വസ്തുക്കളെ എടുത്തുമാറ്റാനാകുന്നത്. ഇതേ കൃത്യം അബോധപൂർവകമായി ചെയ്താലും ഫലം മറ്റൊന്നല്ല. ദ്രവ്യത്തിന്റെ സ്വാഭാവിക ചലനങ്ങളെ അതിലംഘിക്കാൻ ശ്രമിച്ചുകൊണ്ട് ഒരു ചലനം സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശരീരം തന്നെ സ്വയം എടുത്തു മാറ്റപ്പെടുക കൂടിയായിരിക്കും ഫലം.

പൂർവപക്ഷം 4

പദാർത്ഥങ്ങളിലെ താപ കൈമാറ്റം കാന്തികത തുടങ്ങിയ പ്രതിഭാസങ്ങളെ ആകാശസൃഷ്ടികൊണ്ടോ സ്വേച്ഛാഗമനം കൊണ്ടോ വിശദീകരിക്കാനാകുകയില്ല.

സമാധാനം

ഒരണു അനേകവിധ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതിൽ സ്ഥിതിക്കും ചലനത്തിനും കാരണമായവ മാത്രമാണു ആകാശസൃഷ്ടിക്കാവശ്യമാകുന്നത്. മറ്റു കണികകൾ അണുകണികകളിലെ ഊർജ്ജനിലകളിൽ വരുത്തുന്ന വ്യത്യാസം പ്രസ്തുതത്തിൽ പ്രസക്തമല്ല. എന്നാൽ അത്തരം കണികകൾ സംബന്ധിച്ച ജ്ഞാനം അണുക്കൾക്കകത്തു നടക്കുന്ന ഭ്രമണചലനങ്ങളെ മാത്രം തൃപ്തികരമായി വിശദീകരിക്കുന്നു. ദ്രവ്യത്തിന്റെ ത്വരണമന്ദതകളെ അതു വിശദീകരിക്കുന്നില്ല.
ലഭ്യമായ ആകാശത്തിലെ മാന്ത്രവർണികതീവ്രതക്കനുസൃതമായി ദ്രവ്യം പ്രവേഗവും ത്വരണവുമാർജ്ജിക്കുന്നു എന്ന് ആകാശസൃഷ്ടി സ്വേച്ഛാഗമനം എന്നീ സങ്കല്പനങ്ങൾ കൊണ്ട് വിശദീകരിക്കാനാകുന്നുമുണ്ട്. നിലവിലുള്ള ശാസ്ത്രസരണികളെ ഈ വാദം സമ്പൂർണമായി നിഷേധിക്കുന്നില്ലെന്നു മാത്രമല്ല വ്യക്തത നൽകുന്നുമുണ്ട്.
പദാർത്ഥങ്ങളിലെ താപകൈമാറ്റത്തിൽ നിലവിലുള്ള വിശദീകരണങ്ങളുടെ കൂടെ ഇനി മുതൽ പ്രവേഗത്വരണങ്ങളെക്കൂടി പരിഗണിക്കേണ്ടി വരുമെന്നു മാത്രമേയുള്ളൂ വ്യത്യാസം. അടിസ്ഥാനകണികകളുടെ ഭ്രമണദിശകളിലെ ചില പ്രത്യേക ക്രമീകരണങ്ങളാലാണ് കാന്തികത ഉണ്ടാകുന്നതായി കരുതപ്പെടുന്നത്. എന്നാൽ സ്വേച്ഛാഗമന സിദ്ധാന്തതിലൂടെ വിശദീകരിക്കേണ്ടി വരുമ്പോൾ കാന്തീകത ചില പ്രത്യേക രീതിയിൽ ആകാശസൃഷ്ടിയേയും മാന്ത്രവർണികങ്ങളുടെ ആഗിരണവികിരണങ്ങളേയും സ്വാധീനിക്കുന്നുണ്ട് എന്നുകൂടി പറയേണ്ടി വരും. ഭ്രമണം ചെയ്യുന്ന അതിസൂക്ഷ്മകണികകൾക്ക് ചില ദിശകളിൽ നിന്നു വരുന്ന മാന്ത്രവർണികങ്ങളെ ആപേക്ഷികമായി കുറച്ചു മാത്രമേ ആഗിരണം ചെയ്യാനാകൂ എന്നതിനാൽ മാന്ത്രവർണികങ്ങളുടെ ആഗിരണം കാര്യക്ഷമമാക്കുന്നതിനു ദ്രവ്യം മറ്റുദിശകളിലേക്കു ചലിക്കുന്നു. സ്വാഭാവികമായും ആഗിരണശേഷി കുറഞ്ഞ ദിശയുടെ എതിർദിശയിലേക്കായിരിക്കും പരിണതചലനദിശ. സാധാരണയായി പദാർത്ഥങ്ങളിൽ അതിസൂക്ഷ്മകണികകളുടെ ഭ്രമണദിശകൾ ഏകീകരിക്കപ്പെട്ടിരിക്കയില്ലാത്തതിനാൽ ഈ പരിണതചലനം അതീവദുർബലമായിരിക്കും. ആപേക്ഷികമായി മികച്ചരീതിരിൽ ഭ്രമണദിശകൾ ഏകീകരിക്കപ്പെട്ട ദ്രവ്യത്തെ സംബന്ധിച്ചിടത്തോളം ശക്തമായ പരിണതചലനം അനുഭവപ്പെടുന്നതാണ് അതിന്റെ കാന്തികപ്രഭാവത്തിനു കാരണം എന്നു കരുതാവുന്നതാണ്.

പൂർവപക്ഷം 5

ദ്രവ്യത്തിനു സ്വേച്ഛാഗമനമാണുള്ളതെങ്കിൽ ഊർജ്ജസംരക്ഷണത്തിനു ആകാശത്തിലെന്നപോലെ തന്നെ അതിനു അനാകാശത്തിലൂടെ നിരാപേക്ഷമായും ചലിക്കാനാകുന്നതാണ്. എന്നാൽ അപ്രകാരം കാണപ്പെടുന്നില്ല.

സമാധാനം

അനാകാശം പകൽ ഇരുളെന്ന പോലെ പ്രത്യക്ഷമല്ല. പ്രത്യക്ഷം മാത്രം പ്രമാണമായി സ്വീകരിക്കാമായിരുന്നെങ്കിൽ ബ്രഹ്മവികാരവുമായി ബന്ധപ്പെട്ട സകല പ്രതിഭാസങ്ങളേയും കുറിച്ചുള്ള ചർച്ച ഇവിടെ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ അനുമാനാർത്ഥം ദ്രവ്യത്തിന്റെ ഗുണധർമങ്ങളിലേതാനും കൂടി സൂത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi