2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.15) - മാന്ത്രവർണികമേവ ച ഗീയതേ

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“മാന്ത്രവർണികമേവ ച ഗീയതേ” (1.1.15)

മാന്ത്ര = ആവർത്തിച്ചു പാടപ്പെടുന്നതുമായി ബന്ധപ്പെട്ട
വർണികം = ഏറ്റവും ചെറിയ വർണം
ഏവ ച = തന്നെയും
ഗീയതേ = പാടപ്പെടുന്നു.

(ശ്രുതത്വത്തിനു കാരണമായ അതിസൂക്ഷ്മകണികകൾ) ആവർത്തിച്ചു പാടപ്പെടുന്നതുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ വർണം തന്നെയും (മറ്റൊന്നിന്റെ വികാരത്താൽ) പാടപ്പെടുന്നു.

സാരം

ദ്രവ്യം നിരന്തരം ആകാശത്തിൽ നിന്നും ചില അതിസൂക്ഷ്മ കണികകളെ ആഗിരണം ചെയ്യുന്നുണ്ട്. ആവർത്തിച്ചു പാടപ്പെടുന്നതത്രേ മന്ത്രം. മന്ത്രവുമായി ബന്ധപ്പെട്ടത് മാന്ത്രം. വർണമെന്നാൽ ശബ്ദത്തിലെ ഏറ്റവും ചെറിയ ഏകകം. വർണികമെന്നാൽ വർണത്തിന്റെ അതിസൂക്ഷ്മകണിക. ഇപ്രകാരം മാന്ത്രവർണികമെന്നാൽ ആവർത്തിച്ചു പാടപ്പെടുന്നതിന്റെ അതിസൂക്ഷ്മകണിക. പ്രസ്തുതത്തിൽ മാന്ത്രവർണികപദത്താൽ ദ്രവ്യം ശ്രുതത്വം ഗ്രഹിക്കുന്നതിനു ആഗിരണം ചെയ്യുന്ന ആകാശജന്യമായ അതിസൂക്ഷ്മകണികയെന്നു ഗ്രഹിക്കണം. ജഗത്തിൽ ഏറിയും കുറഞ്ഞും നിരന്തരം മാന്ത്രവർണികങ്ങളുടെ പ്രവാഹമുണ്ട്. ഈ പ്രവാഹം സ്ഥലകാലദ്രവ്യ പ്രവാഹങ്ങളുടെ അപഭ്രംശ സ്വഭാവത്തെ അപേക്ഷിച്ച് ക്രമരൂപമാകയാൽ അതിനെ ഒരു ഗീതമായി ചിത്രീകരിക്കുന്നു. സ്ഥിരപ്രവേഗമാർന്നവയാകയാൽ മാന്ത്രവർണികങ്ങൾ പാടപ്പെടുകയാണെന്നു പറയുന്നു. ഗീയതേ എന്ന കർമണി പ്രയോഗത്താൽ സൃഷ്ടി സൂചകമല്ലെങ്കിലും നിയന്ത്രണ സൂചകമായി മറ്റൊന്നു കൂടി ഉണ്ട് എന്നു സൂത്രകാരൻ സൂചിപ്പിക്കുന്നെന്നു വ്യക്തമാണ്. ദ്രവ്യ മാന്ത്രവർണിക മാന്ത്രവർണികനിയന്ത്രണശക്തി ഇവകളുടെ സാന്നിധ്യം ജഗത്തിൽ സാർവത്രികമായി കാണപ്പെടുകയാൽ അപ്രകാരമുള്ള വൈവിധ്യം അനേകജഗത്തുക്കളേയോ അനേക ബ്രഹ്മങ്ങളേയോ സൂചിപ്പിക്കുന്നില്ല.

പൂർവപക്ഷം 1

മാന്ത്രവർണികം എന്ന പദം അതിസൂക്ഷ്മമായ ആകാശ കണികകളെ സൂചിപ്പിക്കുന്നില്ല, ഋഗ്വേദാദി മന്ത്രങ്ങളുമായി ബന്ധപ്പെട്ട എന്തോ ആണത്.

സമാധാനം

ആവർത്തിച്ചു പറയപ്പെടുകയാലത്രേ ഋഗ്വേദാദി മന്ത്രങ്ങൾക്കു തന്നെയും ആ പേർ ലഭിച്ചത്. അക്ഷരലക്ഷം മന്ത്രം ജപിച്ചു എന്നെല്ലാം അതിനാലത്രേ പ്രയോഗിക്കപ്പെടുന്നത്. അതിനാൽ മന്ത്രപദത്തിന്റെ അടിസ്ഥാന അർത്ഥം ആവർത്തിച്ചു പുറപ്പെടലാണ്. ഓങ്കാരനാദത്തിൽ നിന്നും പ്രപഞ്ചം സൃഷ്ടമായി എന്നിങ്ങനെ അതിസൂക്ഷ്മ ശബ്ദകണികയാൽ പ്രപഞ്ചം സൃഷ്ടമായി എന്നും കരുതപ്പെട്ടിരുന്നു. അതിനാൽ സൃഷ്ടിക്കടിസ്ഥാനമായ കാരണമായി വർണമെന്നും അതിന്റെ സാധ്യമായ അതിസൂക്ഷ്മകണിക എന്ന അർത്ഥത്തിൽ വർണികമെന്നും പ്രയോഗിക്കുന്നതിൽ തെറ്റില്ല. അതുവരെ ഇല്ലാതിരുന്ന ഒരു സങ്കല്പനത്തെ ലഭ്യമായ അർത്ഥരൂഢികളുടെ സഹായത്തോടെ ദ്യോതിപ്പിക്കുന്ന ഒരു സുന്ദരപദം സൂത്രകാരൻ അവതരിപ്പിച്ചു എന്നത് വളരെ ശ്ലാഘനീയമായി തോന്നുന്നു. ജഗത്സൃഷ്ടിയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ അർത്ഥസൂചകം പോലുമില്ലാത്ത ഋഗ്വേദമന്ത്രത്തിനു പ്രസക്തിയൊന്നുമില്ലെന്നു വേറിട്ടു പറയേണ്ടതുമില്ലല്ലോ.

പൂർവപക്ഷം 2

സ്ഥിരപ്രവേഗമാർന്ന മാന്ത്രവർണികങ്ങൾ ദ്രവ്യത്തെ അപേക്ഷിച്ചു നിലനില്പുള്ളവയും മറ്റൊന്നിനേയും ആശ്രയിക്കേണ്ടതില്ലാത്തവയുമാണ്. അങ്ങനെയിരിക്കേ അവയ്ക്കു മറ്റു നിയന്ത്രണകേന്ദ്രങ്ങളുണ്ട് എന്നു പറയുന്നതു ശരിയല്ല.

സമാധാനം

വ്യാപിക്കുന്ന സ്വഭാവമുള്ളവയത്രേ മാന്ത്രവർണികങ്ങൾ. വ്യാപനം ആശ്രിതത്വത്തിന്റെ ലക്ഷണമാണ്. സമചലനമത്രേ സ്ഥിരതയുടെ ലക്ഷണം. വ്യാപിക്കുന്നതെന്തിനും ക്രമത്തിൽ സാന്ദ്രതയും ഊർജ്ജവും കുറഞ്ഞു വരുന്നു. സൂര്യൻ സൃഷ്ടിച്ച ഒരുകൂട്ടം മാന്ത്രവർണികങ്ങൾ ചാന്ദ്രപ്രതലത്തിലെത്തുമ്പോൾ അവയുടെ ഗണ്യമായ തീവ്രത നഷ്ടപ്പെട്ടിരിക്കും. അതിനാലത്രേ സ്വേച്ഛാഗമനം ദൂരത്തിനു വിപരീതാനുപാതത്തിലായിരിക്കുന്നത്. കൂടുതൽ പിണ്ഡമുള്ള ദ്രവ്യം കൂടുതൽ മാന്ത്രവർണികങ്ങളെ ആകാശത്തിൽ സൃഷ്ടിക്കയാലത്രേ സ്വേച്ഛാഗമനം പിണ്ഡത്തിനു ക്രമാനുപാതത്തിലായിരിക്കുന്നത്. എന്നാൽ പുതുതായി ആകാശം സൃഷ്ടിക്കേണ്ടി വരുന്നതിനു വിപരീതാനുപാതത്തിലുമായിരിക്കണം സ്വേച്ഛാഗമനം. എന്നാൽ സൌരയൂഥത്തിൽ മഹാദ്രവ്യപിണ്ഡങ്ങളുടെ നിരന്തര സാന്നിദ്ധ്യമുള്ളതിനാൽ ആകാശം സ്വാഭാവികമാകയാൽ സ്വേച്ഛാഗമനത്തിൽ ആകാശസൃഷ്ടി സ്ഥൂലമാറ്റങ്ങൾ പ്രദർശിപ്പിക്കുവാൻ പര്യാപ്തമായേക്കണമെന്നില്ല.
നക്ഷത്രങ്ങൾ ജ്വലിക്കുന്നിടത്തു നിന്നും മാന്ത്രവർണികങ്ങൾ പലായനം ചെയ്യുന്നു. ഊർജ്ജത്തിന്റെ അധികകേന്ദ്രീകരണം അവ ഇഷ്ടപ്പെടുന്നില്ല. പ്രപഞ്ചം തന്നെയും സൃഷ്ടമായത് ഊർജ്ജത്തിന്റെ മഹാകേന്ദ്രീകരണത്തിൽ നിന്നുമുള്ള ഒരു പലായനത്തിലൂടെ ആണല്ലോ. തണുത്ത ദ്രവ്യത്തോട് അവയ്ക്ക് പ്രതിപത്തിയുണ്ടെന്നു കരുതാൻ ന്യായമുണ്ട്. എന്തെന്നാൽ ആകാശത്തിൽ മഹാദ്രവ്യഗോളങ്ങൾ ആപേക്ഷികമായ ആനന്ദത്തോടെ വസിക്കുന്നു. മഹാദ്രവ്യഗോളങ്ങൾക്കടുത്തേക്കു മാന്ത്രവർണികങ്ങൾ ചായുന്നതിനാൽ സ്വേച്ഛാഗമനഗതി മഹാദ്രവ്യഗോളങ്ങൾക്കു സമീപം വലയിത വക്രരൂപത്തിലാണു കാണപ്പെടുന്നത്. ഇക്കാരണങ്ങളാലത്രേ മാന്ത്രവർണികങ്ങളേയും നിയന്ത്രിക്കുന്ന ശക്തി ഉണ്ടെന്നു പറയുന്നത്.

പൂർവപക്ഷം 3

സകല ദ്രവ്യങ്ങളും സ്വേച്ഛയാലാണു ചരിക്കുന്നതെന്നു സിദ്ധാന്തിക്കേ തന്നെ മാന്ത്രവർണികങ്ങൾക്കു നിയന്ത്രണകേന്ദ്രങ്ങളുണ്ടെന്നും വാദിക്കുന്നത് പരസ്പരവിരുദ്ധമാണ്.

സമാധാനം

സകല ദ്രവ്യങ്ങളും സ്വേച്ഛയാലാണു ചരിക്കുന്നതെങ്കിലും അവ അപൂർണമായും പോരായ്മകളോടെയുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ദ്രവ്യം അനുനിമിഷവും അതിന്റെ നിലനില്പിനു വെല്ലുവിളി നേരിടുന്നുണ്ട്. ഇത്തരം വെല്ലുവിളികളാണ് ചലനത്തിനും മറ്റു ഗമനങ്ങൾക്കും പ്രേരണ നൽകുന്നത്. സമാനമായ വെല്ലുവിളികൾ മാന്ത്രവർണികങ്ങളും നേരിടുന്നുണ്ട്. അത്തരം വെല്ലുവിളികളാണു മാന്ത്രവർണികങ്ങളുടെ ഗതിഗമനങ്ങൾക്കു കാരണമെന്നാണു ഇവിടെ വിവക്ഷ.

പൂർവപക്ഷം 4

ദ്രവ്യവും മാന്ത്രവർണികങ്ങളും സമാനമായ വെല്ലുവിളികൾ നേരിടുന്നു. പക്ഷേ ദ്രവ്യകാരണത്തെ മാത്രം ബ്രഹ്മമായി അംഗീകരിക്കുകയും മാന്ത്രവർണികങ്ങളുടെ കാരണത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?

സമാധാനം

സമാനമായ വെല്ലുവിളികളാണു നേരിടുന്നത് എന്നതിനാൽ ദ്രവ്യത്തിനും മാന്ത്രവർണികങ്ങൾക്കും ഒരേ ബ്രഹ്മം തന്നെയാണെന്നാണിവിടെ വിവക്ഷ. മാന്ത്രവർണികങ്ങൾക്കു ബ്രഹ്മമില്ലെന്നു വാദമില്ല, എന്നാൽ അവയ്ക്കു രണ്ടാമതൊരു ബ്രഹ്മമില്ലെന്നു വാദവുമുണ്ട്.

പൂർവപക്ഷം 5

ദ്രവ്യത്തിൽ നിന്നും വിഭിന്നമായ മറ്റെന്തെങ്കിലുമാണു മാന്ത്രവർണികങ്ങളുടെ ചലനകാരണം എന്നു കണ്ടെത്തിയാൽ രണ്ടു ബ്രഹ്മം എന്നു സങ്കല്പിക്കേണ്ടി വരില്ലേ?

സമാധാനം

തീർച്ചയായും അക്കാര്യം കൂടി പരിഗണിക്കേണ്ടി വരും. എന്നാൽ സൂത്രകാരനു ഇതിനും സമാധാനമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi