2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.13) - വികാരശബ്ദാന്നേതിചേന്ന പ്രാചുര്യാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“വികാരശബ്ദാന്നേതിചേന്ന പ്രാചുര്യാത്” (1.1.13)

വികാര = മാറ്റം
ശബ്ദാത് = ശാബ്ദജ്ഞാനം കൊണ്ട്
ന ഇതി ചേത് = ശരിയല്ല എന്നാണെങ്കിൽ
ന = അപ്രകാരമല്ല
പ്രാചുര്യാത് = പ്രാചുര്യം കൊണ്ട്

(ബ്രഹ്മത്തിന്റെ) വികാരം (എന്ന) ശാബ്ദജ്ഞാനം കൊണ്ട് (ബ്രഹ്മത്തിന്റെ അപൂർണതയും പോരായ്മകളും നിശ്ചയിക്കുന്നത്) ശരിയല്ല എന്നാണെങ്കിൽ അപ്രകാരമല്ല; (ജഗത്തിലെ അപൂർണതകളുടേയും പോരായ്മകളുടേയും) പ്രാചുര്യം കൊണ്ട് (ബ്രഹ്മം അപൂർണതയും പോരായ്മകളും ഉള്ളതാണെന്നു സിദ്ധിക്കുന്നു.)

സാരം

പൂർണവും കുറ്റമറ്റതുമായ ഒരു ബ്രഹ്മമാണ് ഈ ജഗത്തെല്ലാം സൃഷ്ടിച്ചതെങ്കിൽ പൂർണവും കുറ്റമറ്റതുമായ ഒരു ജഗത്തും സൃഷ്ടിക്കപ്പെടുമായിരുന്നു. ഇനി ബ്രഹ്മവികാരത്താലോ ആത്മഗമനത്താലോ വല്ല അപൂർണതയോ കുറവുകളോ വന്നിട്ടുണ്ടെങ്കിൽ കൂടി ജഗത്തിൽ പൂർണവും കുറ്റമറ്റതുമായ അംശങ്ങൾ ധാരാളമായി കാണുമായിരുന്നു. എന്നാൽ ജഗത്തിലെ അപൂർണവും പോരായ്മകളുള്ളതുമായ അംശങ്ങളുടെ പ്രാചുര്യം കൊണ്ട് അപ്രകാരമല്ലെന്നു തെളിയുന്നു. അതിനാൽ ബ്രഹ്മം അപൂർണതയും പോരായ്മകളും ഉള്ളതാണെന്നു സിദ്ധിക്കുന്നു.

പൂർവപക്ഷം 1

ജഗദ്വിഹീനബ്രഹ്മത്തിൽ നിന്ന് ജഗത്സഹിതബ്രഹ്മത്തിലേക്കുള്ള പരിവർത്തന പ്രക്രിയയിലെ താൽക്കാലികവും നിലനിൽപ്പില്ലാത്തതുമായ ഒരു പ്രക്ഷേപം മാത്രമാണ് വികാരിബ്രഹ്മം. വികാരിബ്രഹ്മത്തെ ജഗത്കാരണമായി കാണുന്നത് കാരണജന്യമായ സൃഷ്ടിപ്രക്രിയയിലെ ഒരു ഘട്ടത്തെ കാരണമായി തെറ്റിദ്ധരിക്കുക മാത്രമാണ്.

സമാധാനം

കാര്യകാരണബന്ധം ആപേക്ഷികം തന്നെയാണ്. കാര്യത്തേയും കാരണത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് നിർവചിക്കപ്പെട്ടിരിക്കുന്ന ഒരു മാറ്റം അനിവാര്യമാണ്. മാറ്റത്തിന്റെ അംശപൂർണമാനദണ്ഡങ്ങൾക്കനുസൃതമായി എത്തിച്ചേരുന്ന കാരണങ്ങളും വ്യത്യസ്തമാണ്. ജ്ഞാതമായ മാറ്റങ്ങളുടെ ഒരു തുടർച്ച കാര്യകാരണബന്ധങ്ങളുടെ ഒരു തുടർച്ചകൂടി സൃഷ്ടിക്കുന്നുണ്ടെങ്കിൽ കാരണങ്ങളുടേയും ഒരു അനുസ്യൂതി സമാന്തരമായി സൃഷ്ടിക്കപ്പെട്ടിരിക്കും. അപ്രകാരമല്ലാത്ത കാര്യകാരണബന്ധം യാതൊന്നും തെളിയിക്കുന്നില്ല. അതിനാൽ ജഗത്സൃഷ്ടിക്കു അനുപൂർവകാരണമായി വികാരിബ്രഹ്മത്തെ സങ്കല്പിക്കാതെ സയുക്തിക നിർദ്ധാരണപ്രക്രിയ സാധ്യമല്ല. അവികാരിബ്രഹ്മത്തെ ജഗത്കാരണമായി കാണാനാകുകയില്ലതന്നെ. അവികാരിബ്രഹ്മം വികാരിബ്രഹ്മത്തിന്റെ കാരണം മാത്രമാണ്; ജഗത്തിന്റെയല്ല. വികാരിബ്രഹ്മം ഒരു പ്രക്രിയയോ പ്രതിഭാസമോ മാത്രമാണെങ്കിൽ പോലും അതടങ്ങുന്ന മഹാവ്യൂഹം ആപേക്ഷികകാരണമായി പരിഗണിക്കുന്നതിനു യതൊരു തടസ്സവുമില്ല. എങ്കിലും അവികാരിബ്രഹ്മത്തിന്റെ അന്തിമ അന്വേഷണം ഇവിടെ അവസാനിപ്പിച്ചുകൂടാ. കൂടുതൽ നിഗമനങ്ങളിലേക്കു നാം പിന്നീട് എത്തിച്ചേരുന്നുണ്ട്.

പൂർവപക്ഷം 2

പൂർണതയും അപൂർണതയും, സമഗ്രതയും പോരായ്മയും എന്നി ദ്വന്ദങ്ങൾ ഒരേ പദാർത്ഥത്തിൽ ഒന്നിച്ചു സ്ഥിതി ചെയ്യാനാകാത്തതുകൊണ്ടാണ് ദൃശ്യപ്രപഞ്ചത്തിൽ പൂർണതയും സമഗ്രതയും കാണപ്പെടാത്തത്. പൂർണതയും സമഗ്രതയും തിരിച്ചറിയാൻ ത്രാണിയില്ലാത്ത നമുക്ക് അദൃശ്യമായി പൂർണതയും സമഗ്രതയും ഇവിടെയെവിടെയോ ഉണ്ട്.

സമാധാനം

കേവലമായ പൂർണതയും സമഗ്രതയും അജ്ഞേയമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ പൂർണതയും അപൂർണതയും, സമഗ്രതയും പോരായ്മയും ശീതോഷ്ണാദി ദ്വന്ദങ്ങൾ പോലെ ആപേക്ഷികങ്ങൾ തന്നെയാണ്. അവയെ അളക്കാനാകുന്നതാണ്. അളവുകൾ അതേ കൃത്യതയോടെ ആവർത്തിക്കാനാകുമെന്നോ പദാർത്ഥങ്ങളുടെ പ്രതികരണങ്ങൾ സ്ഥിരമാണെന്നോ പറയാനാകില്ലെങ്കിലും ആശാസ്യമായ കൃത്യതയ്ക്കുള്ള സാധ്യതയും ഉപകരണങ്ങളുടെ സഹായത്തോടെ അളക്കാനുള്ള സംവിധാനങ്ങളും നിലവിലുണ്ട്. അപ്രകാരം ചിന്തിക്കുമ്പോൾ ആശാസ്യമായ പൂർണതയും സമഗ്രതയും ജഗത് പൂർണവും സമഗ്രവും ആയിരുന്നെങ്കിൽ അളക്കാനാകുമായിരുന്നു. എന്നാൽ അപ്രകാരമല്ല കണ്ടുവരുന്നതെന്നു മാത്രമല്ല സകലയിടത്തും ആശാസ്യമായ കൃത്യതയോടെ അപൂർണതയും പോരായ്മകളും പരിമാണരൂപത്തിൽ ലഭ്യമാകുന്നുമുണ്ട്. അതിനാൽ അദൃശ്യമായ പൂർണസമഗ്രതകൾക്കല്ല മറിച്ച് ദൃശ്യമായ അപൂർണപോരായ്മകൾക്കാണ് ശാസ്ത്രീയ ചിന്ത ഗുരുത്വം കല്പിക്കുന്നത്.

പൂർവപക്ഷം 3

സൃഷ്ടികർത്താവിനെ അപേക്ഷിച്ച് സൃഷ്ടികൾക്ക് എപ്പോളും പൂർണതയും സമഗ്രതയും കുറവായിരിക്കും. അതിനാലത്രേ ജഗത് അപൂർണവും പോരായ്മകളുള്ളതും ആയിരിക്കുന്നത്.

സമാധാനം

കരിയിൽ നിന്നു വജ്രമെന്നതുപോലെ അനുയോജ്യമായ പ്രക്രിയകൾക്കു വിധേയമാക്കപ്പെടുമ്പോൾ കൂടുതൽ സ്ഥിരതയാർന്ന രൂപത്തിലേക്കു ദ്രവ്യത്തിനു മാറാനായേക്കാം. ആണവവികിരണപ്രക്രിയയിലും സ്ഥിരതയാണ് ഉന്നം. അതിനാൽ ബ്രഹ്മത്തിനു ജഗത്തിനേക്കാൾ കൂടുതൽ സ്ഥിരതയാർന്ന രൂപം ഉണ്ടായിക്കൊള്ളണമെന്നു നിർബന്ധമൊന്നുമില്ല. ജഗത്സൃഷ്ടി നേരത്ത് ഊർജ്ജം പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിൽ ഊർജ്ജത്തിന്റെ കാര്യത്തിൽ വികാരിബ്രഹ്മത്തിനു ജഗത്തിനേക്കാൾ ഉത്കൃഷ്ടതയുണ്ട്. എന്നാൽ ഇത്രയും ബൃഹത്തായ ഊർജ്ജം ആപേക്ഷികമായി പരിമിതമായ സ്ഥലത്ത് എപ്രകാരം കേന്ദ്രീകരിക്കപ്പെട്ടു സ്ഥിതിചെയ്തു എന്ന ചോദ്യത്തിനു തൃപ്തികരമായ ഉത്തരം ലഭിച്ചുകഴിഞ്ഞിട്ടില്ല. ജഗത്തിൽ ദൃശ്യമാകുന്ന ഊർജ്ജരൂപത്തിലല്ല ബ്രഹ്മത്തിൽ ഊർജ്ജം കേന്ദ്രീകരിച്ചിരുന്നത് എന്ന സാധ്യതയിലേക്കാണ് കാര്യങ്ങൾ നമ്മെ നയിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ബ്രഹ്മത്തിന്റെ പൂർണതക്കും മറ്റും കുറഞ്ഞ സാധ്യതയാണുള്ളത്.

പൂർവപക്ഷം 4

പൂർണവും സമഗ്രവുമായ ബ്രഹ്മത്തിൽ നിന്നും അതിന്റെ സൃഷ്ടിയായ അപൂർണവും പോരായ്മകളുള്ളതുമായ ജഗത് ഉടലെടുത്തു എന്ന വാദമല്ലേ അപൂർണവും പോരായ്മകളുള്ളതുമായ വികാരിബ്രഹ്മത്തിൽ നിന്നും അപൂർണവും പോരായ്മകളുള്ളതുമായ ജഗത് സൃഷ്ടിക്കപ്പെട്ടു എന്ന വാദത്തേക്കാൾ ലളിതവും സൌകര്യപ്രദവും യുക്തിഭദ്രവും.

സമാധാനം

പൂർണബ്രഹ്മം അപൂർണജഗത് എന്ന വാദം ആരംഭിച്ചിടത്തു തന്നെ അവസാനിക്കും. വിശദാംശങ്ങളടങ്ങുന്നതും പരീക്ഷണനിരീക്ഷണങ്ങൾക്കു വിധേയമാക്കപ്പെടാവുന്നതും അംശരൂപത്തിൽക്കൂടി വിശകലനവിധേയവുമായ ഒരു രീതിശാസ്ത്രത്തിലൂടെ മാത്രമേ ജഗത്തിന്റേയും ബ്രഹ്മത്തിന്റേയും സ്വഭാവങ്ങൾ പുറത്തു കൊണ്ടു വരാനാകൂ. അതിനാൽ മാറ്റങ്ങൾക്കും പ്രക്രിയകൾക്കും ഊന്നൽ കൊടുക്കാവുന്ന രണ്ടാമത്തെ രീതിയാണ് ലളിതവും സൌകര്യപ്രദവും യുക്തിഭദ്രവും.

പൂർവപക്ഷം 5

ദ്രവ്യസംരക്ഷണനിയമം, ഊർജ്ജസംരക്ഷണനിയമം, സിദ്ധാന്തമെന്ന നിലയിൽ ഭാഷ്യകാരൻ അംഗീകരിക്കുന്ന ദ്രവ്യോർജ്ജാകാശസംരക്ഷണനിയമം എന്നിവയെല്ലാം വെളിവാക്കുന്നത് ഇവയെല്ലാം ചേർന്ന വ്യൂഹത്തിനു അപൂർണതയോ പോരായ്കയോ ഇല്ല എന്നു തന്നെയാണ്. അതിനാൽ ബ്രഹ്മം പൂർണവും സമഗ്രവുമാണ്.

സമാധാനം

ഭാഷ്യകാരൻ ദ്രവ്യോർജ്ജാകാശസംരക്ഷണനിയമത്തിന്റെ പ്രചാരകനല്ല. ദ്രവ്യസംരക്ഷണനിയമം, ഊർജ്ജസംരക്ഷണനിയമം എന്നിവ മതിയായ ശാസ്ത്രീയത ഇല്ലാത്തതാണ് എന്നു തെളിയിക്കുന്ന അവസരത്തിൽ കുറേക്കൂടി കൃത്യതയുള്ള ഒരു നിരീക്ഷണം മുമ്പോട്ടു വച്ചെന്നു മാത്രം. ദ്രവ്യോർജ്ജാകാശങ്ങൾക്ക് നാശമുണ്ട്. അതിനെ അതിജീവിക്കുവാൻ അവ നിരന്തര മാറ്റങ്ങൾക്കു വിധേയമാകുന്നെന്നു മാത്രം. ഈ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് ഓരോ തരം സംരക്ഷണ നിയമങ്ങൾ രൂപപ്പെട്ടത്. ദ്രവ്യോർജ്ജങ്ങളുടെ സകല അടിസ്ഥാന കണികകളും ഭ്രമണം പരിക്രമണം വക്രചലനം തുടങ്ങിയ നിരന്തര ചലനാത്മക മാറ്റങ്ങൾക്കും പിണ്ഡപ്രവേഗ ത്വരണാദി ഗതിവ്യതിയാനമാനകങ്ങൾക്കും ആകാശസൃഷ്ടി ഗുരുത്വം സ്വേച്ഛാഗമനം ശ്രുതത്വം ആഗിരണവികിരണാദികൾ തുടങ്ങിയ ഗുണധർമങ്ങൾക്കും വിധേയമാകുന്നുണ്ട്. തമോഗർത്തങ്ങൾ, അതിശീതീകൃതദ്രാവകം, പഴകിയ വെളിച്ചം തുടങ്ങിയവയുടെ സാന്നിദ്ധ്യത്തോടുള്ള പ്രതികരണം എന്നിവയും പ്രസ്താവ്യമാണ്. ഇതെല്ലാം ജഗത്ബ്രഹ്മങ്ങളുടെ സ്ഥിരതയില്ലായ്മയും അപൂർണതയും പോരായ്മകളുമാണ് വെളിവാക്കുന്നത്.

പൂർവപക്ഷം 6

ജഗത്തിൽ പൂർണവും സമഗ്രവുമായ പദാർത്ഥങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ബ്രഹ്മത്തിലും അപ്രകാരം ഉണ്ടായിരിക്കാവുന്നതാണ്. ജഗത്തിൽ അപൂർണതയും പോരായ്മകളും ഉണ്ടെന്നതു വസ്തുതയാണെങ്കിലും അതിൽ പൂർണതയും സമഗ്രതയും ഇല്ലെന്നു കൂടി തെളിയിച്ചാലേ ജഗത് അപൂർണവും പോരായ്മകളുള്ളതുമാണെന്നു പറയാനാകൂ.

സമാധാനം

ജ്ഞാതമായതെല്ലാം മാറ്റത്തെക്കുറിക്കുന്നു. അജ്ഞാനമോ സ്ഥിതിയെ കുറിക്കുന്നുമില്ല. എങ്കിലോ മാറ്റം സ്വീകരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു മാത്രം സൂചനയുണ്ട്. അതിനാൽ അജ്ഞാനം പൂർണതയേയോ സമഗ്രതയേയോ തെളിയിക്കുന്നില്ല. പൂർണതയോ സമഗ്രതയോ ഇല്ലെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് സുത്രകാരൻ അടുത്ത സൂത്രത്തിൽ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi