2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.14) - തദ്ധേതു വ്യപദേശാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“തദ്ധേതു വ്യപദേശാച്ച ” (1.1.14)

തത് = അതിന്റെ
ഹേതു = കാരണം
വ്യപദേശാത് ച = പറയപ്പെട്ടിരിക്കകൊണ്ടും

അതിന്റെ (ജഗത്തിൽ പൂർണതയും സമഗ്രതയും ഇല്ലാത്തതിന്റെ) കാരണം (ഗതി സാമാന്യാത്, ശ്രുതത്വാച്ച തുടങ്ങിയ സൂത്രങ്ങളാൽ) പറയപ്പെട്ടിരിക്കകൊണ്ടും (ജഗത്ബ്രഹ്മങ്ങൾ അപൂർണവും പോരായ്മകളുള്ളവയുമാണ്.)

സാരം

ഗതിസാമാന്യാത് എന്ന സൂത്രത്തിലൂടെ ജഗത്തിന്റെ സാമാന്യ ചലനത്തിനു വിരുദ്ധമായ പദാർത്ഥങ്ങൾ കണ്ടെത്തുന്നപക്ഷം ആയതു വേറിട്ടൊരു ജഗത്താണെന്നും അതിനു കാരണം മറ്റൊരു ബ്രഹ്മമാണെന്നും വിശദീകരിച്ചിട്ടുണ്ട്. ശ്രുതത്വാച്ച എന്ന സൂത്രത്തിലൂടെ സകല ദ്രവ്യവും ശ്രുതത്വത്തിനെ അടിസ്ഥാനപ്പെടുത്തി സ്വേച്ഛാചലനം നടത്തുന്നതായും പ്രസ്താവിച്ചു കഴിഞ്ഞു. അതിനു വിരുദ്ധമായ കണികകളുണ്ടെങ്കിൽ അവയും മറ്റൊരു ബ്രഹ്മത്താൽ സൃഷ്ടിക്കപ്പെട്ട മറ്റൊരു ജഗത്തിലേതാണ്.
അതിനാൽ ജഗത്തിന്റെ സ്വഭാവം സാർവത്രിക അപൂർണതയും പോരായ്മകളും ആണെന്നു സ്പഷ്ടമായിരിക്കേ എവിടെയെങ്കിലും പൂർണവും സമഗ്രവുമായ വല്ലതും കണ്ടുകിട്ടുന്നപക്ഷം ആയതു മറ്റൊരു ജഗത്തിന്റേയും ബ്രഹ്മത്തിന്റേയുമാണെന്നു സങ്കല്പിക്കേണ്ടതുണ്ട്. ഇക്കാര്യം മുമ്പു പ്രസ്താവിച്ചു കഴിഞ്ഞതായി സൂത്രകാരൻ ഓർമപ്പെടുത്തുകയാണ്.

പൂർവപക്ഷം 1

പുതുതായി ഓരോന്നു കണ്ടെത്തുന്തോറും അതോരോന്നും പുതിയ ഓരോരോ ജഗത്തുക്കളാണെന്നു കരുതുന്നതു ശരിയല്ല. ബ്രഹ്മവും തദനുസൃതമായി വെവ്വേറെയാണെന്ന വാദം തീരെ ശരിയല്ല.

സമാധാനം

മാനവ ജ്ഞാനത്തിന്റെ ചരിത്രത്തിൽ കണ്ടെത്തപ്പെട്ട സകല ദ്രവ്യവും ഗതിസാമാന്യവും ശ്രുതത്വവും സ്വേച്ഛാചലനവും ഉള്ളവയാണ്. അവയുടെ സാന്നിദ്ധ്യത്തിന്റെ പ്രാചുര്യവും അല്ലാത്തവയുടെ ആപേക്ഷികമായ അഭാവവുമത്രേ പുതുതായി കണ്ടെത്തുന്നവ പുതിയ ജഗത്തിന്റേതാണെന്ന നിഗമനത്തിലേയ്ക്കു നയിക്കുന്നത്. എന്നാൽ അപ്രകാരം യാതൊന്നും കണ്ടെത്താത്തതുകൊണ്ട് ദ്രവ്യജഗത് ബ്രഹ്മം ഏകമെന്നതിനു സിദ്ധിക്കുന്നു.അതിനാൽ തീരെ ശരിയല്ലാത്ത യാതൊരു വാദവും ഉന്നയിക്കപ്പെട്ടിട്ടില്ല.

പൂർവപക്ഷം 2

സ്ഥൂല ദ്രവ്യവും സൂക്ഷ്മ കണികകളും ഒരേ ചലന നിയമങ്ങളല്ല അനുസരിക്കുന്നത്. ഗുരുത്വാകർഷണവും അണുകേന്ദ്രത്തിലെ ചലിക്കുന്നതും ചലിക്കാത്തതുമായ ഉപകണങ്ങളും ഈ വ്യത്യാസത്തിനു ഉദാഹരണങ്ങളാണ്.

സമാധാനം

സ്ഥൂല ദ്രവ്യമെല്ലാം അണുക്കളാലും അണുക്കളെല്ലാം ഉപകണങ്ങളാലും ഉപകണങ്ങൾ അവയുടെ ഘടകങ്ങളാലും സൃഷ്ടിക്കപ്പെട്ടിരിക്കയാൽ സൂക്ഷ്മവിചിന്തനത്തിൽ സ്ഥൂല ദ്രവ്യം ഇല്ല, അണുക്കളും ഇല്ല, അവയുടെ ഘടകങ്ങളും ഇല്ല. അടിസ്ഥാന ഘടകങ്ങൾ എന്തായിരുന്നാലും അവ മാത്രം സത്തായി സ്ഥിതിചെയ്യുകയും ഗമിക്കുകയും ചെയ്യുന്നു. ഇവയിൽ സൂക്ഷ്മതരമായ ഘടകത്തിന്റെ സ്ഥിതിചലനാദികളുടെ പരിണതഫലമാണ് അതിലും തൊട്ടു സ്ഥൂലതരമായതിന്റെ സ്ഥിതിചലനാദികൾ. അതിന്റെ പരിണതഫലമാണ് അതിലും തൊട്ടു സ്ഥൂലതരമായതിന്റെ സ്ഥിതിചലനാദികൾ. ഇപ്രകാരം സ്ഥൂല ദ്രവ്യം വരെ വിവിധവും അനേകവുമായ പരിണതസ്ഥിതിചലനാദികൾ കടന്നു പോയ ശേഷവും ദൃശ്യപ്രപഞ്ചത്തിൽ ഗതിസാമാന്യത ദർശിക്കാനാകുന്നതുകൊണ്ട് സത്തായ അടിസ്ഥാന സൂക്ഷ്മകണികകളും ഗതിസാമാന്യമുള്ളവയെന്നേ അനുമാനിക്കാനാകൂ. എങ്കിലും പരിണിതചലനങ്ങളുടേ ശൃംഖല ഓരോന്നും വ്യത്യസ്തമായിരുന്നാൽ തന്നെയും ഗതിസാമാന്യത്തിനു പ്രസക്തി ഇല്ലാതെയാകുന്നില്ല. പ്രസക്തമായത് സത്തയുടെ സ്ഥൂലസുക്ഷ്മ ഘടകങ്ങളോരോന്നും ഗതി സാമാന്യം പ്രകടിപ്പിക്കുന്നുണ്ടോ എന്നതു മാത്രമാണ്. അപ്രകാരം സംശയാതീതമായി കാണപ്പെടുന്നുണ്ട്. അണുകേന്ദ്രത്തിലെ ചലനങ്ങളും ഗതിസാമാന്യം സ്വേച്ഛാഗമനം ശ്രുതത്വം എന്നീ ത്രിഗുണങ്ങളാൽ വിജയകരമായി വിശദീകരിക്കാനാകുന്നതാണ്. ഇക്കാര്യം അന്യത്ര പ്രസ്താവിക്കുന്നുണ്ട്.

പൂർവപക്ഷം 3

സ്വേച്ഛാഗമനത്തെ ഒരിടത്ത് ഗുരുത്വഗതിയെന്നു വിശേഷിപ്പിച്ചു കണ്ടു. ഗുരുത്വാകർഷണം ഇല്ലെന്നും പറയുന്നു. അപ്രകാരമിരിക്കേ സ്വേച്ഛാഗമനം ഗുരുത്വഗതി എന്നെല്ലാം വിളിക്കുന്നതിനെ നിലവിലുള്ള ഗുരുത്വാകർഷണം എന്ന പദത്താൽ തന്നെ വിശേഷിപ്പിക്കുന്നതല്ലേ സൌകര്യം.

സമാധാനം

ഒരു പദാർത്ഥം എന്തിനു എങ്ങനെ മറ്റൊരു പദാർത്ഥത്തെ ആകർഷിക്കുന്നു എന്ന ചോദ്യത്തിനു ഗുരുത്വാകർഷണ സിദ്ധാന്തം വ്യക്തമായ മറുപടി നൽകുന്നില്ല. അതേ അവ്യക്തത തന്നെ ഒരു പദാർത്ഥത്തിന്റെ സാന്നിദ്ധ്യം മറ്റൊന്നു എങ്ങനെ അറിയുന്നു എന്നതിലുമുണ്ട്. എന്നാൽ ദ്രവ്യം സ്വന്തം നിലനിൽ‌പ്പിനു വേണ്ടി നിരന്തരം സ്ഥലകാലചലനങ്ങൾ മാറ്റിമാറ്റി സ്വയം മാറുന്നുവെന്നും സ്ഥിതിചലനങ്ങൾക്കു ദ്രവ്യസൃഷ്ടമായ ആകാശം അത്യാവശ്യമാണെന്നുമുള്ള വിശദീകരണം സ്വേച്ഛാഗമനം എന്ന ഗുരുത്വഗതി മുന്നോട്ടു വയ്ക്കുന്നുണ്ട്. ആകാശത്തേയും അനാകാശത്തേയും ഈ സിദ്ധാന്തം വേർതിരിക്കുന്നു. ദ്രവ്യത്തിന്റെ അസാന്നിദ്ധ്യത്താൽ വിഘടിതമാകുന്ന അതിസൂക്ഷകണികകളാൽ നെയ്ത തലങ്ങളുടെ സമാഹാരമായി ആകാശത്തെ ഈ സിദ്ധാന്തം അവതരിപ്പിക്കുന്നു.

പൂർവപക്ഷം 4

ശ്രുതത്വം സാർവത്രികമായിരുന്നാൽ തന്നെയും അവയ്ക്കു കാരണമായ അതിസൂക്ഷ്മ കണികകൾ പലവിധമായിരുന്നാൽ അവയോരോന്നും വെവ്വേറെ ജഗത്തുക്കളും വെവ്വേറെ ബ്രഹ്മവും ഉണ്ടെന്ന നിഗമനത്തിലേയ്ക്കു നയിക്കുകയില്ലേ?

സമാധാനം

പ്രഥമദൃഷ്ട്യാ അപ്രകാരം ഒരു നിഗമനത്തിനു കൂടി സാധ്യതയുള്ളത് തള്ളിക്കളയാൻ ആകുമായിരുന്നില്ല. ഇക്കാര്യം പരിഗണിച്ച ശേഷം സൂത്രകാരൻ ഒരു സിദ്ധാന്തം കൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi