2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.17) - ഭേദവ്യപദേശാച്ച

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ഭേദവ്യപദേശാച്ച” (1.1.17)

ഭേദ = ഭേദം
വ്യപദേശാത് ച = വെളിപ്പെടുത്തിയിരിക്കകൊണ്ടും

(ദ്രവ്യം ഊർജ്ജം ആകാശം എന്നിവ തമ്മിലുള്ള) ഭേദം വെളിപ്പെടുത്തിയിരിക്കകൊണ്ടും (ബ്രഹ്മം ഏകമോ അനേകമോ എന്നു നിരന്തരം അന്വേഷിക്കേണ്ടതുണ്ട്.)

സാരം

വേറിട്ടു തിരിച്ചറിയാവുന്ന ലക്ഷണലിങ്ഗങ്ങളോടെ ദ്രവ്യോർജ്ജാകാശങ്ങളെ വ്യക്തമായി നിർവചിക്കാൻ ആകുന്നതും അവയുടെ ഗുണധർമങ്ങളായി വ്യത്യസ്ത സ്വഭാവവിശേഷങ്ങൾ ആരോപിപ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. അവ ഓരോന്നിനേയും വേറിട്ടു പഠിക്കുമ്പോൾ വെവ്വേറെ നിഗമനങ്ങളിലെത്തിച്ചേരുന്നതുമാണ്. ആയതിനാൽ അവയുടെ രൂപീകരണ സമയത്ത് ജഗത്സാമാന്യമല്ലാത്ത വല്ല സത്തയും പ്രവർത്തിച്ചിട്ടുണ്ടോ എന്ന നിരന്തരമായ അന്വേഷണം അത്യാവശ്യമാണ്. എന്തെന്നാൽ അപ്രകാരം എന്തെങ്കിലും കണ്ടെത്തുന്ന പക്ഷം അനേക ബ്രഹ്മങ്ങൾക്കുള്ള സാധ്യതയും തെളിയുകയായി.

പൂർവപക്ഷം 1

മാന്ത്രവർണികങ്ങൾക്കു ദ്രവ്യത്തോടുള്ള ആശ്രിതത്വ ഗുണത്താൽ തന്നെ ബ്രഹ്മം ഏകമെന്നു പ്രസ്താവിച്ചു കഴിഞ്ഞു. മറ്റു ബഹുവിധത്തിലും അപ്രകാരം തന്നെ സിദ്ധിച്ചു. ഇപ്പോൾ വീണ്ടും പഠനം ആവശ്യപ്പെടുന്നതിൽ വൈരുദ്ധ്യമുണ്ട്.

സമാധാനം

മുമ്പു നാം പരിഗണിച്ചവയെല്ലാം ബ്രഹ്മം ഏകമെന്നു പ്രഥമദൃഷ്ട്യാ തെളിയിച്ചു. എന്നാൽ ദൃശ്യപ്രപഞ്ചത്തിലെ വിവരസഞ്ചയമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതിനാൽ ദൃശ്യപ്രപഞ്ചമെന്ന ജഗത്തിന്റെ ബ്രഹ്മത്തെ കുറിച്ചു മാത്രമേ നിഗമനങ്ങളിലെത്തിച്ചേർന്നിട്ടുള്ളൂ എന്നേ ന്യായമായി അവകാശപ്പെടാനാകൂ. അദൃശ്യസമാന്തരപ്രപഞ്ചങ്ങൾ കൂടി സമ്യക്കായി പരിഗണിക്കപ്പെടേണ്ടതുണ്ട്. അവ സംബന്ധിച്ച തെളിവുകൾ സാധാരണ ഗതിയിൽ ലഭ്യമല്ലാത്തതിനാൽ ജാഗ്രതയോടെ സകല പ്രതിഭാസങ്ങളേയും നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. അതിനാൽ ഏകാനേകബ്രഹ്മവാദം നിരന്തരം തുടരേണ്ടതുമുണ്ട്.

പൂർവപക്ഷം 2

ബ്രഹ്മം ഏകമോ അനേകമോ എന്ന ചോദ്യത്തിനു രണ്ടുത്തരമേയുള്ളൂ. ഇവിടെയും ആപേക്ഷികത കൊണ്ടു വരാനാകുമോ?

സമാധാനം

അനേകപദം ഏകമല്ലാത്തത് എന്ന അർത്ഥത്തിൽ രണ്ടോ മൂന്നോ നാലോ എത്ര വേണമെങ്കിലോ ആകാം. എന്നാൽ ആപേക്ഷികത ഇത്തരം അതീവ പരിമിതാർത്ഥത്തിൽ എടുക്കരുത്. ബൃഹദ്സ്ഥൂല പദാർത്ഥങ്ങളെ വെവ്വേറെയെടുത്ത് നാം വ്യത്യസ്ത നിഗമനങ്ങളിലെത്തിച്ചേർന്നു. എങ്കിലും അവയുടെ സാമാന്യീകരണത്താൽ ബ്രഹ്മം ഏകമെന്നു സിദ്ധിക്കുകയും ചെയ്തു. ആകാശവും അപ്രകാരം തന്നെ. ഇപ്രകാരം ഒന്നിനെതന്നെ അംശപൂർണരൂപങ്ങളിൽ വേറിട്ടുകണ്ട് വെവ്വേറെ നിഗമനങ്ങളിലെത്തിയശേഷം അവയെ സമന്വയിപ്പിച്ച് മെച്ചപ്പെട്ട അനുമാനത്തിലെത്തുകയാണ് ആപേക്ഷിക പ്രക്രിയ. മാനദണ്ഡങ്ങൾ മാറുന്നതനുസരിച്ച് അനുമിതസത്യങ്ങൾ വ്യത്യസ്തമായി കാണപ്പെടുക ആപേക്ഷിക പ്രക്രിയയിലെ സർവസാധാരണമായ ഒരു പ്രതിഭാസമത്രേ. ഏകീകരണസിദ്ധാന്തങ്ങളിലൂടെ അവയെ സമന്വയിപ്പിക്കുക എന്ന കർത്തവ്യത്തോടെ അന്വേഷണത്തിന്റെ ആദ്യഘട്ടം അവസാനിക്കുകയും ചെയ്യും. എന്നാൽ അന്വേഷണത്തിനു ഒരു അന്തിമ ഘട്ടം ആപേക്ഷികത വിഭാവനം ചെയ്യുന്നുമില്ല.

പൂർവപക്ഷം 3

ദ്രവ്യോർജ്ജാകാശഭേദത്താൽ ബ്രഹ്മാന്വേഷണം തുടരേണ്ടതുണ്ടെങ്കിൽ അത്തരം ഭേദം നിർവചിച്ചു കൊണ്ടല്ലാതെ അന്വേഷണം തുടരുന്നതിൽ അർഥമില്ല.

സമാധാനം

വാസ്തവം. എങ്കിലും നിർവചനങ്ങളോടു കൂടി ബ്രഹ്മാന്വേഷണത്തിൽ അവയുടെ പ്രസക്തി കൂടി പ്രസ്താവിക്കപ്പെടേണ്ടതുണ്ട്. വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ സമീപിക്കേണ്ടതുമുണ്ട്. അതിനാൽ അവയെ ഒരു പ്രത്യേക പ്രകരണമായി പറയുന്നു.

ഇങ്ങനെ ബ്രഹ്മസൂത്രം 1.1.9 മുതൽ 1.1.17 വരെയുള്ള ഏകാനേകവാദപ്രകരണം സമാപ്തം.

4 അഭിപ്രായങ്ങൾ:

നിരസ്തന്‍ പറഞ്ഞു...

"പ്രിയ ഗുരോ,
തുടക്കവും അവസാനവും അനന്യമായി
ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ഇല്ലാതെ...
വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, മുകളിലേക്ക്, താഴേക്കു.... ഇവയൊന്നുമില്ലാതെ...
പ്രകാശമില്ലാതെ..... ഊഹിക്കാന്‍ കഴിയുന്ന കറുപ്പ് പോലുമില്ലാതെ .....
മനുഷ്യന് അപ്രാപ്യമായ നിശബ്ദതയോടെ,
അനിര്‍വചനീയമായ തണുപ്പോടെ........
ശൂന്യതയെ ശൂന്യമാക്കുന്ന ശൂന്യത....."
ബ്രഹ്മാണ്ഡത്തിന്റെ സത്ത ഈ ശൂന്യത ആകാന്‍ വഴിയുണ്ടോ?

ജീവബിന്ദു പറഞ്ഞു...

പ്രിയ ഗുരോ,

തുടക്കവും അവസാനവും അനന്യമായി എന്നു പറഞ്ഞതോടെ അങ്ങു സ്ഥലകാലങ്ങളെ ഒന്നിച്ചു നിഷേധിച്ചു. ഭൂതകാലവും വര്ത്തമാനകാലവും ഭാവികാലവും ഇല്ലാതെ എന്ന പ്രയോഗത്താൽ അവയുടെ പ്രവാഹത്തേയും നിഷേധിച്ചു. പിന്നെ ദിക്കുകളെ നിഷേധിച്ചു കൊണ്ട് സത്തയേയും നിഷേധിച്ചു. നശ്വരമായതെല്ലാം അപ്രകാരം നിഷേധിച്ച ശേഷം ജ്യോതിസ്വരൂപമായ പ്രകാശത്തേയും അതിന്റെ അഭാവമായ കറുപ്പിനേയും ഒന്നിച്ചു നിഷേധിച്ച് യുക്തിയേയും നിഷേധിചു. മനുഷ്യനു പ്രാപ്യമായതിനെയെല്ലാം നിഷേധിച്ചു. നിശബ്ദതയെപ്പോളും അപ്രാപ്യമാക്കി. തീർത്തും ഉഷ്ണരഹിതമായ തണുപ്പിനെ അനിർവചനീയവുമാക്കി. സത്തയായി ശൂന്യതയെ അവരോധിച്ചശേഷം അതിനേയും നിഷേധിച്ചു. എന്നിട്ട് ഈ എളിയ ശിഷ്യനോട് ബ്രഹ്മാണ്ഡത്തിന്റെ സത്തയെ കുറിച്ച് അങ്ങു ചോദിക്കുന്നു. അതുകൊണ്ട് ഞാൻ ചോദിക്കട്ടെ?

ബ്രഹ്മാണ്ഡം ഉണ്ട് എന്നു അങ്ങു അറിഞ്ഞത് ഈ ശൂന്യതകളിൽ നിന്നുമാണോ? അല്ല തന്നെ നേരേ മറിച്ച് ബ്രഹ്മാണ്ഡത്തിന്റെ ഒരംശത്തിൽ നിന്നുമാണ് അങ്ങ് ശൂന്യത എന്തെന്നറിഞ്ഞത്. എങ്കിലും അങ്ങറിഞ്ഞതിനാൽ ബ്രഹ്മാണ്ഡവും ശൂന്യതയും രണ്ടുമുണ്ട്. അതുകൊണ്ട് ബ്രഹ്മാണ്ഡമല്ലാതെ മറ്റൊന്നുമില്ല എന്നങ്ങു ചിന്തിക്കുന്ന സമയം ബ്രഹ്മാണ്ഡത്തിന്റെ അഭാവമായി ശൂന്യത അങ്ങയുടെ മുന്നിൽ വരികയാണ്.

അതുകൊണ്ട് ഞാൻ പറയട്ടെ, ശൂന്യതയെ ശൂന്യതയാക്കുന്ന ശൂന്യതയായ അനാകാശം പ്രപഞ്ചത്തിന്റെ മാതാവും സകലവും ഉള്ളിലൊതുക്കി ഭ്രമണം ചെയ്യുന്നവൻ പ്രപഞ്ചത്തിന്റെ പിതാവുമാകുന്നു.

ഏകദേശം മൂന്നു വർഷങ്ങൾക്കു ശേഷം അങ്ങേക്കു ഇക്കാര്യം വിശദമായി ബ്രഹ്മഹൃദയഭാഷ്യത്തിൽ വായിക്കാനായേക്കും.

നിരസ്തന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിരസ്തന്‍ പറഞ്ഞു...

കാലം ഈ ശിഷ്യന്റെ ചോദിക്കാനുള്ള അറിവിൽ മാറ്റം വരുത്തി എന്നു വിശ്വസിക്കട്ടെ.ആദ്യവും അവസാനവും അഥവാ ജനനവും മരണവും അന്യമായി
ഭൂതകാലവും ഭാവികാലവും ഇല്ലാതെ...
വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, മുകളിലേക്ക്, താഴേക്കു അഥവാ ദിശകൾ ഇല്ലാതെ...
പ്രകാശമില്ലാതെ,പ്രത്യേക ഭാവമില്ലാതെ, അസ്തിത്വം ഉള്ള ആ പരമാണു....."
ബ്രഹ്മാണ്ഡത്തിന്റെ സത്ത ഈ പരമാണു ആണെന്ന് അങ്ങു അഭിപ്രായപ്പെടുന്നുണ്ടോ?!

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi