2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.12) - ആനന്ദമയോʃഭ്യാസാത്

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“ആനന്ദമയോʃഭ്യാസാത്” (1.1.12)

അഭ്യാസാത് = അഭ്യാസം കൊണ്ട്
ആനന്ദമയഃ = ആനന്ദമാർന്നത്

(പ്രപഞ്ചപ്രതിഭാസങ്ങളുടെ) അഭ്യാസം കൊണ്ട് (സകലദ്രവ്യവും) ആനന്ദമാർന്നത് (ആയിത്തീരുന്നു. അതിനാൽ ബ്രഹ്മം ഏകമാകുന്നു.)

സാരം

അഭ്യാസമെന്നാൽ നിരന്തരമായ ആവർത്തനമെന്നർത്ഥം. ദ്രവ്യകണികൾ അവയുടെ അനുഭൂതികളുടെ നിരന്തരമായ ആവർത്തനത്താൽ ആനന്ദമാർന്നതായി തീരുന്നു. പ്രപഞ്ചം ഇനിയും അതിന്റെ സകല അനുഭൂതികളിലൂടെയും കടന്നു പോയിട്ടില്ല. അന്യാദൃശമായ അനേകം യാദൃശ്ചികതകൾ അതിനെയും അതു അവയേയും കാത്തിരിക്കുന്നു. ഉത്ഭവം മുതൽ ദ്രവ്യം അനുഭവിക്കേണ്ടിവന്ന അനേകവിചിത്രപ്രതിഭാസങ്ങളെല്ലാം അതിന്റെ ഓരോ കണികയുടേയും നിലനിൽപ്പിനു വെല്ലുവിളി ഉയർത്തിയിരുന്നു. സ്വയം ക്രമീകരണത്തിന്റേയും അതിജീവനത്തിന്റേയും ഒരു പരിണാമഗാഥ ഏതൊരു ദ്രവ്യകണികയ്ക്കുമുണ്ട്. വ്യത്യസ്തസാഹചര്യങ്ങളിൽ അവ വ്യത്യസ്തമായി പ്രതികരിച്ചു; വ്യത്യസ്തമായി രൂപപ്പെട്ടു. ഓരോ അണുവും സമാനവും വ്യത്യസ്തവുമാണ്. താൻ വിജയകരമായി അതിജീവിച്ച സാഹചര്യങ്ങളോട് ദ്രവ്യം അതേ രീതിയിൽ തന്നെ പ്രതികരിച്ച് ഊർജ്ജം കാക്കുന്നു. ഇപ്രകാരം നിരന്തരമായ ആവർത്തനം കൊണ്ട് ഓരോ പരിമിതസത്തയും അതിജീവനത്തിന്റെ ഹർഷം അനുഭവിച്ച് ആനന്ദമയമായിത്തീരുന്നു. അതുകൊണ്ടത്രേ സമാനസാഹചര്യങ്ങളിൽ ഓരോന്നും സമാനഗുണങ്ങൾ പ്രദർശിപ്പിക്കുന്നത്.

പൂർവപക്ഷം 1

ആനന്ദവും അനുഭൂതിയും ജഢമായ ദ്രവ്യത്തിനു സ്വാഭാവികമല്ല. ജീവന്റെ മാത്രം പ്രത്യേകതകളാണവ.

സമാധാനം

ജീവന്റെ ഏകകമായ ഒരു പ്രാണിയുടെ നിലനില്പിന്റെ പതിന്മടങ്ങ് അതിജീവനശേഷി ദ്രവ്യത്തിന്റേ ഏകകമായ കണങ്ങൾക്കുണ്ട്. നിമിഷത്തിന്റെ അംശങ്ങൾ മാത്രം നിലനില്പുള്ള ദ്രവ്യരൂപങ്ങളുമുണ്ട്. ജീവദ്രവ്യങ്ങൾ രണ്ടിന്റേയും ആനന്ദത്തിന്റേയും അനുഭൂതികളുടെയും പ്രാഥമികമായ അടിത്തറ നിലനിൽപ്പിനെ ആശ്രയിച്ചുള്ളതുമാണ്. ജീവദ്രവ്യങ്ങൾക്ക് പൊതുവായ വികാരമാണു ആനന്ദാനുഭൂതികൾ എന്നേ അതിനാൽ കരുതേണ്ടതുള്ളൂ. ദ്രവ്യത്തിനു വികാരം തന്നെയും ഉണ്ടോ എന്നാണെങ്കിൽ ബ്രഹ്മവികാരത്താൽ സംഭവിച്ച ജഗത്തിനില്ലെങ്കിൽ പിന്നെന്തിനാണ് വികാരമുണ്ടാകുക. അഥവാ ദ്രവ്യത്തിനു വികാരമുണ്ടെങ്കിൽ തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതു അജ്ഞേയമാണു എന്നാണെങ്കിൽ അനുമാനത്താൽ അതും സിദ്ധമെന്നു സമാധാനം.

പൂർവപക്ഷം 2

ആണവവിഘടനത്തിനു വിധേയമായി അർദ്ധജീവകാലം തോറും പാതിയായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആണവപ്രസരണമൂലകങ്ങൾ അവയുടെ ആണവവികിരണ പ്രസരണാഭ്യാസം കൊണ്ട് ആനന്ദമനുഭവിക്കുന്നു എന്നു കരുതുന്നതു തെറ്റാണ്. അവയ്ക്കു ദുഃഖമാണുണ്ടാവുക; എന്തെന്നാൽ അവ അല്പാല്പമായി അസത്തിലേക്കാണ് പോകുന്നത്.

സമാധാനം

ആണവവിഘടനം സമ്പൂർണനാശത്തിൽ നിന്നും സ്വയം രക്ഷിക്കാനുള്ള ഒരു ആന്തരക്രമീകരണമാണ്. ദ്രവ്യത്തിന്റെ രൂപവും മൂലകസ്വഭാവവും മാറുന്നു, കുറച്ചു ദ്രവ്യം പ്രകാശവേഗകണികകളും മറ്റു കുറച്ച് പ്രകാശവേഗത്തോടടുത്ത പ്രവേഗമുള്ളവയുമായി മാറുന്നു. അർദ്ധജീവകാലമെന്നത് ദ്യവ്യനാശത്തെയല്ല മൂലകനാശത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. ഇപ്രകാരം ദ്രവ്യം അതിന്റെ നിലനില്പു നീട്ടിയെടുക്കുകയാണ്. ദ്രവ്യത്തിനു അത്രത്തോളം ആനന്ദമുണ്ട്. അതിനാലത്രേ അതു അതിന്റെ ആണവവിഘടനപ്രക്രിയ തുടരുന്നത്. ആനന്ദവും ആപേക്ഷികം തന്നെ.

പൂർവപക്ഷം 3

ദ്രവ്യം നിരന്തരം നിലനില്പിനു വെല്ലുവിളികൾ നേരിടുന്നു എന്നും സ്വയം ക്രമീകരണത്തിനു വിധേയമായില്ലെങ്കിൽ ദ്രവ്യത്തിനു പിണ്ഡത്തോടുകൂടിയ നിലനില്പില്ലാതെയായിത്തീരും എന്നുമുള്ള വാദങ്ങൾ യുക്തിസഹജമല്ല. ജഗത് എപ്രകാരം സൃഷ്ടിക്കപ്പെട്ടുവോ അപ്രകാരമേ അതിനു തുടരാനാകൂ; കാരണം ജന്മാദ്യസ്യ യതഃ എന്ന സൂത്രത്തിലൂടെ ബ്രഹ്മം മാത്രമാണു സൃഷ്ടിക്കുന്നതെന്നു പറഞ്ഞു കഴിഞ്ഞു.

സമാധാനം

യാതൊരു ദ്രവ്യവും സ്ഥിതി ചെയ്യത്തതായോ ചലിക്കാത്തതായോ കണ്ടെത്താനാകുകയില്ല. ചലനരഹിതമായ സ്ഥിതി എന്നത് ചലനത്തിന്റെ ആപേക്ഷികതയിലെ ഒരു ബിന്ദു മാത്രമാണ്. അതിനു തുടർച്ചയില്ല. ദ്രവ്യത്തിന്റെ സ്ഥിതിചലനങ്ങൾക്ക് മതിയായ കാരണമുണ്ടായിരിക്കണം. അതത്രേ ആകാശസൃഷ്ടി, സ്വേച്ഛാഗമനം എന്നിവകൊണ്ട് വിശദീകരിച്ചിരിക്കുന്നത്. ദ്രവ്യം സ്ഥിതിയിലോ നേർരേഖാസമചലനത്തിലോ തുടരുന്നതാണ് എന്ന നിയമം കൃത്യതയില്ലാത്തതാണ്. നേർരേഖയിലൂടെ ചലിക്കുന്ന യതൊന്നുമില്ല. ആകാശത്തിൽ ദ്രവ്യത്തിനു ചലിക്കാവുന്ന യാതൊരു നേർരേഖയുമില്ല. ചലനത്തിനു സാധ്യമാകുന്ന ആകാശരേഖകളെല്ലാം വക്രമാണ്. വക്രതലങ്ങളിലൂടെയുള്ള ചലനം സർവത്രപ്രസിദ്ധവുമാണ്. അതിസൂക്ഷഗതിയുള്ള ചലനമാകാം എന്നല്ലാതെ ചലനരഹിതമായ ഒരു സ്ഥിതി തുടർച്ചയും എങ്ങുമില്ല.
ബ്രഹ്മം ജഗത്തിനെ സൃഷ്ടിച്ചത് പരിപൂർണരൂപത്തിലാണ് എന്നു കരുതുവാൻ കാരണങ്ങളില്ല. ജഗത് ന്യൂനതകളോടെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു കരുതുന്നതാണു യുക്തം. ദ്രവ്യസംരക്ഷണനിയമവും ഊർജ്ജസംരക്ഷണനിയമവും പരീക്ഷണവിധേയമാകാവുന്ന യാതൊരു വ്യൂഹവും വിവരസഞ്ചയവും ഉപകരണ സംവിധാനവും ലഭ്യമായിട്ടില്ല. എങ്കിലും അവ പരസ്പരം മാറ്റാവുന്നവയാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ദ്രവ്യോർജ്ജങ്ങൾക്കു പുറമേ ആകാശത്തെക്കൂടി പരിഗണിക്കാത്ത സംരക്ഷണനിയമങ്ങൾക്കും പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.
അപൂർണമായും ന്യൂനതയോടെയും സൃഷ്ടിക്കപ്പെടുകയാലത്രേ ദ്രവ്യം നിലനിൽ‌പ്പിനു വെല്ലുവിളികൾ നേരിടുന്നത്. അതിനാൽ നിരന്തരമായ മാറ്റവും സ്വയം ക്രമീകരണവും ഉൾപ്പെടുന്ന ഒരു പരിണാമ പ്രക്രിയയ്ക്കു ജഗത് വിധേയമായി. ഇതത്രേ ഗമനം. ജന്മാദി എന്നതിലെ ആദി പദം ഗമനം കൂടി ഉൾപ്പെടുന്നതിനാൽ ജന്മാദ്യസ്യ യതഃ എന്ന സൂത്രം ജഗത്തിന്റെ നിരന്തര സ്വയം ക്രമീകരണത്തിനു വിരുദ്ധമല്ല.

പൂർവപക്ഷം 4

സൃഷ്ടിക്കപ്പെട്ടതെല്ലാം പോരായ്മകളോടു കൂടിയാണെന്ന വാദം ശരിയല്ല. ബ്രഹ്മവും അതിന്റെ സൃഷ്ടിയായ ജഗത്തും പരിപൂർണവും പോരായ്മകളില്ലാത്തതുമാണ്.

സമാധാനം

പൂർണതയെന്നാൽ ഒരു പദാർത്ഥം മറ്റൊന്നിനെ ആശ്രയിക്കാതെ അതിന്റെ അംശത്തിലും പൂർണത്തിലും സമാനഗുണങ്ങളോടെ നിലനിൽക്കുന്നതാണ്. സ്ഥൂല ദ്രവ്യവും അണുക്കളും അതിന്റെ ഘടകങ്ങളും ഉപഘടകങ്ങളും തമ്മിൽ വ്യത്യാസവും ആശ്രിതത്വവും സർവത്ര കണ്ടുവരുന്നു. സ്ഥിരമായ ഏതെങ്കിലും നിലയിൽ നിലനിൽക്കാനാകാതെ അവയോരോന്നും നിരന്തര മാറ്റങ്ങൾക്കു വിധേയമാകുന്നു. അതിനാൽ ഇതെല്ലാം അപൂർണവും പോരായ്മകളുള്ളതുമാണ്. ഇതെന്നു പറയാവുന്ന യാതൊന്നും അതു തന്നെയായി നിലനിൽക്കാൻ ശേഷിയുള്ളതല്ല. ജഗത്തിൽ ഇപ്രകാരം സർവത്ര അപൂർണതയും പോരായ്മകളും ദൃശ്യമായതിനാൽ സൃഷ്ടികാരണമായ ബ്രഹ്മത്തിനും അപൂർണതയും പോരായ്മയും സിദ്ധമെന്നു നിഗമനം. ബ്രഹ്മവികാരവും മഹാവിസ്ഫോടനവും നിലനില്പിനുള്ള ബ്രഹ്മത്തിന്റെ സ്വയം ക്രമീകരണമല്ലാതെ മറ്റൊന്നല്ല എന്നു സിദ്ധിക്കുന്നതാണ്.

പൂർവപക്ഷം 5

അവികാരിയായ ബ്രഹ്മം പൂർണവും പോരായ്മകളില്ലാത്തതുമാണ്. ബ്രഹ്മം വികാരിയായ സമയത്ത് സൃഷ്ടിക്കയാലത്രേ ജഗത്തിൽ പോരായ്മകൾ വന്നുചേർന്നിട്ടുള്ളത്.

സമാധാനം

ജഗത്തിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വികാരിബ്രഹ്മത്തെക്കുറിച്ചുള്ള അനുമാനങ്ങളിലേ എത്തിച്ചേരാനാകൂ. അപ്രകാരം ലഭ്യമായ വികാരി ബ്രഹ്മത്തിന്റെ ഗുണധർമങ്ങൾ അടിസ്ഥാനപ്പെടുത്തി അവികാരിബ്രഹ്മത്തിന്റെ ഗുണധർമങ്ങളെക്കുറിച്ച് നിഗമനങ്ങളിലെത്തിച്ചേരാനായേക്കും. അത്തരം നിഗമനങ്ങളെ പുനർനിർദ്ധാരണത്തിനു വിധേയമാക്കി അവികാരിബ്രഹ്മം സാധ്യമോ പൂർണമോ പോരായ്കകളില്ലാത്തതോ എന്നു ചിന്തിക്കാനായേക്കും. അത്തരം സന്ദിഗ്ദ്ധാവസ്ഥകളിലൂടെ കടന്നുപോകാതെ തന്നെ ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്താമെന്നു അടുത്ത സൂത്രത്തിലൂടെ സൂത്രകാരൻ വ്യക്തമാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi