2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.16) - നേതരോʃനുപപത്തേഃ

ബ്രഹ്മസൂത്രം
അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം
“നേതരോʃനുപപത്തേഃ” (1.1.16)

ഇതരഃ = മറ്റൊന്നു
അനുപപത്തേഃ = സിദ്ധിക്കുന്നില്ലാത്തതുകൊണ്ട്
ന = ഇല്ല

(ദ്രവ്യമല്ലാതെ മാന്ത്രവർണികങ്ങളുടെ ചലനത്തിനു കാരണമായി) മറ്റൊന്നു സിദ്ധിക്കുന്നില്ലാത്തതുകൊണ്ട് (രണ്ടു ബ്രഹ്മം) ഇല്ല.

സാരം

മാന്ത്രവർണികങ്ങൾ ഏതോ ഒരു ശക്തിക്കു വിധേയമാണെന്നതു സ്പഷ്ടമത്രേ. എന്നാൽ പിണ്ഡമാർന്ന ദ്രവ്യമല്ലാതെ അത്തരം യാതൊരു ശക്തിയും അനുമാനത്താലോ പ്രത്യക്ഷത്തിലോ സംശയാതീതമായി സിദ്ധിക്കുന്നില്ല. അപ്രകാരം ദ്രവ്യം മാത്രം സിദ്ധിക്കുകയാൽ മാന്ത്രവർണികങ്ങളെ ദ്രവ്യം നിയന്ത്രിക്കുന്നതായി സിദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ദ്രവ്യഗമനത്തെ മാന്ത്രവർണികങ്ങളും സ്വാധീനിക്കുന്നതായി കണ്ടുകഴിഞ്ഞു. അതിനാൽ നിലനില്പിനായി പരസ്പരം ആശ്രയിക്കാനാകുന്നവയോ പരസ്പരപൂരകങ്ങളോ ആയ രണ്ടു സത്തകളാണു ദ്രവ്യമാന്ത്രവർണികങ്ങളെന്നുവേണം മനസ്സിലാക്കാൻ. പരസ്പരാശ്രിതങ്ങളാകയാൽ അവ വ്യത്യസ്തമായിരുന്നാൽ കൂടിയും അവയ്ക്കു പൊതുവായ ഒരേ ഒരു ബ്രഹ്മം ഉണ്ടാകുന്നതിനു തടസ്സമില്ല; എന്നു മാത്രമല്ല അപ്രകാരമല്ലാതെ മറ്റൊന്നും സിദ്ധിക്കുന്നുമില്ല. അതിനാൽ ജഗത്തിനു രണ്ടു ബ്രഹ്മം ഇല്ല.

പൂർവപക്ഷം 1

ദ്രവ്യവും ഊർജ്ജവും ആകാശവും പരസ്പരം രൂപമാറ്റത്തിനു വിധേയമാകയാൽ അവയ്ക്കു രണ്ടു സത്തയില്ല, അവയ്ക്കു പൊതുവായ ഒരു സത്തയാണുള്ളത്. അങ്ങനെയിരിക്കേ മറ്റൊന്നും സിദ്ധിക്കാത്തതുകൊണ്ടു മാത്രം രണ്ട് ബ്രഹ്മം ഇല്ല എന്നെല്ലാം പറയേണ്ടിവരുന്നത് യുക്തിയുടെ ദാരിദ്ര്യത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ.

സമാധാനം

വാസ്തവമാണ്. എന്നാൽ മാന്ത്രവർണികങ്ങളുടെ കണ്ടെത്തലോടെ സകലവുമായി എന്ന നിഗമനത്തിൽ തുടർന്നുള്ള അന്വേഷണം നിറുത്തുന്നത് ബ്രഹ്മാന്വേഷണത്തിന്റെ രീതിശാസ്ത്രത്തിനെതിരാണ്. ഇതുവരെ ദൃശ്യമല്ലാത്ത ഏതെങ്കിലും സത്താവിശേഷം പിന്നീട് അനുമാനരീത്യാപോലും സിദ്ധിക്കുന്നപക്ഷം അതുവരെയുള്ള സിദ്ധാന്തത്തിന്റെ നില പുനഃപരിശോധിക്കേണ്ടതുണ്ട് എന്നു കാട്ടാൻ കൂടിയാണ് അനുപപത്തി ആസ്പദമാക്കി ഒരു സൂത്രം സൃഷ്ടിക്കാൻ സൂത്രകാരൻ സന്നദ്ധനായിട്ടുള്ളത് എന്നും കരുതാവുന്നതാണ്.

പൂർവപക്ഷം 2

ദ്രവ്യോർജ്ജാകാശങ്ങൾ അടിസ്ഥാനപരമായി ഒന്നു തന്നെയെങ്കിൽ ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ ബ്രഹ്മം ഏകമെന്നു സിദ്ധിക്കുമല്ലോ. പിന്നെ എന്തിനാണീ അനാവശ്യ ചർച്ചകളെല്ലാം?

സമാധാനം

ദ്രവ്യോർജ്ജാകാശങ്ങൾ ഏകമെന്നത് പ്രത്യക്ഷമല്ല; ഒരു നിഗമനവും സാമാന്യീകരണവുമാണത്. അവയുടെ പരസ്പരമാറ്റത്തിന്റെ അതിസൂക്ഷ്മമായ പ്രക്രിയകൾ വേണ്ടത്ര പഠനവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ദ്രവ്യോർജ്ജാകാശങ്ങളുടെ പരിവർത്തന പ്രക്രിയകളിൽ മനുഷ്യദൃഷ്ടിക്കു ദൃശീഭവിക്കാത്ത സത്തകൾ ഉൾക്കൊണ്ടിട്ടുള്ള പക്ഷം അവയുടെ കാരണങ്ങളെ കൂടി ബ്രഹ്മസങ്കല്പത്തിലേക്കു ആനയിക്കേണ്ടതുണ്ട്. നിലവിലുള്ള ഭൌതീകശാസ്ത്ര നിഗമനങ്ങളെല്ലാം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മതിയായ കൃത്യതയുള്ളവയാണെന്നു പറയാനാകില്ല. ഇക്കാരണങ്ങളാൽ ഇതരബ്രഹ്മത്തെ കുറിച്ചുള്ള അന്വേഷണം ശാസ്ത്രപ്രയോജനാർത്ഥം മുമ്പോട്ടു കൊണ്ടു പോയേ പറ്റൂ. ഇവ കൂടാതെ മറ്റൊരു പ്രധാന കാരണവും സൂത്രകാരൻ ഉന്നയിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

allnews googlenews veekshanam keralakaumudi malayalam-blogsheet madhyamam memoware gutenberg bookyards malayalam-bloglist thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka christwithabindhi